ചേപ്പാട്ടു നിന്നു മീഖായേല്‍ മെത്രാന്‍ മുഖാന്തിരം ഒരു രക്തസാക്ഷി
രണ്ട് പുതിയ മെത്രാന്മാര്‍
അന്തരിച്ച മാര്‍ സേവേറിയോസിന്‍റെ സ്ഥാനത്ത് ക്നാനായ ഇടവകയുടെ മെത്രാനായി ഒറ്റത്തയ്ക്കല്‍ തോമ്മാ കത്തനാരെ ദീയസ്ക്കോറോസ് എന്ന സ്ഥാനനാമത്തിലും, മാര്‍ ഗീവറുഗീസ് ദീവന്നാസ്യോസിന്‍റെ അത്യുജ്ജലമായ പ്രകാശത്തെ മഞ്ഞളിപ്പിക്കുന്നതിനുള്ള ശ്രമമായിട്ടെന്നു തോന്നുമാറ് കായങ്കുളം ജോണ്‍ ഉപദേശി (ആലുംമൂട്ടില്‍) യുടെ പുത്രന്‍ മിഖായേല്‍ കത്തനാരെ ദീവന്നാസ്യോസ് എന്ന സ്ഥാനനാമത്തിലും മെത്രാന്മാരായി 102 തുലാത്തില്‍ യെറുശലേമില്‍ വച്ച് പാത്രിക്കീസ് ഉയര്‍ത്തി. ഒറ്റത്തയ്ക്കല്‍ തോമസ് കത്തനാര്‍ സ്വന്തസഭ ഉപേക്ഷിച്ച് റോമാസഭയിലേക്ക് പരിവര്‍ത്തനം ചെയ്ത ആളായിരുന്നു. മിഖായേല്‍ കത്തനാരുടെ പിതാവ് വാഗ്മിയായ ജോണ്‍ ഉപദേശി അക്കാലത്തെ മറ്റു പല സമര്‍ത്ഥന്മാരേയും പോലെ യുസ്തൂസ്യൗസേപ്പ് എന്ന തമിഴന്‍ കൊണ്ടുവന്ന അഞ്ചര, അല്ലെങ്കില്‍ യു. യൊ. മ. യ. സഭയില്‍ ചേര്‍ന്നു. അതില്‍ നടക്കുന്ന കാലത്തു ജനിച്ചതുകൊണ്ട് പുത്രന്‍ മിഖായേലിന് മലങ്കരസഭയില്‍ ആചരിച്ചു വന്നിരുന്ന രീതിയിലുള്ള ജ്ഞാനസ്നാനം അല്ല ലഭിച്ചത്. പുതുപ്പള്ളിയ്ക്കു സമീപം അഞ്ചേരി എന്ന് സാധാരണ പറയാറുള്ള പരിയാരം പ്രദേശം അന്ന് 'അഞ്ചര' മതക്കാരുടെ ഒരു ശക്തി കേന്ദ്രമായിരുന്നു. ആ 'സഭ' മിക്കവാറും നാമാവശേഷമായിക്കഴിഞ്ഞു എങ്കിലും ഇന്നും അഞ്ചേരില്‍ രണ്ടൊ മൂന്നൊ വീട്ടുകാര്‍ 'അഞ്ചര'യില്‍ ഉറച്ചു നില്‍ക്കുന്നുണ്ടെന്ന് പറഞ്ഞാല്‍ 1050-ാം മാണ്ടിനോട് അടുത്തുണ്ടായിരുന്ന സ്ഥിതി ഊഹിക്കാമല്ലൊ. പ്രൊട്ടസ്റ്റന്‍റ് വൈദികനായിരുന്ന യസ്തൂസ് യൌസേപ്പ് അയാളുടെ മതത്തില്‍ ക്രൈസ്തവരീതിയിലുള്ള ചില ആചാരങ്ങള്‍ രൂപഭേദത്തോടു കൂടെയൊ അല്ലാതെയൊ ഏര്‍പ്പെടുത്തിയിരുന്നു. അങ്ങനെയുള്ള ആചാരങ്ങളില്‍ ഒന്നായിരുന്നു 'സ്നാനം'. അഞ്ചേരില്‍ കൂടിയ ഒരു യോഗത്തില്‍ പ്രസമഗിച്ചുകൊണ്ടിരുന്ന 'ബോധകര്‍' എന്ന സ്ഥാനനാമം ഉണ്ടായിരുന്ന വൈദികന്‍ മിഖായെല്‍ എന്ന ബാലനെ 'സ്നാനം' ചെയ്തു. അന്ന് സ്നാനം ചെയ്യപ്പെട്ട വേറൊരു ബാലന്‍ പിന്നീട് മാര്‍തോമ്മാ സഭയിലെ ഒരു വൈദികനായിത്തീര്‍ന്നു. ഇവരെ സ്നാനം ചെയ്യുന്നതിനുപയോഗിച്ച 'മാമ്മോദീസാ കല്ല്' എണ്ണ ആട്ടുന്ന ഒരു ചക്കായിരുന്നു എന്നാണ് കേട്ടിട്ടുള്ളത്. അഞ്ചര ബാധയില്‍ നിന്ന് വിമുക്തനായപ്പോള്‍ ജോണ്‍ ഉപദേശി ബാലനായ മിഖായേലിനേയും കൊണ്ട് ഒരു നാള്‍ ജോസഫ് ദീവന്നാസ്യോസിനെ സമീപിച്ചു. കുട്ടിയെ അദ്ദേഹത്തിനു 'കാഴ്ച വച്ചു'. മിഖായേല്‍ സെമിനാരിയില്‍ താമസമായി. കുറെ കഴിഞ്ഞ് 'പട്ടം' കൊടുത്തു. പിന്നെ കുറെ കഴിഞ്ഞാണ് മിഖായേലിനെ ജ്ഞാനസ്നാനം ചെയ്തിട്ടില്ല എന്ന് അറിഞ്ഞത്. ആ കര്‍മ്മം നിര്‍വ്വഹിച്ചത് പുന്നൂസ് റമ്പാന്‍ (മൂന്നാം കാതോലിക്കോസ്) ആയിരുന്നു എന്നും, അദ്ദേഹം റമ്പാനായ 1898 നു ശേഷമുള്ള മാമ്മോദീസാ രജിസ്റ്റര്‍ ഉണ്ടെങ്കില്‍ ഇതിനു സാക്ഷ്യം വഹിക്കുമെന്നും ഒരു സമുദായാഭിമാനി അറിവു തന്നു. 'പ്രധാനപ്പെട്ട രേഖകള്‍ പോലും വേണ്ടവിധം വയ്ക്കാത്തവരല്ലെ നമ്മള്‍. മാമ്മോദീസാ രജിസ്റ്റര്‍ ഉണ്ടായിരിക്കയില്ല. അത്യാവശ്യവും ഇല്ല. അദ്ദേഹം തന്നെ (കാതോലിക്കോസ്) എന്നോടു പറഞ്ഞിട്ടുണ്ട്, ശെമ്മാശ്ശനായ ശേഷം ഞാനാണ് അയാളെ 'ക്രിസ്ത്യാനി' ആക്കിയത്, മാമ്മോദീസാ ചെയ്തത്' എന്നാണ് രജിസ്റ്റര്‍ അന്വേഷിച്ചപ്പോള്‍ സമുദായകാര്യങ്ങളില്‍ ചുമതല വഹിക്കുന്ന ഒരു ദേഹത്തില്‍ നിന്ന് ലഭിച്ച മറുപടി.
ഈ വിധം യോഗ്യത തികഞ്ഞ രണ്ടു പേരെ ഒരുമിച്ച് മെത്രാന്മാരായി അഭിഷേകം ചെയ്യാന്‍ സാധിച്ചത് സഭയുടെയൊ, ഭരണീയരുടെയൊ, സ്ഥാനദാതാവിന്‍റെയൊ, സ്ഥാനം ലഭിച്ചവരുടെയൊ, ആരുടെ ഭാഗ്യാതിരേകം കൊണ്ടാണ്? മാര്‍ ഗീവറുഗീസ് ദീവന്നാസ്യോസിന് 'ബതല്‍' ആയി രംഗപ്രവേശം ചെയ്ത ദീവന്നാസ്യോസ് ആയതു കൊണ്ട് മിഖായേലും മറ്റുള്ളവരും ഒട്ടധികം ഒച്ചപ്പാടുണ്ടാക്കി. മലങ്കരസഭയുടെ ലൌകികങ്ങള്‍ പിടിച്ചെടുക്കുന്നതിനു ശ്രമിച്ച പരദേശികള്‍ക്ക് എതിരായി നിന്ന ദേശീയവാദികളായ ദീവന്നാസ്യോസ് പക്ഷത്തിന്‍റെ ഔദ്യോഗിക നാവ് എന്ന തരത്തിലാണ് മ. മനോരമ അക്കാലത്തു വര്‍ത്തിച്ചു കൊണ്ടിരുന്നത്. മാര്‍ മിഖായേലിന്‍റെ സ്ഥാനപ്രാപ്തി പൊതുവെ എത്രമാത്രം അതൃപ്തിക്കു ഇടയാക്കിയിരുന്നു എന്ന് കാണിക്കുന്നതിന് മ. മനോരമ പംക്തികളില്‍ അക്കാലത്തു പ്രത്യക്ഷപ്പെട്ട ലേഖനങ്ങളില്‍ നിന്ന് ചില വാചകങ്ങള്‍ ഉദ്ധരിക്കുന്നു. കായങ്കുളം മിഖായേല്‍ മെത്രാന്‍റെ ആഗമനം, സമാധാനാലോചന നടത്താന്‍ ആലുവായില്‍ യോഗം പേരുന്നതിന് കോനാട്ടു മാത്തന്‍ മല്പാന്‍ നോട്ടീസയച്ചത്, ഇവയെ സ്പര്‍ശിച്ച് 1102 കുംഭം 3-ലെ മ. മനോരമയില്‍ മലങ്കര സുറിയാനി സഭാകാര്യങ്ങള്‍ എന്ന തലക്കെട്ടില്‍ പ്രസിദ്ധപ്പെടുത്തിയ ഉപ മുഖപ്രസംഗത്തില്‍ നിന്ന്:- 'കായങ്കുളം കൊച്ചുണ്ണി, കെ. ഡി. മാത്തന്‍ മുതലായവരുടെ നിറവും വിലയും ഉള്ള ആളുകള്‍ സമുദായത്തിന്‍റെ സൂത്രധാരന്മാരായിതീര്‍ന്നാല്‍ തരക്കേടു വലിയതായി വരാനില്ലല്ലൊ. ...' 1102 മീനം 6 ലെ മ. മനോരമയില്‍ ചിത്രമെഴുത്തു കെ. എം. വറുഗീസ് എഴുതിയതില്‍ നിന്ന്:- '... ഇപ്പോഴത്തെ ഘട്ടത്തില്‍ സംഗതികള്‍ തുറന്നു പറയുകയാണ് നല്ലത്. യൂയൊമയത്തില്‍ ജനിച്ചു വളര്‍ന്ന് മാമ്മോദീസാവെള്ളം യഥാകാലം ശിരസ്സില്‍ വീണിട്ടില്ലാത്തവര്‍ക്കുകൂടി മെത്രാനാവാന്‍ പ്രയാസമില്ലാത്ത ഒരു കാലമാണിതാണെന്ന്...' 102 മേടം 3 ലെ മ. മനോരമയില്‍ കെ. സി. മാമ്മന്‍ മാപ്പിള പേരുവച്ച് എഴുതയ ലേഖനത്തില്‍ നിന്ന്:- '... കായങ്കുളം മിഖായേല്‍ മെത്രാനവര്‍കളുടെ ജനനകാലത്തില്‍ അദ്ദേഹത്തിന്‍റെ അച്ഛന്‍ യു. യൊ. മതനുസാരിയായിരുന്നു എന്നും, മെത്രാനവര്‍കള്‍ ശെമ്മാശുപട്ടം ഏറ്റതുവരെ മാമ്മോദീസാ മുങ്ങിയിട്ടില്ലെന്ന് കേള്‍ക്കുന്നത് ...'
അംശവടി മൂന്നു കഷണം
മിഖായേല്‍ മെത്രാന് കോട്ടയം, തുമ്പമണ്‍ തുടങ്ങി ഒട്ടധികം ഇടവകകളുടെ ആധിപത്യം ലഭിക്കുകയും അദ്ദേഹം അമര്‍ത്തി ഭരിക്കുകയും ചെയ്തു. ആ ഭരണത്തിലെ ഒരു രംഗം സംബന്ധിച്ച് വിശ്വസ്തനായ ഒരു സ്നേഹിതന്‍ അയച്ചു തന്ന കത്തില്‍ പറയുന്നു:- '... മിഖായേല്‍ മെത്രാന്‍ ചേപ്പാട്ടു പള്ളിയില്‍ ചെന്നു. കക്ഷിവഴക്കുകാര്‍ തമ്മില്‍ മെത്രാന്‍റെ പ്രവേശനത്തില്‍ ഏറ്റു മുട്ടി. ചേപ്പാട്ടു മെത്രാന്‍റെ സഹോദര പൌത്രനെ - പീലിപ്പോസ് റമ്പാന്‍റെ സഹോദരനെ - മെത്രാന്‍ കൈയ് കൊണ്ടടിച്ചു. തുടര്‍ന്ന് മറ്റു ചിലര്‍ ആയുധങ്ങള്‍ കൊണ്ട് പ്രഹരിച്ചു. രണ്ടു മൂന്നു നാളുകള്‍ക്കുള്ളില്‍ ആള്‍ മരിച്ചു. കേസായി. മിഖായിലിനെയും പ്രതിസ്ഥാനത്തു കൊണ്ടുവന്നു. എന്നാല്‍ ഒരു മസനപ്സാക്കാരന്‍ ക്രിമിനല്‍ പ്രതിക്കൂട്ടില്‍ നില്‍ക്കാന്‍ താന്‍ സമ്മതിക്കയില്ലെന്നു പറഞ്ഞ് വട്ടശ്ശേരി മെത്രാച്ചന്‍ ആ പേര് ഒഴിവാക്കാന്‍ ...'
ഈ സംഭവത്തെപ്പറ്റി മാര്‍ ദീവന്നാസ്യോസിന്‍റെ ഡയറിയില്‍ കാണുന്നു:- 103 ചിങ്ങം 29. കഴിഞ്ഞ ശനിയാഴ്ച (തിരുവനന്തപുരത്തുവച്ച് എഴുതിയത്) 25-ാം തീയതി വൈകിട്ട് മിഖായേല്‍ മെത്രാന്‍ രഹസ്യമായി ചേപ്പാട്ടു പള്ളിയില്‍ കയറുകയും പള്ളിയില്‍ അടിലഹള നടക്കുകയും ചെയ്തു. ലഹളയില്‍ മെത്രാന്‍റെ വടി മൂന്നു കഷണങ്ങളായി ഒടിഞ്ഞുപോകുകയും മറ്റും ചെയ്തതായും ലഹളയില്‍പെട്ട് ഹേമദണ്ഡം തട്ടി ഒരാള്‍ മരിച്ചു പോയതായും അറിയുന്നു.
ഫാദര്‍ പാറേട്ടിന്‍റെ ഡയറിയില്‍ തിരുവല്ലാ ബഥനിയില്‍ വച്ച് എഴുതിയ ചിങ്ങം 30-ാം തീയതിയിലെ കുറിപ്പില്‍ ഈ സംഭവത്തെപ്പറ്റി പറയുന്നു:- ചേപ്പാട്ട് മിഖായേല്‍ മെത്രാച്ചന്‍ ചെന്നു കയറി തല്ലുണ്ടായി. മെത്രാച്ചന്‍ അച്ചനെയും അച്ചന്‍ മെത്രാച്ചനെയും തല്ലി എന്നും മെത്രാച്ചന്‍റെ വെള്ളിവടി ഒടിഞ്ഞെന്നും, വഞ്ചിയില്‍ അച്ചന്‍റെ ചേട്ടന്‍റെ മകന്‍ തല്ലുകൊണ്ടു ചത്തു എന്നും മാവേലിക്കര മത്തായി പണിക്കര്‍ (മാര്‍ ഈവാനിയോസിന്‍റെ അനിയന്‍) പറഞ്ഞു. മൂന്നു വഴികളിലൂടെ ഒന്നുചേര്‍ന്നു വന്നിട്ടുള്ള ഈ സംഭവവിവരം ശരിയായിരിക്കണമല്ലൊ. വിശദാംശങ്ങളിലേയ്ക്കു കടക്കേണ്ടാ. മറ്റൊരാളുടെ അടികൊണ്ടാല്‍ വെള്ളി അംശവടി മൂന്നു കഷണമാകാന്‍ പ്രയാസമാണ്. ആട്ടിടയന്‍റെ വടി കേവലം അലങ്കാരത്തിനു മാത്രമുള്ളതല്ല. പ്രയോഗിക്കേണ്ട അവസരം വന്നു എന്ന് തോന്നി. എടുത്തുപ്രയോഗിച്ചു. വടി മൂന്നു കഷണമാകുകയും ചെയ്തു എന്ന് വയ്ക്കാം.
റോമായില്‍ പോയി മടങ്ങി വന്ന മെത്രാന് പാത്രിക്കീസാകാമെങ്കില്‍, കത്തനാര്‍ക്കു മടങ്ങി വന്ന് മെത്രാനാകാന്‍ അര്‍ഹത ഉണ്ടെന്ന് സമ്മതിക്കണമല്ലൊ. പഴയനിലയിലേക്ക് വീണ്ടും മടങ്ങാനുള്ള സ്വാതന്ത്ര്യം ഉപേക്ഷിച്ചല്ലായിരിക്കാം ഒറ്റതൈക്കല്‍ കത്തനാര്‍ മടങ്ങി വന്നത്!
(മലങ്കര നസ്രാണികള്‍, ഇസ്സഡ്. എം. പാറേട്ട്, വാല്യം 4, പേജ് 457-460)
Comments
Post a Comment