അഹത്തള്ള


വിദേശത്തുനിന്ന് മലങ്കരയിലെത്തിയ ഒരു മെത്രാപ്പോലീത്താ. മലങ്കരസഭാ സ്വാതന്ത്ര്യത്തിനു വേണ്ടി ഇദ്ദേഹം ബലിയാടായിത്തീര്‍ന്നു. ചരിത്രത്തിന്‍റെ ഏടുകളില്‍ അവ്യക്തത നിറഞ്ഞ ഒരു കഥാപാത്രം. പേരുതന്നെ പല രൂപത്തില്‍ പ്രത്യക്ഷപ്പെടുന്നു. അഹത്തുളാ, അയ്ത്താലാഹാ, ഔദാലാഹ്, ഈത്താലാഹ, ഇഗ്നാത്തിയോസ് എന്നിങ്ങനെ. ഇദ്ദേഹം ഏതു ദേശക്കാരനായിരുന്നു എന്നതിനും ചരിത്രകാരന്മാര്‍ ഏകാഭിപ്രായക്കാരല്ല. ബാബിലോണ്‍ (പേര്‍ഷ്യന്‍) പാത്രിയര്‍ക്കീസ് ഇന്ത്യയിലേക്കയച്ച ഒരു മെത്രാപ്പോലീത്താ ആയിരുന്നെന്നും, അതല്ല, ഇദ്ദേഹം സുറിയായില്‍നിന്നു വന്ന പാത്രിയര്‍ക്കീസ് ആയിരുന്നെന്നും അഭിപ്രായമുണ്ട്. ഇദ്ദേഹത്തിന്‍റെ അന്ത്യത്തെപ്പറ്റി റോമാചരിത്രകാരന്മാരും മറ്റുള്ളവരും വ്യത്യസ്ത ഭാഷ്യങ്ങള്‍ നല്‍കുന്നു. സ്വാഭാവിക മരണമായിരുന്നു എന്നു വരുത്തിത്തീര്‍ക്കുവാന്‍ ചിലര്‍ ശ്രമിക്കുമ്പോള്‍, ഇദ്ദേഹത്തെ കൊലചെയ്യുകയായിരുന്നു എന്ന് അധിക ചരിത്രകാരന്മാരും സാക്ഷിക്കുന്നു. കടലില്‍ മുക്കിക്കൊല്ലുകയായിരുന്നു എന്ന് അധികം പേരും രേഖപ്പെടുത്തുമ്പോള്‍ ഇദ്ദേഹത്തെ ദഹിപ്പിക്കുകയായിരുന്നു എന്ന് ചിലര്‍ പറയുന്നു.
ഉദയംപേരൂര്‍ സുന്നഹദോസിനു ശേഷം (എ.ഡി.1599) റോമ്മാസഭയുടെ ആധിപത്യവും ലത്തീനീകരണവും ഇവിടെ മുന്നേറിയപ്പോള്‍, അതിനെതിരായി ഇവിടുത്തെ നസ്രാണി സമൂഹം അവരുടെ നേതാവായ തോമ്മാ അര്‍ക്കദിയാക്കോന്‍റെ പിന്നില്‍ അണിനിരക്കുകയും, വിദേശത്തുള്ള പല പൗരസ്ത്യസഭാതലവന്മാരോടും (ബാബിലോണ്‍, അന്തോക്യാ, അലക്സാണ്ട്രിയ) ഒരു മെത്രാപ്പോലീത്തായെ അയച്ചുതന്ന് സഭയുടെ സ്വാതന്ത്രവും തദ്ദേശീയതയും നിലനിര്‍ത്തണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് പേര്‍ഷ്യയില്‍ നിന്ന് അഹത്തള്ളാ ഇന്ത്യയിലെത്തുന്നത്. ഇദ്ദേഹം സുറിയായില്‍ നിന്നാണ് വന്നതെന്നും ഭാഷ്യമുണ്ട്.
1652-ല്‍ സൂറത്തില്‍ ആഗതനായ ഇദ്ദേഹം മൈലാപ്പൂരിലെത്തി. അവിടെവച്ച് ജസ്വിത്തര്‍ ഇദ്ദേഹത്തെ 1652 ആഗസ്റ്റ് 3-ാം തീയതി ബന്ധനന്ഥനാക്കി.
ബന്ധനത്തില്‍ കഴിയുമ്പോള്‍, കേരളത്തില്‍നിന്നു മൈലാപ്പൂരില്‍ തീര്‍ത്ഥാടനത്തിന് എത്തിയ രണ്ടു ശെമ്മാശന്മാരെ ചെങ്ങന്നൂര്‍ സ്വദേശി ഇട്ടിശെമ്മാശനും, കുറവിലങ്ങാട് സ്വദേശി കുര്യന്‍ ശെമ്മാശനും കണ്ടുമുട്ടി. മലങ്കരയിലെ സ്ഥിതി അവരില്‍ നിന്നു മനസ്സിലാക്കിയ ഇദ്ദേഹം, അവരുടെ കൈവശം ഒരു കത്തു മലങ്കരസഭാനേതൃത്വത്തിന് കൊടുത്തയച്ചു. അതില്‍, താന്‍ ബന്ധനസ്ഥനാണെന്നും, താമസിയാതെ കൊച്ചീക്കും, അവിടെനിന്ന് ഗോവായ്ക്കും കൊണ്ടു പോകുമെന്നും, അതിനാല്‍ ഏതുവിധേനയും തന്നെ അവരുടെ കൈകളില്‍ നിന്നു രക്ഷിക്കണമെന്നും കാണിച്ചിരുന്നു. മാത്രമല്ല, അര്‍ക്കദിയാക്കോന്‍ തോമ്മായെ മലങ്കര സഭയുടെ തലവനായി അവരോധിക്കുന്നതായും ആ കത്തില്‍ ചേര്‍ത്തിരുന്നു.
കത്തില്‍ സൂചിപ്പിച്ച പ്രകാരം ഗോവായ്ക്കു കൊണ്ടുപോകാന്‍വേണ്ടി ഇദ്ദേഹത്തെ കപ്പലില്‍ കൊച്ചിയിലെത്തിച്ചു. മെത്രാപ്പോലീത്താ കൊച്ചിയിലെത്തിയെന്നു കേട്ടപ്പോള്‍ ഏതാണ്ട് കാല്‍ ലക്ഷം മലങ്കരനസ്രാണികള്‍ അവിടെച്ചെന്ന് മെത്രാപ്പോലീത്തായുടെ വിമോചനം ആവശ്യപ്പെട്ടു. പക്ഷേ പറങ്കികള്‍ അതിനു വഴങ്ങാതെ ഇദ്ദേഹത്തെ ഗോവായിലേക്കു കൊണ്ടുപോയി എന്ന് സഭാചരിത്രകാരനായ കാര്‍ഡിനല്‍ ടിസ്സറന്‍റ് രേഖപ്പെടുത്തുന്നു. ജനരോഷം ആളിക്കത്തിയപ്പോള്‍ നാശനഷ്ടങ്ങള്‍ അവര്‍ വരുത്താതിരിക്കുന്നതിനുവേണ്ടി പ്രചരിപ്പിച്ചതാണ് അഹത്തള്ള അപകടത്തില്‍ കടലില്‍ വീണ് മരിച്ചുപോയി എന്നുള്ള വാര്‍ത്ത. എന്നാല്‍ അദ്ദേഹത്തെ ഗോവയിലേക്കു കൊണ്ടുപോയി, വിചാരണചെയ്ത് വേദവിപരീതി എന്നു മുദ്രകുത്തി അഗ്നിക്കിരയാക്കുകയായിരുന്നു എന്നും കാര്‍ഡിനല്‍ കൂട്ടിച്ചേര്‍ക്കുന്നു. മറ്റൊരു റോമന്‍ ഭാഷ്യം, അഹത്തള്ളായെ റോമിലേക്കു കൊണ്ടുപോകുന്ന വഴി ലിസ്ബണില്‍വച്ച് അദ്ദേഹം മരിച്ചു എന്നാണ്. എന്നാല്‍ ഭൂരിപക്ഷം സഭാചരിത്രകാരന്മാരും കൊച്ചിയില്‍ വച്ചുതന്നെ ഇദ്ദേഹത്തെ കടലില്‍ മുക്കിക്കൊന്നു എന്നു രേഖപ്പെടുത്തുന്നു.
ഇദ്ദേഹത്തെ കടലില്‍ മുക്കിക്കൊന്നു എന്ന വാര്‍ത്ത പ്രചരിച്ചതിന്‍റെ ഫലമായിട്ടാണ് മാര്‍ത്തോമ്മാ ക്രിസ്ത്യാനികള്‍ സടകുടഞ്ഞെഴുന്നേറ്റത്. അവര്‍ മട്ടാഞ്ചേരിയില്‍ അണിനിരന്ന് ചരിഞ്ഞുനിന്ന കല്‍ക്കുരിശില്‍ കയറുകെട്ടി എല്ലാവരും അതില്‍ പിടിച്ചുകൊണ്ട് പറങ്കികളുമായും റോമ്മാക്കാരുമായും ഭാവിയില്‍ യാതൊരു ബന്ധവും പുലര്‍ത്തുകയില്ല എന്നു ശപഥം ചെയ്തു. 
(മലങ്കരസഭാവിജ്ഞാനകോശത്തില്‍ നിന്നും)

Comments

Popular posts from this blog

1876-ലെ മുളന്തുരുത്തി സുന്നഹദോസിന്‍റെ കാനോനാകള്‍

നിരണം പള്ളി കൂദാശ (1912)

മലങ്കരസഭാ ഭരണഘടനാ ശില്പികള്‍ | ജോയ്സ് തോട്ടയ്ക്കാട്