1958 സെപ്റ്റംബര്‍ 12 ബ. സുപ്രീംകോടതി വിധിയിലെ പ്രധാന പോയിന്‍റുകള്‍


1113-ലെ ഒ.എസ്സ്., 111-ാം നമ്പര്‍ സമുദായക്കേസിലെ കോട്ടയം ജില്ലാക്കോടതി വിധി, അപ്പീല്‍ വ്യവഹാരത്തില്‍, കേരള ഹൈക്കോടതി അസ്ഥിരപ്പെടുത്തിക്കൊണ്ട് വിധിച്ചു. 12-9-1958-ല്‍ സുപ്രീംകോടതി കേരളാ ഹൈക്കോടതിവിധി അസ്ഥിരപ്പെടുത്തിക്കൊണ്ടും. ജില്ലാ കോടതി വിധി പ്രാബല്യത്തില്‍ വരുത്തിക്കൊണ്ടും അപ്പീല്‍ വാദി മോറാന്‍ മോര്‍ ബസ്സേലിയോസ് കാതോലിക്കോസിന് അനുകൂലമായി ഐകകണ്ഠ്യേന പ്രസ്താവിച്ചു. ബ. സുപ്രീംകോടതി വിധി മൂലം താഴെ പറയുന്ന കാര്യങ്ങള്‍ ഉത്ഭവിക്കുന്നു.

1) അപ്പീല്‍ വാദിയായ മോറാന്‍ മോര്‍ ബസ്സേലിയോസ് കാതോലിക്കാ ബാവാ നിയമാനുസരണം നിയമിക്കപ്പെട്ട മലങ്കര മെത്രാപ്പോലീത്തായും, സഭ വക സ്വത്തുക്കളുടെ എക്സ് ഒഫിഷ്യോ ട്രസ്റ്റിയുമാണ്.

2) മോറാന്‍ മോര്‍ ബസ്സേലിയോസ് കാതോലിക്കായെ മലങ്കര മെത്രാപ്പോലീത്തായായി തെരഞ്ഞെടുക്കുകയും എ.എം. അക്കം ഭരണഘടന ഐകകണ്ഠ്യേന സ്വീകരിക്കുകയും ചെയ്തിട്ടുള്ള 1934 ഡിസംബര്‍ 26-നു കോട്ടയത്ത് എം.ഡി. സെമിനാരിയില്‍ വച്ചു കൂടിയ അസ്സോസിയേഷന്‍ (പള്ളി പ്രതിപുരുഷയോഗം) സാധുവായ യോഗമാകുന്നു.

3) മുന്‍ പാത്രിയര്‍ക്കീസ് ഭാഗം മെത്രാപ്പോലീത്തന്മാര്‍ മലങ്കര അസ്സോസിയേഷനാല്‍ അംഗീകരിക്കപ്പെട്ടിട്ടുള്ളവരല്ല.
4) സുപ്രധാനങ്ങളായ പല വസ്തുതകളും കേരളാ ഹൈക്കോടതി ജഡ്ജിമാര്‍ അവഗണിച്ചു കളഞ്ഞു.

5) അബ്ദുള്ളാ രണ്ടാമനെ നിരാകരിച്ചതോ, അബ്ദുള്‍ മശിഹായെ സ്വീകരിച്ചതോ, മെത്രാന്മാരെ വാഴിക്കുന്നതിനും മൂറോന്‍ കൂദാശ ചെയ്യുന്നതിനും അധികാരമുള്ള കാതോലിക്കേറ്റിന്‍റെ സ്വീകരണമോ പാത്രിയര്‍ക്കീസിന്‍റെ അധികാരം ഇല്ലാതായിത്തീരുന്നതരത്തിലുള്ള അധികാര ന്യൂനീകരണമോ, വേദവിപരീതത്തിനു കാരണമാകുന്നില്ലെന്നും അതു പുതിയ സഭ സ്ഥാപിച്ചു സ്വയമേവ സഭയില്‍ നിന്ന് വേര്‍പെട്ടു പോകുന്നതിന് കാരണമാകുകയില്ലെന്നും 1088-ലെ ഒ.എസ്. 94-ാം നമ്പരായ ഇന്‍റര്‍പ്ലീഡര്‍ സ്യൂട്ട് (Inter Pleader Suit) ന്‍റെ (വട്ടിപ്പണക്കേസിന്‍റെ) 1928 ജൂലൈ 4-നു പ്രഖ്യാപിച്ച അവസാന ഹൈക്കോര്‍ട്ട് വിധിയില്‍ തീരുമാനിക്കപ്പെട്ടിരിക്കുന്നതിനാല്‍ വാദതടസ്സ ന്യായേന ഈ വാദങ്ങള്‍ വീണ്ടും കൊണ്ടുവരാവുന്നതല്ല (അവ Resjudicata ആകുന്നു).

6) ഏ.എം. അക്കം ഭരണഘടന സ്വീകരിച്ചതു മൂലവും അതില്‍ വട്ടിപ്പണക്കേസിലെ ഏ. അക്കം കാനോന്‍ അംഗീകരിച്ചതിനാലും, മെത്രാപ്പോലീത്തന്മാരെ വാഴിക്കുന്നതിനും മൂറോന്‍ കൂദാശ ചെയ്യുന്നതിനും കാതോലിക്കായ്ക്ക് അധികാരമുണ്ടെന്നും പാത്രിയര്‍ക്കീസിനു റശ്ശീസാ നിഷേധിച്ച വിധം കാതോലിക്കായ്ക്കു റിശ്ശീസാ കൊടുക്കണമെന്നും, ക്രമീകരിച്ചിരിക്കുന്നതിനാലും പ്രതികള്‍  ഒരു പുതിയ സഭ സ്ഥാപിച്ചിരിക്കുന്നുവെന്നുള്ള ആരോപണങ്ങള്‍ അന്യായത്തില്‍ ഇല്ലാത്ത പുതിയ ആരോപണങ്ങളാകയാല്‍ നിലനില്ക്കത്തക്കവയല്ല. കോടതിയില്‍ അവ വീണ്ടും ഉന്നയിക്കാവുന്നതല്ല.

7) എല്ലാ കോടതികളിലെയും ചെലവുകള്‍ അപ്പീല്‍ വാദിക്കു കൊടുക്കേണ്ടതാകുന്നു.

ബ. സുപ്രീംകോടതിയുടെ ഈ വിധി മൂലം 1913-നു മുമ്പു മുതല്‍ സഭയില്‍ ഉണ്ടായിക്കൊണ്ടിരുന്ന തര്‍ക്കങ്ങള്‍ക്കും, വാദങ്ങള്‍ക്കും അവസാന തീരുമാനമുണ്ടായി. ആ വക തര്‍ക്കങ്ങളും വാദങ്ങളും ഇനിയും ആര്‍ക്കെങ്കിലും  പുറപ്പെടുവിക്കുന്നതിന് വാദതടസ്സമായി ഞലഷൌറശരമമേ ദോഷവും, Gonstructive Resjudicata ദോഷവും നില്ക്കുന്നതാണ്. തന്മൂലം കാതോലിക്കാ സ്ഥാപനവും മലങ്കരസഭാ ഭരണഘടനയും ആര്‍ക്കും തിരസ്ക്കരിക്കുവാന്‍ പാടില്ലാത്തവണ്ണം അപ്രതിരോധ്യമായിരിക്കുന്നു.

(Source: ഫാ. ടി. സി. ജേക്കബ് രചിച്ച യോജിച്ച മലങ്കരസഭയും പൗലൂസ് മാര്‍ പീലക്ലീനോസ് മെത്രാപ്പോലീത്തായും)

Comments

Popular posts from this blog

1876-ലെ മുളന്തുരുത്തി സുന്നഹദോസിന്‍റെ കാനോനാകള്‍

മലങ്കരസഭാ ഭരണഘടനാ ശില്പികള്‍ | ജോയ്സ് തോട്ടയ്ക്കാട്

മാര്‍ കൂറിലോസ് യൂയാക്കീം മെത്രാപ്പോലീത്താ വാകത്താനം പള്ളിക്ക് അയച്ച മൂന്നു കല്പനകള്‍