കെ. സി. ഈപ്പന്‍ ബി.എ. (കൊച്ചീപ്പച്ചന്‍)

തയ്യിലെ കൊച്ചീപ്പച്ചന്‍, ഈപ്പന്‍സാര്‍ എന്നീ പേരുകളില്‍ മദ്ധ്യതിരുവിതാംകൂറിലും സുറിയാനിക്കാരുടെ ഇടയില്‍ പൊതുവെയും അറിയപ്പെട്ടിരുന്നു. 1878-ല്‍ ജനിച്ചു. വിദ്യാഭ്യാസം തിരുവനന്തപുരത്തും മദ്രാസ് ക്രിസ്ത്യന്‍ കോളജിലും നടത്തി. അല്പനാള്‍ മനോരമ പത്രാധിപരായും അനേക വര്‍ഷങ്ങള്‍ എം.ജി.എം. ഹൈസ്ക്കൂള്‍ സഹാദ്ധ്യാപകനായും ജോലി നോക്കി. തിരുവിതാംകൂര്‍ നാഷണല്‍ ബാങ്ക് ആരംഭിച്ചതു മുതല്‍ അതിന്‍റെ മാനേജിംഗ് ഡയറക്ടറായും ക്വയിലോണ്‍ ബാങ്കുമായി യോജിച്ചശേഷം ട്രാവന്‍കൂര്‍ നാഷണല്‍ ക്വയിലോണ്‍ ബാങ്കിന്‍റെ ഡെപ്യൂട്ടി ചെയര്‍മാനായും പ്രവര്‍ത്തിച്ചു. വളരെക്കാലം ശ്രീമൂലം അസംബ്ലി മെമ്പര്‍ ആയിരുന്നു. സത്യം, സ്നേഹം, നിസ്വാര്‍ത്ഥത, ദീനാനുകമ്പ എന്നീ വിശിഷ്ട ഗുണങ്ങള്‍ അദ്ദേഹത്തില്‍ വിളങ്ങിയിരുന്നു.

ഏറെക്കാലത്തെ തിരുവനന്തപുരം ജീവിതത്തിനിടയില്‍ ഹൃദ്യവും ആത്മാര്‍ത്ഥവുമായ പെരുമാറ്റ വിശേഷങ്ങള്‍കൊണ്ട് ഗവണ്‍മെന്‍റിന്‍റെയും പൊതുജനങ്ങളുടെയും സ്നേഹബഹുമാനം അദ്ദേഹം ആര്‍ജ്ജിച്ചിരുന്നു. കെ. സി. ഈപ്പന്‍ സംബന്ധിക്കാത്തതോ ഉള്‍പ്പെടാത്തതോ ആയ കാര്യങ്ങള്‍ അപൂര്‍വ്വമായിരുന്നുവെന്നു പറയാം. തിരുവിതാംകൂറിലെ മുഖ്യമന്ത്രിയും ഉത്തരവാദിത്വ ഭരണസമരത്തിലെ പ്രഗല്ഭ നേതാവുമായിരുന്ന സി. കേശവന്‍ ഒരു പ്രസംഗത്തില്‍ വ്യക്തമാക്കിയതുപോലെ, ബാങ്കു പ്രവര്‍ത്തനവും സ്നേഹവും ഒരുമിച്ചു കൊണ്ടുപോകാമെന്നു കാണിച്ച വ്യക്തിയായിരുന്നു കെ. സി. ഈപ്പന്‍. ഒരു നല്ല പ്രാസംഗികനായിരുന്നതിനാല്‍ എല്ലാ ദിവസവും തന്നെ ഏതെങ്കിലും യോഗത്തില്‍ അദ്ദേഹത്തിന് പ്രസംഗിക്കേണ്ടി വന്നിരുന്നു. നിവര്‍ത്തന പ്രക്ഷോഭണത്തിന്‍റെ ആരംഭത്തോടു കൂടിയാണ് ഗവണ്‍മെന്‍റിന് അദ്ദേഹത്തോടു വിരോധം തുടങ്ങിയത്. മനോരമയോടുള്ള ബന്ധവും കൂടാതെ നിവര്‍ത്തന പ്രക്ഷോഭണ നേതാക്കളും പിന്നീട് സ്റ്റേറ്റ് കോണ്‍ഗ്രസ് നേതാക്കളും പുത്തന്‍ കച്ചേരിക്കു മുന്‍വശമുള്ള അദ്ദേഹത്തിന്‍റെ വസതിയില്‍ ചെല്ലുകയും ചര്‍ച്ചകളില്‍ ഏര്‍പ്പെടുകയും ചെയ്തുപോന്നതും ഈ വിരോധത്തിന് ഒരു കാരണമായിരുന്നു. സി. കേശവനു തടവുശിക്ഷ ലഭിക്കാന്‍ കാരണമായിത്തീര്‍ന്ന കോഴഞ്ചേരി യോഗത്തില്‍ കെ. സി. ഈപ്പനും പ്രാസംഗികനായിരുന്നു. വിരോധം പതിന്‍മടങ്ങ് ശക്തമാകാന്‍ അത് ഇടയാക്കി. റയില്‍വേ ബോര്‍ഡില്‍ തിരുവിതാംകൂര്‍ ഗവണ്‍മെന്‍റിന്‍റെ പ്രാതിനിധ്യം വഹിച്ചിരുന്ന അദ്ദേഹത്തെ ഉടന്‍ ആ സ്ഥാനത്തു നിന്നും നീക്കം ചെയ്തു.

സി. പി. രാമസ്വാമി അയ്യരുടെ കിരാതഭരണകാലത്ത് ഏറ്റവും കഠിന യാതനകള്‍ അനുഭവിക്കേണ്ടി വന്നത് അദ്ദേഹത്തിനായിരുന്നു. ദിവാന്‍റെ ക്രൂരമായ പ്രതികാര പ്രവര്‍ത്തനങ്ങള്‍ അദ്ദേഹത്തിന്‍റെ കളങ്കമില്ലാത്ത ശുദ്ധഹൃദയത്തെ വ്രണപ്പെടുത്തി. ഗവണ്‍മെന്‍റ് വളരെയെല്ലാം ശ്രമിച്ചെങ്കിലും അദ്ദേഹത്തെ അറസ്റ്റു ചെയ്യാന്‍ സാധിച്ചില്ല. മാമ്മന്‍ മാപ്പിളയെയും മറ്റും മദ്രാസില്‍ വച്ച് അറസ്റ്റ് ചെയ്ത് തിരുവനന്തപുരത്ത് കൊണ്ടുചെന്നശേഷം ദിവാനെ അറിയിച്ചുകൊണ്ട് അദ്ദേഹം കോടതിയില്‍ ഹാജരാവുകയായിരുന്നു. നേരത്തെ സമ്മതിച്ചിരുന്നപ്രകാരം സുഖമില്ലാതിരുന്ന അദ്ദേഹത്തെ ജനറല്‍ ആശുപത്രിയില്‍ താമസിപ്പിച്ചു. എന്നാല്‍ ജ്യേഷ്ഠസഹോദരനായ മാമ്മന്‍ മാപ്പിളയെയും മറ്റും കുറ്റപ്പെടുത്തി അദ്ദേഹം ഒരു എഴുത്തു കൊടുക്കണമെന്നും അല്ലാത്തപക്ഷം പ്രതിഭാഗം വക്കീലിനെ ഏര്‍പ്പെടുത്തി കേസ് നടത്തരുതെന്നും അതിനു പ്രതിഫലമായി അദ്ദേഹത്തെ കേസില്‍ നിന്നും ഒഴിവാക്കാമെന്നും സര്‍ സി. പി. യുടെ ദൂതന്മാര്‍ ആവശ്യപ്പെട്ടു. അതിനു വിസമ്മതിച്ചതിനെ തുടര്‍ന്ന് ഉടന്‍തന്നെ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. രണ്ടു വര്‍ഷം തടവും 500 രൂപ പിഴയും ശിക്ഷ വിധിച്ചു. 

1940 ഏപ്രില്‍ 27-നു ദുഃഖവെള്ളിയാഴ്ച രാത്രിയില്‍ 64-ാമത്തെ വയസ്സില്‍ സെന്‍ട്രല്‍ ജയിലില്‍ ചികിത്സ ലഭിക്കാതെയും ഉറ്റവരുടെ സാമീപ്യം ഇല്ലാ തെയും മരണമടഞ്ഞു. പുത്രന്‍ കെ. ഇ. ചെറിയാനും തിരുവനന്തപുരം പള്ളിയിലെ വികാരിയച്ചനും ജയിലിലെത്തി മൃതദേഹം രസീതു കൊടുത്തു വാങ്ങിക്കൊണ്ടു പോകുമ്പോള്‍ ജയിലിലുണ്ടായിരുന്ന പട്ടം, സി. കേശവന്‍, ടി. എം. വറുഗീസ്, എ. ജെ. ജോണ്‍ തുടങ്ങിയ രാഷ്ട്രീയ തടവുകാരും മാമ്മന്‍ മാപ്പിള, സി. പി. മാത്തന്‍ തുടങ്ങിയവരും കരഞ്ഞുകൊണ്ട് ജയില്‍ വാതില്‍ വരെ ശവമഞ്ചത്തെ അനുഗമിച്ചു. സ്ത്രീതടവുകാര്‍ ക്രിസ്തീയ ഗീതങ്ങള്‍ പാടി.

നേരത്തെ കെ. സി. ഈപ്പന്‍ നിര്‍ദ്ദേശിച്ചിരുന്ന പ്രകാരം തിരുമൂലപുരം പള്ളി സെമിത്തേരിയില്‍ അദ്ദേഹത്തിന്‍റെ പിതാവിന്‍റെ കല്ലറയ്ക്കു സമീപം അലക്സിയോസ് മാര്‍ തേവോദോസ്യോസ് മെത്രാപ്പോലീത്തായുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ ഭൗതികദേഹം സംസ്കരിച്ചു. ഭാര്യ മാവേലിക്കര കറത്തേടത്ത് കുഞ്ഞാണ്ടമ്മ. മക്കള്‍: കൊച്ചുമറിയാമ്മ, കെ. ഇ. ചെറിയാന്‍, കുട്ടിയമ്മ, അക്കാകുട്ടി, സാറാക്കുട്ടി, കെ. ഇ. മാമ്മന്‍ (സ്വാതന്ത്ര്യ സമര സേനാനി), കെ. ഇ. ഉമ്മന്‍.

Comments

Popular posts from this blog

കോട്ടയം അക്കര സി. ജെ. കുര്യന്‍ | കെ. വി. മാമ്മന്‍

പ. പാമ്പാടി തിരുമേനി നടത്തിയ പട്ടംകൊട ശുശ്രൂഷകള്‍

നിരണം പള്ളി കൂദാശ (1912)