കായങ്കുളം ഫീലിപ്പോസ് റമ്പാനും പുലിക്കോട്ടില്‍ ഇട്ടൂപ്പ് റമ്പാനും കൂടി മലങ്കര പള്ളിയോഗത്തിന് എഴുതിയ കത്ത്

 

യൗസേപ്പ് റമ്പാനും ഫീലിപ്പോസ് റമ്പാനും കൂടെ എഴുത്ത്. ഇപ്പോള്‍ പുതിയാവില്‍ പള്ളിയില്‍ (മാവേലിക്കര പുതിയകാവ് പള്ളി) കൂടപ്പെട്ടിരിക്കുന്ന ഉപവിയാകപ്പെട്ട കൂടപ്പിറപ്പുകള്‍ എല്ലാവരും അറിയേണ്ടും അവസ്ഥ. എന്നാല്‍ കൊടുത്തയച്ച എഴുത്തുകള്‍ വായിച്ച് വസ്തുത അറിഞ്ഞു. പലകൂട്ടം കാര്യങ്ങള്‍ നിരൂപിച്ച് നിശ്ചയിക്കത്തക്കവണ്ണം ഞങ്ങള്‍ ഇരുവരും വരേണമെന്നല്ലോ കുറികളില്‍ എഴുതിയിരുന്നത്. വേണ്ടും കാര്യങ്ങള്‍ എല്ലാവരും കൂടെ ആലോചിച്ച് നിശ്ചയിച്ചുറയ്ക്കുന്ന അവസ്ഥയ്ക്ക് എഴുതി അയക്കണമെന്ന് സായ്പ് അവര്‍കള്‍ കല്പന ആയിട്ടുണ്ടെന്നും എഴുത്തില്‍ കാണുന്നു. കാര്യങ്ങളെക്കുറിച്ച് സൂക്ഷിച്ച് വിചാരിച്ചെങ്കില്‍ അന്ത്യോഖ്യായ്ക്ക് എഴുത്ത് കൊടുത്തയയ്ക്കേണ്ടുന്ന സംഗതികൊണ്ട് 85-ാമാണ്ട് ധനു മാസത്തില്‍ മെക്കാളെ സായ്പ് അവര്‍കളെ ബോധിപ്പിച്ചാറെ എല്ലാവരുംകൂടെ കടലാസ് എഴുതി ഒപ്പിട്ടുകൊണ്ട് വന്നാല്‍ ആയത് കൊടുത്തയച്ച് മേല്പട്ടക്കാരനെ വരുത്തി തരാമെന്ന് കല്പിച്ചിട്ടുള്ളതിനെപറ്റിയും മറ്റും സുറിയാനിസഭയ്ക്കു വേണ്ടിയ കാര്യങ്ങളെക്കുറിച്ചും ഞങ്ങള്‍ ഇരുവരും അകപ്പറമ്പില്‍ യൗസേപ്പ് കശീശായും കൂടെ മെത്രാനോട് ആലോചിച്ചാറെ രൂപമായിട്ട് ഒന്നും മറുപടി കല്പിക്കാതെയും സുറിയാനിമര്യാദകള്‍ക്ക് അഴിമതികള്‍ ചെയ്തുവരികയും നിമിത്തം ഞങ്ങളും ചില പള്ളിക്കാരും കൂടെ 986-ാമാണ്ട് മകരം മുതല്‍ ചില സങ്കടങ്ങള്‍ സായ്പ് അവര്‍കളുടെ അടുക്കല്‍ ബോധിപ്പിച്ചിട്ടുണ്ട്. തിന്മപെട്ടവന്‍ സര്‍പ്പത്തില്‍ പുക്ക (പ്രവേശിച്ച്) അവന്‍റെ ഉപദേശത്താലും നമ്മുടെ ബാവാ (പിതാവ്) ആദത്തിന്‍റെ പരമാര്‍ത്ഥത്താലും തമ്പുരാന്‍റെ പ്രമാണം കടന്ന് പിഴച്ചതിനെക്കൊണ്ടു മനുഷ്യവര്‍ഗ്ഗത്തെ താന്‍ സൃഷ്ടിച്ചതില്‍ താന്‍ പശ്ചാത്താപപ്പെടുന്നു എന്നും നമ്മുടെ തിന്മ ഹേതുവാല്‍ തമ്പുരാന്‍റെ അരുളപ്പാടും ശൗലിനെ വാഴിച്ചതില്‍ താന്‍ പശ്ചാത്താപപ്പെടുന്നു എന്നും ദൈവംതമ്പുരാന്‍റെ അരുളപ്പാടുപോലെയും വീണ്ടും പുണ്യപ്പെട്ട രാജാവും നിബ്യായും തമ്പുരാന്‍റെ തിരുമനസ്സിന്‍പ്രകാരം ഉള്ളവനും ആയ നമ്മുടെ ബാവാ ദാവീദ് പിഴപെട്ടതുപോലെയും ശ്ലീഹന്മാരുടെ തലവന്‍ മാര്‍ പത്രോസ് പേടികൊണ്ട് നമ്മുടെ കര്‍ത്താവിനെ ഉപേക്ഷിച്ചതുപോലെയും പലവട്ടവും നിങ്ങളുടെ പക്കല്‍ വരുവാന്‍ ഞാന്‍ മനസ്സായി. എന്നാല്‍ ചെകുത്താന്‍ എന്നെ അവന്‍ മുടക്കി എന്ന പൗലോസ് ശ്ലീഹാ ചൊല്ലിയതുപോലെയും നമ്മുടെ വിചാരക്കുറവുകൊണ്ടെങ്കിലും ചെകുത്താന്‍റെ തട്ടിപ്പുകൊണ്ടെങ്കിലും സിദ്ധാന്തങ്ങളുടെ വ്യാപ്തികൊണ്ടെങ്കിലും പരമാര്‍ത്ഥികളുടെ എരിവുകൊണ്ടെങ്കിലും ശക്തി ക്ഷയപ്പെട്ടവരുടെ പേടികൊണ്ടെങ്കിലും നമുക്ക് ഭവിച്ചിരിക്കുന്ന അവസ്ഥകള്‍ വഴിപോലെ സൂക്ഷിച്ചു നമ്മുടെ മാര്‍ഗ്ഗത്തോട് ഇനിയും ദൈവംതമ്പുരാന്‍റെ തിരുവുള്ളക്കേട് വരാതെ ഇരിപ്പാനുള്ള വഴി നാമെല്ലാവരും നിരൂപിപ്പാനുള്ളതല്ലൊ ആകുന്നു. എന്നാല്‍ നമ്മുടെ മാര്‍ഗ്ഗത്തിന്‍റെ കാതലാകുന്ന കൂദാശകളുടെ മുളപ്പ് പട്ടത്വത്തില്‍ നിന്നല്ലോ ആകുന്നു. ഈ മുളപ്പ് വരളപ്പെട്ടതാകുന്നു (ശോഷിച്ചത് ആകുന്നു) എങ്കില്‍ അതില്‍ നിന്നു പുറപ്പെടുന്ന ഫലങ്ങളും നഷ്ടമായി വരുമല്ലൊ. നിങ്ങളുടെ മര്യാദയെപ്രതി തമ്പുരാന്‍റെ വചനം നിങ്ങള്‍ മായിച്ചു എന്ന് നമ്മുടെ കര്‍ത്താവ് അരുളിച്ചെയ്തു എന്ന് യീഹൂദന്മാരോടുകൂടെ നാമും എണ്ണപ്പെടാതെ ഇരിപ്പാനും നമ്മുടെ കര്‍ത്താവില്‍ ഉപേക്ഷിക്കപ്പെട്ടവര്‍ നാം ആകായ്വാനും ആവോളം നാം ശ്രമിക്കണം. ശുദ്ധമുള്ള പുസ്തകങ്ങളില്‍ എഴുതപ്പെട്ടിരിക്കുന്ന അവകാശങ്ങളും നാം ഇപ്പോള്‍ നടത്തിവരുന്ന മുറയും സൂക്ഷിച്ചാല്‍ ദൈവത്തിന്‍റെ കോപത്തിന് നാം പാത്രവാന്മാരായി തീര്‍ന്നിരിക്കുന്നു. എന്നാല്‍ അവനവന് നല്കപ്പെട്ടിരിക്കുന്ന പദവിയില്‍ എല്ലാവരും അടക്കമായി പാര്‍ത്തുകൊള്ളണം. കൊറഹ ഇടത്തുള്ളവരും (ചേര്‍ന്നു) ഒസി (ഉസിയാവ്) രാജാവ് തമ്പുരാന്‍റെ പ്രമാണം മറുത്ത് മേല്പട്ടത്വം ചമഞ്ഞ് എന്നുള്ളതുപോലെ പട്ടത്വം നാം ചമെച്ച് തമ്പുരാനെ നാം അരിശപ്പെടുത്തരുത്. അതുകൊണ്ട് അവരില്‍ ചിലര്‍ തീയാലെ എരിഞ്ഞുപോകയും ചിലര്‍ കഷ്ടവ്യാധി പിടിച്ചു മരിക്കയും ചെയ്തുവല്ലൊ. അവ്വണ്ണം തന്നെ ശൗല്‍ രാജാവ് പട്ടക്കാരെ കൂടാതെ തമ്പുരാന് പൂജ കഴിച്ചതിനെക്കൊണ്ട് ദോഷവും മഹറോനും (മുടക്ക്/ശിക്ഷ) അവന്‍റെമേല്‍ വരികയും ചെയ്തു. ഇതിനെക്കൊണ്ട് കശീശന്മാര്‍ പട്ടം കൊടുപ്പാന്‍ ന്യായമാകുന്നില്ല എന്നു മാര്‍ പത്രോസും മാര്‍ പൗലോസും കാനോനായില്‍ കല്പിച്ചിരിക്കുന്നത് പട്ടാങ്ങ (സത്യം) എന്ന് അറിഞ്ഞുകൊണ്ട് അതിനോട് മറുതലിക്കുന്നത് റൂഹാക്കുദിശായോട് മറുത്തുള്ള ദോഷമാകുന്നു (പരിശുദ്ധാത്മാവിനെതിരെയുള്ള പാപം) എന്നും ഈ ലോകത്തിലും പരലോകത്തിലും അതിനു പൊറുതി ഇല്ലെന്നും അല്ലയൊ നമ്മുടെ കര്‍ത്താവ് ഈശോമ്ശിഹാ കല്പിച്ചിരിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ നമുക്ക് ഭവിച്ചിരിക്കുന്ന വിചാരക്കുറവിന്മേല്‍ നാം സൂക്ഷിക്കാതെ നടന്നാല്‍ പന്തങ്ങളോടുകൂടെ (ദീപങ്ങളോടുകൂടെ) എണ്ണ കരുതാതെ പാര്‍ത്തിരുന്ന ഭോഷികളെപ്പോലെ നാമും ആയി തീരുമെന്ന് എത്രയും വിറയലോടും പേടിയോടും നാം ഓര്‍പ്പാനുള്ളതാകുന്നു. 

കഴിഞ്ഞ മകരമാസം മുതല്‍ മെത്രാന്‍റെ അടുക്കല്‍ ഞങ്ങള്‍ അയച്ച കുറികളുടെയും അതിന് എത്തിയ മറുപടി സാധനങ്ങളുടെയും പകര്‍പ്പുകളും സായ്പ് അവര്‍കളുടെ അടുക്കല്‍ ഏതാനും പള്ളിക്കാരും ഞങ്ങളും കൂടെ ബോധിപ്പിച്ച ഹര്‍ജി പകര്‍പ്പുകളും ഇതോടുകൂടെ കൊടുത്തയക്കുന്നു. ആയത് ഒക്കെയും വഴിപോലെ വായിച്ച് അറിഞ്ഞു നിങ്ങള്‍ എല്ലാവരുംകൂടെ ആലോചിച്ച് ഒരു മറുപടി കൊടുത്തയയ്ക്ക വേണ്ടിയിരിക്കുന്നു. അതിനു മുമ്പ് ഞങ്ങള്‍ അവിടെ വന്നാല്‍ ചിലരുമായി വൃഥാ തര്‍ക്കത്തിനും വാദത്തിനും ഇടയായി ഇനി അനര്‍ത്ഥങ്ങള്‍ വന്നുകൂടുമെന്ന് ശങ്കിക്കുന്നു. നിന്‍റെ വചനത്തില്‍ നീ പുണ്യപ്പെടും. നിന്‍റെ വചനത്താല്‍ നീ കടപ്പെടും എന്നുള്ള അരുളപ്പാട് നാം പൂര്‍ത്തി വരുത്തുക മാത്രം ചെയ്യും. നമ്മുടെ ശരീരം ഒക്കെ കുറയും. നമ്മുടെ യോജിപ്പിനെ അത് നശിപ്പിക്കും. പിണക്കങ്ങളെ അത് മുഴുപ്പിക്കും. എന്നാല്‍ ഉപവിയും സ്നേഹവും ഇല്ലാത്ത മനുഷ്യരോടുകൂടെ കുടിയിരിക്കുന്നതിനേക്കാള്‍ സിംഹത്തിനോടു കൂടെയും പെരുമ്പാമ്പിനോടുകൂടെയും സഹവാസം ചെയ്യുന്നത് നല്ലതാകുന്നു എന്ന് എഴുതപ്പെട്ടിരിക്കുന്നതിനെ നിരൂപിച്ചും ഇപ്പോഴത്തെ സ്ഥിതിയെ ഓര്‍ത്തും അത്രെ ഇപ്രകാരം എഴുതിയത്. ഇനിയും തമ്മില്‍ കാണുമ്പോള്‍ ഒരു വാദത്തിനും തര്‍ക്കത്തിനും സംഗതി വരാതെ ഇരുന്നാല്‍ കൊള്ളായിരുന്നു. 

അന്ത്യോഖ്യായ്ക്ക് കടലാസ് എഴുതുന്നതില്‍ ഞങ്ങളും ഒപ്പു വെയ്ക്കണമെങ്കില്‍ ആയതിന് ഞങ്ങള്‍ക്ക് മനസ്സായിരിക്കുന്നു. ബുദ്ധിമുട്ടു കൂടാതെ ഒരു സ്ഥലത്ത് പാര്‍ത്ത് ഞങ്ങളുടെ കാലം കഴിച്ചുകൂട്ടുവാനുള്ളതിന് സംഗതി വരുവാന്‍വേണ്ടി നിങ്ങള്‍ എല്ലാവരോടും ഞങ്ങള്‍ അപേക്ഷിക്കുന്നു.

 എന്ന് കര്‍ക്കടകം 13-ന്.

(എട്ടാം മാര്‍ത്തോമ്മായുടെ പട്ടത്വം സംബന്ധിച്ച തര്‍ക്കത്തിനിടയില്‍ പ്രശ്നം സംബന്ധിച്ച് ചര്‍ച്ച ചെയ്യുവാന്‍ മാവേലിക്കര പുതിയകാവ്പള്ളിയില്‍ എട്ടാം മാര്‍ത്തോമ്മാ വിളിച്ചുകൂട്ടുന്ന മലങ്കര പള്ളിയോഗത്തില്‍ കായങ്കുളം ഫീലിപ്പോസ് റമ്പാനും പുലിക്കോട്ടില്‍ ഇട്ടൂപ്പ് മല്പാനും പങ്കെടുക്കുവാന്‍ നിര്‍ദ്ദേശം കൊടുക്കണമെന്ന് ആവശ്യപ്പെട്ട് മാര്‍ത്തോമ്മാ അയച്ച കത്തിലെ താല്പര്യപ്രകാരം റസിഡണ്ട് അക്കാര്യം കാണിച്ച് റമ്പാനും മല്പാനും കത്തയച്ചു. റസിഡണ്ടിന്‍റെ കത്തിലെ താല്‍പര്യപ്രകാരം മാവേലിക്കരയില്‍ എത്തിയ ഇരുവരും കൂടി മലങ്കര പള്ളിയോഗാംഗങ്ങള്‍ക്ക് എഴുതിയ കത്ത്. പുകടിയില്‍ ഇട്ടൂപ്പ് റൈട്ടര്‍ രചിച്ച മലയാളത്തുള്ള സുറിയാനി ക്രിസ്ത്യാനികളുടെ സഭാചരിത്രം (1869, മൂന്നാം പതിപ്പ്, മോര്‍ ആദായി സ്റ്റഡി സെന്‍റര്‍, 2004) എന്ന ഗ്രന്ഥത്തില്‍ നിന്നും.  - എഡിറ്റര്‍)

Comments

Popular posts from this blog

കോട്ടയം അക്കര സി. ജെ. കുര്യന്‍ | കെ. വി. മാമ്മന്‍

പ. പാമ്പാടി തിരുമേനി നടത്തിയ പട്ടംകൊട ശുശ്രൂഷകള്‍

നിരണം പള്ളി കൂദാശ (1912)