1912-ല്‍ മലങ്കരയില്‍ നടന്നത് കാതോലിക്കേറ്റിന്‍റെ പുനഃസ്ഥാപനമോ? / വിപിന്‍ കെ. വര്‍ഗ്ഗീസ്


മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ തലവന്‍ 1912 മുതല്‍ കാതോലിക്കാ ആണ്. ഈ കാതോലിക്കേറ്റ് മലങ്കരയില്‍ പുനഃസ്ഥാപിച്ചതാണ് എന്നൊരു  വാദഗതി ഉണ്ട്. മലങ്കരയിലെ കാതോലിക്കേറ്റിന്‍റെ സ്ഥാപനവുമായി ബന്ധിപ്പിച്ച് മൂന്ന് ആശയഗതികള്‍ ഉന്നയിക്കാം. 1) കാതോലിക്കേറ്റിന്‍റെ പുനഃസ്ഥാപനം. 2) കാതോലിക്കേറ്റിന്‍റെ മാറ്റിസ്ഥാപനം. 3) കാതോലിക്കേറ്റിന്‍റെ സ്ഥാപനം. ഇവയില്‍ ഏതാണ് മലങ്കരയില്‍ നടന്നതെന്ന് പരിശോധിക്കുവാനാണ് ഈ ലേഖനത്തില്‍ ശ്രമിക്കുന്നത്.

ആദ്യ വാദഗതി പുനഃസ്ഥാപനം എന്നതാണ്. പുനഃസ്ഥാപനം എന്ന പദത്തിന്‍റെ അര്‍ത്ഥം വീണ്ടും സ്ഥാപിക്കുക. അതായത് നിലവില്‍ ഉണ്ടായിരുന്ന ഒന്ന് ഇടക്കാലത്ത് ഇല്ലാതിരിക്കുകയും പിന്നീട് വീണ്ടും  സ്ഥാപിക്കുകയും ചെയ്യുക. ഒന്ന് അവിടെ തന്നെ വീണ്ടും സ്ഥാപിച്ചാല്‍ മാത്രമേ പുനഃസ്ഥാപനം എന്ന പദം ഉപയോഗിക്കുവാന്‍ സാധിക്കുകയുള്ളു. മലങ്കരയില്‍ (കേരളത്തില്‍) 1912-ന് മുമ്പ്  കാതോലിക്കാ എന്നൊരു സ്ഥാനി ഉണ്ടായിരുന്നില്ല. 1653 വരെ അര്‍ക്കദിയാക്കോനും, 1653 മുതല്‍ മലങ്കര മെത്രാനും പിന്നീട് മലങ്കര മെത്രാപ്പോലീത്തായും ഒക്കെ ആണ് മലങ്കരയില്‍ ഉണ്ടായിരുന്നത്. ഇതില്‍ നിന്നും മലങ്കരയില്‍ കാതോലിക്കേറ്റ് പുനഃസ്ഥാപിച്ചതല്ല എന്ന് മനസിലാക്കാം.
മറ്റൊരു വാദഗതി മാറ്റിസ്ഥാപനം. മലങ്കരയിലെ കാതോലിക്കേറ്റ് പേര്‍ഷ്യയിലെ തിഗ്രീസിലെ കാതോലിക്കേറ്റിന്‍റെ പിന്തുടര്‍ച്ച ആണ് എന്നും ഈ  കാതോലിക്കേറ്റാണ് മലങ്കരയില്‍ സ്ഥാപിക്കപ്പെട്ടത് എന്നും ആണ്. ഈ വാദഗതി ചരിത്രപരമായ അബദ്ധം ആണ്. തിഗ്രീസിലെ കാതോലിക്കേറ്റ് എന്നതാണ് ആ അബദ്ധം.

പേര്‍ഷ്യന്‍ സഭയെക്കുറിച്ചും കാതോലിക്കേറ്റിനെക്കുറിച്ചും എല്ലാം  കൂടുതല്‍ വ്യക്തമായി പ്രതിപാദിക്കാം. മാര്‍ത്തോമാ ശ്ലീഹായാല്‍ ഒന്നാം നൂറ്റാണ്ടില്‍ എഡേസായില്‍ ക്രിസ്തുസുവിശേഷം പ്രചരിക്കപ്പെട്ടു. എഡേസായില്‍ നിന്ന് ക്രിസ്തുമതം പേര്‍ഷ്യയില്‍ എത്തിയതായി ചരിത്രം പറയുമ്പോള്‍ തദ്ദായിയുടെ ശിഷ്യനായ 'മാറി'യാണ് ഇവിടെ സഭ സ്ഥാപിച്ചതെന്ന് പാരമ്പര്യം പറയുന്നു. ഏതായാലും  എ.ഡി. 3-ാം നൂറ്റാണ്ടിന്‍റെ അവസാനത്തില്‍ പേര്‍ഷ്യയുടെ തലസ്ഥാനമായ സെലൂഷ്യയിലെ ബിഷപ്പായി വാഴിക്കപ്പെട്ട 'പാപ്പ' ഒരു സ്വതന്ത്ര സഭാതലവന്‍റെ (കാതോലിക്കാ) അധികാരങ്ങള്‍ ഉപയോഗിക്കുവാന്‍ തുടങ്ങി. മാര്‍ ഇസഹാക്ക് കാതോലിക്കായുടെ കാലത്ത് എ.ഡി. 410-ല്‍ കൂടിയ സുന്നഹദോസ് സഭാതലവന് കാതോലിക്കാ എന്ന സ്ഥാനനാമം സ്വീകരിച്ചു. അറബിക്കാനോന്‍ കാതോലിക്കായുടെ അധികാരങ്ങള്‍ ഇപ്രകാരം നിര്‍വചിച്ചു. "കാതോലിക്കോസ് പരമാധികാരിയാണ്. തന്‍റെ കീഴിലുള്ളവരെല്ലാം അദ്ദേഹത്തെ അനുസരിക്കണം. പേര്‍ഷ്യയിലെ എല്ലാ മെത്രാപ്പോലീത്തന്മാരുടെയും മെത്രാന്മാരുടെയും മേല്‍ അദ്ദേഹത്തിന് അധികാരം ഉണ്ട്. അദ്ദേഹത്തെ വിധിപ്പാന്‍ ആര്‍ക്കും അവകാശമില്ല. അധികാരപൂര്‍വ്വം ജനങ്ങളെ പഠിപ്പിക്കുന്ന ഇടയനാണ് അദ്ദേഹം. വിശ്വാസസംബന്ധമായി അന്ത്യതീരുമാനം എടുക്കേണ്ടത് അദ്ദേഹമാണ്. ആരാധനക്രമം സംബന്ധിച്ചും അപ്രകാരം തന്നെ. പെരുന്നാള്‍ ദിവസങ്ങള്‍ ഏര്‍പ്പെടുത്തുവാനും നീക്കാനും അദ്ദേഹത്തിന് അധികാരമുണ്ട്. ആരാധനക്രമത്തില്‍ കാതോലിക്കോസിനെ അനുസ്മരിക്കണം. കാതോലിക്കോസിന്‍റെ തീരുമാനങ്ങള്‍ അന്തിമമായിരിക്കും. സിനഡുകള്‍ വിളിച്ചുകൂട്ടുവാനും മെത്രാപ്പോലീത്താമാര്‍ തെരഞ്ഞെടുക്കുന്ന മെത്രാന്മാരെ അംഗീകരിക്കുവാനും ഭദ്രാസനങ്ങള്‍ സ്ഥാപിക്കുവാനും അതിര്‍ത്തികള്‍ മാറ്റാനും നിര്‍ത്തലാക്കാനും മെത്രാപ്പോലീത്താമാര്‍ക്ക് സ്ഥലംമാറ്റം കൊടുക്കുവാനും അദ്ദേഹത്തിന് അധികാരമുണ്ട്. ആശ്രമങ്ങളുടെമേലും അദ്ദേഹത്തിന് അധികാരമുണ്ട്. വിശ്വാസ സംരക്ഷകനാണ് കാതോലിക്കോസ്."

എ.ഡി. 424-ല്‍ മാര്‍ ദാദീശോ കാതോലിക്കായുടെ കാലത്ത് നടത്തപ്പെട്ട സുന്നഹദോസ് കാതോലിക്കായെക്കുറിച്ച് നിര്‍വചിച്ചു: "പൗരസ്ത്യ സഭാസംഗതികള്‍ തീരുമാനിക്കേണ്ടത് കാതോലിക്കോസായിരിക്കും. അദ്ദേഹത്തെ വിധിക്കുവാന്‍ പാടില്ല. അദ്ദേഹത്തെ പ്രസ്തുത സ്ഥാനത്ത് നിയമിച്ച മശിഹാ അദ്ദേഹത്തെ വിധിച്ചുകൊള്ളട്ടെ. കാതോലിക്കായ്ക്കെതിരെ പാശ്ചാത്യ പിതാക്കന്മാരുടെ പക്കല്‍ അപ്പീല്‍ കൊടുക്കാന്‍ പാടില്ല. അതുപോലെ കാതോലിക്കായ്ക്കെതിരെ ദുഷ്പ്രചരണം നടത്താനോ സഭയില്‍ പിളര്‍പ്പുണ്ടാക്കാനോ ആരും തുനിയരുത്."

ഈ വിധ അധികാരങ്ങളോടെ സ്ഥാപിക്കപ്പെട്ട കാതോലിക്കേറ്റുമായി മലങ്കരസഭ 1599 വരെ ബന്ധം സ്ഥാപിച്ചിരുന്നു. പേര്‍ഷ്യന്‍ മെത്രാന്മാര്‍ ആയിരുന്നു മലങ്കരസഭയില്‍ ആത്മികകാര്യങ്ങള്‍ നിര്‍വഹിച്ചത്. മലങ്കരസഭയുമായി ബന്ധം ഉണ്ടായിരുന്നതാണെങ്കിലും ഈ കാതോലിക്കേറ്റ് മലങ്കരസഭയിലേക്ക് മാറ്റിസ്ഥാപിക്കുവാന്‍ സാധിക്കുകയില്ല. കാരണം, പേര്‍ഷ്യന്‍സഭ ഒരു സ്വതന്ത്ര സഭയാണ്. അത് ഇപ്പോഴും നിലനില്‍ക്കുന്നു. ആ സഭയ്ക്ക് ഇപ്പോഴും കാതോലിക്കാസ്ഥാനികള്‍ ഉണ്ട്. സഭയില്‍ ഉണ്ടായ തര്‍ക്കങ്ങളെ തുടര്‍ന്ന് നിലവില്‍ രണ്ട് കാതോലിക്കാസ്ഥാനികള്‍ ഉണ്ട്. ഷിക്കാഗോ ആസ്ഥാനമായ ദിനഹാ നാലാമന്‍ ഹനാനിയ കാതോലിക്കായും ബാഗ്ദാദ് ആസ്ഥാനമായ മാര്‍ ആദായി രണ്ടാമന്‍ ശ്ലീമോന്‍ ഗീവറുഗീസ് കാതോലിക്കായും ഇവരാണ് പേര്‍ഷ്യയിലെ കാതോലിക്കാസ്ഥാനികള്‍. ഈ പിന്‍തുടര്‍ച്ചയിലല്ലാതെ വേറെ കാതോലിക്കാ സ്ഥാനികള്‍ ഒരു കാലത്തും പേര്‍ഷ്യയില്‍ ഉണ്ടായിട്ടില്ല.

തിഗ്രീസ് എന്നത് പേര്‍ഷ്യയിലെ ഒരു സ്ഥലമാണ്. ഇവിടുത്തെ കാതോലിക്കേറ്റ് മലങ്കരയിലേക്ക് മാറ്റിസ്ഥാപിച്ചു എന്നാണ് ഒരു വാദഗതി. എന്നാല്‍ യഥാര്‍ത്ഥത്തില്‍ തിഗ്രീസില്‍ ഒരു കാതോലിക്കാ ഉണ്ടായിരുന്നില്ല. തിഗ്രീസിലെ സ്ഥാനിയുടെ സ്ഥാനനാമം മഫ്രിയാന എന്നതായിരുന്നു. ഈ സ്ഥാനിക്കും അദ്ദേഹത്തിന്‍റെ സഭാസമൂഹത്തിനും പേര്‍ഷ്യന്‍ സഭയുമായി യാതൊരു ബന്ധവുമില്ല. ഈ സഭാ സമൂഹവും  സ്ഥാനിയും എങ്ങനെ ഉണ്ടായി എന്നു പരിശോധിക്കാം. പേര്‍ഷ്യന്‍ രാജാക്കന്മാരായിരുന്ന സാപ്പോര്‍ രണ്ടാമന്‍ (309-79), കോസ്റൗ ഒന്നാമന്‍ (531-79), കോസ്റൗ രണ്ടാമന്‍ (590-627) എന്നിവര്‍ റോമ്മാസാമ്രാജ്യവുമായി യുദ്ധം ചെയ്ത് റോമ്മാസാമ്രാജ്യത്തിന്‍റെ കിഴക്കന്‍ പ്രവിശ്യയായ അന്ത്യോഖ്യയില്‍ നിന്നും നിരവധിയാളുകളെ തടവുകാരായി പിടിച്ചുകൊണ്ടു വന്നു. കോസ്റൗ ഒന്നാമന്‍ ഇവര്‍ക്കുവേണ്ടി പേര്‍ഷ്യയില്‍ അന്ത്യോഖ്യാ എന്ന പേരില്‍ ഒരു പട്ടണവും പണിതുകൊടുത്തു. എ.ഡി. 559-ല്‍ മാര്‍ യാക്കോബ് ബുര്‍ദാന പേര്‍ഷ്യയിലെത്തി ഇവര്‍ക്കുവേണ്ടി 'ആഹുദമ്മെ' എന്ന വ്യക്തിയെ മെത്രാനായി വാഴിച്ചു കിഴക്കിന്‍റെ വലിയ മെത്രാപ്പോലീത്താ എന്ന സ്ഥാനവും നല്‍കി. 629-ല്‍ മോറൂസോ എന്ന വ്യക്തിയെ വലിയ മെത്രാപ്പോലീത്താ ആയി വാഴിച്ചു മഫ്രിയാന എന്ന പദവിയും നല്‍കി. മഫ്രിയാന എന്ന പദത്തിന്‍റെ അര്‍ത്ഥം 'ഫലം തരുന്നവന്‍, ജനിപ്പിക്കുന്നവന്‍' എന്നിങ്ങനെയൊക്കെയാണ്. സഭാചരിത്രകാരനായ മാര്‍ ഗ്രീഗോറിയോസ് ബാര്‍ എബ്രായ തന്‍റെ ചരിത്രത്തില്‍ പേര്‍ഷ്യന്‍ കാതോലിക്കേറ്റിന്‍റെ ചരിത്രം പ്രതിപാദിച്ചു തുടങ്ങിയിട്ട് 559 മുതല്‍ ഉള്ള ഭാഗത്ത് ആഹൂദന്‍മ്മെയും അദ്ദേഹത്തിന്‍റെ പിന്‍തുടര്‍ച്ചക്കാരായി 629 മുതല്‍ വന്ന മഫ്രിയാനമാരെക്കുറിച്ചും ആണ് പറഞ്ഞിരിക്കുന്നത്. പേര്‍ഷ്യന്‍ കാതോലിക്കായുടെ പിന്‍ഗാമിയായി തിഗ്രീസ് മഫ്രിയാനയെ അദ്ദേഹം ചിത്രീകരിച്ചിരിക്കുകയാണ്. ഇത് ശരിയല്ല എന്ന് മനസ്സിലാക്കുവാന്‍ ഈ ലേഖനത്തിന്‍റെ ആദ്യഭാഗം പ്രയോജനപ്പെടുമെന്ന് കരുതുന്നു. ബാര്‍ എബ്രായയുടെ ചരിത്രത്തെ ആധാരമാക്കിയാണ് നമ്മുടെ സഭാചരിത്രം പഠിപ്പിച്ചത്. ഇത് തിഗ്രീസില്‍ നിന്നുള്ള കാതോലിക്കേറ്റ് സ്ഥാനം ഇവിടെ സ്ഥാപിച്ചു എന്ന വാദഗതിക്ക് ആധാരമായി.

ഈ മഫ്രിയാനേറ്റില്‍ നിന്നുമാണ് 1685-ല്‍ വി. യല്‍ദോ മാര്‍ ബസേലിയോസ്, 1751-ല്‍ മാര്‍ ശക്രള്ളാ ബസേലിയോസ് എന്നീ മഫ്രിയാനാ മാര്‍ മലങ്കരസഭയില്‍ എത്തുകയും ഇവിടെവെച്ച് തന്നെ കാലം ചെയ്ത് യഥാക്രമം കോതമംഗലം, കണ്ടനാട് എന്നീ പള്ളികളില്‍ കബറടങ്ങുകയും ചെയ്തത്. ഈ മഫ്രിയാനേറ്റിലെ അവസാന മഫ്രിയാന 1850-ല്‍ സ്ഥാനമേറ്റ മാര്‍ ബസേലിയോസ് ബഹനാം ആണ്. 1860-ല്‍ അദ്ദേഹം കാലം ചെയ്തു.

1863-ല്‍ പ. ഇഗ്നാത്തിയോസ് യാക്കോബ് ദ്വിതീയന്‍റെ അദ്ധ്യക്ഷതയില്‍ കൂടിയ അന്ത്യോഖ്യന്‍ സഭാ സുന്നഹദോസ് മഫ്രിയാനാ സ്ഥാനം നിര്‍ത്തലാക്കി. അന്ത്യോഖ്യയില്‍ നിന്നും അടിമകളായി പിടിച്ചുകൊണ്ടു വന്ന അന്ത്യോഖ്യാക്കാര്‍ക്ക്, പാത്രിയര്‍ക്കീസ് നല്‍കിയ മഫ്രിയാനാ സ്ഥാനം എങ്ങനെ മാര്‍ത്തോമ്മാ നസ്രാണികള്‍ക്ക് ലഭിക്കും. നമ്മെ ആരും ഒരിടത്തുനിന്നും അടിമകളായി പിടിച്ചുകൊണ്ടുവന്നതും അല്ല, നാം അന്ത്യോഖ്യന്‍ വംശജരും അല്ല. ഇതില്‍നിന്നും തിഗ്രീസിലെ മഫ്രിയാനാ സ്ഥാനമല്ല ഇവിടേക്ക് മാറ്റിസ്ഥാപിച്ചതെന്ന് മനസ്സിലാക്കാം.

ഇനി മൂന്നാമത്തെ വാദഗതിയായ പുതിയ കാതോലിക്കേറ്റിന്‍റെ സ്ഥാപനത്തെക്കുറിച്ച് പരിശോധിക്കാം. കാതോലിക്കായെ വാഴിച്ചപ്പോള്‍ അന്ത്യോഖ്യാ പാത്രിയര്‍ക്കീസ് നല്‍കിയ കല്‍പനയില്‍ കാതോലിക്കായെക്കുറിച്ച് പറയുന്നത് ഇപ്രകാരമാണ്. "നിങ്ങളുടെ അപേക്ഷാനുസരണം നമ്മുടെ വാത്സല്യവാനായ ഈവാനിയോസിനെ ബസേലിയോസ് എന്ന നാമധേയത്തില്‍ മഫ്രിയാനയായി കിഴക്കിന്‍റേയും അതായത് ഇന്‍ഡ്യയിലും മറ്റുമുള്ള മാര്‍ത്തോമ്മാ ശ്ലീഹായുടെ സിംഹാസനത്തിന്‍റെ കാതോലിക്കായായി നാം പട്ടംകൊടുത്തിരിക്കുന്നു." ഈ കല്‍പനയിലെ ചില പ്രധാന വസ്തുതകള്‍ ഇവയാണ്. മാര്‍ത്തോമ്മാ ശ്ലീഹായുടെ സിംഹാസനം, കാതോലിക്കാ, മഫ്രിയാന, മുമ്പു പരാമര്‍ശിച്ച പേര്‍ഷ്യന്‍ കാതോലിക്കായും മാര്‍ത്തോമ്മാ ശ്ലീഹായുടെ സിംഹാസനത്തിന്‍റെ കാതോലിക്കായാണ്. എന്നാല്‍ അദ്ദേഹം മഫ്രിയാന അല്ല. തിഗ്രീസ് മഫ്രിയാന അന്ത്യോഖ്യന്‍ സഭയിലെ ഒരു മേലദ്ധ്യക്ഷനാണ്. അദ്ദേഹം കാതോലിക്കാ അല്ല. അദ്ദേഹത്തിന് മാര്‍ത്തോമ്മാശ്ലീഹായുടെ സിംഹാസനവുമായി യാതൊരു ബന്ധവും ഇല്ല. അപ്പോള്‍ മലങ്കരയിലെ കാതോലിക്കാ, മഫ്രിയാന ഇവ രണ്ടും അല്ല. മലങ്കരയിലെ മഫ്രിയാനയും തിഗ്രീസിലെ മഫ്രിയാനയും തമ്മില്‍ മറ്റു ചില വ്യത്യാസങ്ങള്‍ കൂടിയുണ്ട്. തിഗ്രീസിലെ മഫ്രിയാനയ്ക്ക് വി. മൂറോന്‍ കൂദാശ ചെയ്യുവാന്‍ അധികാരമില്ല. അതിന് തെളിവാണ് ശക്രള്ളാ മാര്‍ ബസേലിയോസ് മഫ്രിയാന മലങ്കരയില്‍ എത്തിയപ്പോള്‍ വി. മൂറോന്‍ കൂടെ കൊണ്ടുവന്നത്. അന്ത്യോഖ്യന്‍ സഭയില്‍ പരമാദ്ധ്യക്ഷനായ പാത്രിയര്‍ക്കീസിനു മാത്രമേ വി. മൂറോന്‍ കൂദാശ ചെയ്യുവാന്‍ അധികാരമുള്ളു. എന്നാല്‍ മലങ്കരയില്‍ വാഴിക്കപ്പെട്ട മഫ്രിയാനായ്ക്ക് ലഭിച്ച അധികാരങ്ങളെപ്പറ്റി കല്‍പന ഇപ്രകാരം പറയുന്നു:

"നമ്മുടെ കര്‍ത്താവ് യേശുമശിഹായാല്‍ പരിശുദ്ധ ശ്ലീഹന്മാര്‍ക്ക് ദാനം ചെയ്യപ്പെട്ടതുപോലെ ദീവന്നാസ്യോസ് അദ്ധ്യക്ഷനായിരിക്കുന്ന മലങ്കര അസോസ്യേഷന്‍ അംഗങ്ങളുടെ ആലോചനയോടുകൂടി പരിശുദ്ധ സഭയുടെ ക്രമപാലനത്തിനാവശ്യമായ എല്ലാ ആത്മിക അംശങ്ങളും പൊതുവായി ശുശ്രൂഷിപ്പാന്‍ അദ്ദേഹത്തിന് പരിശുദ്ധ റൂഹായാല്‍ അധികാരം നല്‍കപ്പെട്ടു. അതായത് മെത്രാപ്പോലീത്താമാരേയും എപ്പിസ്ക്കോപ്പാമാരേയും പട്ടംകെട്ടുവാനും പരിശുദ്ധ മൂറോന്‍ കൂദാശ ചെയ്യുവാനും ആത്മീയങ്ങളായ ശേഷമുള്ള എല്ലാ അംശങ്ങളേയും ശുശ്രൂഷിക്കുവാനും."

മലങ്കരയില്‍ സ്ഥാപിതമായിരിക്കുന്ന കാതോലിക്കാ - മഫ്രിയാനായ്ക്ക് പേര്‍ഷ്യന്‍ കാതോലിക്കായുമായുള്ള സാമ്യം ഇരുവരും മാര്‍ത്തോമ്മാശ്ലീഹായുടെ സിംഹാസനത്തിന്‍റെ കാതോലിക്കാമാര്‍ ആണ് എന്നതാണ്. മലങ്കരയിലെ മഫ്രിയാനയും തിഗ്രീസ് മഫ്രിയാനയും തമ്മില്‍ മഫ്രിയാനാ, ബസേലിയോസ് എന്നീ സ്ഥാനനാമങ്ങള്‍ മുഖേനയുള്ള ഒരു സാമ്യം മാത്രമേ ഉള്ളൂ. ഇവയെല്ലാം മലങ്കരയിലെ കാതോലിക്കേറ്റ് തികച്ചും ഒരു പുതുതാണെന്നും ഇത് മറ്റേതെങ്കിലും സഭാതലവന്മാരുടെ പിന്‍തുടര്‍ച്ച അല്ലെന്നും തെളിയിക്കുന്നു. പിന്നെയോ അര്‍ക്കദിയാക്കോന്‍ - മാര്‍ത്തോമ്മാ മെത്രാന്‍, മലങ്കര മെത്രാപ്പോലീത്താ സ്ഥാനങ്ങളുടെ വളര്‍ച്ചയിലെ അടുത്ത കണ്ണി മാത്രമാണ്. രണ്ട് സഹസ്രാബ്ദത്തിലെത്തി നില്‍ക്കുന്ന മാര്‍ത്തോമ്മാ നസ്രാണികളുടെ സ്വാതന്ത്ര്യത്തിന്‍റെയും ദേശീയതയുടേയും പ്രതീകമാണ് മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ കാതോലിക്കേറ്റ്.

Comments

Popular posts from this blog

കോട്ടയം അക്കര സി. ജെ. കുര്യന്‍ | കെ. വി. മാമ്മന്‍

പ. പാമ്പാടി തിരുമേനി നടത്തിയ പട്ടംകൊട ശുശ്രൂഷകള്‍

നിരണം പള്ളി കൂദാശ (1912)