കണ്ടനാട് പടിയോല (1809)

 "അദ്ദേഹത്തിന്‍റെ (ഏഴാം മാര്‍ത്തോമ്മാ) നാല്പതാം ദിവസം പള്ളിക്കാര്‍ എല്ലാവരും കണ്ടനാട്ട് പള്ളിയില്‍ കൂടി. മേല്‍നടക്കേണ്ടും പള്ളിമര്യാദയും ക്രമങ്ങളും യാക്കോബായ സുറിയാനിക്കാരുടെ മര്യാദ പോലെ നടക്കുന്നതിന് പടിയോലയും എഴുതിവച്ചു. അതിന്‍റെ പകര്‍പ്പ്.

(ആദിയും അറുതിയും ഇല്ലാത്ത കാതല്‍ത്വം തിങ്ങപ്പെട്ട ദൈവംതമ്പുരാന്‍റെ തിരുനാമത്താലെ പട്ടാങ്ങപ്പെട്ട വിശ്വാസത്തിന്‍റെ വര്‍ദ്ധിപ്പിന് തമ്പുരാന്‍റെ മനോഗുണത്താലെ നമ്മുടെ പരിഷക്ക് നെറിവിനുടെ നിലയും ഒരുമ്പാടും ഉണ്ടാകുവാന്‍ നാം അന്ത്യോഖ്യയുടെ മാര്‍ ഇഗ്നാത്തിയോസ് പാത്രിയര്‍ക്കീസിന്‍റെ കൈവാഴ്ചയില്‍ ഉള്ള മലങ്കര എടവകയുടെ മാര്‍ തോമ്മാ മെത്രാച്ചന്‍റെ കീഴ്വഴങ്ങപ്പെട്ട സുറിയാനിക്കാര്‍ അങ്കമാലി മുതല്‍ മലങ്കര പള്ളിക്കാര്‍ എല്ലാവരും കണ്ടനാട് പള്ളിയില്‍ കൂടി മേല്‍ നടക്കേണ്ടും ക്രമങ്ങള്‍ക്കും മര്യാദകള്‍ക്കും നമുക്കുള്ള ബാവാമാര്‍ നമ്മെ പഠിപ്പിച്ചു എന്ന പോലെ നടക്കുന്നതിന്) മിശിഹാ പിറന്നിട്ട് 1809-ാം കാലം കൊല്ലം 985-മാണ്ട് ചിങ്ങമാസം 1-ന് എഴുതിവച്ച പടിയോല ആവിത്.

ഒന്നാമത്, ഉണ്ണികള്‍ പിറന്നാല്‍ 90 ദിവസിക്കകം മാമ്മൂദീസാ മുക്കുകയും

രണ്ടാമത്, പൈതങ്ങള്‍ ആകാശങ്ങള്‍ ഇരിക്കുന്നതും നന്മനിറഞ്ഞ മറിയവും വിശ്വസിക്കുന്നതും ഞാന്‍ പിഴയാളിയും പ്രമാണങ്ങളും ചാവുദോഷങ്ങളും കൂദാശകളും കല്പനകളും മനോഗുണപ്രവൃത്തികളും പഠിക്കയും 

മൂന്നാമത്, കുരിശുമണിനേരത്ത് 11 നന്മനിറഞ്ഞ മറിയവും ഒരു ആകാശങ്ങളിലിരിക്കുന്നതും ചൊല്ലുകയും കൗമ്മാപ്പടി നമസ്ക്കാരം പഠിച്ച് വീണ്ടും ജനങ്ങള്‍ എല്ലാവരും കൂടി അന്തിയിലും മയ്യലിലും നമസ്കരിക്കയും 

നാലാമത്, ഞായറാഴ്ചകളിലും പെരുന്നാളുകളിലും എല്ലാവരും പള്ളിയില്‍ വന്ന് കുര്‍ബ്ബാന കാണുകയും ദൂരപ്പെട്ടവര്‍ വീടുക്ക് ഒരുത്തന്‍ എങ്കിലും വന്ന് കുര്‍ബ്ബാന കാണുകയും

അഞ്ചാമത്, കല്പിക്കപ്പെട്ട നോമ്പുകള്‍ അഞ്ചും നോല്‍ക്കുകയും ഇരുപത്തിഅഞ്ച് നോമ്പിലും അമ്പത് നോമ്പിലും കുമ്പസാരിച്ച് കുര്‍ബ്ബാനകൊള്ളുകയും രോഗപ്പെട്ടവര്‍ നോമ്പ് നോല്‍ക്കുന്നതിന് വശമില്ല എന്ന് വികാരിയ്ക്കും ദേശത്ത്പട്ടക്കാര്‍ക്കും ബോധ്യം വന്നാല്‍ അനുവാദം പോലെ വാങ്ങിക്കൊള്‍കയും 

ആറാമത്, പെണ്ണുങ്ങളെ പതിനാല് വയസ്സിനകം കെട്ടിക്കയും പെണ്ണുകെട്ടുന്നതിന്‍റെ തലേ ഞായറാഴ്ച പള്ളിയില്‍ വന്ന് നമസ്കാരങ്ങള്‍ കേള്‍പ്പിച്ച് കുമ്പസാരിപ്പിക്കയും തലേ ഞായറാഴ്ച തന്നെ വിളിച്ചുചൊല്ലുകയും പെണ്ണുകെട്ടുന്നതിന് തെക്കേ ദിക്കില്‍ ചെറുക്കന് ഒരു കുരിശും  മൂന്ന് മൊടുകും (?) പെണ്ണിന് കാതിലയും തളയും മൂന്ന് കൂട്ടം കാശും  ഒറ്റഴയും രണ്ട് കഴുത്ത്കൊന്തയും വടക്കേദിക്കില്‍ ചെറുക്കന് ഒരു കുരിശും ഏഴ് മൊടുകും (?) അരഞ്ഞാണവും നെറ്റിപ്പട്ടവും പെണ്ണിന് കാതിലയും തളയും കൈക്കറയും (?) തോള്‍വളയും നെറ്റിപ്പട്ടവും കഴുത്തില്‍  ഏഴുരു പൊന്നും ഇടുകയും പെണ്ണുകെട്ടിന് കരേറിയാല്‍ ഞായറാഴ്ച ഒരു നേരത്തെ വിരുന്ന് കൊടുക്കയും കുടിവച്ചാല്‍ ഒരു നേരത്തെ വിരുന്ന് കൊടുക്കയും കുര്‍ബ്ബാനയ്ക്ക് മുമ്പ് പള്ളിയില്‍ പെണ്ണുകെട്ടുകാര്‍ വരികയും കുമ്പസാരിച്ച് കെട്ടിപ്പാന്‍ തുടങ്ങുമ്പോള്‍ മുമ്പും പിറകും തര്‍ക്കിക്കുന്ന കാര്യം മര്യാദ അല്ലായ്ക കൊണ്ട് കൂദാശകള്‍ക്കും തമ്പുരാന്‍റെ  മനോഗുണങ്ങള്‍ക്കും ഭേദം ഇല്ലാത്തതാകക്കൊണ്ട് വയസ്സ് മൂപ്പ് പോലെ നിര്‍ത്തി കെട്ടിച്ചു കൊള്‍കയും പിറ്റേ ഞായറാഴ്ചയ്ക്കകം കുടിവയ്ക്കയും വിരുന്നുകൂടാതെ തിരണ്ടുകുളിയും പുളികുടിക്കയും കഴിച്ചുകൊള്‍കയും വാവൂസായും വാഴ്ചക്ക് ഓണപ്പുടവയും കൊടുക്കയും വേണം.

ഏഴാമത്, പട്ടക്കാര്‍ രണ്ടുനേരവും കൂടി നമസ്കരിച്ച് പള്ളിയില്‍ പാര്‍ക്കുകയും മദ്യപാനം ചെയ്യാതെയും നാലു പേര്‍ കൂടുന്ന ഗുണദോഷങ്ങള്‍ക്ക് മാപ്പിളമാര്‍ മദ്യപാനം ചെയ്യാതെയും രണ്ടു പട്ടക്കാര്‍ (ഉള്ള) പള്ളികളില്‍ ഞായറാഴ്ചകള്‍ക്കും പെരുന്നാളുകള്‍ക്കും കാലത്തും ഉച്ചനേരത്തും കുര്‍ബ്ബാന ചൊല്ലുകയും പള്ളികളില്‍ പട്ടക്കാര്‍ക്ക് പസാരം കൊടുക്കുകയും

എട്ടാമത്, തെക്കും വടക്കും രണ്ടു പഠിത്തവീട്ടില്‍ ഓരോ മല്പാന്മാര്‍ ഇരുന്ന് പൈതങ്ങളെയും ശെമ്മാശന്മാരെയും പഠിപ്പിക്കുകയും പള്ളികളില്‍ നിന്ന് വരിയിട്ടെടുത്ത് അവര്‍ക്ക് വേണ്ടുന്നത് ആണ്ടുതോറും കൊടുക്കുകയും പട്ടക്കാര്‍ പള്ളിക്കടുത്ത ക്രമങ്ങള്‍ ഒക്കെയും തഴക്കി കുറവ് തീര്‍ത്ത് മല്പാന്മാരുടെ എഴുത്ത് യജമാനസ്ഥാനത്ത് കൊണ്ടുവന്ന് കൊടുത്ത് കൂദാശപ്രവൃത്തികള്‍ക്ക് അനുവാദം വാങ്ങിച്ചുകൊള്‍കയും

ഒമ്പതാമത്, പള്ളിമര്യാദകള്‍ നടത്തേണ്ടതിന് ആണ്ടുതക്സാ ക്രമപ്പെടുത്തിയ പുസ്തകം പള്ളിക്കാര്യത്തില്‍ നിന്ന് വാങ്ങിച്ചുകൊള്‍കയും 

പത്താമത്, എല്ലാ പള്ളികളിലും തിര (ശ്ശീല) തു (റ) ക്കുകയും പതിനാറ് പേരെ തെരഞ്ഞെടുത്ത് അവരുടെ പേര്‍ക്ക് കു (മു) റി എഴുതി നടയില്‍ വച്ച് അതില്‍ നിന്ന് നാലു കുറി എടുത്ത് വരുന്ന ആള്‍ ഒരു വത്സരം കൈസ്ഥാനം നടന്ന് പതിവിന്‍പടി ചെലവിട്ട് ശേഷമുള്ളതിന് യോഗത്തെ ബോധിപ്പിച്ച് ചിലവര്‍ത്ത് ആണ്ട് തികയുമ്പോള്‍ വികാരിയെയും യോഗത്തെയും ബോധിപ്പിച്ച് മുതല്‍ ചെലവിന്‍റെ കണക്ക് എഴുതിത്തീര്‍ത്ത് ഇരിപ്പുള്ള പണവും കെട്ടി വപ്പിച്ച് കൈസ്ഥാനവും മാറ്റി വീണ്ടും കുറിയിട്ട് എടുത്ത് വരുന്ന ആളിന്‍റെ പറ്റില്‍ പണവും മുണ്ടുമുറിയും പെട്ടി പ്രമാണവും ശേഷമുള്ള മുതല്‍കാര്യങ്ങളും ഏല്പിച്ച് മേമ്പൂട്ടില്‍ വെച്ച് യജമാന (സ്ഥാന) ത്തെ ആളായിട്ട് എടവകപട്ടക്കാരില്‍ ഒരുത്തനെ നിശ്ചയിച്ചതില്‍ രണ്ടു പേരും തിരട്ടും പടിയോലയും കണക്കും അതിനോടുകൂടെ വെച്ച് മൂന്ന് പൂട്ടും പൂട്ടി സൂക്ഷിച്ചുകൊള്‍കയും ആ വക പൂട്ടില്‍ നിന്നും എടുത്ത് ചെലവാക്കേണ്ടും നാളില്‍ യജമാനസ്ഥാനത്തെയും വികാരിയെയും യോഗത്തെയും ബോധിപ്പിച്ച് ചെലവിട്ടുകൊള്‍ക.

പതിനൊന്നാമത്, പതിനാറ്പേര്‍ പ്രാപ്തിയുള്ളവരായി ഇല്ലാത്ത പള്ളികളില്‍ നാലു പേരായിട്ടെങ്കിലും എഴുതിവച്ച് നടത്തിക്കൊള്‍കയും കൈസ്ഥാനച്ചീട്ടില്‍ ഉള്‍പ്പെട്ട ആളുകളെ വികാരിയും എടവകപട്ടക്കാരും കൂടെ നിരൂപിച്ച് യോഗക്കുറി എഴുതുകയും യോഗക്കാര്യം വിചാരിച്ച് കൊള്ളുകയും

പന്ത്രണ്ടാമത്: നമസ്കാരവും കുര്‍ബ്ബാനയും മാമ്മൂദീസായും പെണ്‍കെട്ടും  യല്‍ദയും ദനഹായും ഓശാനയും ദുഃഖവെള്ളിയാഴ്ചയും പെന്തിക്കോസ്തിയും യാക്കോബായക്കാരായ സുറിയാനിക്കാരുടെ ക്രമത്തില്‍ നടന്നുകൊള്‍കയും

ഈ എഴുതിവെച്ച ക്രമങ്ങള്‍ ഒന്നിനും ഭേദം വരുത്താതെ നടന്നു കൊള്ളുമാറും ആയതിന് ഭേദം വരുത്തി നടക്കുന്നു എങ്കില്‍ പള്ളിക്ക് പുറത്ത് നിന്ന് കല്പിച്ച് ചെയ്യുന്ന ശിക്ഷയും അനുസരിച്ച് കല്പിക്കും വണ്ണം പ്രായശ്ചിത്തവും ചെയ്തു വീണ്ടും ഈ എഴുതിവച്ചതിന്‍വണ്ണം നടന്നുകൊള്ളുമാറും സമ്മതിച്ച് ഈ പടിയോല എഴുതിവച്ച് അങ്കമാലി പള്ളി മുതല്‍പേര്‍ ശേഷം അമ്പത്തിനാല് പള്ളിക്കാരും കൂടി എഴുതിവച്ച പടിയോല. 

ഇതിന്മണ്ണം പടിയോലയും എഴുതിവെച്ച് മെത്രാനെ മോതിരവും ഇടുവിച്ച് ഐമോസ്യമായി കുന്നംകുളങ്ങര പുലിക്കോട്ടില്‍ യൗസേപ്പ് (ഇട്ടൂപ്പ്) കശ്ശീശായ്ക്ക് റമ്പസുഖം കൊടുത്ത് പീലിപ്പോസ് റമ്പാനും (കായംകുളം) ഇവര്‍ രണ്ടു പേരും മെത്രാന്‍റെ അടുക്കല്‍ പാര്‍ക്കത്തക്കണ്ണവും പറഞ്ഞ് വച്ച് ഐമോസ്യമായി പിരിയുകയും ചെയ്തു.

Comments

Popular posts from this blog

കോട്ടയം അക്കര സി. ജെ. കുര്യന്‍ | കെ. വി. മാമ്മന്‍

പ. പാമ്പാടി തിരുമേനി നടത്തിയ പട്ടംകൊട ശുശ്രൂഷകള്‍

നിരണം പള്ളി കൂദാശ (1912)