ടി. സി. യോഹന്നാൻ

 ഇന്ത്യയിലെ മികച്ച കായിക താരങ്ങളിൽ ഒരാളാണ് തടത്തുവിള ചാണ്ടപ്പിള്ള യോഹന്നാൻ എന്ന ടി. സി. യോഹന്നാൻ. ട്രിപ്പിൾ ജംപിലും , ലോംഗ് ജംപിലും മാറ്റുരച്ചിരുന്ന യോഹന്നാൻ ലോംഗ് ജംപിലെ നേട്ടങ്ങളിലൂടെ യാണ് വിഖ്യാതനായത്. 1947 മേയ് 19 ന് കൊല്ലം ജില്ലയിലെ എഴുകോൺ മാരനാട് തടത്തുവിള കുടുംബത്തിൽ ജനിച്ചു.ലോംഗ് ജംപിൽ എട്ടു മീറ്ററിലധികം താണ്ടി ഏഷ്യൻ റേക്കോഡ് സ്ഥാപിച്ച യോഹന്നാൻ മൂന്നു പതിറ്റാണ്ടു കാലം അഭേദ്യമായി നിലകൊണ്ട ലോംഗ് ജംപ് ദേശിയ റെക്കോർഡിന്റെ ഉടമയുമാണ്. ആരോഗ്യ പ്രശ്നങ്ങൾ മൂലം അകാലത്തിൽ മത്സരവേദി കളിൽനിന്ന് പിൻമാറേണ്ടി വന്ന യോഹന്നാൻ ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ ഇടം നേടിയ ആദ്യത്തെ സമ്പൂർണ മലയാളി താരമായ ടിനു യോഹന്നാ ന്റെ പിതാവ് എന്ന നിലയിൽ വർഷങ്ങളുടെ ഇടവേളക്കു ശേഷം വീണ്ടും ശ്രദ്ധാ കേന്ദ്രമായി. ഇപ്പോൾ എറണാകുളം ജില്ലയിലെ ഇടപ്പള്ളി യിൽ താമസിക്കുന്നു.

കുട്ടിയായിരിക്കെ ഒരിക്കൽ വീടിനടുത്തുള്ള ചെറിയ കനാലിന്റെ കുറുകെ ചാടാനുള്ള ശ്രമത്തിൽ യോഹന്നാൻ വീണു. നനഞ്ഞു കുളിച്ച് വീട്ടിലെത്തിയ മകനെ ശാസിക്കുന്നതിനു പകരം കനാലിനു കുറുകെ ചാടിക്കടന്നാൽ ഒരു നാരങ്ങാവെള്ളം തരാമെന്നാണ് പിതാവ് വാഗ്ദാനം ചെയ്തത്.നാരങ്ങാവെള്ളത്തിനു വേണ്ടിയുള്ള ചാട്ടത്തിൽ യോഹന്നാൻ വിജയിച്ചു. ഐതിഹാസികമായ ഒരു കായിക ചരിത്രത്തിന്റെ തുടക്കമായിരുന്നു അത്. ജംപ് ഇനങ്ങളോട് ആഭിമുഖ്യം പുലർത്തി തുടങ്ങിയ യോഹന്നാൻ സ്കൂൾ തല മത്സരങ്ങളിൽ വിജയം വരിച്ചു.
ഏതാനും വർഷങ്ങൾക്കു ശേഷം 19-ആം വയസിൽ മെക്കാനിക്കൽ എൻജിനിയറിംഗ്‌ പഠനത്തിനായി ഭിലായിൽ സഹോദരൻമാരുടെ അടുത്തേക്ക് പോയി. ആ തീരുമാനം കായിക ജീവിതത്തിൽ വഴിത്തിരിവായി. ഭിലായിലെ പഠനകാലത്ത്‌ കായിക മത്സരങ്ങളിൽ ഏറെ തിളങ്ങി. ബാംഗ്ലൂരിൽ നടന്ന പ്രസന്നകുമാർ ഓൾ ഇന്ത്യ മീറ്റിൽ ലോംഗ്‌ ജംപിലും ട്രിപ്പിൾ ജംപിലും സ്വർണം നേടിയ യോഹന്നാനെത്തേടി ജോലി വാഗ്ദാനങ്ങൾ പ്രവഹിച്ചു. ടെൽകോ, ടിസ്കോ, ഇന്ത്യൻ റെയിൽവേ തുടങ്ങിയ വിഖ്യാത സ്ഥാപനങ്ങളാണ്‌ മലയാളി താരത്തിന്റെ പ്രതിഭ തിരിച്ചറിഞ്ഞ്‌ ജോലിക്കായി ക്ഷണിച്ചത്‌.
1974 ലെ തെഹ്റാൻ ഏഷ്യൻ ഗെയിംസിൽ ഏറെ സാധ്യത കൽപ്പിക്കപ്പെട്ടിരുന്ന ജപ്പാന്റെ ഹോഷിത ഉൾപ്പെടെയുള്ളവരെ പിന്തള്ളിയാണ് ലോംഗ് ജംപിൽ 8.07 മീറ്റർ താണ്ടി യോഹന്നാൻ റെക്കോർഡ് പുസ്തകത്തിൽ ഇടം നേടിയത്. ഇന്ത്യൻ അത് ലറ്റ്ക്സ് ചരിത്രത്തിലെ സുവർണ നിമിഷങ്ങളിലൊന്നായാണ് ഇത് വിശേഷിപ്പിക്ക പ്പെടുന്നത്. 1960 ലെ റോം ഒളിംപിക്സ് 400 മീറ്ററിൽ പറക്കും സിംഗ് എന്ന് വിഖ്യാതനായ മിൽഖാ സിംഗ് നടത്തിയ റെക്കോർഡ് കുതിപ്പിനോടാണ് യോഹന്നാന്റെ നേട്ടം താരതമ്യം ചെയ്യപ്പെട്ടത്.യോഹന്നാന്റെ റെക്കോർഡ് ദേശീയ തലത്തിൽ മൂന്നു പതിറ്റാണ്ടു കാലം അഭേദ്യമായി നിലകൊണ്ടു. ഒടുവിൽ 2004 ൽ അമൃത്പാൽ സിംഗാണ് ഇത് 8.08 മീറ്ററാക്കി തിരുത്തിയത്.
പട്യാല ദേശിയ ക്യാമ്പിൽ പരിശീലനത്തിനിടെ യാണ് യോഹന്നാന്റെ കരിയറിന്റെ അന്ത്യത്തിലേക്ക് നയിച്ച പരിക്കുണ്ടായത്. മുട്ടിനും കൈക്കുഴക്കുമേറ്റ പരിക്ക് യഥാസമയം ചികിത്സിക്കാതിരുന്നതും കാലിന്റെ ഉപ്പൂറ്റിയി ലുണ്ടായ മാംസവളർച്ചയും സ്ഥിതിഗതികൾ സങ്കീർണമാക്കി. ഇന്ത്യൻ‌കായിക മേഖലക്കേറ്റ കനത്ത പ്രഹരമായാണ് യോഹന്നാന്റെ പരിക്കിനെ മാധ്യമങ്ങൾ വിശേഷിപ്പിച്ചത്. പിന്നീട് ടെൽക്കോ മികച്ച ചികിത്സക്കു വേണ്ട സൗകര്യങ്ങൾ ഏർപ്പെടുത്തിയെങ്കിലും മത്സര വേദികളിൽനിന്ന് പിൻമാറുകയല്ലാതെ മറ്റു മാർഗ്ഗമില്ലായിരുന്നു.
നാട്ടിലേക്ക്‌ മടങ്ങാനുള്ള യോഹന്നാന്റെ താൽപര്യം മനസ്സിലാക്കിയ ടെൽക്കോ അധികൃതർ കേരളത്തിലേക്ക്‌ സ്ഥലം മാറ്റം നൽകി. വിൽപ്പന വിഭാഗത്തിൽ പ്രവർത്തിക്കു ന്നതിനുവേണ്ട പ്രത്യേക പരിശീലനം നേടിയശേ ഷം യോഹന്നാൻ 1983 ൽ കേരളത്തിലെത്തി. ലോംഗ്‌ ജംപ് പിറ്റിലെന്നപോലെ ജോലിയിലും തിളങ്ങിയ യോഹന്നാന് വൈകാതെ ഉദ്യോഗക്ക യറ്റം ലഭിച്ചു. മകൻ ടിനു രാജ്യാന്തര ക്രിക്കറ്റിലേ ക്ക്‌ ചുവടുവെക്കുന്ന ഘട്ടത്തിൽ സ്വയം വിരമിക്കൽ പദ്ധതിയിലൂടെ യോഹന്നാൻ ടെൽക്കോയോട് വിടപറയുകയായിരുന്നു.

Comments

Popular posts from this blog

കോട്ടയം അക്കര സി. ജെ. കുര്യന്‍ | കെ. വി. മാമ്മന്‍

പ. പാമ്പാടി തിരുമേനി നടത്തിയ പട്ടംകൊട ശുശ്രൂഷകള്‍

നിരണം പള്ളി കൂദാശ (1912)