സെമിനാരിക്കേസ്: പത്രിക (1054 ME)
ആലപ്പുഴ ജില്ലാകോര്‍ട്ട് മുമ്പാകെ 1054-ാമാണ്ട് ആടി മാസം 7-ാം തീയതി ഈ കോര്‍ട്ടില്‍ ഈയാണ്ട് അദാലം 439-ാം നമ്പ്രില്‍ 1-ാം പ്രതി 42 വയസുള്ള മലങ്കര ഇടവകയുടെ തോമസ് മാര്‍ അത്താനാസ്യോസ് മെത്രാപ്പോലീത്താ സിവില്‍ നിയമം 109-ാം വകുപ്പ് അനുസരിച്ച് ബോധിപ്പിക്കുന്ന കാര്യവിവര പത്രിക.
1. അന്യായം നേരല്ല. അതില്‍ പറയുന്നതുപോലെ ഇളകുന്നവയോ ഇളകാത്തവയോ ആയ വസ്തു മുതലോ മേലാല്‍ ഉള്ള അനുഭവമോ പലിശയോ കോടതിചെലവോ കൊടുപ്പാനും ഇട ഇല്ല. വാദിക്ക് ഈ വ്യവഹാരത്തിന് അര്‍ഹതയും ഇല്ലാത്തതാകുന്നു.
2. അന്യായത്തില്‍ നമ്മുടെ സ്ഥാനത്തെ ക്രമമായി കാണിച്ചില്ല. വാദിക്ക് ഈ സംസ്ഥാനത്തു സ്ഥിരമായ പാര്‍പ്പും വാസസ്ഥലവും വസ്തുക്കളും ഇല്ല. സ്ഥാനവും സഭാസമ്മതവും ഇല്ല. വാദി കൊച്ചി സംസ്ഥാനത്തു കുന്നംകുളങ്ങര അങ്ങാടിയില്‍ പുലിക്കോട്ട് വീട്ടില്‍ യൗസേപ്പ് എന്ന് പേരുള്ള ആളാകുന്നു. ആവലാതിയില്‍ വാദിയുടെ വീട്ടുപേരും ഇരട്ടപ്പേരും കാണിപ്പാനുള്ളത് ചെയ്യാഞ്ഞത് മേല്പറഞ്ഞ ഭാഗം വെളിപ്പെടുമെന്ന് വിചാരിച്ചാകുന്നു.
3. മലങ്കര ഉള്ള പുത്തന്‍കൂര്‍ സുറിയാനി ക്രിസ്ത്യാനികളായ നമ്മുടെ ഇടവകയില്‍ അസോസ്യേഷന്‍ കമ്മട്ടി എന്ന് പേരായ ഒരു കമ്മട്ടി ഇല്ലാത്തതും അതിനെ അനുസരിച്ച് ഒരു നടപ്പ് കണ്ടിട്ടില്ലാത്തതും ഈ വാദി മുതല്‍പേര്‍ കൂടി അങ്ങനെ ഒരു ഏര്‍പ്പാട് ചെയ്യുന്നതായിരുന്നാല്‍ ആയത് നമ്മെയും നമ്മുടെ ഇടവകയെയും സംബന്ധിക്കുന്നതല്ലാത്തതും ആകുന്നു.
4. വാദിക്കുണ്ടെന്നു നടിക്കുന്ന മെത്രാനെന്ന സ്ഥാനവും പ്രസിഡണ്ട് എന്ന് പറയുന്ന സ്ഥാനവും എപ്പോള്‍ ആരാല്‍ കൊടുക്കപ്പെട്ടു എന്നും അതില്‍ ഏത് അവകാശം വഴിക്കാണ് ഈ വ്യവഹാരം എന്നും വിവരിക്കയോ ചെയ്തിട്ടില്ലാത്തതും ആയത് നിയമവിരോധവും ആകുന്നു. വാദി സൂക്ഷ്മത്തില്‍ വലിയ കടക്കാരനും വേദവിധികള്‍ക്കും നടപ്പിനും വിരോധമായി നടക്കുന്നതിനാലും അംഗവൈകല്യത്താലും മെത്രാപ്പോലീത്താസ്ഥാനത്തിനു തന്നെ അയോഗ്യനുമാകുന്നു.
5. രണ്ടും മൂന്നും പ്രതികളുടെ അവകാശത്തെപ്പറ്റി യാതൊന്നും അന്യായത്തില്‍ വിവരിച്ചിട്ടില്ല. ബി. പട്ടികയില്‍ പറയുന്നതില്‍ 1-ാം നമ്പര്‍ മുതലിനെയും 2, 3 നമ്പ്ര് മുതലിന്‍റെ ചില (വിവരങ്ങളെ) പ്പറ്റി മാത്രമല്ലാതെ ശേഷത്തിന്മേല്‍ 2, 3 പ്രതികള്‍ക്ക് യാതൊരു സംബന്ധവും കൈവശവും ഇല്ല. ആ സ്ഥിതിക്ക് അവരെയും ഇതില്‍ ഒന്നിച്ച് കക്ഷി ചേര്‍ത്തിരിക്കുന്നത് സിവില്‍ നിയമം 7-ാം വകുപ്പിന് വിരോധവും അന്യായത്തിന് മിസ് ജോയിന്‍റര്‍ എന്ന ദോഷമുള്ളതും അതിനാല്‍ പ്രഥമ ദൃഷ്ടിയില്‍ തള്ളേണ്ടതും ആകുന്നു.
6. നമുക്കുള്ളതും മാര്‍ അത്താനാസ്യോസ് മെത്രാപ്പോലീത്താ കാലം ചെയ്യുന്നതുവരെ അദ്ദേഹത്തിനും അദ്ദേഹം 38-ാം ആണ്ടു മുതല്‍ നമ്മെ സിക്രട്ടറി ആയിട്ടും പിന്നീട് റമ്പാനായിട്ടും 43-ാം മാണ്ടു മുതല്‍ മെത്രാപ്പോലീത്താ ആയിട്ടും സമൂഹത്തിന്‍റെ സമ്മതത്തിന്മേല്‍ നിയമിച്ച് നമ്മെക്കൊണ്ട് നടത്തിച്ചു വന്നതുമായ സ്ഥാനങ്ങള്‍ തിരുവെഴുത്തു വിളംബരത്താല്‍ കിട്ടിയിട്ടുള്ളതും അല്ല. തിരുവെഴുത്തു വിളംബരത്താല്‍ പൊയ് പോയിട്ടും ഇല്ല. അങ്ങനെ പോകുന്നതും അല്ല. നമ്മുടെ സ്ഥാനത്തെപ്പറ്റി ആക്ഷേപിപ്പാന്‍ ഈ വാദിക്ക് കര്‍ത്തവ്യം ഇല്ല. വാദി പറയുന്ന അവകാശം പല കാലങ്ങളില്‍ പരദേശക്കാരായിട്ടും മറ്റും പലരും ഈ കൈകാര്യ കര്‍ത്തവ്യവും മറ്റും ആഗ്രഹിച്ചു വരികയും ചില കൃത്രിമങ്ങള്‍ തുടങ്ങുകയും ആയതിന് അന്നന്ന് ഭരിച്ചിരുന്ന മെത്രാപ്പോലീത്താമാര്‍ തടുത്ത് നില്‍ക്കയും ചെയ്തിട്ടുള്ളതും ആകുന്നു. ആ സ്ഥിതിയും വളരെക്കാലം മുതലേതന്നെ മാര്‍ അത്താനാസ്യോസ് മെത്രാപ്പോലീത്താ അവര്‍കളുടെ ജീവകാലത്തെ തര്‍ക്കപ്പെടുകയും അവകാശമുള്ളതായി പറയുന്ന ആളുകള്‍ സിവില്‍ വ്യവഹാരപ്പെട്ട് തീര്‍ച്ച സമ്പാദിച്ചുകൊള്ളണമെന്ന് അനേകം തീരുമാനങ്ങള്‍ ഉണ്ടാകയും ചെയ്തിട്ടുള്ളതും അതില്‍ മിക്കതും ഈ വാദിയുടെ നേര്‍ക്കു തന്നെ ഉണ്ടായിട്ടുള്ളതും ആകുന്നു. അങ്ങനെ ഏറിയ കാലമായി വിരോധ കൈവശമായിരിക്കുന്നു. അങ്ങനെയുള്ള ഇക്കാര്യത്തില്‍ തിരുവെഴുത്തു വിളംബരത്താല്‍ ഈ വ്യവഹാരത്തിന് കാരണം ഉത്ഭവിച്ചു എന്നും, മാര്‍ അത്താനാസ്യോസ് മെത്രാപ്പോലീത്താ അവര്‍കള്‍ മരിച്ചശേഷം ഉത്ഭവിച്ചു എന്ന് വേറെഒരിടത്തും പറയുന്നത് അസംബന്ധവും കാലഹരണചട്ടത്തെ കേവലം വഞ്ചിപ്പാനും പറയുന്ന വാക്കും ആകുന്നു.
7. .... (രണ്ടു വരി നഷ്ടപ്പെട്ടു - എഡിറ്റര്‍) അദ്ദേഹത്തിന്‍റെ സ്ഥാനത്തെ ദുര്‍ബലപ്പെടുത്തിയിരിക്കുന്നു എന്നും ആവലാതിയില്‍ ഒരേടത്തും പറയുന്നു. ആ വാക്കും വാദിക്കു വിരോധമാകുന്നു എന്ന് തന്നെയുമല്ലാ എ പട്ടികയിലെ 7-ാം നമ്പ്ര് സിമ്മനാരിയില്‍ പാത്രിയാര്‍ക്കും തന്‍റെ ആള്‍ക്കാരും പ്രവേശിപ്പാന്‍ ഭാവിച്ചതിനെ നിര്‍ത്തല്‍ ചെയ്തു തരേണമെന്ന് നാം ആവലാതിപ്പെടുകയും അതനുസരിച്ച് സിമ്മനാരിയില്‍ പ്രവേശിച്ചു പോകരുതെന്നും 51-ാമാണ്ട് വൃശ്ചികമാസം 8-ാം തീയതി മജിസ്ട്രേട്ടില്‍ നിന്ന് ഉത്തരവും നോട്ടീസും കൊടുത്താറെ നിവൃത്തിക്ക് ശ്രമിക്കാതെ സി. പട്ടികയില്‍ പറയുംപ്രകാരം ഉള്ളതില്‍ വടി, മുടി, സ്ലീബാ മുതലായതും കൊടുപ്പിക്കണമെന്നും മലങ്കരയിന്മേല്‍ തങ്ങള്‍ക്ക് അധികാരം ഉണ്ടെന്നും ആയത് നടത്തിക്കണമെന്നും മറ്റും അന്ത്യോഖ്യാ പാത്രിയര്‍ക്കീസ് എന്നു പറഞ്ഞ് വന്നിരുന്ന ആള്‍ തന്നെ വാദിക്കുകയും 51 മീനം 2-ന് ഹജൂരില്‍ ഹര്‍ജി ബോധിപ്പിക്കുകയും ചെയ്തിരുന്നു. അവകാശം ഉണ്ടെങ്കില്‍ ടിയാന്‍ സിവില്‍ വ്യവഹാരം ചെയ്തുകൊള്ളേണ്ടതായിട്ട് തീരുമാനിക്കപ്പെട്ടിരിക്കുന്നതായി കേള്‍ക്കുന്നതും പിന്നീട് ഒരു സംവത്സരത്തിലധികകാലം ഇവിടങ്ങളില്‍ തന്നെ അടങ്ങിപ്പാര്‍ത്തുംവച്ച് തങ്ങളുടെ അപേക്ഷയെ ഉപേക്ഷിച്ചും മടങ്ങിപ്പോയിരിക്കുന്നതും ആ സ്ഥിതിക്ക് ആ ആള്‍ക്കു തന്നെ സിദ്ധിച്ചിട്ടില്ലാത്ത ഒരു അവകാശത്തെ ആ ആള്‍ക്ക് മുമ്പില്‍ ഇരുന്നവരോട് സ്ഥാനം ഏറ്റതായി പറഞ്ഞ് നടിക്കുന്ന ഈ വാദിക്ക് വ്യവഹാരത്തെ കൊണ്ടുവരുവാന്‍ അവകാശം ഇല്ലാത്തതും മേല്‍വിവരിച്ച എല്ലാ കാരണങ്ങളാലും പ്രത്യേകം കാലഹരണദോഷം കൂടി ഉള്ളതും ആകുന്നു.
8. വാദിയുടെ ഉദ്ദേശം കേവലം സിമ്മനാരിയെപ്പറ്റി മാത്രം അല്ലാതെ നമുക്കുള്ള മെത്രാപ്പോലീത്താ സ്ഥാനത്തെയും അത് സംബന്ധമായ സകല (ഒരു വരി നഷ്ടപ്പെട്ടു - എഡിറ്റര്‍) മുതല്‍ കൈവശത്തെയുംപറ്റി ആയിരുന്നാല്‍ അതിലേക്കുള്ള ഒന്നടങ്കം സല ഇരുത്തി ഫീസ് ഒടുക്കിക്കേണ്ടിയിരുന്നതും ആയത് അന്യായത്തില്‍ വിട്ടുപോയിരിക്കുന്ന സ്ഥിതിക്ക് ഇനിയും അധിക ഫീസ് കൊടുക്കാമെന്നും മറ്റും വാദി സമ്മതിക്കുന്ന പക്ഷവും ആയത് സിവില്‍ നിയമം 6-ാം വകുപ്പില്‍ അനുവദിച്ചിട്ടില്ലാത്ത സംഗതി ആകുന്നു. മതസംബന്ധമായ കൂദാശക്രമങ്ങള്‍, വിശേഷവിധിയായ ചില പ്രാര്‍ത്ഥനകളോടും മറ്റും കൂടി നടത്തുന്നതും അങ്ങനെ നല്കപ്പെടുന്ന ഒരു സ്ഥാനത്തെയും അതു സംബന്ധമായ കൈവശത്തെയും മറ്റും ഒരു ജീവനക്കാരന്‍റേതു പോലെ മാറ്റുവാനും തിരികെ ആക്കുവാനും പാടുള്ളതല്ല. ആ സ്ഥിതിക്ക് ഇതു മതസംബന്ധമായ വ്യവഹാരം എങ്കില്‍ കോര്‍ട്ടില്‍ വ്യവഹാരപ്പെടുവാനേ പാടില്ല. മലങ്കര മെത്രാപ്പോലീത്താ എന്നുള്ള സ്ഥാനം ഈ സംസ്ഥാനത്തേക്ക് മാത്രമല്ല, തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ ജില്ല ഇങ്ങനെ മൂന്ന് സ്ഥലത്തുള്ള പുത്തന്‍കൂര്‍ സുറിയാനി ക്രിസ്ത്യാനികളുടെ പള്ളിയിന്മേലുള്ള സ്ഥാനത്തെപ്പറ്റി ഈ കോര്‍ട്ടില്‍ തനിച്ച് ഒരു ചുരുങ്ങിയ വ്യവഹാരം കൊണ്ടുവന്ന് അതില്‍വച്ച് നമ്മുടെ അവകാശത്തെയും സ്ഥാനത്തെയും പറ്റി തീര്‍ച്ചപ്പെടുത്തുവാനും പാടില്ല. സിമ്മനാരി കെട്ടിടം ഒന്നിന് തന്നെയും 25000 രൂപായില്‍ കൂടുതല്‍ വില പിടിക്കുന്നതാകുന്നു. ആയത്പോലെത്തന്നെ അന്യായപട്ടികയില്‍ പറയും ശേഷം വകകള്‍ക്കും അന്യായത്തില്‍ പറയുന്ന വില ശരി അല്ലാത്തതും ആകുന്നു.
9. സിമ്മനാരി വസ്തുവകകളെക്കുറിച്ച് ഉണ്ടായിട്ടുള്ള പഞ്ചായത്തു തീര്‍പ്പില്‍ വിവരിച്ചിരിക്കുന്നവിധത്തില്‍ ബ്രിട്ടീഷ് ഖജനാവില്‍ ഇരുന്ന പണം 1045-ാം ആണ്ടില്‍ ... മാര്‍ അത്താനാസ്യോസ് മെത്രാപ്പോലീത്താ അവരുംകൂടി ഏറ്റു. ആ വഴിക്ക് 2, 3 പ്രതികളുടെയും നമ്മുടെയും അധീനതയില്‍ വന്നിട്ടുള്ളതല്ലാതെ അന്യായത്തില്‍ പറയുന്നതുപോലെ മാര്‍ അത്താനാസ്യോസ് മെത്രാപ്പോലീത്താ അവര്‍കള്‍ കാലംചെയ്ത 1052-ാമാണ്ട് കര്‍ക്കിടകമാസം 2-ന് മുതല്ക്ക് അല്ലാത്തതും അതിലേക്കും കാലഹരണദോഷം ഉള്ളതും ആകുന്നു.
10. അന്യായത്തോടുകൂടി ചേര്‍ത്തിരിക്കുന്ന 'എ' മുതല്‍ പട്ടികകളില്‍ പറയുന്ന വകകള്‍ മുഴുവനും പുരാതനമേ ഉള്ളവ എന്ന് നടിച്ച് പ്രസ്താവിച്ചിരിക്കുന്നതു ശരി അല്ല. പുരാതനമായിട്ടുള്ള മിക്കതും 13-ാം ആണ്ടിടയ്ക്ക് സര്‍ക്കാരില്‍ നിന്നും ഏല്പിച്ചിട്ടുള്ളതും അതിലേക്കുള്ള മുതല്‍ (ബി) പട്ടികയില്‍ 3-ാം നമ്പര്‍ ആയി ചേര്‍ത്തിട്ടുള്ളതും അങ്ങനെ വിറ്റു പോയിട്ടുള്ളതു പോകെ (എ) പട്ടികയില്‍ പറയുന്നതില്‍ 1 മുതല്‍ 13 വരെയും 15, 16, 17, നമ്പ്ര് വസ്തുക്കളും (ബി) പട്ടികയില്‍ 1, 2, 3, 12, 20, 21, 22, 33, 40, 54; (സി) പട്ടികയില്‍ 1-ാം നമ്പര്‍ ഉരുപ്പടിയില്‍ 2, 4 മുതല്‍ 6 വരെയും 11-ാം നമ്പര്‍ വസ്തുക്കളും പുരാതനമായിട്ടുള്ളതും നമ്മുടെ കൈവശം ഉള്ളതും അതുകൂടാതെ മാര്‍ അത്താനാസ്യോസ് മെത്രാപ്പോലീത്താ അവര്‍കളുടെ തനതു വകയും പുരാതനവകയും ആയുള്ള ദന്തം കൊണ്ടുള്ള പല്ലക്കും മരം കൊണ്ടുള്ള മേനാവും ചുമപ്പ് വില്ലൂസില്‍ പൊന്നു കൊണ്ട് പല പണികള്‍ ചെയ്തിട്ടുള്ള മുതലവായന്‍ മുടിയും കസവ് കൊണ്ടുള്ള കുര്‍ബാന കാപ്പ മുതലായ പട്ടുസാമാനങ്ങളും അനേകം വെള്ളിസാമാനങ്ങളും വെങ്കല പാത്രങ്ങളും പെട്ടിപ്രമാണങ്ങളും ഒപ്പും മുദ്രയും വച്ച കടലാസുകളും മറ്റു പല റിക്കാര്‍ഡുകളും പുസ്തകങ്ങളും കാറ്റ്മെത്ത മുതലായ കിടക്കുന്ന സാമാനങ്ങളും പള്ളിക്കര പള്ളിയില്‍ നമ്മുടെ കാരണവര്‍ വച്ചുപൂട്ടിയിരുന്നതിനെ ഈ വാദി മുഖാന്തിരം മോഷണം ചെയ്ത് എടുത്തിട്ടുള്ളതും (സി) പട്ടികയിലെ 1, 12 നമ്പ്ര് വസ്തുക്കള്‍ നമ്മുടെ കൈവശം ഇല്ലാത്തതും (ബി) പട്ടികയിലെ 7, 8 9 നമ്പ്ര് വസ്തുക്കള്‍ 2, 3 നമ്പ്ര് മുതലില്‍ നിന്ന് സമ്പാദിച്ചിട്ടുള്ളതും ശേഷം വകകള്‍ നമ്മുടെയും കാരണവരുടെയും തനതായുള്ളതും ആകുന്നു. (ബി) പട്ടികയില്‍ പറയുന്ന 1-ാം നമ്പര്‍ മുതല്‍ പഴയ സ്ഥിതിയില്‍ ബ്രിട്ടീഷ് ഗവണ്മെണ്ട് പെട്ടിയില്‍ ഇരിക്കുന്നതും 2, 3 നമ്പര്‍ ആയി പറയുന്ന ഇളകുന്നവയും ഇളകാത്തവയും ആയ വസ്തുക്കളെ സിമ്മനാരി വകയ്ക്ക് കെട്ടുകയും ഏതാനും മുതല്‍ സിമ്മനാരിയില്‍ പഠിത്ത സംബന്ധമായി ചിലവായിരിക്കുന്നതും ആകുന്നു. ആ സ്ഥിതിക്കും 1, 3 നമ്പ്ര് മുതല്‍ മുഴുവനും നമ്മുടെ കൈവശം ഇരിപ്പായിട്ടും ആ മുതല്‍ കൊടുത്ത് നേടീട്ടുള്ളതില്‍ ചിലതിനെ പ്രത്യേകമായിട്ടും (ബി) പട്ടികയില്‍ പറഞ്ഞിരിക്കുന്നതും ശരിയല്ല.
11. മേല്‍ വിവരിച്ച വസ്തുക്കളില്‍ പുരാതന വകകള്‍ മലങ്കര സുറിയാനി സഭയെ അതത് കാലങ്ങളില്‍ ഭരിച്ചിരുന്ന നമ്മുടെ കാരണവന്മാരായ പൂര്‍വ്വിക മെത്രാപ്പോലീത്തന്മാരുടെയും ഒടുവില്‍ കാലംചെയ്ത മാര്‍ അത്താനാസ്യോസ് മെത്രാപ്പോലീത്താ അവര്‍കളുടെയും കൈവശത്തില്‍ ഇരുന്നതും മലങ്കര സിംഹാസനത്തിന്നുള്ള സ്വാതന്ത്ര്യ അധികാരം (ഒരു വരി നഷ്ടപ്പെട്ടിരിക്കുന്നു - എഡിറ്റര്‍) പാത്രിയര്‍ക്കീസിന്‍റെ ആജ്ഞയോടു കൂടിയും വരുതിയിന്‍കീഴ് ഉള്‍പ്പെട്ടും ഇരുന്നിട്ടുള്ളതല്ല. ചില കാരണവശാല്‍ മാര്‍ അത്താനാസ്യോസ് മെത്രാപ്പോലീത്താ അവര്‍കള്‍ അന്ത്യോഖ്യായില്‍ ചെന്ന് പട്ടം മാത്രം ഏറ്റു എന്നല്ലാതെ ശേഷം ഏതൊരു മെത്രാന്മാരും അന്ത്യോഖ്യായില്‍ ചെന്ന് പട്ടം ഏറ്റിട്ടുള്ളവരല്ല. പാത്രിയാര്‍ക്കിനെ ധിക്കരിച്ച് നടന്നിട്ടുള്ളവരും ആകുന്നു. മാര്‍ അത്താനാസ്യോസ് മെത്രാപ്പോലീത്താ തന്നെയും പട്ടം ഏറ്റതുകൊണ്ട് മാത്രം അധികാരവും വസ്തു കൈവശവും സിദ്ധിച്ചിട്ടില്ല. മുന്‍ ഇരുന്ന മെത്രാപ്പോലീത്തായുടെ സമ്മതത്തിന്മേലും ജനങ്ങളുടെ സമ്മതത്തിന്മേലും നടന്നതാകുന്നു. മലങ്കര മെത്രാപ്പോലീത്താമാര്‍ തങ്ങളുടെ പിന്‍തുടര്‍ച്ചക്കായിട്ട് ജീവകാലത്തേ ആളെ ഏര്‍പ്പെടുത്തി ആ സ്ഥാനം നടപ്പാക്കിക്കൊടുത്തു വസ്തുമുതലുകളെയും കൈവശപ്പെടുത്തിക്കൊടുക്കുന്നത് എത്രയോ പൂര്‍വികകാലം മുതല്‍ക്കേ ഈ രാജ്യത്തെ നടപ്പും ആകുന്നു. അത് അനുസരിച്ചാകുന്നു നമ്മെയും ആക്കി നടത്തിയിട്ടുള്ളത്.
12. നമ്മുടെ ആസ്ഥാനമാകുന്ന മലങ്കരസഭയെ സ്ഥാപിച്ചത് മാര്‍ത്തോമ്മാശ്ലീഹായും പാത്രിയര്‍ക്കീസിന്‍റെ ആസ്ഥാനമാകുന്ന അന്ത്യോഖ്യാ സഭയെ സ്ഥാപിച്ചത് മാര്‍ പത്രോസ് ശ്ലീഹായും ആകുന്നു. ആ രണ്ടു പേരും സമാധികാരികളും സ്വാതന്ത്ര്യം ഉള്ളവരും ആയിരുന്നു. അതുപോലെതന്നെ ഈ രണ്ടു സഭകള്‍ക്കും സമാധികാരവും സ്വാതന്ത്ര്യവും പ്രായ തുല്യതയും ആയിരിക്കുന്നു. ഈ രണ്ടു സഭയും മേല്‍പ്രകാരം സമത്വം ഉള്ളവയല്ലാതെ മേല്കീഴ് എന്നുള്ള ഭാവം ഉണ്ടായിട്ടുമില്ല. ഉണ്ടാവാന്‍ പാടില്ലാത്തതുമാകുന്നു.
13. ഈ മലങ്കര സുറിയാനിസഭ സ്വാതന്ത്ര്യം ഉള്ളതും പരദേശക്കാരില്‍ ആശ്രയം ഇല്ലാത്തതുമാകുന്നു എന്നും മറ്റും സദിര്‍ക്കോര്‍ട്ട് സമക്ഷത്തില്‍ നിന്നും അഭിപ്രായപ്പെട്ടിരിക്കുന്നതു തന്നെയുമല്ല ഈ നമ്പ്ര് വ്യവഹാരത്തെയൊക്കെത്തന്നെ നമ്മുടെ കാരണവര്‍ മാര്‍ അത്താനാസ്യോസ് മെത്രാപ്പോലീത്താ അവര്‍കളുടെമേലും തങ്ങളാല്‍ മെത്രാനായി നിയമിക്കപ്പെട്ടിട്ടുള്ള ആളിന്‍റെ മേലും അന്ത്യോഖ്യാ പാത്രിയര്‍ക്കീസിനാല്‍ മെത്രാനായി നിയമിക്കപ്പെട്ടു എന്നും പറഞ്ഞു മലങ്കര മെത്രാപ്പോലീത്താ സ്ഥാനത്തെയും വസ്തു കൈവശത്തെയും മറ്റും പറ്റി മാര്‍ കൂറിലോസ് എന്ന ആള്‍ ബോധിപ്പിച്ചു. ആ വാദിയുടെ കാര്യസ്ഥനായിട്ട് ഈ വാദി നടത്തിവന്ന വ്യവഹാരത്തില്‍ നമ്മുടെ കാരണവരാല്‍ കൊടുക്കപ്പെട്ട സ്ഥാനത്തെ ഉറപ്പിച്ചും മലങ്കര സംബന്ധിച്ച് പാത്രിയര്‍ക്കീസിന് അധികാരം ഇല്ലെന്നും മറ്റും നിഷേധിച്ചും മലബാര്‍ ജില്ലയിലും ആ വിധി സ്ഥിരപ്പെടുത്തി. ബഹുമാനപ്പെട്ട ഹൈക്കോടതിയിലും തീര്‍ച്ചപ്പെടുത്തിയിരിക്കുന്നു. ആ സ്ഥിതിക്ക് ഈ വ്യവഹാരത്തിന് റസ്ജൂഡിക്കേറ്റാ എന്ന തടസ്സം കൂടെ ഇല്ലയോ എന്നും ആലോചിക്കേണ്ടതാകുന്നു.49
14. അന്ത്യോഖ്യാ പാത്രിയര്‍ക്കാ എന്ന് പറയുന്നവര്‍ തന്നെ മൂന്ന് നാല് ഭാഗക്കാരായിട്ടാണെന്ന് കേള്‍വിയുണ്ട്. ആ സ്ഥിതിക്ക് ഈ വാദിക്ക് പാത്രിയാര്‍ക്കില്‍ നിന്ന് വാസ്തവമായി സ്ഥാനം തന്നെ കിട്ടിയിരിക്കുന്നോ എന്നും ഇന്ന പാത്രിയാര്‍ക്കില്‍ നിന്നും എന്നും അറിവാന്‍ പാടില്ല. ഏതു പാത്രിയാര്‍ക്കില്‍ നിന്നും ആയിരുന്നാലും അങ്ങനെ കൊടുപ്പാനും അവര്‍ക്ക് അധികാരം ഇല്ലാത്തതിനാല്‍ പട്ടം മേടിച്ചു എന്ന കാരണത്തിന്മേല്‍ മാത്രം മേല്‍ 1-ാം വകുപ്പില്‍ വിവരിച്ചതുപോലെ മാര്‍ത്തോമ്മാ ശ്ലീഹായാല്‍ സ്ഥാപിക്കപ്പെട്ടവയും മലങ്കരയിന്മേല്‍ യാതൊരു അധികാരമോ മുതല്‍മുടക്കോ ഇല്ലാതെയും അനേക കാലമായി വിരോധ കൈവശം ഇരിക്കുന്നവയും ആയ ഈ സമസ്ത സ്ഥാനവും വസ്തു കൃത്യങ്ങളും കീഴ്നടപ്പിന് വിരോധമായി ഈ വാദിയെ പ്രാപിക്കുന്നതും അല്ല.
15. ഏത് പാത്രിയര്‍ക്കീസിനാല്‍ തങ്ങള്‍ക്ക് ഒരു സ്ഥാനം കിട്ടി എന്ന് വാദി നടിക്കുന്നുവോ ആ സ്ഥാനത്തുള്ള പാത്രിയര്‍ക്കാ എന്നു പറഞ്ഞുവന്നിരുന്ന ആളിനാല്‍ത്തന്നെ ഈ വാദി നീക്കപ്പെടുകയും അതിന് പകരം എന്ന് പറഞ്ഞ് 6 പേരെ നിയമിക്കയും ചെയ്തിരിക്കുന്നതായും മറ്റും വാദി മുതല്‍പേരുടെ ഭാഗക്കാര്‍ തന്നെ പറഞ്ഞു നടക്കുന്നതായും അങ്ങനെ ചില എഴുത്തുകുത്തുകള്‍ ഉണ്ടായിട്ടുള്ളതായും കൂടെ ഇപ്പോള്‍ കേള്‍ക്കുന്നു. അവര്‍ ആരും ഇതില്‍ കക്ഷി ചേര്‍ന്നു കാണുന്നില്ല.
16. (എ) പട്ടികയിലെ 1 മുതല്‍ 6 വരെയും 14 മുതല്‍ 17 വരെയും (ബി) പട്ടികയിലെ 1 മുതല്‍ 3 വരെയും നമ്പ്ര് വസ്തുവകകളുടെയും അവകളുടെ ഉപയോഗത്തിന്‍റെ സ്വഭാവത്തിന് മേലാല്‍ അനുഭവം കിട്ടണമെന്നും പലിശ കിട്ടണമെന്നും മറ്റും പറഞ്ഞിരിക്കുന്നതും അസംബന്ധമാകുന്നു. ടി എ. പട്ടികയിലെ 1 മുതല്‍ 6 വരെയും നമ്പര്‍ വസ്തുക്കളുടെ വരുമാനം കൊണ്ട് സിമ്മനാരി വക വിളക്കുവയ്പ്പ് വകയ്ക്ക് സര്‍ക്കാരില്‍ നിന്ന് നീരോടു കൂടി കിട്ടീട്ടുള്ളതും ആയത് അതുപോലെ നടത്തി വരുന്നതും ആകുന്നു. (ബി) പട്ടികയിലെ 1-ാം നമ്പ്ര് മുതല്‍ സിമ്മനാരി പഠിത്തച്ചിലവിലെ സഹായത്തിനായിട്ട് ബ്രിട്ടീഷ് ഗവണ്മെണ്ടില്‍ വച്ച് തന്നുവരുന്ന പലിശ കൊണ്ട്. 23 നമ്പ്ര് മുതലില്‍ ചിലവ് നീക്കി വസ്തുവില്‍ സ്ഥാപിച്ചിരിക്കുന്നതിന്‍റെ എഴുവ് കൊണ്ട് പഠിത്തം മുതലായത് നടത്തിവരുന്നതും ആകുന്നു. അതിലേക്കും കാലഹരണദോഷം ഉണ്ടെന്ന് തന്നെയുമല്ല, ബ്രിട്ടീഷ് ഗവണ്മെണ്ടിനെ ഇതില്‍ കക്ഷി ചേര്‍ത്തും കാണുന്നില്ല. മാര്‍ അത്താനാസ്യോസ് മെത്രാപ്പോലീത്താ അവര്‍കളാല്‍ സമ്പാദിക്കപ്പെട്ട വകയില്‍ തന്‍റെ സ്വന്തം ഉപയോഗത്തിനായി കഴിച്ച് വന്ന (ബി) പട്ടികയില്‍ ഉള്‍പ്പെട്ട 14-ാം നമ്പര്‍ ഭൂമി അദ്ദേഹത്തിന്‍റെ സ്വന്തം ചിലവുകള്‍ക്കായിട്ടും അദ്ദേഹത്തിന്‍റെ കടത്തിനായിട്ടും അദ്ദേഹം തന്നെ റാന്നി പ്രവൃത്തിയില്‍ വടശ്ശേരിക്കര മുറിയില്‍ താഴത്തില്ലത്തു നസ്രാണി ഇട്ടിയവിരാ ചാക്കോയ്ക്ക് 52-ാമാണ്ട് ഇടവ മാസം 20-ന് 6860 രൂപായ്ക്ക് ഒറ്റി എഴുതി കൊടുത്ത് അവര്‍ അനുഭവിച്ചു വരുന്നതും അതിന്നും 5000 രൂപാ ആവലാതിയില്‍ സല വച്ചിരിക്കുന്നതും ആയതു നമ്മുടെ കൈവശം എന്ന് പറയുന്നതു ശരി അല്ലാത്തതും ആകുന്നു. 15-ാം നമ്പ്ര് വസ്തു കൊല്ലം ജില്ലയില്‍ 1052-ാമാണ്ട് വക 451-ാം നമ്പ്ര് വ്യവഹാരത്തില്‍ ഇരിക്കുന്നതു കൂടാതെ 16-ാം നമ്പ്ര് വസ്തുവില്‍ മധ്യേയുള്ള സ്ഥലം (ടി) പുരയിടത്തില്‍ പാര്‍ക്കും കൊച്ചുകുഞ്ഞ് വറീയതിന്‍റെ കൈവശവും അതേപ്പറ്റി തിരുവനന്തപുരം അഡീഷനല്‍ മുന്‍സിഫ് കോര്‍ട്ടില്‍ 52-ാമാണ്ട് 658-ാം നമ്പ്ര് വ്യവഹാരത്തിലും ഇരിക്കുന്നതും ട 16-ാം നമ്പറില്‍ ശേഷം ഭാഗത്തിന്‍റെയും വരുമാനം കൊണ്ട് അതുകളില്‍ പണിയിച്ചിട്ടുള്ള കെട്ടിടങ്ങളുടെ വലിപ്പത്താല്‍ അവയുടെ കെട്ടിമേച്ചില്‍ മുതലായ ചെലവുകള്‍ക്ക് മതിയാകാതെ അന്യ മുതലുകള്‍ കൊണ്ട് വഹിച്ച് വരുന്നതും ആകുന്നു. മേല്‍കാണിച്ച കാരണങ്ങളാല്‍ ഉപദ്രവിപ്പാനും നഷ്ടപ്പെടുത്തുവാനും മാത്രം കൊണ്ടുവന്നിരിക്കുന്ന ഈ വ്യവഹാരത്തെ പ്രഥമ ദൃഷ്ടിയില്‍ തള്ളി ചിലവും തരുവിപ്പാന്‍ അപേക്ഷിക്കുന്നു.
വക്കീല്‍ (ഒപ്പ്)
സത്യവാചകം (ഒപ്പ്)
ശരി പകര്‍പ്പ്.
വ. ഗു. നാരായണയ്യര്‍.
(കണ്ടനാട് ഗ്രന്ഥവരിയില്‍ നിന്നും)
Comments
Post a Comment