ബാലികാമഠം സ്കൂള്‍ | കെ. വി. മാമ്മന്‍

മുഖ്യമായും ബാലന്മാരെ ഉദ്ദേശിച്ചു 1892-ല്‍ ആരംഭിച്ച കോട്ടയം എം. ഡി. സെമിനാരി, പിന്നീട് സ്ഥാപിച്ച തിരുവല്ലാ എം. ജി. എം. എന്നീ ഹൈസ്ക്കൂളുകള്‍ക്ക് അനുപൂരകമായി ബാലികമാര്‍ക്ക് ഒരു ഹൈസ്കൂള്‍ ഉണ്ടാകേണ്ടതിന്‍റെ ആവശ്യകത ബോദ്ധ്യപ്പെട്ടതിന്‍റെ ഫലമായി ആവിര്‍ഭവിച്ചതാണു തിരുമൂലപുരം ബാലികാമഠം ഹൈസ്കൂള്‍. കണ്ടത്തില്‍ വറുഗീസ് മാപ്പിള ഈ ആവശ്യത്തിലേക്കായി സംഭാവന  ചെയ്ത സ്ഥലത്ത് അദ്ദേഹത്തിന്‍റെ തന്നെ ശ്രമഫലമായി പിരിച്ചെടുത്ത പണം ഉപയോഗിച്ച് 1904-ല്‍ സ്കൂള്‍ കെട്ടിടം നിര്‍മ്മിക്കപ്പെട്ടു. പണപ്പിരിവിന് ശ്രീമൂലം തിരുനാള്‍ മഹാരാജാവ്, ദിവാന്‍ എം. കൃഷ്ണസ്വാമിറാവു, കേരളവര്‍മ്മ വലിയകോയിതമ്പുരാന്‍, പുലിക്കോട്ടില്‍ മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്താ തുടങ്ങിയവരുടെ പിന്തുണ ലഭിച്ചിരുന്നു. കെട്ടിടത്തിന്‍റെ പ്ലാന്‍ തയ്യാറാക്കിയത് എന്‍ജിനീയര്‍ സി. ജെ. മാണിയും, വിദ്യാലയത്തിന്‍റെ ഭരണഘടന തയ്യാറാക്കിയത് ഇ. ജെ. ജോണും ആയിരുന്നു. പ്രശസ്ത സാഹിത്യകാരനായ കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്‍ ആര്‍ഭാടപൂര്‍വം നടന്ന ഒരു മഹാസമ്മേളനത്തില്‍ വച്ച് സ്കൂള്‍ കെട്ടിടം ഉദ്ഘാടനം ചെയ്തു. അധികം താമസിയാതെ വറുഗീസ് മാപ്പിള നിര്യാതനായതിനാല്‍, ആ വര്‍ഷമോ അതിനെത്തുടര്‍ന്നുള്ള വര്‍ഷങ്ങളിലോ സ്കൂള്‍ ആരംഭിക്കുവാന്‍ സാധിച്ചില്ല.

 കെ. ഐ. വറുഗീസ് മാപ്പിളയുടെ പുത്രന്‍ കെ. വി. ഈപ്പന്‍ സ്വപിതാവിന്‍റെ ആഗ്രഹപ്രകാരം 1920-ല്‍ ഇംഗ്ലണ്ടുകാരായ മദാമ്മമാരുടെ ചുമതലയില്‍ തന്നെ സ്കൂള്‍ പ്രവര്‍ത്തനം ആരംഭിക്കുവാന്‍ തീരുമാനിച്ചു. വട്ടശ്ശേരില്‍ ഗീവറുഗീസ് മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്തായുടെ നിര്‍ദ്ദേശപ്രകാരം അന്ന് സെറാമ്പൂര്‍ വൈദിക കോളജ് പ്രൊഫസര്‍ ആയിരുന്ന ഫാദര്‍ പി. റ്റി. ഗീവറുഗീസ്, ഓക്സ്ഫോര്‍ഡ് മിഷന്‍ സന്ന്യാസിനി മഠാദ്ധ്യക്ഷയായ മദര്‍ ഈഡിത്തിനെ സമീപിച്ച് ഒരു വിദ്യാഭ്യാസ പ്രവര്‍ത്തകയെ ഇംഗ്ളണ്ടില്‍ നിന്നു വരുത്തുന്നതിനെപ്പറ്റി ആലോചിച്ചു. മുപ്പതില്‍പരം വര്‍ഷം ഓക്സ്ഫോഡിലെ ഒരു പബ്ളിക്ക് സ്കൂളിന്‍റെ പ്രഥമാദ്ധ്യാപികയായി പ്രശസ്ത സേവനം അനുഷ്ഠിച്ചശേഷം റിട്ടയര്‍ ചെയ്തു വിശ്രമിച്ചു വന്നിരുന്ന മിസ്സ്. ഹോംസ് പുതിയ വിദ്യാലയത്തിന്‍റെ ചുമതല വഹിക്കുന്നതിന് ഏറ്റവും അനുയോജ്യയാണെന്നു കണ്ട് അവരുടെ സേവനം ലഭ്യമാക്കുവാന്‍ മദര്‍ ഈഡിത്തു ശ്രമിച്ചു. തല്‍ഫലമായി മിസ്സ്. ബ്രൂക്ക് സ്മിത്ത് എന്ന സഹകാരിയോടൊപ്പം മിസ്സ് ഹോംസ് 1920 മാര്‍ച്ചില്‍ തിരുമൂലപുരത്തെത്തി. ആ വര്‍ഷം മെയ് മാസത്തില്‍ സ്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചു. തദവസരത്തില്‍ സ്കൂള്‍ കെട്ടിടം കൂദാശ ചെയ്ത് ആശീര്‍വദിച്ചതു മലങ്കര മെത്രാപ്പോലീത്താ ആയിരുന്നു. അധികം താമസിയാതെ അന്നു മദ്രാസ് ഗവര്‍ണര്‍ ആയിരുന്ന വെല്ലിംഗ്ഡന്‍ പ്രഭു തിരുവിതാംകൂര്‍ സന്ദര്‍ശിച്ചപ്പോള്‍ പ്രഭ്വി, സ്കൂളിന്‍റെ ഔപചാരികമായ ഉദ്ഘാടനം നിര്‍വഹിച്ചു. മിസ്സ് ഹോംസും, മിസ്സ് ബ്രൂക് സ്മിത്തും ഓര്‍ത്തഡോക്സ് സഭയുടെ പ്രാര്‍ത്ഥനകളിലും കര്‍മങ്ങളിലും വി. കുര്‍ബാനയിലും ഭക്തിപൂര്‍വ്വം സംബന്ധിച്ചു വന്നിരുന്നു. ആ മാതൃക സ്കൂളിലെ വിദ്യാര്‍ത്ഥിനികള്‍ക്കും അദ്ധ്യാപകര്‍ക്കും പ്രചോദനം നല്‍കി.

സ്കൂളിന്‍റെ ആരംഭം ഒരു പൂര്‍ണ മിഡില്‍ സ്കൂള്‍ ആയിട്ടായിരുന്നു. 1923-ല്‍ ആണ് പൂര്‍ണ ഹൈസ്ക്കൂളായി ഉയര്‍ന്നത്. 1924-ല്‍ മിസ്സ് ഹോംസ് ഇംഗ്ളണ്ടിലേക്കു തിരികെപ്പോയി. സ്കൂളിന്‍റെ പടിഞ്ഞാറു ഭാഗത്ത് അവരുടെ ശ്രമഫലമായി നിര്‍മിച്ച കെട്ടിടത്തിന് 'മിസ്സ് ഹോംസ്  ഹോസ്റ്റല്‍' എന്നു നാമകരണം ചെയ്തിരിക്കുന്നത് ആ മഹതിയുടെ സ്മരണയെ മുന്‍നിര്‍ത്തിയാണ്. അവരുടെ ബഹുമാനാര്‍ത്ഥം നടത്തിയ യാത്രയയപ്പു യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചതും മലങ്കര മെത്രാപ്പോലീത്താ തന്നെ ആയിരുന്നു. അവരുടെ സേവനത്തെ പ്രകീര്‍ത്തിച്ചു റാവു സാഹിബ് ഒ. എം. ചെറിയാന്‍ പ്രസംഗിക്കുകയും ഇ. ജെ. ജോണ്‍ വായിച്ച  മംഗളപത്രം എം. എ. ചാക്കോ സമര്‍പ്പിക്കുകയും ചെയ്തു. ഇതില്‍ നിന്നു മലങ്കരസഭ ആ വിദ്യാഭ്യാസ പ്രവര്‍ത്തകയുടെ സേവനം എത്രമാത്രം വിലമതിച്ചിരുന്നു എന്നു മനസ്സിലാക്കാം.

മിസ്സ് ഹോംസിനുശേഷം ഹെഡ്മിസ്ട്രസ്സ് ആയതു മിസ്സ് പി. ബ്രൂക്ക് സ്മിത്ത് ആയിരുന്നു. ഈ സ്ഥാപനത്തിന്‍റെ പ്രവര്‍ത്തകര്‍ അതിന്‍റെ മഹത്തായ പാരമ്പര്യം ഭംഗം കൂടാതെ പുലര്‍ത്തുവാന്‍ ശ്രദ്ധിക്കുന്നതു കൊണ്ടു കേരളത്തിലെ ഒന്നാംകിടയിലുള്ള ഒരു റസിഡന്‍ഷ്യല്‍ സ്കൂളായി അതു പരിഗണിക്കപ്പെടുന്നു.

Comments

Popular posts from this blog

കോട്ടയം അക്കര സി. ജെ. കുര്യന്‍ | കെ. വി. മാമ്മന്‍

പ. പാമ്പാടി തിരുമേനി നടത്തിയ പട്ടംകൊട ശുശ്രൂഷകള്‍

നിരണം പള്ളി കൂദാശ (1912)