പാലക്കുന്നത്ത് മാത്യൂസ് മാർ അത്താനാസിയോസിന്‍റെ ഒരു കല്പന

ശ്ലീഹയ്ക്കടുത്ത സിംഹാസനത്തിൽ ഇരിക്കും,മലങ്കര (മലബാർ) ഇടവകയുടെ മാർ അത്താനാസിയോസ് മാത്യൂസ് മെത്രാപ്പോലീത്തയിൽ നിന്നും എഴുത്ത്

നമ്മുടെ അധികാരത്തിൻകീഴിലുള്ള സകല സുറിയാനി പള്ളികളുടേയും വികാരിമാർ, ഇടവകപ്പട്ടക്കാർ, കൈക്കാർ, ജനങ്ങൾ മുതലായവർക്കെല്ലാവർക്കും കൂടി, അയയ്ക്കുന്ന മെസ്മദആനുസാ സർക്കുലർ എന്തെന്നാൽ;
അന്ത്യോഖ്യയുടെ പാത്രിയർക്കീസു ബാവാതിരുമനസ്സുകൊണ്ട് ചിങ്ങമാസം 21ആം തീയതി തിരുവനന്തപുരത്തുനിന്നും പള്ളികൾക്ക് അയച്ച കല്പനയിൽ നാം നിമിത്തം നിങ്ങൾക്കുണ്ടായിരിക്കുന്ന നിലവിളികളും ഉപദ്രവങ്ങളും കാണിച്ച് അദ്ദേഹത്തിന് നിങ്ങൾ എഴുതി അയയ്ക്കയാൽ അദേഹം സിംഹാസനം ഇട്ടുംവെച്ച് ലണ്ടൻ മുതലായ സ്ഥലങ്ങളിൽ ചെന്ന് ആവലാതി ബോധിപ്പിച്ച് ജയം ലഭിച്ച് ഇവിടെയും വന്ന് ജയപൂർണ്ണത പ്രാപിച്ചിരിക്കുന്നുവെന്നും ഇവിടെവന്ന ശേഷം തന്നെ രണ്ടായിരത്തിൽ ചില്വാനം രൂപാ ചിലവായിരിക്കുന്നുവെന്നും;ചിലവിനു മുട്ടിയിരിക്കകൊണ്ട് ഓരോ പള്ളിയിൽനിന്ന് ഇത്ര ഇത്ര രൂപ ഒട്ടും താമസിയാതെ അദ്ദേഹത്തിന്റെ പക്കൽ എത്തിക്കണമെന്നും,ആ വകയ്ക്ക് തന്നെയും പിന്നെയും വാഴ്വുകളും പുസ്തകസാക്ഷികളും വെച്ചു നമ്മെ ശപിച്ചും എഴുതിയിരിക്കുന്നതായും നമ്മുക്ക് അറിവു കിട്ടിയിരിക്കുന്നു.
നമുക്കു വിരോധമായി നിങ്ങളിൽ ആരും എഴുതി അറിയിച്ചിട്ടുള്ളതായും, അന്ത്യോഖ്യയുടെതിന്റെ ഒപ്പംതന്നെ പഴക്കം ചെന്നിരിക്കുന്ന മാർത്തോമ്മാശ്ലീഹായുടെ ഈ സിംഹാസനത്തിന്റെ സ്വാതന്ത്രവും വലിപ്പവും നിങ്ങൾ ഉപേക്ഷിക്കുകയോ മറ്റാർക്കും വിട്ടുകൊടുക്കയോ ചെയ്തതായും നാം അറിയുന്നില്ല. ഓരോ കുറ്റങ്ങളാൽ തള്ളപ്പെടുന്നവരും, മാറ്റങ്ങൾ കാണണമെന്ന് ആഗ്രഹിക്കുന്നവരും, പുതുവാർച്ചകൾക്കും കാര്യലാഭങ്ങൾക്കും, വാഞ്ചിച്ചുകൊണ്ട്നിൽക്കുന്നവരുമായ ചിലർ കൂടി എഴുതീട്ടുള്ള എഴുത്തുകൾ മനസാ വാചാ കർമ്മണാ അറിഞ്ഞിട്ടില്ലാത്ത നിങ്ങളും കൂടി ചെയ്തിരിക്കുന്നുവെന്ന് പാത്രിയർക്കീസിന്റെ എഴുത്തിൽ സാധിച്ചിരിക്കുന്നത് അദ്ദേഹത്തിന്റെ ബുദ്ധിയും നോട്ടവും ഈ ദിക്കുകാരുടെ ഇളക്കവും, അദ്ദേഹത്തിനു ദ്രവ്യം ലഭിപ്പാനുള്ള അത്യാഗ്രഹവും കൊണ്ടെന്നല്ലാതെ മറ്റൊന്നും നാം പറയുന്നില്ല.മലയാളത്തുകാർ ബുദ്ധികെട്ടവർ എന്ന് അങ്ങുമിങ്ങും വരുന്നവർക്ക് തോന്നുവാൻ ഇടകൊടുക്കുമെങ്കിലും കർത്താവ് നിങ്ങൾക്ക് തന്നിരിക്കുന്ന ബുദ്ധികൂർമ്മതയോടും ജ്ഞാനത്തോടും വിചാരിച്ചു ചിന്തിച്ച് ദൈവഭയത്തിലും സകലവും ചെയ്യുന്നവർ നിങ്ങളാകണമെന്ന് നാം ആഗ്രഹിക്കുന്നു.
1027ആം ആണ്ടു തുടങ്ങി മുതൽ കാര്യങ്ങൾ ഇടപെട്ട് അനേകം പള്ളികൾക്കും ദൈവീകങ്ങൾ ഇടപെട്ട് നിങ്ങൾക്കും ഇന്നിന്ന ഗുണങ്ങൾ സിദ്ധിച്ചിട്ടുണ്ടെന്നുള്ളതു നിങ്ങളുടെ മനോസാക്ഷിതന്നെ നിങ്ങൾക്കു സാക്ഷിപ്പെടുത്തുന്നതാകകൊണ്ടു നാം പ്രസ്ഥാവിക്കണമെന്നില്ല. പഴയതുകൾ കിടക്കട്ടെ.മാർ കൂറിലോസ് (യുയാക്കിം) വന്ന 1022ആം ആണ്ട് മുതൽ പാത്രിയർക്കീസ് തിരുമനസ്സുകൊണ്ട് എഴുന്നെള്ളിട്ടുള്ള ഈ ആണ്ടു വരെ ഓരോ പള്ളികൾക്കും ജനങ്ങൾക്കും വന്നിട്ടുള്ള വീൺചിലവുകളും നഷ്ടങ്ങളും അധ്വാനങ്ങളും അതിൽനിന്നുണ്ടായിട്ടുള്ള ഫലങ്ങളും മനസ്സുറപ്പിച്ച് ചിന്തിച്ച് വിചാരിപ്പാൻ ഇപ്പോൾ സമയമാകുന്നു.ചോദിക്കുന്നവർക്കും എഴുതി അയയ്ക്കുന്നവർക്കും ഒക്കെ പണം കൊടുത്തയയ്ക്കുന്നത് വിചാരിച്ചു ചെയ്തില്ലെങ്കിൽ ഒടുക്കം പലതുകൊണ്ടും ക്ലേശിക്കേണ്ടിവരുമെന്നു നിങ്ങൾ അറിഞ്ഞുകൊൾവിൻ.ഈ കണ്ണുകാണിപ്പ് ഇന്നതെന്നു ആരാഞ്ഞറിഞ്ഞു ബുദ്ധിവിചാരത്തോടെ നിങ്ങൾ പ്രവൃത്തിക്കുമെന്നു നാം വിശ്വസിക്കുന്നു.
പരദേശക്കാർ ശപിക്കുന്നതിന് വിരുതന്മാർ തന്നെ.ആ പേപ്പിടി ഈ കാലത്തിൽ എല്ലാവരോടും എല്ലാടെത്തും ഫലിക്കുന്നതല്ല.ദൈവം വാഴ്ത്തുന്നവൻ വാഴ്ത്തപ്പെട്ടിരിക്കും.താൻ ശപിക്കുന്നവൻ ശപിക്കപ്പെട്ടിരിക്കും.അഹങ്കാരവും പൈശൂന്യവും കാര്യലാഭവും മനസ്സിൽ വച്ചുകൊണ്ട് പൊഴിക്കുന്ന ശാപങ്ങൾ ആരിൽനിന്നായാലും അതു ജ്വലിപ്പിക്കുന്നവരുടെ നിറുകമേലും പിടലിമേലും തിരിയുകയെ ഉള്ളു എന്നറിഞ്ഞുകൊൾവിൻ.
ദൈവമായ കർത്താവിന്റെ അനുഗ്രഹങ്ങൾ നിങ്ങളുടെമേലും നിങ്ങളുടെ വീട്ടിലുള്ള ജനങ്ങളുടെ മേലും നിങ്ങൾക്കു ചേരപ്പെട്ടിരിക്കുന്ന സകലത്തിൻമേലും വന്നാവസിച്ചു പൊറുക്കപ്പെടുമാറാകട്ടെ.
എന്ന് 1875-നു, കൊല്ലം 1051 കന്നിമാസം 5-നു വെള്ളിയാഴ്ച തിരുവനന്തപുരത്തു നിന്നും
അത്താനാസിയോസ് മാത്യൂസ്,
മലങ്കര (മലബാർ) മെത്രാപ്പോലീത്ത ഒപ്പ്
[1926 മാർച്ച് 6-ന്, 1101 കുംഭം 23-നു മലയാള മനോരമയിൽ ചിത്രമെഴുത്തു കെ. എം. വർഗീസ് പ്രസിദ്ധപ്പെടുത്തിയത്)

Comments

Popular posts from this blog

കോട്ടയം അക്കര സി. ജെ. കുര്യന്‍ | കെ. വി. മാമ്മന്‍

പ. പാമ്പാടി തിരുമേനി നടത്തിയ പട്ടംകൊട ശുശ്രൂഷകള്‍

നിരണം പള്ളി കൂദാശ (1912)