വാളനടിയില്‍ യാക്കോബ് കത്തനാര്‍

പിറവം വലിയപള്ളി ഇടവകപട്ടക്കാരനായിരുന്നു. 1866 ഇടവം 21-നു ഓണക്കൂര്‍ വലിയപള്ളി സ്ഥാപിച്ചു. അവിവാഹിതനായിരുന്നു. വിശ്വാസ സംരക്ഷകനും സമാധാനകാംക്ഷിയുമായിരുന്നു. നവീകരണസഭയെ ചെറുത്തുനില്‍ക്കുവാന്‍ കഠിന പ്രയത്നം ചെയ്തു. സന്യാസതുല്യവും ത്യാഗനിര്‍ഭരവുമായിരുന്നു അച്ചന്‍റെ ജീവിതം. 1899 ഏപ്രില്‍ 14-നു അന്തരിച്ചു. ഓണക്കൂര്‍ സെന്‍റ് മേരീസ് പള്ളിയില്‍ കബറടക്കി. അച്ചന്‍റെ ജ്യേഷ്ഠന്‍റെ പുത്രനാണ് വാളനടിയില്‍ സ്കറിയാ കത്തനാര്‍.

___________________________________________________________________________________

വാളനടിയിൽ യാക്കൂബ് കത്തനാർ, ഓണക്കൂർ

ഫാ. ജോര്‍ജ് പൗലോസ് (അമേരിക്കാ)

ഓണക്കൂർ, സെൻ്റ് മേരീസ് കത്തീഡ്രൽ ഓർത്തഡോക്സ് സഭാ ചരിത്രത്തിലെ പ്രധാന പള്ളികളിലൊന്നാണ് വി. കന്യകമറിയാമിന്റെ നാമത്തിൽ സ്ഥാപിതമായ ഓണക്കൂർ പള്ളി. 1886-ൽ വാളനടിയിൽ യാക്കൂബ് കത്തനാർ നിർമ്മിച്ച ഈ ദേവാലയം ആത്മീയ ഉണർവ്വും വൈകാരിക നിറവും ഓണക്കൂർ നിവാസികൾക്ക് പ്രദാനം ചെയ്യുന്ന  ആത്മീയസിരാകേന്ദ്രമായി ഇന്നും നിലനില്ക്കുന്നു. ഭൂതകാലത്തെ ഓണക്കൂരിൻ്റെ ചരിത്രവും നാട് കൈവരിച്ച പുരോഗതിയുമായി ബഹു. അച്ചൻ്റെയും പള്ളിയുടെയും ചരിത്രവുമായി അഭേദ്യമായ ബന്ധമുണ്ട്.  ഈ വർഷം, ഏപ്രിൽ 14 (മേടം 1), അദ്ദേഹത്തിൻ്റെ 125-ാം ചരമവാർഷികമായിരുന്നു. കൊട്ടാരത്തിൽ ശങ്കുണ്ണി എന്ന സംസ്‌കൃത മലയാള പണ്ഡിതനെ കുറിച്ച് നിങ്ങളിൽ പലരും കേട്ടുകാണുമെങ്കിലും അത്ര വിശദമായി അറിവ് കാണുവാനിടയില്ല. 1855-ൽ ജനിച്ച അദ്ദേഹം, ആക്ഷരികമായ അർത്ഥത്തിൽ "ഐതിഹ്യങ്ങളുടെയും നാടോടിക്കഥകളുടെയും മാല" എന്ന് പറയാവുന്ന "ഐതിഹ്യമാല" ഉൾപ്പെടെ നിരവധി പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്,. 25 വർഷത്തെ പ്രയത്നം കൊണ്ട് പൂർത്തീകരിച്ച ആ ഗ്രന്ഥം കേരളത്തിൻ്റെ സാമൂഹിക ചരിത്രത്തിലേക്ക് നവീനഉൾക്കാഴ്ച നൽകിയ വിലമതിക്കാനാവാത്ത ഐതിഹ്യ കഥകളുടെ  ഒരു സമാഹാരമാണ്. ഓണക്കൂറിലെ പാണ്ഡ്യൻപാറ ക്ഷേത്രത്തെക്കുറിച്ചും,  1800 വർഷം പഴക്കമുള്ള പിറവം നദിക്കരയിലെ ജ്യോതിഷകേന്ദ്രമായ പാഴൂർ പടിപ്പുരയെക്കുറിച്ചും, വിദേശികൾ എത്തി  വ്യാപാരം ചെയ്തത് മൂലം തുറമുഖ നഗരമായി മാറിയ പിറവത്തെ കുറിച്ചും അദ്ദേഹം എഴുതിയിട്ടുണ്ട്. അന്ന് പ്രധാന തൊഴിലുകളായ  വ്യാപാരവും കൃഷിയും ചെയ്യുവാനായി മെച്ചപ്പെട്ട,  പച്ചപ്പുനിറഞ്ഞ മേച്ചിൽപ്പുറങ്ങളിലേക്ക് പലരും വന്ന് താമസിക്കുവാൻ തുടങ്ങി. സ്വാഭാവികമായും കുറവിലങ്ങാട്ടുള്ള കാളിയങ്കൽ കുടുംബത്തിലെ ഒരു ശാഖയിൽ നിന്ന് പലരും ഓണക്കൂരിൽ എത്തി സ്ഥിരതാമസമാക്കുകയുണ്ടായി. 

കാളിയങ്കൽ കുടുംബത്തിൻ്റെ വേരുകൾ തോമമാശ്ലീഹായുടെ കാലഘട്ടത്തിലേക്കും നീളുന്നതും അനേകം വൈദികർ കുടുംബത്തിൻ്റെ ഭാഗമായിരുന്നുവെന്നതും കൊണ്ട് തന്നെ  വട്ടക്കാട്ടിൽ വാളനടിയിൽ കുടുംബത്തെ സംബന്ധിച്ചിടത്തോളം അത്  ദൈവിക പദ്ധതിയായി പരിണമിച്ചു എന്നതിൽ സംശയമില്ല. തറവാട്ടിലെ ഏതാനും ശാഖകൾ പിറവത്തെ സ്വന്തം നാടാക്കിയതും  പിറവം പള്ളി സ്ഥാപനത്തിൽ  കുടുംബത്തിലെ വൈദികരുടെ പങ്കും വ്യക്തമാണ്. 18-ആം നൂറ്റാണ്ടിൽ ഇൻഡ്യയിലെത്തിയ ബ്രിട്ടീഷ് മിഷനറിമാർ ഓർത്തോഡോക്സ് വിശ്വാസത്തിനെതിരായി പ്രൊട്ടസ്റ്റന്റ് വിശ്വാസം പ്രചരിപ്പികുവാനാരംഭിച്ചു.  അതിനെതിരായി ചേപ്പാട് തിരുമേനിയുടെ നേതൃത്വത്തിൽ മാവേലിക്കരയിൽ ചേർന്ന ‘മാവേലിക്കര പടിയോല’ യോഗത്തിൽ പിറവം പള്ളിയിലെ ആരാധന,  മറ്റ് സഭാ പ്രവർത്തനങ്ങൾ എന്നിവയ്ക്ക് നേതൃത്വം കൊടുത്തിരുന്ന ബഹു. യാക്കൂബ് കത്തനാർ പങ്കെടുക്കുകയും, തിരുമേനിയുടെ പിന്തുണയിൽ ഉറച്ചു നിൽക്കുകയും ചെയ്തു. ഒപ്പമുണ്ടായിരുന്ന 2 വൈദികർ നവീകരണതല്പരരുടെ ഒപ്പം ചേർന്നത് ബഹു. അച്ചന് മാനസികപ്രയാസമുണ്ടാക്കുകയും ആയതിനാൽ അദ്ദേഹത്തെ പിന്തുണയ്ക്കുന്നവരും ഓണക്കൂരിലെ നാട്ടുകാരും ചേർന്നു ഓണക്കൂരിൽ വാളനടിയിൽ വളപ്പിൽ ഒരു ഓല മേഞ്ഞ ഷെഡ് ഒരു പള്ളിയായി  പണിതുയർത്തുവാൻ തീരുമാനിക്കുകയും ചെയ്തു. അതിൻ പ്രകാരം അടുത്ത ഞായറാഴ്ച പിറവത്ത് വിശുദ്ധ കുർബാന കഴിഞ്ഞ് യാക്കൂബ് കത്തനാർ അൾത്താരയിൽ നിന്ന് ഒരു പഴയ മരക്കുരിശ് എടുത്ത് കെത്താന തുണിയിൽ പൊതിഞ്ഞ് തൻ്റെ പൂർവികർ പണിത, താൻ സേവനം അനുഷ്ഠിച്ച പള്ളിയിൽ നിന്ന് ഇറങ്ങി.  പുലിക്കോട്ടിൽ ജോസഫ് മാർ ദിവന്നാസിയോസ് മെത്രാപ്പോലീത്തയുടെ  നേതൃത്വത്തിൽ മെഴുകുതിരികളുമായി വൻ ജനാവലി യാക്കൂബ് കത്തനാരെ അനുഗമിച്ചു. അവിടെ ലളിതമായ മദ്ബഹായിൽ യാക്കോബ് കത്തനാർ ആ മരക്കുരിശ് സ്ഥാപിച്ചു. AD 1866 മെയ് 21-ന്  വന്ദ്യ പുലിക്കോട്ടിൽ തിരുമേനി ആ പള്ളി സെൻ്റ് മേരീസ് ഓർത്തഡോക്സ് പള്ളിയായി ഉയർത്തി. എല്ലാ വർഷവും മെയ് 21 ഓണക്കൂർ സെന്റ് മേരീസ് പള്ളിയുടെ കല്ലിട്ട പെരുന്നാൾ ആയി ആഘോഷിക്കുന്നു.

ബഹു. അച്ചന്റെ മറ്റ് ചില സവിശേഷതകൾ. അവിവാഹിതനായ അദ്ദേഹം നാട്ടുകാരുടെ ഉന്നമനത്തിനും ക്ഷേമത്തിനും വേണ്ടി അക്ഷീണം പ്രവർത്തിച്ചു. സഭാംഗങ്ങളുടെ മാത്രമല്ല, സഹായത്തിനായി സമീപിക്കുന്ന എല്ലാവരുടെയും പ്രശ്നങ്ങൾ അദ്ദേഹം പരിഹരിക്കുമായിരുന്നു. അദ്ദേഹത്തിൻ്റെ പക്ഷപാതരഹിതമായ തീരുമാനങ്ങളിലുള്ള വിശ്വാസവും നിയമനിർമ്മാണത്തിൻ്റെയും നടപ്പാക്കലിൻ്റെയും പാരമ്പര്യം അദ്ദേഹത്തിൻ്റെ പിൻഗാമിയിലൂടെയും  തുടർന്നു. വൈദികവൃത്തിയിൽ തൽപരരായ  കുട്ടികളെ  ആരാധനയും  സുറിയാനിയും പഠിപ്പിക്കുകയും, അവർക്കായി പൗരോഹിത്യത്തിനായി ഒരുക്കങ്ങൾ നേരത്തെ തന്നെ ആരംഭിക്കയും ചെയ്തിരുന്നു. തദ്ദേശീയരായ വിവിധ മതങ്ങളിൽപ്പെട്ട നാട്ടുകാർക്കും സഭയ്ക്കും ബഹു. യാക്കൂബ് കത്തനാർ ഏറ്റവും മികച്ച മാതൃകയും, ദൈവത്തിലധിഷ്ഠിതമായി ജീവിതവിജയം നേടുന്നവരുടെ ഏറ്റവും മികച്ച ഉദാഹരണമായി ഇന്നും വിളങ്ങുന്നു. 

___________________________________________________________________________________

ഓണക്കൂര്‍ വലിയപള്ളിയും വാളനടിയിൽ യാക്കൂബ് കത്തനാരും

Comments

Popular posts from this blog

കോട്ടയം അക്കര സി. ജെ. കുര്യന്‍ | കെ. വി. മാമ്മന്‍

പ. പാമ്പാടി തിരുമേനി നടത്തിയ പട്ടംകൊട ശുശ്രൂഷകള്‍

നിരണം പള്ളി കൂദാശ (1912)