പട്ടശ്ശേരില്‍ അലക്സന്ത്രയോസു കത്തനാര്‍

പൗരോഹിത്യ പാരമ്പര്യമുള്ള കാരാപ്പുഴ കുടുംബത്തിന്‍റെ ഒരു ശാഖയായ കുഴിമറ്റത്ത് പട്ടശ്ശേരില്‍ തറവാട്ടില്‍ 1064 ഇടവം 17 (1889 ജൂണ്‍ 1) ന് അദ്ദേഹം ജനിച്ചു. പിതാവ് പട്ടശ്ശേരില്‍ ഇട്ടി ഉലഹന്നാനും, മാതാവ് നാലുന്നാക്കല്‍ പടിഞ്ഞാറേവീട്ടില്‍ ശോശാമ്മയും ആയിരുന്നു. അദ്ദേഹത്തിന് വര്‍ഗ്ഗീസ്, കുര്യന്‍ എന്നീ രണ്ടു സഹോദരന്മാരും, മറിയാമ്മ, ഏലിയാമ്മ, അന്നാമ്മ, ചാച്ചിയമ്മ, ശോശാമ്മ, സാറാമ്മ എന്നീ ആറ് സഹോദരിമാരും ഉണ്ടായിരുന്നു. കുഴിമറ്റത്തെ ഇടവക രൂപംകൊള്ളുന്നതിനു മുമ്പ് ഈ കുടുംബം പുതുപ്പള്ളി ഇടവകയില്‍ ആയിരുന്നതിനാല്‍ അദ്ദേഹത്തിന് പുതുപ്പള്ളി പള്ളിയില്‍ വച്ച് മാമോദീസാ നല്‍കി. അദ്ദേഹത്തിന്‍റെ ആദ്യ ഗുരുനാഥന്‍ തികഞ്ഞ ദൈവഭക്തനായിരുന്ന കൊച്ചപ്പി ആശാന്‍ ആയിരുന്നു. മാതാപിതാക്കളുടെ പ്രാര്‍ത്ഥനാശീലവും, തീഷ്ണമായ ആത്മീയജീവിതവും ഉണ്ടായിരുന്ന ഗുരുനാഥന്‍റെ ശിഷ്യത്വവും അദ്ദേഹത്തെ ബാല്യത്തില്‍ തന്നെ ദൈവിക നിറവില്‍ വളര്‍ത്തി. 

കുഴിമറ്റത്ത് സി. എം. എസുകാര്‍ നടത്തിയിരുന്ന സ്കൂളിലായിരുന്നു അദ്ദേഹം ആദ്യകാലത്ത് പഠിച്ചത്. കുഴിമറ്റം പള്ളി സ്ഥാപിതമാകുന്ന സമയം അദ്ദേഹത്തിന് പന്ത്രണ്ട് വയസ്സ് കഴിഞ്ഞിട്ടേയുള്ളു. ആരാധനകളിലും ശുശ്രൂഷകളിലും ബാല്യം മുതല്‍ താല്‍പര്യം കാണിച്ചിരുന്ന അലക്സന്ത്രയോസിനെ പള്ളി വികാരി പള്ളിയ്ക്കപ്പറമ്പില്‍ കുറിയാക്കോസ് കത്തനാര്‍ ശുശ്രൂഷയ്ക്കായി  മദ്ബഹായില്‍ പ്രവേശിപ്പിച്ചു. ആരാധനയ്ക്ക് ആവശ്യംവേണ്ട സുറിയാനി ഭാഷയും ഗീതങ്ങളും അദ്ദേഹം വികാരിയില്‍നിന്നു പഠിച്ചു. പഠനത്തിനുള്ള സാമര്‍ത്ഥ്യവും ഏര്‍പ്പെടുന്ന കാര്യങ്ങള്‍ ഭംഗിയായി ചെയ്തുതീര്‍ക്കുന്നതിനുള്ള ഉത്സാഹവും ആരെയും രസിപ്പിക്കുന്ന നര്‍മ്മചാതുരിയും കൊണ്ട് അദ്ദേഹം എല്ലാവര്‍ക്കും പ്രിയങ്കരനായിത്തീര്‍ന്നു. 

കുഴിമറ്റം ഇടവകയ്ക്കു വേണ്ടി 'ഇടവകപ്പട്ടക്കാരനായി' പട്ടമേല്‍ക്കുന്നതിന് വൈദിക വിദ്യാഭ്യാസത്തിന് അയയ്ക്കാന്‍ ഈ അവസരത്തിലാണ് പട്ടശ്ശേരില്‍ അലക്സന്ത്രയോസിനെയും, ചിറപ്പുറത്ത് ഫീലിപ്പോസിനെയും ഇടവക തിരഞ്ഞെടുത്തത്. മലങ്കര മെത്രാപ്പോലീത്ത പുലിക്കോട്ടില്‍ ജോസഫ് മാര്‍ ദീവന്നാസിയോസ് തിരുമേനി1905 നവംബര്‍ 5-ന് ഇരുവര്‍ക്കും കോറൂയോ പട്ടം നല്‍കി. രണ്ടുപേരും പഴയസെമിനാരിയില്‍ പഠനം തുടര്‍ന്നു. എന്നാല്‍ ഫീലിപ്പോസ് ശെമ്മാശന്‍ പെട്ടെന്നുണ്ടായ അസുഖത്തെ തുടര്‍ന്ന് 1908-ല്‍ നിര്യാതനായി. ഉറ്റസ്നേഹിതന്‍റെ മരണം അലക്സന്ത്രയോസ് ശെമ്മാശനെ വളരെ ദുഃഖിപ്പിച്ചു. അലക്സന്ത്രയോസ് ശെമ്മാശന്‍ പഠനം തുടര്‍ന്നു. സുറിയാനി ഭാഷയില്‍ ശെമ്മാശന്‍ കൂടുതല്‍ താല്‍പര്യം കാണിച്ചു. അതോടൊപ്പം കര്‍മ്മാനുഷ്ഠാനങ്ങളും പ്രസംഗകലയും സ്വായത്തമാക്കി. ഗുരുനാഥന്മാര്‍ക്കും സതീര്‍ത്ഥ്യര്‍ക്കും അദ്ദേഹം ബഹുമാന്യനായിരുന്നു. ആറു വര്‍ഷത്തോളം സെമിനാരിയില്‍ താമസിച്ച് വൈദികാഭ്യസനം പൂര്‍ത്തിയാക്കി. പൂര്‍ണ്ണ ശെമ്മാശു പട്ടവും സ്വീകരിച്ചു. 

സെമിനാരിയിലെ പഠനം കഴിഞ്ഞ് വീട്ടില്‍ താമസമാക്കിയ ശെമ്മാശന്‍ പള്ളിപണിയില്‍ സഹകരിച്ചു. പണപ്പിരിവിനും, ആളുകളെ ഉത്സാഹിപ്പിക്കുന്നതിനും അദ്ദേഹം അത്യധ്വാനം ചെയ്തു. 1912-ല്‍ കോട്ടയത്ത് അഞ്ചേരില്‍ വര്‍ക്കിയുടെ മകള്‍ മറിയാമ്മയെ വിവാഹം ചെയ്തു. ആ ദമ്പതികള്‍ക്ക് രണ്ട് പെണ്‍കുട്ടികള്‍ പിറന്നു. രണ്ടാമത്തെ കുട്ടി ജനിച്ച് അധികനാള്‍ കഴിയുന്നതിനു മുമ്പ് 1916-ല്‍ ആ സാധ്വി മരണമടഞ്ഞു. താമസിക്കാതെ രണ്ടാമത്തെ കുട്ടിയും മരിച്ചു. മൂത്ത പുത്രിയായ ശോശാമ്മയെയാണ്, പാത്താമുട്ടത്ത് മാളികയില്‍ വന്ദ്യശ്രീ എം. സി. കുറിയാക്കോസ് റമ്പാന്‍റെ കനിഷ്ഠ സഹോദരന്‍ എം. സി. സഖറിയാ വിവാഹം ചെയ്തത്. അലക്സന്ത്രയോസ് ശെമ്മാശന്‍ കാതോലിക്കാ സിംഹാസനം മലങ്കരയില്‍ സ്ഥാപിക്കപ്പെട്ട 1912-ല്‍ തന്നെ കശ്ശീശയായി ഉയര്‍ത്തപ്പെട്ടു. അന്ത്യോഖ്യായുടെ അബ്ദുള്ള പാത്രിയര്‍ക്കീസ് മലങ്കരസഭയില്‍ ലൗകീകാധികാരം സ്ഥാപിച്ചെടുക്കാന്‍ പരിശ്രമിച്ചുകൊണ്ടിരുന്ന കാലഘട്ടത്തില്‍ മലങ്കരസഭയുടെ സ്വാതന്ത്ര്യം കാത്തുസൂക്ഷിക്കാന്‍ ബദ്ധശ്രദ്ധനായിരുന്ന മലങ്കര മെത്രാപ്പോലീത്താ വട്ടശ്ശേരില്‍ മാര്‍ ദീവന്നാസിയോസ്, പാത്രിയര്‍ക്കീസിന്‍റെ തന്ത്രങ്ങള്‍ ധീരതയോടെ നേരിട്ടു. അബ്ദുള്ളാ പാത്രിയര്‍ക്കീസ് അദ്ദേഹത്തെ മുടക്കി. ദുരുപദിഷ്ടവും സഭയുടെ നിയമങ്ങള്‍ക്ക് നിരക്കാത്തതുമായ ഈ നടപടിക്ക് യാതൊരു പ്രാധാന്യവും ഇല്ലെന്ന് പട്ടശ്ശേരില്‍ ശെമ്മാശന്‍ കാട്ടിക്കൊടുത്തു. മുടക്കു കല്‍പനയ്ക്കുശേഷം തിരുമേനിയില്‍ നിന്ന് പട്ടം ഏല്‍ക്കാന്‍ പലരും ചഞ്ചലപ്പെട്ടു നിന്നപ്പോള്‍ ശെമ്മാശന്‍ അതിനു മുമ്പോട്ടു വന്നു. അങ്ങനെ പാത്രിയര്‍ക്കീസിനാല്‍ മുടക്കപ്പെട്ട വട്ടശ്ശേരില്‍ തിരുമേനിയില്‍ നിന്ന് ആദ്യമായി പട്ടശ്ശേരില്‍ ശെമ്മാശന്‍ കശ്ശീശയായി പട്ടം സ്വീകരിച്ചു. പട്ടശ്ശേരില്‍ അച്ചന്‍റെ ധീരോദാത്തതയും സഭാസ്നേഹവും ഈ സംഭവം വിളിച്ചോതുന്നു. 

കുഴിമറ്റം പള്ളിയുടെ വികാരിയായി (1912-ല്‍) പട്ടശ്ശേരില്‍ അച്ചന്‍ നിയമിതനായപ്പോള്‍ പള്ളിപണി പൂര്‍ത്തിയായിരുന്നില്ല. ബാലാരിഷ്ടതകളില്‍ കഴിഞ്ഞിരുന്ന ഇടവകയെ ക്രമപ്പെടുത്തി പള്ളി പണി പൂര്‍ത്തിയാക്കി. ആദ്ധ്യാത്മിക സംഘടനകള്‍ക്ക് തുടക്കമിട്ട് ഇടവകയെ നാനാവിധത്തില്‍ വളര്‍ത്തുന്നതില്‍ അദ്ദേഹം സുപ്രധാനമായ പങ്കു വഹിച്ചു. സെന്‍റ് ജോര്‍ജസ് സണ്ടേസ്കൂള്‍, മര്‍ത്തമറിയം വനിതാസമാജം, യുവജനപ്രസ്ഥാനം എന്നീ ആദ്ധ്യാത്മിക സംഘടനകള്‍ അദ്ദേഹം ആരംഭിച്ചു. സെന്‍റ് ജോര്‍ജ് എല്‍. പി. സ്കൂള്‍ സ്ഥാപിക്കുന്നതില്‍, വല്യത്തില്‍ വി. പി. വര്‍ഗീസിനോടൊപ്പം അദ്ദേഹം മുന്‍കൈ എടുത്തു. മരണം വരെയും സ്കൂള്‍ മാനേജരായിരുന്നു. ഇടവകയിലെ യുവജനങ്ങള്‍ ആരംഭിച്ച വൈ. എം. സി. എ. യുടെ ആയുഷ്കാല രക്ഷാധികാരിയായിരുന്നു. 

ഇടവകയുടെ പ്രവര്‍ത്തനങ്ങളില്‍ ഇടവകാംഗങ്ങളെയെല്ലാം പങ്കെടുപ്പിക്കുന്നതില്‍ പട്ടശ്ശേരില്‍ അച്ചന് അന്യാദൃശ്യമായ കഴിവുണ്ടായിരുന്നു. അഭിപ്രായാന്തരങ്ങള്‍ ഉണ്ടാവുമ്പോള്‍ അവ ഓരോരുത്തരോടും തുറന്നു ചര്‍ച്ച ചെയ്ത് പരസ്പര ധാരണ രൂപപ്പെടുത്തിയെടുക്കാന്‍ അദ്ദേഹത്തിന് ഒരു പ്രത്യേക സിദ്ധിയുണ്ടായിരുന്നു. ഇടവകാംഗങ്ങളെ ഓരോരുത്തരെയും അദ്ദേഹം സ്നേഹിച്ചു. വാര്‍ദ്ധക്യ കാലത്തുപോലും അദ്ദേഹം അവരുടെ ആദ്ധ്യാത്മിക ആവശ്യങ്ങള്‍ നടത്തിക്കൊടുക്കുന്നതില്‍ എപ്പോഴും സന്നദ്ധതയും സന്തോഷവും പ്രദര്‍ശിപ്പിച്ചിരുന്നു. 1936-ല്‍ സഭ പ്രസിദ്ധീകരിച്ച 'പൗരസ്ത്യ കാതോലിക്കേറ്റ് വ്യവസ്ഥാപന മലങ്കരനിധി' എന്ന ഗ്രന്ഥത്തില്‍ കുഴിമറ്റം പള്ളിയെക്കുറിച്ച് പരമാര്‍ശിക്കുന്ന ഭാഗത്ത് അന്ന് വികാരിയായിരുന്ന പട്ടശ്ശേരില്‍ അച്ചനെ 'കാര്യശേഷിയുള്ള ആള്‍, നയജ്ഞന്‍, വാഗ്മി, സുറിയാനി ഭാഷയില്‍ അസാമാന്യ പാണ്ഡിത്യമുള്ള ദേഹം ഇടവക ജനങ്ങള്‍ നന്നാകണമെന്നുള്ള താല്‍പര്യത്തില്‍ സ്ഥിരപരിശ്രമം ചെയ്യുന്ന അച്ചന്‍' എന്നിങ്ങനെ വിശേഷിപ്പിക്കുന്നു. പട്ടശ്ശേരില്‍ അച്ചനെ സംബന്ധിച്ച് ഇവ തികച്ചും അന്വര്‍ത്ഥമാകുന്നു. 

ഇടവകയുടെ താല്‍പര്യങ്ങള്‍ മാത്രമല്ല, അതിനതീതമായി മലങ്കരസഭയെ ഒന്നായി കാണാന്‍ പട്ടശ്ശേരില്‍ അച്ചനു കഴിഞ്ഞിരുന്നു. മലങ്കരസഭയുടെ സ്വാതന്ത്ര്യം അഭംഗൂരം കാത്തുസൂക്ഷിക്കണമെന്നും അദ്ദേഹം ജനങ്ങളെ ഉദ്ബോധിപ്പിച്ചിരുന്നു. കാതോലിക്കേറ്റ് നിധി ആരംഭിച്ച ഘട്ടത്തില്‍ അത് വിജയിപ്പിക്കേണ്ടത് സഭയുടെ ആകെയുള്ള വളര്‍ച്ചയ്ക്ക് ആവശ്യമാണെന്ന് അച്ചന് ബോധ്യമുണ്ടായിരുന്നു. അതിനുവേണ്ടി അദ്ദേഹം വളരെ പരിശ്രമിക്കുകയും ചെയ്തു. മലങ്കരസഭാ മാനേജിംഗ് കമ്മിറ്റിയില്‍ പട്ടശ്ശേരില്‍ അച്ചന്‍ ദീര്‍ഘകാലം അംഗമായിരുന്നു. 

സഭയിലെ വൈദികശ്രേഷ്ഠരുമായും അത്മായപ്രമുഖരുമായും പട്ടശ്ശേരില്‍ അച്ചന് അടുത്ത ബന്ധം ഉണ്ടായിരുന്നു. നിരണം ഭദ്രാസനാധിപനായിരുന്ന ദിവംഗതനായ തോമ്മാ മാര്‍ ദീവന്നാസ്യോസ് തിരുമേനി, ശെമ്മാശനായിരുന്ന കാലം മുതല്‍ അച്ചനുമായി സുദൃഢ മൈത്രീബന്ധം പുലര്‍ത്തിയിരുന്നു. ബഥനിയിലെ അലക്സിയോസ് മാര്‍ തേവോദോസ്യോസ് മെത്രാപ്പോലീത്തായും അച്ചന്‍റെ സുഹൃത്തായിരുന്നു. 

വൈദിക കര്‍മ്മാനുഷ്ഠാനങ്ങളില്‍ അനിര്‍വ്വചനീയമായ വശ്യതയും, പ്രസംഗകലയില്‍ അനനുകരണീയമായ വാഗ്വിലാസവും ഉണ്ടായിരുന്ന അച്ചനോടൊത്ത് ധാരാളം പട്ടക്കാര്‍ താമസിച്ച് വൈദിക വിദ്യാഭ്യാസം നടത്തിയിരുന്നു. സെമിനാരി പഠനം കഴിഞ്ഞ് അച്ചന്‍റെ കൂടെ താമസിച്ച് പ്രായോഗിക പരിശീലനം നേടിയ വൈദികരും വളരെയുണ്ട്. ഇങ്ങനെ വൈദികരായി ഒരു നല്ല ശിഷ്യസമ്പത്തുള്ള അച്ചന്‍ ആ കാലത്ത് മലങ്കരസഭയില്‍ ബഹുമാന്യമായ സ്ഥാനം അലങ്കരിച്ചിരുന്ന ഒരു വൈദികശ്രേഷ്ഠനായിരുന്നു. 

സഭയില്‍ അദ്ദേഹം ചെയ്തിട്ടുള്ള സേവനങ്ങളെ പുരസ്കരിച്ച് പരിശുദ്ധനായ ബസേലിയോസ് ഗീവര്‍ഗീസ് ദ്വിതീയന്‍ ബാവാ തിരുമനസുകൊണ്ട് 1942 മെയ് 9-ാം തീയതി കുഴിമറ്റം പള്ളിയില്‍ വച്ച് അച്ചനെ കോറെപ്പിസ്കോപ്പാ സ്ഥാനത്തേക്കുയര്‍ത്തി. 

1964-ല്‍ വാര്‍ദ്ധക്യസഹജമായ അസുഖം പിടിപെട്ടു. അദ്ദേഹത്തിന്‍റെ ആഗ്രഹപ്രകാരം കണ്ടനാട് ഭദ്രാസനത്തിന്‍റെ മെത്രാപ്പോലീത്താ ആയിരുന്ന അഭി. പൗലോസ് മാര്‍ പീലക്സിനോസ് തിരുമേനിയുടെ പ്രധാന കാര്‍മ്മികത്വത്തിലും വഞ്ചിത്താറ്റ് കുറിയാക്കോസ് റമ്പാന്‍റെയും ശിഷ്യന്മാരായ ഒരു വൈദികഗണത്തിന്‍റെയും സഹകരണത്തോടെ 1964 മെയ് മാസത്തില്‍ കന്തീലാ ശുശ്രൂഷ നടത്തപ്പെട്ടു. ആ അവസരം അന്നയോളം താന്‍ ഉറ്റു സ്നേഹിക്കുകയും പരിപാലിക്കുകയും ചെയ്ത അജഗണത്തോടായി അച്ചന്‍ നടത്തിയ അന്ത്യോപദേശം ഹൃദയസ്പര്‍ശിയായിരുന്നു. താന്‍ സ്നേഹിക്കുന്ന കുഴിമറ്റം പള്ളി ഭാവിയില്‍ എങ്ങനെയായിരിക്കണമെന്നുള്ള അഭിലാഷം ആ പ്രസംഗത്തില്‍ അച്ചന്‍ പ്രകടിപ്പിച്ചു. വളര്‍ന്നു വലുതായിത്തീര്‍ന്നിരിക്കുന്ന ഈ ഇടവകയ്ക്ക് ഈ ചെറിയ പള്ളി മതിയാവില്ലെന്നും ആവശ്യമായ വലിപ്പത്തില്‍ പള്ളി പണിതു കാണുവാന്‍ താന്‍ ആഗ്രഹിച്ചുവെന്നും ദൈവകൃപയാല്‍ ആസന്നഭാവിയില്‍ അതു നടക്കുമെന്ന് തനിക്കു വിശ്വാസമുണ്ടെന്നും പ്രസംഗത്തില്‍ അദ്ദേഹം സൂചിപ്പിച്ചു. 

അച്ചന്‍റെ രോഗനില അനുദിനം ഗുരുതരമായിക്കൊണ്ടിരുന്നു. 1964 ഡിസംബര്‍ 14-ാം തീയതി ആ പുണ്യപുരുഷന്‍ ഈ ലോകത്തോടു യാത്രപറഞ്ഞു. പരിശുദ്ധ ബസേലിയോസ് ഔഗേന്‍ പ്രഥമന്‍ കാതോലിക്കാ ബാവാ തിരുമനസ്സിലെ പ്രധാന കാര്‍മ്മികത്വത്തിലും, സഭയിലെ മറ്റു മെത്രാപ്പോലീത്താമാരുടെയും യൂഹാനോന്‍ മല്‍പാന്‍ (കാലംചെയ്ത യൂഹാനോന്‍ മാര്‍ സേവേറിയോസ്) തുടങ്ങിയ ഒരു വലിയ വൈദിക ഗണത്തിന്‍റെയും സഹകരണത്തിലും പ്രത്യേകം തയ്യാറാക്കിയ കല്ലറയില്‍ സംസ്കാര കര്‍മ്മം നടത്തി. 

Comments

Popular posts from this blog

കോട്ടയം അക്കര സി. ജെ. കുര്യന്‍ | കെ. വി. മാമ്മന്‍

പ. പാമ്പാടി തിരുമേനി നടത്തിയ പട്ടംകൊട ശുശ്രൂഷകള്‍

നിരണം പള്ളി കൂദാശ (1912)