പിന്‍ഗാമിയുടെ തെരഞ്ഞെടുപ്പ് / മോറാന്‍ മാര്‍ ബസ്സേലിയോസ് ഗീവറുഗീസ് ദ്വിതീയന്‍ കാതോലിക്കോസ്


(നിയുക്ത കാതോലിക്കായെ തെരഞ്ഞെടുക്കുവാന്‍ 1962 മെയ് 17-ാം തീയതി നിരണം പള്ളി അങ്കണത്തില്‍ കൂടിയ മലങ്കര സുറിയാനി ക്രിസ്ത്യാനി അസ്സോസിയേഷന്‍ യോഗത്തില്‍ പ. ബസേലിയോസ് ഗീവറുഗീസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ ചെയ്ത അതിശ്രദ്ധേയമായ അദ്ധ്യക്ഷ പ്രസംഗം)

പ്രിയരെ,

വൃദ്ധനായ നമുക്ക് ഒരു പിന്‍ഗാമിയെ തിരഞ്ഞെടുക്കുവാനാണ് നാം നിങ്ങളെ വിളിച്ചുകൂട്ടിയത്. ഒരു പിന്‍ഗാമി വേണം എന്നുള്ള ആഗ്രഹം എല്ലാവര്‍ക്കുമുള്ളതാണ്. ആദാമും മോശയും അഹറോനും ദാവീദുമെല്ലാം പിന്‍ഗാമിയെ കണ്ടശേഷമാണ് കടന്നുപോയത്. എന്‍റെ പിന്‍ഗാമി ആര് എന്ന് മോശ ദൈവത്തോട് ചോദിച്ചു. ദൈവം പിന്‍ഗാമിയെ കാണിച്ചുകൊടുത്തു. ഇങ്ങനെ പ്രധാനാചാര്യന്മാരും രാജാക്കന്മാരും പിന്‍ഗാമിയെ തെരഞ്ഞെടുക്കുക പതിവാണ്. നമ്മുടെ സഭയുടെ പാരമ്പര്യത്തിലും ഇതുണ്ടല്ലോ. ആകയാല്‍ ഇത് ഒരു പുതിയ കാര്യമല്ല. നിങ്ങളും നിങ്ങള്‍ക്കു പിന്‍ഗാമിയെ ആഗ്രഹിക്കുന്നു. നിങ്ങളുടെ മക്കള്‍ നിങ്ങളുടെ പിന്‍ഗാമികളാണ്. മക്കളില്ലാത്തത് ഒരു ഭാഗ്യദോഷമായാ ണല്ലോ കരുതപ്പെടുന്നത്. അനേകര്‍ തങ്ങള്‍ക്കു മക്കളുണ്ടാകുവാന്‍ ആഗ്രഹിച്ച് അതിനുവേണ്ടി പ്രാര്‍ത്ഥിപ്പാന്‍ നമ്മോടുതന്നെ ആവശ്യപ്പെട്ടിട്ടുണ്ട്. നിങ്ങളെല്ലാവരും അദ്ധ്വാനിക്കുകയും ക്ലേശിക്കുകയും സമ്പാദിക്കുകയും ചെയ്യുന്നത്ആര്‍ക്കുവേണ്ടിയാണ്? പിന്‍ഗാമികള്‍ക്കു വേണ്ടിയല്ലയോ. മോശയ്ക്കും അഹറോനും ആദാമിനുമെല്ലാം പിന്‍ഗാമികളുണ്ടായിരുന്നു. അതിനാല്‍ നമുക്കും ഒരു പിന്‍ഗാമി വേണമെന്നുള്ളത് ദൈവയിഷ്ടമാണ്. സഭയെ സ്നേഹിക്കുന്നവരെല്ലാം ഇത് ആഗ്രഹിക്കുന്നു. ആകയാല്‍ ഈ ആഗ്രഹം വി. സഭയുടെ ആവശ്യമാണ്. സഭയെ കേള്‍ക്കണം. "സഭയെ കേള്‍ക്കാത്തവന്‍ നിങ്ങള്‍ക്കു ചുങ്കക്കാരനും കാവ്യനുമായിത്തീരട്ടെ" എന്ന് നമ്മുടെ കര്‍ത്താവ് കല്പിച്ചിരിക്കുന്നു. സഭ ദൈവത്തിന്‍റെ ഭവനമാണ്. "ഊര്‍ശ്ശേമിന്‍റെ മതിലുകളെ പണിയണമെ" എന്ന് സങ്കീര്‍ത്തനക്കാരന്‍ പ്രാര്‍ത്ഥിക്കുന്നു. നമ്മളെല്ലാവരും അതുതന്നെ പ്രാര്‍ത്ഥിക്കുന്നു. ഊര്‍ശ്ശേം സഭയാണ്. സഭയെ കേള്‍ക്കുകയും അതിന്‍റെ കല്പനപ്രകാരം ജീവിക്കുകയും അതിനുവേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യുമ്പോള്‍ നാം ഊര്‍ശ്ശേമിന്‍റെ മതിലുകളെ പണിയുകയാണ്. ആ മതിലില്‍ നാമോരോരുത്തരും ജീവനുള്ള കല്ലുകളായി പണിയപ്പെടണം. അതിനു പത്രോസ് ഏറ്റുപറഞ്ഞതുപോലുള്ള വിശ്വാസം വേണം. നമ്മുടെ പിതാവായ മാര്‍ത്തോമാ, കര്‍ത്താവിന്‍റെ വിലാവില്‍ തൊട്ടുകൊണ്ട് വിശ്വാസം പ്രഖ്യാപിച്ചു. ആ വിശ്വാസത്തില്‍ നാം ഉറപ്പുള്ളവരായിരിക്കുമ്പോഴാണ് നാം ജീവനുള്ള കല്ലുകളാകുന്നത്. ആ വിശ്വാസത്തോട് വിശ്വസ്തതയില്ലാത്തവരാണ് സഭയില്‍ കലഹമുണ്ടാക്കുന്നത്.

സഭയില്‍ കലഹമുണ്ടാക്കുന്നത് ഒരു മിടുക്കായിട്ട് ചിലര്‍ വിചാരിക്കുന്നു. അതു കഷ്ടമാണ്. മഹാപാപമാണ്. യേറുശലേം ദേവാലയത്തില്‍ അഴിമതി കാണിച്ചവരെ കര്‍ത്താവ് ചമ്മട്ടിയുണ്ടാക്കി അടിച്ചോടിച്ചു. ഇഹലോക ജീവിതത്തില്‍ നമ്മുടെ കര്‍ത്താവ് മറ്റൊരവസരത്തിലും കോപിച്ചതായി നാം കാണുന്നില്ല. എല്ലാ പാപികളോടും താന്‍ ക്ഷമിച്ചു. ശീമോന്‍റെ ഭവനത്തില്‍ കര്‍ത്താവ് ഭക്ഷണത്തിനിരിക്കുമ്പോള്‍ വേശ്യാസ്ത്രീ വന്ന് തന്‍റെ പാദങ്ങളില്‍ തൈലാഭിഷേകം ചെയ്തു. കര്‍ത്താവ് അവളോട് "സ്ത്രീയേ നിന്‍റെ പാപം മോചിച്ചിരിക്കുന്നു" എന്നാണ് കല്പിച്ചത്. 

സത്യവിശ്വാസം പാലിക്കുന്ന സഭയാണ് നമ്മുടേത്. നാം ഓരോരുത്തരും സഭയുടെ അംഗങ്ങളാണ്. ആകയാല്‍ സഭയാകുന്ന ഊര്‍ശ്ശേമിന്‍റെ മതിലില്‍ നാമെല്ലാവരും ജീവനുള്ള കല്ലുകളായി പണിയപ്പെടണം. അപ്പോള്‍ ഊര്‍ശ്ശേമിന്‍റെ മതിലുകള്‍ പണിയപ്പെടും. ഇപ്പോള്‍ നമുക്ക് നിങ്ങള്‍ തിരഞ്ഞെടുക്കുവാന്‍ പോകുന്ന പിന്‍ഗാമിയെ കാണിച്ചുതരേണമെ എന്ന് ദൈവത്തോടു പ്രാര്‍ത്ഥിക്കണം. ദൈവഹിതപ്രകാരം നമുക്ക് ഒരു പിന്‍ഗാമിയെ നിങ്ങള്‍ തിരഞ്ഞെടുക്കണം.

(മലങ്കരസഭ, 1962 ജൂണ്‍)

Comments

Popular posts from this blog

കോട്ടയം അക്കര സി. ജെ. കുര്യന്‍ | കെ. വി. മാമ്മന്‍

പ. പാമ്പാടി തിരുമേനി നടത്തിയ പട്ടംകൊട ശുശ്രൂഷകള്‍

നിരണം പള്ളി കൂദാശ (1912)