വട്ടശേരില്‍ മാര്‍ ദീവന്നാസ്യോസ് കുന്നക്കുരുടി പള്ളിയില്‍ (1931)
107 വൃശ്ചികം 5-ാം തീയതി (1931 നവംബര്‍ 20) കന്നക്കുരടി പള്ളിക്കാര്‍ മാര്‍ ഗീവറുഗീസ് ദീവന്നാസ്യോസിനെ ക്ഷണിച്ചു വരുത്തി ആഘോഷമായ ഒരു സ്വീകരണവും മംഗളപത്രവും കൊടുത്തു. പാത്രിയര്‍ക്കീസിന്‍റെ 'ബലമുള്ള കോട്ട' എന്ന് അദ്ദേഹത്തെ വിശ്വസിപ്പിച്ചിരുന്ന വടക്കന്‍പ്രദേശത്ത് ദീവന്നാസ്യോസിന് ആ വിധം ഒരു സ്വീകരണം ലഭിച്ചതും ഏലിയാസ് തൃതീയന്‍റെ ആരോഗ്യത്തെ നിഹനിക്കാന്‍ സഹായിച്ചിരിക്കാം.
ദീവന്നാസ്യോസിന് കുന്നക്കുരുടി പള്ളി ഇടവകക്കാര്‍ കൊടുത്ത മംഗളപത്രത്തിന്‍റെ ചുരുക്കം താഴെ ചേര്‍ക്കുന്നു:-
ലോകരക്ഷിതാവിനാല്‍ ഭരമേല്പിക്കപ്പെട്ടിട്ടുള്ള ഗൌരവമേറിയ ചുമതലകളെയും സത്യനിഷ്ഠയെയും മുന്‍നിറുത്തി ഭരണം നിര്‍വ്വഹിക്കുന്ന വിഷയത്തില്‍ അവിടന്ന് പ്രദര്‍ശിപ്പിച്ചിട്ടുള്ള അനിതരസാധാരണമായ വിവേചനബുദ്ധിയെയും, സഭയുടെ പരിശുദ്ധങ്ങളും പൌരാണികങ്ങളും ആയ പാരമ്പര്യങ്ങളെ പരിരക്ഷിക്കുന്നതിന് അവിടന്ന് അനുവര്‍ത്തിച്ചിട്ടുള്ള ആദര്‍ശമഹിമയെയും അനുസ്മരിക്കുമ്പോള്‍ അവിടത്തെ യൌവനത്തിന്‍റെ അവസാനഘട്ടം മുതല്‍ വാര്‍ദ്ധ്യകത്തിന്‍റെ മുക്കാല്‍ ഭാഗവും ദൈവത്താല്‍ നയിക്കപ്പെട്ട യുദ്ധവീരനായ ഒരു മഹാസൈന്യാധിപന്‍റെ നിലയില്‍ സര്‍വ്വവിധങ്ങളായ ദൈവാനുകൂല്യങ്ങളോടു കൂടെ എത്രയും ശ്ലാഘനീയമായ ഒരു സ്വസ്ഥതയില്‍ അവിടന്ന് എത്തിയിരിക്കുന്നതായി വിശ്വസിക്കുന്നു.
ഈ വിശുദ്ധസഭയുടെ അപ്രതിഹതമായ ഭാവി ശ്രേയസ്സിനും അഭിവൃദ്ധികരമായ നിയന്ത്രണത്തിനുമായി അവിടന്ന് ദീര്‍ഘായുസ്സോടും അരോഗതയോടുംകൂടി പരിലസിക്കുമാറ് സര്‍വ്വശക്തന്‍ സഹായിക്കണമെന്നുള്ള പ്രാര്‍ത്ഥനയോടുകൂടി ... സമര്‍പ്പിച്ചുകൊള്ളുന്നു.
(മലങ്കര നസ്രാണികള്‍ വാല്യം 4, ഇസ്സഡ്. എം. പാറേട്ട്, പേജ് 522-523)
Comments
Post a Comment