സെമിനാരിക്കേസ്: അന്യായഹര്‍ജി (1054 ME)

സെമിനാരിക്കേസില്‍ പുലിക്കോട്ടില്‍ ജോസഫ് മാര്‍ ദീവന്നാസ്യോസ് വാദിയായി ഫയല്‍ ചെയ്ത അന്യായ ഹര്‍ജി:

ആലപ്പുഴ സിവില്‍ കോര്‍ട്ട് മുമ്പാകെ സിവില്‍ നിയമം 11 ഉം 23 ഉം വകുപ്പ് പ്രകാരം ബോധിപ്പിക്കുന്ന ഹര്‍ജി.

തിരുവല്ലാ മണ്ടപത്തുംവാതുക്കല്‍ കടപ്ര പ്രവൃത്തിയില്‍ പരുമല മുറിയില്‍ സുറിയാനി സിമ്മനാരിയില്‍ ഇരിക്കും മലങ്കര യാക്കോബായ സുറിയാനി ക്രിസ്ത്യാനി അസോസ്യേഷന്‍ കമ്മറ്റിയില്‍ പ്രസിഡണ്ടായ 47 വയസുള്ള മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്താ, തിരുവല്ല മണ്ടപത്തുംവാതുക്കല്‍ ആറന്മുള പ്രവൃത്തിയില്‍ മാരാമണ്ണു മുറിയില്‍ കുഴിയത്തു നിന്നും കോട്ടയം മണ്ടപത്തുംവാതുക്കല്‍ ടി പ്രവൃത്തിയില്‍ ഗോവിന്ദപുരം കരയില്‍ സുറിയാനി സിമ്മനാരിയില്‍ പാര്‍ക്കും ഉദ്ദേശം 42 വയസ്സു കാണുന്ന തോമസ് അത്താനാസ്യോസ് എന്ന് പറഞ്ഞുവരുന്ന ആള്‍. 2. കോട്ടയം പ്രവൃത്തിയില്‍ ടി കരയില്‍ പുന്നത്ര ഉദ്ദേശം 35 വയസ്സു കാണുന്ന ചാക്കോ ചാണ്ടപ്പിള്ള കത്തനാര്‍. 3. പറവൂര്‍ മണ്ടപത്തുംവാതുക്കല്‍ ടി പ്രവൃത്തിയില്‍ ടി മുറിയില്‍ കുളങ്ങര ഉദ്ദേശം 48 വയസ്സു കാണുന്ന ഇട്ട്യേച്ചന്‍ പൈലി.

ഇതോടൊന്നിച്ച് ഹാജരാക്കുന്ന എ. ബി. പത്രികയില്‍ വിവരിച്ചിരിക്കുന്ന സ്ഥാവര ജംഗമവസ്തുക്കള്‍ മലയാളത്തുള്ള യാക്കോബായ സുറിയാനി ക്രിസ്ത്യാനി സമൂഹത്തിലേക്കു ചേര്‍ന്ന കോട്ടയത്തു സിമ്മനാരി വകയും സി. പട്ടികയില്‍ പറയുന്ന വസ്തുക്കള്‍ ടി സമൂഹത്തില്‍ അതതു സമയം ഉണ്ടായിരുന്ന കാലം ചെയ്ത മെത്രാപ്പോലീത്തന്മാരാല്‍ സ്ഥാനസംബന്ധമായി ധരിക്കപ്പെട്ടും ഉപയോഗപ്പെട്ടും വന്നതും ആകുന്നു.

2. മേല്‍ വിവരിച്ച ഇളകാത്തവയും ഇളകുന്നവയും ആയ വകകള്‍ ടി സുറിയാനി ക്രിസ്ത്യാനി മേലദ്ധ്യക്ഷന്‍ കൂടിയായ അന്ത്യോഖ്യായുടെ ശുദ്ധമുള്ള പാത്രിയര്‍ക്കീസ് ബാവായുടെ ആജ്ഞയിന്‍കീഴ് അതേ സമയത്തുള്ള മെത്രാപ്പോലീത്തായുടെ അധികാരത്തിലും കൈവശത്തിലും ഇരുന്നിട്ടുള്ളതും ഈ നടപ്പ് അനുസരിച്ച് അന്ത്യോഖ്യായുടെ പാത്രിയര്‍ക്കീസ് ബാവായാല്‍ മെത്രാപ്പോലീത്താ സ്ഥാനം കൊടുക്കപ്പെട്ടതു നിമിത്തം അവകാശം സിദ്ധിക്കപ്പെട്ട ആളായി കഴിഞ്ഞുപോയ അത്താനാസ്യോസ് മെത്രാപ്പോലീത്താ എന്ന് പറയുന്ന ആളിന്‍റെ കൈവശത്തിലും അധീനത്തിലും ഒടുവില്‍ ഇരുന്നിരുന്നു.

3. മേല്‍പ്പറഞ്ഞ മാര്‍ അത്താനാസ്യോസ് 1052-ാമാണ്ട് കര്‍ക്കിടകമാസം 2-ാം തീയതി കഴിഞ്ഞുപോകുകയും അതില്‍ പിന്നെ ഒന്നാം പ്രതിയും 2 ഉം 3 ഉം പ്രതികള്‍ 1-ാം പ്രതിക്ക് അനുകൂലമായും ചേര്‍ന്ന് ന്യായരഹിതമായി എ മുതല്‍ സി വരെ പട്ടികകളില്‍ വിവരിച്ച വകകളെ കൈവശം വെച്ചുകൊണ്ടിരിക്കുന്നു.

4. അന്ത്യോഖ്യാ പാത്രിയര്‍ക്കീസ് ബാവായാല്‍ സ്ഥാനം പ്രാപിക്കപ്പെടുകയും സുറിയാനി അസോസ്യേഷന്‍ കമ്മറ്റിയില്‍ പ്രസിഡണ്ടായി നിയമിക്കപ്പെടുകയും സുറിയാനി സഭയില്‍ സമ്മതിക്കപ്പെടുകയും ചെയ്തിരിക്കുന്ന മെത്രാപ്പോലീത്താ ആയിരിക്കുന്നതുകൊണ്ട് കീഴ്നടപ്പനുസരിച്ച് ടി പട്ടികകളില്‍ വിവരിച്ച എല്ലാ വസ്തുക്കളുടെയും നിദാനത്തിനും കൈവശത്തിനും നാം പൂര്‍ണ്ണ അധികാരി ആയിരിക്കുന്നു.

5. അതുകൊണ്ട് ആ പട്ടികയില്‍ പറയുന്ന 72,700 പണം വിലയുള്ള വസ്തുക്കള്‍ പ്രതികളെക്കൊണ്ട് ഒഴിപ്പിച്ചും അവയില്‍ ഒന്നു മുതല്‍ 13 വരെയും 14 മുതല്‍ 16 വരെയും നമ്പര്‍ ഭൂമികളുടെ മേലാല്‍ ഉണ്ടാകുന്ന ആദായങ്ങളും ബി. സി. പട്ടികകളില്‍ വിവരിച്ചിരിക്കുന്ന 300.52 ഉം 1532 ഉം പണം വിലയുള്ള  ഇളകുന്ന വസ്തുക്കളും ബി പട്ടിയില്‍ 1 മുതല്‍ 3 3 വരെ നമ്പര്‍ മുതലിന്‍റെ മേലാലുള്ള പലിശയും കോടതിച്ചെലവ് സഹിതം പ്രതികളെ കൊണ്ട് തരുവിക്കുന്നതിന് അപേക്ഷിക്കുന്നു.

6. എ പട്ടികപ്രകാരം ഇളകാത്ത വസ്തുക്കള്‍ക്ക്  മതിപ്പുവില പണം 72700. ബി. പട്ടികപ്രകാരം ഇളകുന്ന വസ്തുക്കള്‍ക്ക് മതിപ്പുവില പണം  343432 1/4. സി. പട്ടികപ്രകാരം ഉള്ള വസ്തുക്കള്‍ക്ക് വില പണം 9300. ആകെ പണം 425432 1/4. ... (രണ്ടുവരി അവ്യക്തം) ന്നുണ്ടായിരുന്ന മെത്രാപ്പോലീത്താ സ്ഥാനം ആ ആള്‍ ഇരിക്കുമ്പോള്‍ തന്നെ അന്ത്യോഖ്യായുടെ പാത്രിയര്‍ക്കീസ് ബാവാന്മാരാല്‍ ദുര്‍ബലപ്പെടുത്തിയിരിക്കുന്നു. ആ സ്ഥിതിക്ക് ആ ആളിന്‍റെ അധീനത്തെയും കൈവശത്തെയും വിടുര്‍ത്തുന്നതിനും ഈ രാജ്യത്തെ അധികാരമുള്ള സിവില്‍ കോടതികളില്‍ വ്യവഹാരം കൊണ്ടുവരുവാന്‍ മുമ്പുണ്ടായിരുന്ന തടസം 1051-ാം മാണ്ട് കുംഭമാസം 23-ാം തീയതി ഉണ്ടായ തിരുവെഴുത്തു വിളംബരത്താല്‍ തീര്‍ന്നും ഇരിക്കുന്നു. എന്നാല്‍ മേല്‍പ്പറഞ്ഞ അത്താനാസ്യോസിന്‍റെ സ്ഥാനദൗര്‍ബല്യത്തെപ്പറ്റി ആ ആള്‍ കഴിഞ്ഞുപോയിരിക്കുന്ന സ്ഥിതിയ്ക്ക് സ്വത്തുക്കള്‍ യാതൊരു തര്‍ക്കവും പറയാതെ നമ്മെ ഏല്‍പ്പിപ്പാന്‍ അല്ലാതെ കൈവശം വച്ചുകൊണ്ടിരിപ്പാന്‍ അര്‍ഹത ഇല്ലാത്ത 1-ാം പ്രതിയുടെയും ആ പ്രതിയ്ക്ക് അനുകൂലമായിരിക്കുന്ന 2 ഉം 3 ഉം  പ്രതികളുടെയും മേല്‍ ഈ വ്യവഹാരത്തിന് കാരണമാകയും ചെയ്തു. അത് ... (ഒരു വരി നഷ്ടപ്പെട്ടു) മാണ്ട് കര്‍ക്കിടകമാസം 3-ാം തീയതി മുതല്‍ക്കു ഉത്ഭവിക്കുകയും ചെയ്തിരിക്കുന്നു.

7. 1-ാം വകുപ്പില്‍ വിവരിച്ചിരിക്കുന്ന വകയ്ക്കായി നമുക്കു വിവരം അറിയുവാന്‍ പാടുള്ളേടത്തോളം വകകള്‍ക്ക് എ മുതല്‍ സി വരെ പട്ടികകള്‍ ഹാജരാക്കിയിട്ടുള്ളതും കാര്യത്തിന്‍റെ കിടപ്പിന് പ്രതികളുടെ കൈവശം ഇരിക്കുന്നതിനാലും ഇതിലധികം വിവരം പറയാന്‍ തല്ക്കാലം സാധ്യമല്ലാതെ ഇരിക്കുന്നതും ആകയാല്‍ വിസ്താരമദ്ധ്യേ പ്രതികളുടെ സമ്മതത്താലോ വേറെ വിധത്തിലോ കൂടുതലായ എല്ലാ വസ്തുക്കളോ ടി പട്ടികകളില്‍ വിവരിച്ച വസ്തുക്കളെ സംബന്ധിച്ച് തന്നെയും കൂടുതല്‍ കുറവായും വല്ല വിവരങ്ങളോ ഉണ്ടായി വരികയും ചെയ്യുന്നപക്ഷം ആ വകയ്ക്കു വിവരമായി പട്ടിക ഹാജരാക്കുകയും കൂടുതല്‍ ഫീസ് ഒടുക്കുകയും ചെയ്തുകൊള്ളാമെന്ന് ബോധിപ്പിച്ചുകൊള്ളുന്നു. 1054-ാമാണ്ട് കുംഭമാസം 22-ാം തീയതി (സ്ഥാനമുദ്ര) (ഒപ്പ്)

....... (ഒരു വരി നഷ്ടപ്പെട്ടു) നമ്മുടെ അറിവിലും വിശ്വാസത്തിലും അകപ്പെട്ടിടത്തോളം സത്യമെന്ന് ഉറപ്പു വരുത്തുന്നു.

(സ്ഥാനമുദ്ര)                      (ഒപ്പ്)

വക്കീല്‍ കൃഷ്ണയ്യന്‍ (ഒപ്പ്) വക്കീല്‍ രാമസ്വാമി അയ്യര്‍ (ഒപ്പ്)

വീരരാഘവ അയ്യര്‍ (ഒപ്പ്)

1054-ാമാണ്ട് കുംഭമാസം 22-ാം തീയതി കോര്‍ട്ടില്‍ കൊടുത്തു. ഫീസു പണം 11620.

റജിസ്റ്റാര്‍ ഫീസ് പണം 42. വക്കാലത്തു ഫീസ് പണം 34. പടി പണം....

ആകെ ഒട്ടുക്കു പണം 11678 22-7-54 ജഡ്ജ് അടയാളം നമ്പ്ര് 7.1

പതിവ് നമ്പ്ര് 439. 

(കണ്ടനാട് ഗ്രന്ഥവരി, പുറം 1424-1428)

Comments

Popular posts from this blog

1876-ലെ മുളന്തുരുത്തി സുന്നഹദോസിന്‍റെ കാനോനാകള്‍

നിരണം പള്ളി കൂദാശ (1912)

മലങ്കരസഭാ ഭരണഘടനാ ശില്പികള്‍ | ജോയ്സ് തോട്ടയ്ക്കാട്