മാര്‍ ദീയസ്കോറോസിന്‍റെ വരവും വികൃതികളും തിരിച്ചയക്കലും

79-ാമാണ്ട് (979) കന്നിമാസം 12-നു ഇംഗ്രേസ് (ഇംഗ്ലീഷ്) കുമ്പഞ്ഞി ആള്‍ കൊച്ചീക്കോട്ട പൊളിപ്പിച്ചു. 81-മാണ്ട് (981) കന്നിമാസം 13-നു പെരുമ്പടപ്പില്‍ വല്യകറുത്ത തമ്പുരാന്‍ (ശക്തന്‍ തമ്പുരാന്‍) തീപ്പെട്ടു. ഇതിനു മുമ്പെ മക്കാളി (റസിഡണ്ട് മക്കാളി സായ്പ്) യെ കാണ്മാന്‍ ചെല്ലണമെന്നും ദളവാ അങ്ങത്തെ ആള് വരിക കൊണ്ടു കണ്ടനാട്ടു നിന്നും കോട്ടയത്തു വന്നു പാര്‍ത്തു. പിന്നെയും കൊച്ചീക്കു ചെല്ലണമെന്ന് വരികകൊണ്ട് അവിടെ ചെന്ന് മക്കാളിയെ കണ്ട് പറഞ്ഞു പോന്നു. അന്ന് കാട്ടുമങ്ങാട്ട് ഇളയദേഹം (അഞ്ഞൂര്‍ മെത്രാന്‍) മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്തായെന്നയാളും കണിയാവെള്ളിക്കാരന്‍ മാര്‍ ഈവാനിയോസും മട്ടാഞ്ചേരി മുറിയില്‍ പാര്‍ക്കകൊണ്ട് യൂദഭാഗത്ത് ഏലിക്ക് വകവാര്‍പ്പരദേശിയുടെ വീട്ടിലത്രെ പാര്‍ത്തത്. 11 ദിവസം അവിടെ പാര്‍ത്തു. യൂദന്മാരുടെ പള്ളിയില്‍ച്ചെന്നു. നാഴികമണിയും കണ്ടു. അശ്ചന്‍ (മെത്രാപ്പോലീത്താ) ചെരിപ്പ് ഊരിയില്ല. അവിടെനിന്നും കണ്ടനാട്ടു വന്നു പാര്‍ക്കുമ്പോള്‍, മിശിഹാ കാലം 1806 ചെന്ന കൊല്ലം 984-ാമാണ്ട് കന്നിമാസം 18-നു തിങ്കളാഴ്ച ദീയസ്ക്കോറോസ് മെത്രാപ്പോലീത്തായും അന്തോനിയോസെന്ന ശെമ്മാശനും കൂടി കൊച്ചിയില്‍ വന്നിറങ്ങി. 

മാര്‍ ദീയസ്കോറോസിന്‍റെ വരവ്


മാത്തുത്തരകന്‍റെ അനുജന്‍ മല്പാന്‍ ചെന്നു കണ്ടാറെ അവരുടെ ആളല്ലാഴികകൊണ്ട് മൂന്നു രൂപായും കൊടുത്ത് വയ്പില്‍ കുഞ്ഞിച്ചാക്കോയുടെ വീട്ടില്‍ ഇറക്കിച്ചു. അവിടെനിന്നും എഴുതി വന്നാറെ പീലിപ്പോസ് റമ്പാനേയും വടക്കേത്തലയേയും ഏതാനും പേരേയും അയച്ചു. അവരെ കണ്ടയുടന്‍ റമ്പാന്‍റെ തലയില്‍ കിടന്ന മദനപ്സാ എടുത്തുംകൊണ്ടു സങ്കടം പറഞ്ഞ് വാങ്ങിച്ചു. റമ്പാന്‍ കണ്ടനാട്ടു വന്നു. പിന്നെയും ആളയപ്പാന്‍ വിചാരിച്ചിരിക്കുമ്പോള്‍ മക്കാളിയെ കാണ്മാന്‍ കൊല്ലത്തു ചെല്ലണമെന്നും ദളവാ അങ്ങത്തെ സാധനം വന്നു. ഇദ്ദേഹം വന്ന അവസ്ഥ അറിഞ്ഞിട്ട് പോകാമെന്നുംവെച്ച് വടക്കേത്തല മുതല്‍പേരുടെ പറ്റില്‍ തൊപ്പിയും കുപ്പായവും കൊടുത്തയച്ചാറെ അവരു ചെല്ലും മുന്‍പില്‍ കരവഴിക്കു വന്നു തൃപ്പൂണിത്തുറ പള്ളിയിലും കരിങ്ങാച്ചിറ പള്ളിയിലും കരേറി അവിടത്തെ കാസാ രണ്ടും എടുത്തുംകൊണ്ടു കൂത്തുപറമ്പില്‍ കൂടെ തുലാമാസം 9-നു ശനിയാഴ്ച കണ്ടനാട്ടു വന്നു. സൗത്താത്തിക്കോന്‍ ചോദിച്ചാറെ പിന്നെ കാണിക്കാമെന്നും പറഞ്ഞു. പള്ളിക്കാരുടെ കാസാ രണ്ടും കൊടുപ്പിച്ചു. കൊല്ലത്തിനു പോകുവാന്‍ കടമറ്റത്തു നിന്നും ചെറിയശ്ചനെ (ആറാം മാര്‍ത്തോമ്മായുടെ അനന്തിരവനും 971-മാണ്ട് ചെങ്ങന്നൂര്‍ പള്ളിയില്‍ വച്ച് വാഴിക്കപ്പെട്ട ദേഹവുമായ മാര്‍ത്തോമ്മാ എപ്പിസ്കോപ്പാ - മാത്തന്‍ മെത്രാന്‍) വരുത്തി ഇദ്ദേഹത്തെയും കൂട്ടി ഏള്‍പ്പിച്ചു. വടിയും സ്ലീബായും ഒരു മോതിരവും കൊടുത്തു. 10-നു ഒരു വള്ളം കരേറി കോട്ടയത്തിനു പോയി. മക്കാളി കൊച്ചീക്കു പോയെന്നും കേട്ടു. അവിടെ പാര്‍ക്കുമ്പോള്‍ ബാവാ (ദീയസ്ക്കോറോസ് ബാവാ. പരദേശ മെത്രാന്മാരെ ഇന്നാട്ടുകാര്‍ ബഹുമാനസൂചകമായി ബാവാ എന്നു വിളിക്കാറുണ്ട്) കോട്ടയത്തു വന്നു. ഒരു കുര്‍ബാന ചൊല്ലി. അന്നുതന്നെ കണ്ടനാട്ടിന്നു പോയി. ചെറിയശ്ചനുമായി (കൊച്ചു മെത്രാനുമായി) കലശലു കൂടി പല പള്ളിയിലും പോയി പിന്നെയും തിരിച്ചു കണ്ടനാട്ടിന്നു ചെന്നു. കോടാലി കൊണ്ടു വാതലു തല്ലിത്തുറന്ന് കുസുറുതി പലതും കാണിച്ചു. വൃശ്ചികമാസം 9-നു വീണ്ടും കോട്ടയത്തു വന്നു. ചെങ്ങന്നൂര്‍ നിന്നും ഇളയബാവായുടെ (964-ല്‍ കാലം ചെയ്ത മാര്‍ ഈവാനിയോസ്) അംശവടിയും കുപ്പായവും ചുംകാനവും വരുത്തി കൊടുത്താറെ വടി മൂന്നായിട്ട് ചവുട്ടി ഒടിച്ചു. 19-നു കുര്‍ബ്ബാന അദ്ദേഹം ചൊല്ലി കൈ മുത്തിച്ചു നില്‍ക്കുമ്പോള്‍ കള്ളന്മാര് മുറിയില്‍ കേറി എന്നും പറഞ്ഞ് ഇറങ്ങി ഓടി അന്ന് വളരെ ആളുകള്‍ക്ക് അവജയം (അപകടമെന്ന് വിവക്ഷ) വന്നു. കുപ്പായത്തിനു കൊടുത്തിരുന്ന കറുപ്പുശീല വലിച്ചുകീറി കീഴ്പോട്ടു തൂക്കി. 22-നു പുന്നത്തറ കുര്യന്‍ കത്തനാരെ അടിപ്പാന്‍ ഓടിച്ചു അങ്ങാടിയെ. അദ്ദേഹം തേവര്‍വേലിക്കത്തനാരുടെ തല തല്ലിക്കീറി ചോര ഒഴുകി. ആറ്റില്‍ കൊണ്ടുപോയി ധാര കഴിച്ചു. അന്നു വലിയപള്ളിയില്‍ ഇരുന്നു. പിറ്റെദിവസം ചുവന്ന കുപ്പായവും ഇടക്കെട്ടും മുദ്രിയയും തീര്‍പ്പിച്ചു കൊടുത്തു. തെക്കെ ദിക്കിലുള്ള പള്ളികളില്‍ പോകണമെന്നും പറകകൊണ്ട് വടക്കെത്തലയെക്കൂടെ അയച്ചു. അശ്ചന്‍റെ (മെത്രാപ്പോലീത്തായുടെ) പൊന്‍സുരാലിപ്പ് കാസായും കാപ്പായും കൊടുത്തു. പലെടത്തും പോയി. ചെന്നെടത്തൊക്കെയും ഉണ്ടായത് എഴുതുവാന്‍ വളരെയുണ്ട്. വീണ്ടും കോട്ടയത്തു വന്നു. ധനു മാസം 19-നു പുത്തന്‍കാവിന്നു പോയി. പല ദിക്കിലും പോയി. മെത്രാപ്പോലീത്താ കാലം ചെയ്തെന്ന് സ്വപ്നം കണ്ടു എന്നു പറഞ്ഞ് ഓടി. പുത്തന്‍കാവില്‍ക്കാരും മറ്റു പലരും കൂടെ മകരമാസം 1-നു രാത്രിയില്‍ കോട്ടയത്തു വന്നു. സൗത്താത്തിക്കോന്‍ ചോദിക്കുമ്പോഴൊക്കെയും കലശലുണ്ടാക്കുകയും പണംകൊടുക്കുന്നതൊന്നും പോരായെന്ന് പറകയും അതിന്‍റെശേഷം കണ്ടനാട്ടിനു പോയി. ചെറിയശ്ചന്‍ കടമറ്റത്തിന്നു പോയി. ഇദ്ദേഹം (മാര്‍ ദീയസ്ക്കോറോസ്) കണ്ടനാട്ടു ചെന്ന് കരിങ്ങാച്ചിറക്കു പോയി. മകരമാസം 25-നു മക്കാളിയെ കാണ്മാന്‍ കൊച്ചീക്കു ചെല്ലുവാന്‍ ആളു വന്നു. 30-നു കൊച്ചിയില്‍ ചെന്നു. ബാറുസിങ്ങോരിന്‍റെ വീട്ടില്‍ പാര്‍ത്തു. പോഞ്ഞിക്കരെ ചെന്ന് മക്കാളിയെ കണ്ടാറെ ഇപ്പോള്‍ത്തന്നെ പോക വേണ്ടൂ എന്നും അങ്ങേ വേലക്കാരന്‍ ഞാനെന്നും അങ്ങിരിക്കുന്നിടത്തു ഞാന്‍ വരാമെന്നും പഴമയൊക്കെയും എഴുതിക്കൊടുത്തയക്കാമെന്നും സന്തോഷമായിട്ടു പറഞ്ഞു യാത്രയും ചൊല്ലി കുംഭമാസം 13-നു കണ്ടനാട്ട് വന്നിരുന്നു. ഇതിനിടയില്‍ മട്ടാഞ്ചേരി മുറിയില്‍ കാട്ടുമങ്ങാട്ടെ ഇളയ ദേഹവും കണിയാവെള്ളിക്കാരനും കൂടെ ഇരിക്കുമ്പോള്‍ ബാവാ അവിടെ ചെന്ന് അവര്‍ തമ്മില്‍ പിണങ്ങി. അവരു രണ്ടു പേരും കൂടെ അഞ്ഞൂര്‍ക്ക് പോയി. പിന്നാലെ ഇദ്ദേഹവും പോയി.

മക്കാളിക്ക് ഒരു മാനും മ്ലാവും കൊടുത്തയച്ചു. മീനമാസം 28-നു പുസ്തകങ്ങളും പഴമ എഴുതിയതും കൊടുത്തയക്കണമെന്നും എഴുത്തു വന്നു. അന്ന് പെസഹായും ദുഃഖവെള്ളിയാഴ്ചയും ആകകൊണ്ട് ശനിയാഴ്ച മറുപടി കൊടുത്തയച്ചു. മേടമാസം 12-നു ഓറയിത്തായും ബെസമൌത്തയും സ്പറുമല്‍ക്കായും നിവ്യൂസായും ഏവന്‍ഗേലിയും എംകുറത്തായും പ്രക്കുസേസും ഗെലിയാനായും ഇങ്ങനെ എട്ടു പുസ്തകവും പഴമ എഴുതിയതും കൂടെ പീലിപ്പോസു റമ്പാനും അങ്കമാലി ഇട്ടൂപ്പു കത്തനാരും പോഞ്ഞിക്കരെ കൊണ്ടുചെന്നു കൊടുത്തു. പഴയകൂറ്റുകാരോടു വാങ്ങിച്ച പുസ്തകം ഇവരെ കാണിച്ചു. അവരു കൊടുത്തതില്‍ സ്പറുമല്‍ക്കാ എന്ന പുസ്തകം ഇല്ലാ. ഇതൊക്കയും നോക്കട്ടെ എന്നും നാലു തീയതിക്കകം ഞാന്‍ കണ്ടനാട്ട് മെത്രാപ്പോലീത്തായെ കാണാന്‍ വരുന്നുയെന്നും പറഞ്ഞയക്കയും ചെയ്തു.

ബാവാ അഞ്ഞൂര്‍ ചെന്നാറെ മട്ടാഞ്ചേരിമുറിയുടെ കാര്യം കൊണ്ട് അവരു തമ്മില്‍ പിണങ്ങി ബാവാ കണ്ടനാട്ടു വന്നു. മുറിയുടെ കടുദാസും കണക്കുകളും (ആറാം മാര്‍ത്തോമ്മാ) കൊടുത്തു. അതുകൊണ്ട് കൊച്ചിക്കോട്ടയില്‍ പ്ലവര്‍ സായ്പിന്‍റെ അടുക്കല്‍ ബോധിപ്പിച്ചു, കാട്ടുമങ്ങാട്ട് ഇളയ ദേഹത്തെയും വരുത്തി കാര്യം കേട്ടാറെ മര്‍ത്തോമ്മന്‍ മെത്രാന്‍റെ കടുദാസ് മുദ്രയിട്ട് വരണമെന്നും കല്പന വരികകൊണ്ട് കടുദാസും കൊടുത്തു. പീലിപ്പോസു റമ്പാനും കൊച്ചിട്ടിയും ഇട്ടൂപ്പു കത്തനാരും കൂടെ പോയി കൊച്ചിയില്‍ പാര്‍ത്ത് കാര്‍യ്യം കേട്ടു. കാട്ടുമങ്ങാടന് സംഗതി (അവകാശം) ഇല്ലെന്നും വിധിച്ചു. അപ്രകാരം കടുദാസും തന്നു. ഈ കടുദാസൊക്കയും ബാവായുടെ കൈയിലത്രെ ഇരിക്കുന്നത്. അക്കാലം 8-നു പുതുഞായറാഴ്ച വെട്ടിക്കല്‍ പോയി. 9-നു കണ്ടനാട്ടു വന്നു. 21 വെടിയും വൈപ്പിച്ചു. ഒരു ദിവസം പാര്‍ത്ത് പറഞ്ഞുംകൊണ്ട് നമസ്കാരപ്പുസ്തകവും, കുര്‍ബാനത്തക്സായും ഉലാലായും വാങ്ങിച്ചുകൊണ്ട് മഴക്കാലമാകയാല്‍ കൂടാരവും കൊണ്ടുവരാമെന്നും പറഞ്ഞു പോകയും ചെയ്തു. മക്കാളിക്ക് ബാവായെ കാണണമെന്നും പറഞ്ഞ് എഴുത്തുംകൊണ്ട് ആളു വന്നു. ആ എഴുത്തു കൊടുത്ത് കാട്ടുമങ്ങാട്ട് ഇട്ടിയവിരാ കത്തനാരെയും കൊച്ചിട്ടിയേയും അയച്ചു. കരിങ്ങാച്ചിറ ചെന്ന് ബാവായെ കണ്ടാറെ കലശലായിട്ടു പറഞ്ഞു പിന്നത്തേതില്‍ കൂടിപ്പോയിക്കണ്ടു പറഞ്ഞു പോരികയും ചെയ്തു. 82-മാണ്ട് (982) ചിങ്ങമാസം 12-നു കണ്ടനാട്ടു ബാവാ വന്നു കൊച്ചവിരാ കത്തനാരെ അടിച്ചു പോയി. കന്നിമാസം 10-നു വന്നു പള്ളിയകത്തു കരേറി രൂപങ്ങളും കവറുങ്കലെ രൂപവും തല്ലിപ്പിളര്‍ന്ന് മാളികയില്‍ കരേറി അന്ന് പാര്‍ത്തു. പിറ്റെ ദിവസം കരിങ്ങോച്ചെറക്കു പോയി. പിന്നെയും പല ഭാഗത്തും നടന്നു. കര്‍ക്കടക മാസം 3-നു പെരുന്നാള്‍ക്കു തൃപ്പൂണിത്തുറെ ചെന്നാറെ കൊടിയും കുരിശും എടുക്കുന്നതിന് പല കൂട്ടം വികൃതികളും ഉണ്ടാക്കി. 

ഡോക്ടര്‍ ക്ലൌഡിയൂസ് ബുക്കാനന്‍റെ വരവ് (1806)


ഇതിനു മുമ്പ് 982-മാണ്ട് തുലാമാസം 29-നു ബുക്കാനന്‍ സായ്പ് വന്നു. പുതിയകാവില്‍ നിന്നും വള്ളം കരേറി റാന്നി വരെയുള്ള പള്ളികളിലൊക്കയും ചെന്ന് ഓരോ പൂവരാഹനും കൊടുത്ത് വൃശ്ചികമാസം 11-നു കണ്ടനാട്ടിന്നു വന്നു. അശ്ചനെ (ആറാം മാര്‍ത്തോമ്മായെ) കണ്ടാറെ വളരെ സന്തോഷമായി.

ഡോക്ടര്‍ ബുക്കാനന്‍റെ കപടതന്ത്ര പ്രയോഗം


ഇങ്ങനെ പാര്‍ക്കുമ്പോള്‍ ഒരു ദിവസം ഒരു കടുദാസും എഴുതിക്കൊണ്ടുവന്നു അശ്ചന്‍റെ പറ്റില്‍ കൊടുത്ത് ഇതിന് എഴുത്തിട്ട് (ഒപ്പിട്ട്) തരണമെന്നും കുമ്പഞ്ഞിയില്‍ (ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി) നിന്നും വേണ്ടുന്നതൊക്കെയും വരുത്തിത്തരുന്നതിന് സംശയമില്ലെന്നും പറഞ്ഞു. എഴുതിയത് വായിച്ചു കണ്ടാറെ ഇംഗ്രസ്സ് മാര്‍ഗ്ഗം (ചര്‍ച്ച് മിഷ്യന്‍ സൊസൈറ്റി അല്ലെങ്കില്‍ ആംഗ്ലിക്കന്‍ ചര്‍ച്ച്) അനുസരിച്ച് നടക്കാമെന്നും എഴുതിയിരിക്കകൊണ്ട് തിരുമനസ്സറിഞ്ഞല്ലാതെ (മഹാരാജാവ് തിരുമേനി അറിയാതെ) എഴുത്തിട്ട് (ഒപ്പിട്ട്) തന്നുകൂടായെന്നും പറഞ്ഞപ്പോള്‍ തമ്മില്‍ തമ്മില്‍ ചീട്ടും കുറിയും എഴുതുന്നതിന് രാജാവിനെ ബോധിപ്പിച്ചേ ആവോ എന്നും പറഞ്ഞ് കടുദാസ് വാങ്ങിച്ച് കീന്തി അവിടെ ഇരുന്നു തന്നെ പിച്ചിപ്പറിച്ച് ചിരിച്ചുംകൊണ്ടു സന്തോഷമായിട്ടു യാത്ര ചൊല്ലിപ്പോയതിന്‍റെ ശേഷം 30-നു ബുക്കാനന്‍ സായ്പും മക്കാളി ദ്ധ്വരയും കൂടെ വന്നു. അല്ലാതെ രണ്ടു വെള്ളക്കാരുമുണ്ടായിരുന്നു.

(ആറാം മാര്‍ത്തോമ്മായുടെ ജീവിതാന്ത്യഘട്ടത്തില്‍, മലങ്കര സുറിയാനി സഭയുടെ ഏതല്‍ക്കാലസ്ഥിതിഗതികളെ സംബന്ധിച്ച് സൂക്ഷ്മമായി ആരാഞ്ഞറിയുവാന്‍ മദ്രാസിലെ ആംഗ്ലേയ സഭാ സീനിയര്‍ ചാപ്ലയിന്‍ ആയിരുന്ന ഡോക്ടര്‍ കേര്‍ എന്ന യൂറോപ്യനെ മദ്രാസ് ഗവര്‍ണ്ണരായിരുന്ന വില്യം ബെന്‍റിക്ക് പ്രഭു 1806-ല്‍ നിയോഗിച്ചിരുന്നു. തന്‍റെ അന്വേഷണഫലമായി ഡോക്ടര്‍ കേര്‍ മദ്രാസ് ഗവര്‍മെണ്ടിലേക്ക് ഒരു റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. പ്രസ്തുത റിപ്പോര്‍ട്ടില്‍ മാര്‍ത്തോമ്മാ ക്രിസ്ത്യാനികളുടെ വിശ്വാസാചാരങ്ങള്‍, സന്മാര്‍ഗ്ഗനിഷ്ഠ, സാമുദായിക മേന്മ മുതലായവയെ സംബന്ധിച്ച് പലതും പ്രസ്താവിച്ച ശേഷം സുറിയാനിസഭയും ആംഗ്ലീയ സഭയും തമ്മില്‍ ഒരിക്കല്‍ ഒരു യോജിപ്പുണ്ടാവുമെന്നുള്ള തന്‍റെ പ്രതീക്ഷയെ അദ്ദേഹം മെത്രാപ്പോലീത്തായെ അറിയിച്ചതായും രേഖപ്പെടുത്തിയിരിക്കുന്നു. ഈ സംഭവം കഴിഞ്ഞാണ് 1806 ഒക്ടോബര്‍ മാസത്തില്‍ ഡോ. ബുക്കാനാന്‍ തിരുവിതാംകൂറിലെത്തിയത്. ഇന്‍ഡ്യയില്‍ ബ്രിട്ടീഷ് ഗവര്‍മെണ്ടിന്‍റെ സ്ഥാനം വഹിച്ചിരുന്ന ഈസ്റ്റ് ഇന്‍ഡ്യാക്കമ്പനിയിലെ ചില ഉദ്യോഗസ്ഥന്മാര്‍ വഴിക്കും ചാപ്ലയിന്മാര്‍ വഴിക്കും ദക്ഷിണേന്ത്യയിലെ പുരാതനമായ സുറിയാനി സഭയെ സംബന്ധിച്ച് ഇംഗ്ലണ്ടിലെ ആംഗ്ലിയാ സഭാ പ്രമുഖന്മാര്‍ക്ക് വിശ്വാസയോഗ്യമായ അറിവ് ലഭിച്ചിരുന്നു. 1800-ല്‍ സ്ഥാപിച്ചതായ കല്‍ക്കട്ടാ ഫോര്‍ട്ട് വില്യം കോളേജിലെ വൈസു പ്രൊവോസ്ത് ആയിരുന്നു ഡോ. ബുക്കാനാന്‍ എം.എ. ഇന്‍ഡ്യയില്‍ ഹിന്തുമതത്തിന്‍റെ തല്‍ക്കാലാവസ്ഥയെപ്പറ്റിയും ക്രിസ്തുമതത്തിന്‍റെ പ്രചാരത്തെപ്പറ്റിയും അന്വേഷണങ്ങള്‍ നടത്തുന്നതിനായി അന്നത്തെ ഇന്ത്യന്‍ ഗവര്‍ണ്ണര്‍ ജനറലായിരുന്ന (വൈസ്രോയി) മാര്‍ക്ക്വീസ് ഓഫ് വെല്ലസ്ലിയുടെ അനുമതിയോടുകൂടിയായിരുന്നു ഡോക്ടര്‍ ബുക്കാനാന്‍ കേരളത്തില്‍ പ്രവേശിച്ചത്. അദ്ദേഹം സുറിയാനി ഭാഷയില്‍ പാണ്ഡിത്യം സമ്പാദിച്ചിരുന്ന ഒരാളായിരുന്നു. തിരുവിതാംകൂര്‍ കൊച്ചി റസിഡണ്ടായ കര്‍ണ്ണല്‍ മക്കാളിയുടെ അതിഥിയായി കുറെ ദിവസങ്ങള്‍ കഴിച്ചുകൂട്ടിയശേഷം ഡോക്ടര്‍ ബുക്കാനാന്‍ മക്കാളിയുടെ പരിചയക്കത്തുമായി അവിട്ടം തിരുനാള്‍ ബാലരാമവര്‍മ്മ മഹാരാജാവിനെ സന്ദര്‍ശിക്കുകയും മഹാരാജാവിന്‍റെ രാജകീയ പ്രോത്സാഹനത്തോടുകൂടി ബുക്കാനാന്‍ മതസംബന്ധമായ അന്വേഷണങ്ങള്‍ ആരംഭിക്കുകയും ചെയ്തു. കേരളത്തിലെ സുറിയാനിസഭയെ ആംഗ്ലീയസഭയില്‍ ലയിപ്പിക്കുന്നത് സാധ്യമോ സാധ്യമെങ്കില്‍ അതിലേക്ക് എന്തൊക്കെയാണ് പ്രവര്‍ത്തിക്കേണ്ടത് എന്നുള്ളതിനെ സംബന്ധിച്ച് ബുക്കാനാനും മക്കാളിയും തമ്മില്‍ ആലോചന നടന്നിരിക്കണം. ബുക്കാനാന്‍ ആവശ്യപ്പെട്ടതനുസരിച്ചായിരിക്കണം ഈ കൈയെഴുത്ത് ചരിത്രത്തിന്‍റെ 174-ാം പുറത്ത് കാണുംവണ്ണം ആറാം മാര്‍ത്തോമ്മാ മക്കാളിക്ക് 8 പുസ്തകങ്ങള്‍ കൊടുത്തയച്ചത്. ഡോ. ബുക്കാനാന്‍ മെത്രാപ്പോലീത്തായെ കണ്ടനാട്ടുവച്ച് കാണുകയും ഒരുമിച്ച് താമസിക്കയും ചെയ്തു. ഈ അവസരത്തിലാണ് ആറാം മാര്‍ത്തോമ്മാ ആംഗ്ലേയസഭയില്‍ ചേര്‍ന്നുകൊള്ളാമെന്ന് സമ്മതിച്ച് ബുക്കാനന്‍ ഒരു രേഖ ഉണ്ടാക്കി ഒപ്പിടുന്നതിനായി മെത്രാപ്പോലീത്തായുടെ കൈയില്‍ കൊടുത്തത്. മെത്രാപ്പോലീത്തായെ തന്‍റെ ഇംഗിതത്തിന് സൂത്രത്തില്‍ വഴിപ്പെടുത്താമെന്ന് നയതന്ത്രകുശലനായ ബുക്കാനാന്‍ വിചാരിച്ചു. ഇന്ത്യയില്‍ ബ്രിട്ടീഷുകാരുടെ അധികാരശക്തിയും സാമ്രാജ്യശക്തിയും എത്രമാത്രമാണെന്ന് ശരിക്ക് ധരിച്ചിട്ടുള്ള മെത്രാപ്പോലീത്താ ഈസ്റ്റിന്‍ഡ്യാ കമ്പനിയില്‍നിന്ന് ഇഷ്ടാനുസരണം ലഭിക്കുന്ന സഹായസഹകരണ സ്വാധീനതകളെ ഗണ്യമായി കരുതി തല്‍ക്ഷണം ആംഗ്ലേയസഭയിലേക്ക് മതപരിവര്‍ത്തനം ചെയ്യുമെന്ന് ബുക്കാനാനും കര്‍ണ്ണല്‍ മക്കാളിയും വിശ്വസിച്ചിരുന്നുവെന്ന് ബുക്കാനാന്‍റെ ഈ ചതിപ്പണി സ്പഷ്ടമായി തെളിയിക്കുന്നു. മക്കാളിയോട് ആലോചിക്കാതെ അപരിചിതനായ മെത്രാപ്പോലീത്തായ്ക്ക് ഈ വിധത്തില്‍ ഒരു എഴുത്തു കൊടുപ്പാന്‍ ബുക്കാനാന്‍ ധൈര്യപ്പെടുകയില്ലെന്ന് സ്പഷ്ടം. സി. എം. എസ്. മിഷണറിമാര്‍ സുറിയാനിസഭയെ പുഷ്ടിപ്പെടുത്തുവാന്‍ വന്നിട്ടുള്ളവരാണെന്നും സുറിയാനിസഭയെ പൊളിച്ച് അതിന്‍റെ ഉരുപ്പടികള്‍ കൊണ്ട് വേറൊരു സഭ പണിവാന്‍ അവര്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും മറ്റും മിഷ്യണറിമാര്‍ എഴുതിയിട്ടുണ്ടെങ്കിലും ഇരുസഭകളും തമ്മില്‍ യോജിക്കുന്നതിനെ സംബന്ധിച്ച് കാര്യമായി സംസാരിക്കുകയും ആലോചന നടത്തുകയും ചെയ്ത മിഷണറിയായ ഡോക്ടര്‍ ബുക്കാനാന്‍റെ പരമലക്ഷ്യം തന്നെയും സുറിയാനിസഭയെ ആംഗ്ലേയസഭയായി രൂപാന്തരപ്പെടുത്തണമെന്നായിരുന്നു. യോജിപ്പ് എന്നുള്ള ഭംഗിയായ പദം കൊണ്ട് കൈകാര്‍യ്യം ചെയ്യാന്‍ ശ്രമിച്ച എല്ലാ മിഷണറിമാര്‍ക്കും ആ പദപ്രയോഗത്തിന്‍റെ പരിണിതഫലം ആംഗ്ലേയകരണമാണെന്ന് അറിവുണ്ടായിരുന്നു. പദപ്രയോഗങ്ങളുടെ മറവില്‍ കൂടിയും വ്യാഖ്യാനങ്ങളുടെ അനുലോമഗതിയിലൂടെയും ലക്ഷ്യപ്രാപ്തിയില്‍ എത്തത്തക്കവണ്ണം ഭാഷാപരമായ നയതന്ത്ര കൗശലങ്ങളില്‍ വിരുതന്മാരും പരിചിതന്മാരുമായ യൂറോപ്യന്‍ മിഷണറിമാര്‍ പില്‍ക്കാലത്ത് സുറിയാനിസഭയില്‍ ചെയ്തുപോന്ന മിഷണറി വേലകളെപ്പറ്റി എഴുതി അയച്ചിട്ടുള്ള റിപ്പോര്‍ട്ടുകളില്‍ അബദ്ധവശാല്‍ കടന്നുകൂടിപ്പോയ ചില എതിര്‍ പ്രസ്താവനകള്‍ ഒഴിച്ചാല്‍ സുറിയാനിസഭയുടെ പ്രാചീന വിശ്വാസാചാരങ്ങളെ തച്ചുടച്ച് തല്‍സ്ഥാനത്ത് ആംഗ്ലേയസഭാ വിശ്വാസാചാരങ്ങള്‍ പ്രതിഷ്ഠിക്കണമെന്ന് മിഷണറിമാര്‍ക്ക് ഉദ്ദേശമുള്ളതായി തോന്നിക്കുന്ന യാതൊരു ലക്ഷ്യങ്ങളും പ്രായേണ കാണ്മാനുണ്ടായിരിക്കുന്നതല്ല. രാജ്യതന്ത്രരീതികളില്‍ വിദഗ്ദ്ധന്മാരായ പ്രസ്തുത യൂറോപ്യന്മാര്‍ നയതന്ത്രപ്രയോഗത്തിന്‍റെ വമ്പിച്ച സാദ്ധ്യതകളില്‍ ഗാഢവിശ്വാസമുള്ളവരായിരുന്നു. അതിനാല്‍ തങ്ങളുടെ റിപ്പോര്‍ട്ടുകള്‍ അഭിപ്രായ വൈപരീത്യത്തിന് ഇടയില്ലാത്തവണ്ണം മനോഹരമാക്കിത്തീര്‍ക്കുന്നതില്‍ അവര്‍ ജാഗരൂകരായിരുന്നു. റിപ്പോര്‍ട്ടുകളും രേഖകളും ഒരുതരത്തിലും പ്രവൃത്തികള്‍ മറ്റുവിധത്തിലുമായിരുന്നു. സുറിയാനിസഭയെ ആംഗ്ലിയാസഭയില്‍ ലയിപ്പിക്കണമെന്ന് മിഷണറിമാര്‍ക്ക് ഉദ്ദേശമില്ലായിരുന്നുവെന്നു സ്ഥാപിപ്പാന്‍ പുറപ്പെട്ടിട്ടുള്ള ചില ചരിത്രകാരന്മാരുടെ പ്രധാനമായ ആധാരലക്ഷ്യം സി. എം. എസ്. മിഷണറിമാരുടെ മേല്‍പ്പറഞ്ഞ റിപ്പോര്‍ട്ടുകളത്രെ. എന്നാല്‍ നാട്ടില്‍ അവര്‍ ചെയ്തിട്ടുള്ള പ്രവൃത്തികളെയും പ്രയോഗങ്ങളെയും നാട്ടുകാര്‍ക്കുണ്ടായിട്ടുള്ള അനുഭവങ്ങളെയും ഈ ചരിത്രകാരന്മാര്‍ ശ്രദ്ധിക്കുന്നതേയില്ല. യോജിപ്പിനെപ്പറ്റി സംസാരിപ്പാനായി യോജിപ്പ് എന്ന പദവും കൊണ്ടുവന്ന ഡോക്ടര്‍ ബുക്കാനാന്‍ തന്നെ തന്‍റെ ചതിപ്പണിയില്‍ മെത്രാപ്പോലീത്താ കുടുങ്ങിയില്ലെന്നു കണ്ടപ്പോള്‍ "വീണത് വിദ്യ" എന്ന മട്ടില്‍ എഴുത്ത് പിച്ചിപ്പറിച്ച് ചിരിച്ച് സന്തോഷമായിട്ട് യാത്ര പറഞ്ഞുപോയി. സാമാന്യമായ നയകൗശലങ്ങള്‍ കൊണ്ട് സുറിയാനിസഭയെ ആംഗ്ലീകരിപ്പാന്‍ സാദ്ധ്യമല്ലെന്ന് ബുക്കാനാനു ശരിക്കു മനസ്സിലായി. അതിനാല്‍ അദ്ദേഹത്തെ തുടര്‍ന്നുവന്ന മിഷ്യണറിമാര്‍ വിദൂര വ്യാപകമായ നിലയില്‍ ബ്രിട്ടീഷ് ഭരണാധികാരികളുടെ ഹസ്താവലംബഛായയില്‍ സുറിയാനിസഭയുടെ ചുറ്റും കുടുക്കുവലകള്‍ വിരിച്ചു. ബുക്കാനാന്‍റെ ചതിപ്പണിയില്‍നിന്ന് മഹാരാജാവിന്‍റെ പേര്‍ ഉപയോഗിച്ച് തപ്പിപ്പിഴച്ച മെത്രാപ്പോലീത്തായുടെ സമയോചിത ബുദ്ധി പ്രശംസാര്‍ഹമായിരിക്കുന്നു)

പഴമപുസ്തകങ്ങള്‍ കാണണമെന്നും പറകകൊണ്ട് നമസ്കാരപ്പുസ്തകവും തക്സായും കാണണമെന്നും അത് രണ്ടും എടുത്തുകൊടുത്താറെ പിന്നെയും ശ്ലോമ്മോന്‍റെ പുസ്തകവും രണ്ട് ബെറിയാമ്മിന്‍റെ പുസ്തകവും അങ്ങനെ ആറു പുസ്തകം പിന്നെയും കൊടുത്തു. ബാവായുടെ കാര്‍യ്യം കൊണ്ട് ഇപ്രകാരമുള്ള നാനാവിധങ്ങള്‍ മേല്പട്ടക്കാരു ചെയ്യുന്നതിനെ അനുസരിച്ചുകൊള്ളുന്നത് ന്യായമല്ലെന്നും വളരെ ഒക്കയും പറഞ്ഞാറെ (മറുപടിയായി) അദ്ദേഹത്തോട് ഒന്നും ചെയ്യരുതെന്നും പരദേശക്കാരുടെ ശീലം ആകുന്നുവെന്നും (മെത്രാപ്പോലീത്താ) കല്പിച്ചു. വേണ്ടുംമ്മണ്ണം പറഞ്ഞു പോകയും ചെയ്തു. ഇവരു വന്നാല്‍ പാര്‍ക്കുന്നതിന് തൃപ്പൂണിത്തുറെ ഒരു മംഗ്ലാളവും പണിയിച്ചു. കുറഞ്ഞോരു ദിവസം അവിടെ പാര്‍ക്കുകയും ദിവസേന വരികയും പോകയും ചെയ്തുവന്നു. പിന്നത്തേതില്‍ അവരു പോയി. പഴമപ്പുസ്തകം പള്ളികളില്‍ ശോധന ചെയ്ത് വരുത്തിക്കൊടുക്കാഴിക കൊണ്ടും ബംകാളത്തിനു രണ്ടു പേരെ കൂടി അയക്കണമെന്നും അവര്‍ക്ക് വേണ്ടുന്നതൊക്കയും കൊടുത്ത് രക്ഷിക്കുമെന്നും അവരുടെ തറവാട്ടില്‍ ചിലവിനു കൊടുക്കുമെന്നും പറഞ്ഞിരുന്നതിന് ആള്‍ അയക്കായ്കകൊണ്ടും കലശലായിട്ട് എഴുതി വന്നു.

ആയിരം വര്‍ഷത്തെ പഴക്കമുള്ള തുകല്‍കടലാസ് സുറിയാനി വേദപുസ്തകം മെത്രാപ്പോലീത്താ ബുക്കാനന് കൊടുക്കുന്നു

ഇങ്ങനെ ഇരിക്കുമ്പോള്‍ ചെങ്ങുന്നൂര്‍ ഇരുന്ന തൊകല്‍ കടദാസുള്ള പഴമപ്പുസ്തകം ആളയച്ചു വരുത്തി കൊടുത്തയച്ചാറെ അറിയുന്നതില്‍ ഒരു പട്ടക്കാരെ അയയ്ക്കണമെന്നും എഴുതിവരികകൊണ്ട് കാട്ടുമങ്ങാട്ടു ഇട്ടിയവിരാക്കത്തനാരെ പറഞ്ഞയച്ചു. അയാളു ചെന്നതിനു മുന്‍പു ബാവായെ കാണിച്ചു. വായനക്ക് നടപ്പില്ലാഴിക കൊണ്ട് ഒരു തംക രൂപായും കൊടുത്തു പറഞ്ഞയച്ചു. കാട്ടുമങ്ങാടന്‍ ചെന്നാറെ നല്ലവണ്ണം വായിച്ചു. അയാളെ കൂടെ ബങ്കാളത്തിന് കൊണ്ടുപോകണമെന്നും സിദ്ധാന്തമായിട്ടു പറഞ്ഞപ്പോള്‍ ഞാന്‍ ചെന്നു മെത്രാപ്പോലീത്തായെ ബോധിപ്പിച്ചുംകൊണ്ടു കൊടുങ്ങല്ലൂര്‍ വരാമെന്നും പറഞ്ഞു പോരികയും ചെയ്തു. ഇതിന്‍റെശേഷം മക്കാളിയുടെ ആളുവന്നു ബാവായെ കൊണ്ടുപോയി. സൗത്താത്തിക്കോന്‍ ചോദിച്ചാറെ നിന്നെ കാട്ടുകയില്ലെന്നും നീയ് ഇംഗ്രേസിന്‍റെ ഒരു സിപ്പായി ആകുന്നു എന്നും, പള്ളികളില്‍ ഒരെടത്തും പോകരുതെന്ന് വിലക്കിയപ്പോള്‍ ഇനിക്ക് ചിലവിനില്ലെന്നും പറകകൊണ്ട് അപ്പോള്‍ത്തന്നെ നൂറു രൂപായും കൊടുത്തു. മട്ടാഞ്ചേരിമുറിയില്‍ പാര്‍ത്തുകൊള്ളണമെന്നും ഒരെടത്തും കടപ്പാന്‍ ദിഷ്ടതിയില്ലെന്നും പറഞ്ഞയച്ച് നാലാംപക്കം അഞ്ഞൂറു രൂപാ കൊടുത്തയക്കണമെന്നും മക്കാളിക്കു ഒരു കടുദാസും എഴുതിയയച്ചു. അതു കണ്ടാറെ കടുദാസും പെട്ടകത്തില്‍ വച്ചു പൂട്ടി. രൂപാ കൊടുത്തില്ല. പള്ളിയില്‍ ഒരെടത്തും കരേറ്റി ഒരു പ്രവൃത്തിയും ഇദ്ദേഹത്തെക്കൊണ്ടു ചെയ്യിക്കരുതെന്നും മക്കാളിയുടെ എഴുത്തു വന്നു.

മകരമാസം 11-നു ബുക്കാനാന്‍ കപ്പലു കരേറി. കൊടുങ്ങല്ലൂര്‍ ചെന്ന് ഇട്ടിയവിരാ കത്തനാരെ അയക്കണമെന്നും എഴുതി വന്നു. അയാള്‍ ഒളിച്ചുപോയി എന്നും ഇനിയും പട്ടക്കാര്‍ക്കടുത്ത പ്രവൃത്തിയൊന്നും അയാളെക്കൊണ്ട് ചെയ്യിക്കയില്ലെന്നും നേരുകേട് അയാളു ചെയ്തതിന് അവസ്ഥപോലെ വിചാരിക്കുമെന്നും മറുപടി കൊടുത്തയച്ചാറെ കപ്പല്‍ ഇപ്പോള്‍ നീക്കുമെന്നും കത്തനാരോട് ഒന്നും ചെയ്യരുതെന്നും വിലക്കരുതെന്നും ഏറ്റം കാര്‍യ്യമായിട്ട് കൊടുങ്ങല്ലൂര്‍ നിന്നും എഴുതി വന്നു.

ബുക്കാനാന്‍റെ ആവശ്യപ്രകാരം മെത്രാപ്പോലീത്താ
വേദപുസ്തകം മലയാളത്തില്‍ തര്‍ജമ ചെയ്യിക്കുന്നു


പുസ്തകം പൊരുളു തിരിച്ച് മലയാഴ്മയില്‍ എഴുതിക്കണമെന്നും എഴുതികാണുമെന്നും പലപ്പോഴും പറകയും എഴുത്തു വരികയും ചെയ്തതിന്ന് തഞ്ചാവൂര്‍ നിന്നും പഴമയും പുതുമയും തമിഴില്‍ അടിച്ച പുസ്തകം വരുത്തി ആയതും സുറിയാനിയില്‍ ഇവിടെ എഴുതീട്ടുള്ള പുസ്തകങ്ങളും കൂട്ടിനോക്കണമെന്നും (പരിശോധനാര്‍ത്ഥമാണ്) ആയതിനെ പൊരുളു തിരിക്കുന്നവര്‍ക്കും എഴുത്തുകാര്‍ക്കും ശമ്പളം കൊടുക്കാമെന്നും പറഞ്ഞാറെ ആയതു വേണ്ടായെന്നും ഇവിടെത്തന്നെ പൊരുള്‍ തിരിപ്പിച്ച് എഴുതിക്കാമെന്നും പറഞ്ഞതിന്‍റെ ശേഷം കൊച്ചിയില്‍നിന്നും തിമ്മപ്പന്‍പിള്ളയെന്ന ഒരു ചെട്ടിയെ ശമ്പളവും കൊടുത്തു കണ്ടനാട്ടിന്ന് പറഞ്ഞയച്ചു. റമ്പാന്‍ പൊരുളു തിരിച്ച് എഴുതിപ്പാനായിട്ട് കുംഭമാസം 1-നു മുതല്‍ക്കു എഴുതിത്തുടങ്ങി. ഏവന്‍ഗേലിയോന്‍ പുസ്തകം മത്തായി ശ്ലീഹായുടെ അറിയിപ്പ് പൊരുളു തിരിച്ചെഴുതിയതില്‍ പിന്നെയത്രെ തമിഴ്പ്പൊസ്തകവും ആളും വന്നൊള്ളു. റമ്പാനത്രെ കടുദാസില്‍ എഴുതുന്നത്. തിമ്മപ്പന്‍പിള്ള ഓലയില്‍ എഴുതുകയും തമിഴ് കൊച്ചിട്ടി നോക്കുകയും എട്ടു നാള്‍ ഒരിക്കല്‍ ഇത്ര എഴുതിയെന്ന് കൊച്ചിയില്‍ എഴുത്തു ചെല്ലത്തക്കവണ്ണം ശട്ടം കെട്ടിയത്രെ ബുക്കാനാന്‍ പോയത്. ഏവന്‍ഗേലിയും പ്രക്കുസേസും പൊരുളു തിരിച്ചതിന്‍റെ ശേഷം ആയതു ബങ്കാളത്തു കൊണ്ടുചെല്ലത്തക്കവണ്ണം എഴുതിവരിക കൊണ്ടു തിമ്മപ്പന്‍പിള്ള കൊണ്ടുപോയി. ഇതിന്‍റെ ശേഷം ബാവായെ കപ്പല്‍ കരേറ്റി അയക്കണമെന്നും അവരു നിശ്ചയിച്ചു കുസ്തംദീനോസ് എന്ന വെള്ളക്കാരന്‍റെ പറ്റില്‍ 150 രൂപാ കൊടുത്തു എന്നും പറഞ്ഞു കേട്ടു. കപ്പലേല്‍ കരേറ്റുവാന്‍ തുടങ്ങുന്നുവെന്നും ബാവായുടെ എഴുത്തു കാണ്‍കകൊണ്ടും എല്ലാസ്ക്കോന്‍ എന്ന പുസ്തകവും കാസായും കൊച്ചിയില്‍ മുറിയുടെ കടുദാസുകളും കൊടുത്തയയ്ക്കണമെന്നും കണ്ടനാട്ടു പുന്നച്ചാലില്‍ കത്തനാരുടെ പറ്റില്‍ എഴുത്തു കൊടുത്തയച്ചാറെ അയാളെ വാക്കിലധിക്ഷേപം പറഞ്ഞ് അടിപ്പാന്‍ ചെല്ലുക കൊണ്ടു പോഞ്ഞിക്കര ചെന്ന് മക്കാളിയെ കണ്ട് മുണ്ടുമുറി കൊടുക്കണമെന്നും കലശലായിട്ടു എഴുത്തും ആളും വന്നതിനെ അനുസരിച്ചില്ല. പുന്നച്ചാലിക്കത്തനാരു വന്ന വര്‍ത്തമാനം കേട്ടാറെ മുണ്ടുമുറിയൊന്നും വേണ്ടായെന്നും ബാവായോട് ഒന്നും ചെയ്യരുതെന്നും, മക്കാളിക്ക് എഴുത്തു കൊടുത്തയച്ചു. മക്കാളി കൊടുങ്ങല്ലൂര്‍ക്കും പോയി. ഇങ്ങനെ ഇരിക്കുമ്പോള്‍ കുംഭമാസം 30-ന് അദ്ദേഹത്തിന്‍റെ ശെമ്മാശനെ കപ്പല്‍ കരേറ്റി പരദേശത്തിന്നയച്ചു.

കോട്ടയത്തു ചെറിയപള്ളിയില്‍ നിന്നും ചിലരു കൊച്ചിയില്‍ ചെന്നപ്പോള്‍ അവരുടെ വള്ളത്തേല്‍ ബാവായെ കരേറ്റി കോട്ടയത്തു കൊണ്ടുപോയി. (ദീയസ്ക്കോറോസ് ബാവായെ) ബാവായെ പള്ളിയില്‍ കരേറ്റരുതെന്ന് വിലക്കിയിരിക്കുമ്പോള്‍ ഇപ്രകാരം ചെയ്തത് മെത്രാപ്പോലീത്താ ബോധിച്ചോ എന്നും രണ്ടാം എഴുത്തു വന്നതിനും വേണ്ടുംമ്മണ്ണം മറുപടിയും കൊടുത്തു. ഹോശാനയ്ക്കു കോട്ടയത്തു ചെറിയപള്ളിയില്‍ കുരുത്തോല കൊടുക്കുന്നതിന് നുറുക്കീലിസിനകത്ത് വാരിക്കെട്ടി പണം വെച്ചാല്‍ ഓല തരാമെന്നും പറഞ്ഞു പണം വാങ്ങിച്ചു ഓല കൊടുത്തു. പിന്നത്തേതില്‍ മേട മാസം 14-ന് നോയന്‍പു വീടുകയും അതിനകം നമസ്കാരവും കഴിച്ചത് എഴുതുവാന്‍ കഴികയില്ല. പുതുഞായറാഴ്ച പുത്തനങ്ങാടിയില്‍ ചെന്നാറെ അവിടെ വെച്ചുണ്ടായ പണം എടുത്തും കൊണ്ട് 24-നു പെരുന്നാള്‍ക്കു പുതുപ്പള്ളിച്ചെന്നു നടവരവും വാരിഎടുത്തു. പണ്ടാരക്കുറ്റിയും വെട്ടിക്കീറി അവിടെനിന്നും പുറപ്പെട്ട് പുതിയകാവില്‍ ചെന്നു. ഇടവമാസം 26-നു രണ്ടു പെണ്‍കെട്ടുണ്ടായിരുന്നത് അദ്ദേഹം തന്നെ പെണ്ണുങ്ങളുടെ താലി കെട്ടിയതും. കായങ്കുളത്ത് ചെന്ന് അമ്പതാം പെരുന്നാള്‍ക്ക് തെരുവിലോടി. പിന്നെ കുര്‍ബാന ചൊല്ലിയതും, കാര്‍ത്തികപ്പള്ളിയില്‍ ചെന്നതും വീണ്ടും പുതിയകാവില്‍ ചെന്ന് പീടികയിലെ പുലകുളിക്ക് ആ വീട്ടില്‍ച്ചെന്ന് മരത്തുമ്മൂട്ടില്‍ കത്തനാരെ അടിച്ചതും അവരുടെ ചെറുക്കനെ പള്ളിയില്‍ കൊണ്ടുചെന്ന് (പുതിയകാവില്‍ പള്ളിയുടെ) ഇടുകുഴി ഇട്ടുംകൊണ്ട് (ഇടുകുഴി = ഗോവണിയുടെ മുകളില്‍നിന്നു മേല്‍ത്തട്ടിലേക്കു കയറുന്നതിനുള്ള വാതല്‍) ചീലാന്തിയേല്‍ കെട്ടിത്തൂക്കിയതും (ദീയസ്ക്കോറോസ് ബാവാ അരക്കു ചുറ്റുന്ന ശീല ചെറുക്കന്‍റെ കുടുമ്മിയില്‍ കെട്ടിയാണ് ശീലാന്തിയേല്‍ കെട്ടിത്തൂക്കിയത്. അടിയന്ത്രവീട്ടില്‍ നിന്ന് ഭക്ഷണം കൊണ്ടുവന്നത് താമസിച്ചാണെന്നുള്ള കാരണം പ്രമാണിച്ചാണ് ഈ കഠിന കൃത്യം ചെയ്തതും) അവരു ചെന്ന് അറുത്തു വിട്ടതും തീയും കൊണ്ടു പീടികയുടെ പുരക്ക് തീവെച്ചതും വെളിമ്പറമ്പില്‍ പോയിരുന്നു കരഞ്ഞതും (തഴക്കര പുത്തന്‍പള്ളി നില്ക്കുന്ന സ്ഥലം മുമ്പ് അല്പം ചില കുറ്റിക്കാടുകളോടുകൂടിയ വെളിമ്പറമ്പായിരുന്നു. അവിടെയാണ് ബാവാ ചെന്നിരുന്ന് കരഞ്ഞത്. ബാവായുടെ കണ്ണുനീര്‍ വീണ സ്ഥലത്താണ് ഇപ്പോള്‍ പള്ളി നില്‍ക്കുന്നത്) ഇതൊക്കയും എഴുതുവാന്‍ കഴികയില്ല.

കൊച്ചീ രാജാവും ആറാം മാര്‍ത്തോമ്മായും തമ്മിലുള്ള കൂടിക്കാഴ്ചയും രാജകീയ സമ്മാനവും


അശ്ചന്‍ (മെത്രാപ്പോലീത്താ) കണ്ടനാട്ടിരിക്കുമ്പോള്‍ പെരുമ്പടപ്പില്‍ തമ്പുരാനുമായിട്ടുള്ള (ശക്തന്‍ തമ്പുരാന്‍റെ പിന്‍ഗാമിയായി സിംഹാസനാരോഹണം ചെയ്ത തമ്പുരാന്‍) കൂടിക്കാഴ്ചയ്ക്കു മുളന്തുരുത്തില്‍ തണംങ്ങാട്ടില്‍ ചാക്കോ മുതല്‍പേരു ചെന്ന് ബോധിപ്പിച്ചാറെ കല്പന വരികകൊണ്ട് കര്‍ക്കടകമാസം 14-നു കരിങ്ങോച്ചിറപ്പള്ളിയില്‍ ചെന്നു പാര്‍ത്തു അടിയറ തീര്‍ന്നല്ലാതെ കാണുകയില്ലെന്നും കേള്‍ക്കകൊണ്ട് കൊച്ചിട്ടി കൂടെ ചെന്ന് നാലു ദിവസത്തെ കാര്യം പറഞ്ഞു വൈപ്പില്‍ കുഞ്ഞിച്ചാക്കോയും തണംങ്ങാട്ടില്‍ ചാക്കോയും മാമല മത്തായിയും കൂടെ 1200 രൂപാ കടം വാങ്ങിച്ച് ഒടുക്കി. 18-നു കൂടിക്കാഴ്ചയെന്നും നിശ്ചയിച്ച് രണ്ടു ശിപായികളെ കല്പിച്ചയച്ചു. അന്നേരം തന്നെ ഇറങ്ങി. ആയിരം പേരോളം ഉണ്ടായിരുന്നു. വാദ്യഘോഷത്തോടുകൂടെ കോട്ടക്കകത്ത് ചെന്നാറെ തമ്പുരാട്ടിമാര്‍ക്ക് മെത്രാനെ കാണണമെന്നും പാലിയത്തശ്ചന്‍റെ (പെരുമ്പടപ്പിലെ മന്ത്രി) മാളികത്താഴെ ഒരു കസേര ഇട്ടിരുന്നു. കുറഞ്ഞൊന്ന് താമസിച്ചു കല്പന വന്നു ചെന്നാറെ രണ്ടുപേരും നിന്നത്രെ കണ്ടത്. നാല് കാശ് വൈപ്പിച്ച് കല്ലുവച്ചതില്‍ ഒരു മോതിരവും രണ്ട് വീരചങ്ങലയും രണ്ടു കുത്ത് പട്ടും കല്പിച്ചു തന്നു. യാത്രയും ചൊല്ലി പല്ലക്കില്‍ കരേറി പാലിയത്തു ചെന്നു. ഒരു കുത്ത് പട്ട് വെയ്പിച്ച് അവിടെനിന്നും ഒരു രൂപം കൊത്തിയ വളയും ഒരു കുത്ത് പട്ടും തന്ന് യാത്ര ചൊല്ലി നടമേല്‍പ്പള്ളിയില്‍ കരേറി അന്നുതന്നെ കരിങ്ങോച്ചിറപ്പള്ളിയില്‍ പോന്നു. ശീപായികള്‍ക്ക് പൌപ്പത്ത് കല്യന്‍ കൊടുത്തു. അല്ലാതെയും ചിലവു വളരെയുണ്ടു. 21-നു കരിങ്ങോച്ചിറ നിന്നും കണ്ടനാട്ടു വന്നു. 22-നു കൊല്ലത്തു ചെല്ലണമെന്നും (വേലുത്തമ്പി) ദളവാ അങ്ങത്തെ സാധനം കൊണ്ട് അരിക്കാരന്‍ വന്നു.

മാമലയും മുക്കുങ്കനും ഓരോ ആട് ചെങ്ങന്നൂര്‍ക്കാര്‍ക്ക് കൊടുത്തു. അന്നു തന്നെ അവരു പോയി (പെരുമ്പടപ്പു തമ്പുരാനുമായിട്ടുള്ള കൂടിക്കാഴ്ച സംബന്ധിച്ചായിരിക്കണം ചെങ്ങന്നൂര്‍ക്കാരു വന്നത്).

മലങ്കര ഇടപെട്ടുള്ള പള്ളിക്കാര്‍യ്യം കൊണ്ട് നിദാനം വരുത്തേണ്ടുന്നതിനു ചെല്ലണമെന്നും ദീനമെങ്കില്‍ വള്ളം കരേറി അരിക്കാരനോടുകൂടെ ച്ചെല്ലണമെന്നും എഴുതിയിരിക്കകൊണ്ട് 29-നു വള്ളം കരേറി അന്നസ്തമിച്ച് നിരണത്തു വന്നു. 30-നു ചെങ്ങന്നൂര്‍ക്കാരും പുത്തന്‍കാവില്‍ക്കാരും വന്നു. വലിയ പെരുമ്പിഴ കൊച്ചിട്ടി കൊണ്ടുവന്ന എഴുത്തു കണ്ടാറെ (ദീയസ്ക്കോറോസ്) ബാവായുടെ കാര്യമെന്നും തോന്നി പുതിയകാവില്‍ വച്ച് പല കൂട്ടവും ചെയ്താറെയും വലിയവീട്ടില്‍ കത്തനാരും അങ്ങാടി കൊച്ചാക്കോ മുതല്‍പേരും നാലഞ്ചു മാപ്പിളമാരും കൂടെ പറഞ്ഞു ബോധിപ്പിച്ച് ബാവായെ കൊല്ലത്തു കൊണ്ടുചെന്ന് കാപ്പ ഇട്ടുംകൊണ്ട് ദളവായെ കാണിച്ചു. മക്കാളിയും മെത്രാനും ഒന്നാകുന്നു എന്നും പലകൂട്ടം ദൂഷണങ്ങളും (ബാവാ) പറഞ്ഞു. വേണ്ടുംമണ്ണം ഉത്തരവും വരുത്തി കാര്യം കേട്ട് തീരുവോളവും ചിലവിനു കൊടുത്തു പുതിയകാവു പള്ളിയില്‍ പാര്‍ക്കത്തക്കവണ്ണം സാധനവും കൊടുത്തയച്ചു. 

83 (983) മാണ്ട് ചിങ്ങമാസം 4-നു (മെത്രാപ്പോലീത്താ) കൊല്ലത്തു ചെന്നു. വല്യപെരുമ്പിഴയും (വലിയ പെരുമ്പുഴ കൊച്ചിട്ടി എന്നുള്ള ആള്‍ ആറാം മാര്‍ത്തോമ്മായുടെ പ്രധാനപ്പെട്ട ആലോചനക്കാരനും അക്കാലത്തെ ഒരു വലിയ ബുദ്ധിമാനും ജനനേതാവുമാണ്) ഇട്ടിമാത്തുത്തരകനും കൊല്ലക്കാരനും മല്ലിട്ടിപ്പണിക്കരും അവിടെ ഉണ്ടായിരുന്നു. ബാവാ പള്ളിയില്‍ പാര്‍ക്കകൊണ്ട് അര രൂപായിക്ക് ഒരു വീട് വാങ്ങിച്ച് അവിടെ ഇരുന്നു. മൂന്നു തീയതി കഴിഞ്ഞതിന്‍റെ ശേഷം, പെരുമ്പടപ്പില്‍ (മെത്രാപ്പോലീത്താ) ചെന്നതും കണ്ടതും വിവരം അറിഞ്ഞുംകൊണ്ടു കത്തങ്ങളും മാപ്പിളമാരും കച്ചേരിയില്‍ ചെല്ലത്തക്കവണ്ണം ഉത്തരവാകയില്‍ പരദേശക്കാരന്‍റെ (ബാവായുടെ) കാര്യത്തിന് ഇന്നപ്രകാരമെന്നും നിശ്ചയിക്കണമെന്നും കേള്‍ക്കകൊണ്ട് തേവലക്കര വൈദ്യന്‍ കൂടെ വന്നിട്ട് ബോധിപ്പിക്കാമെന്നും പറഞ്ഞു പോരികയും ചെയ്തു. വൈദ്യന്‍ വന്നു എല്ലാവരും കൂടെ താണുവന്‍ ചെണ്‍പകരാമന്‍ മുളകുമടിശ്ശീല സര്‍വാധികാര്യക്കാരുടെ അടുക്കല്‍ ചെന്നാറെ പരദേശക്കാരന്‍റെ കാര്യം വന്നനാള്‍ മുതല്‍ ഇന്നുവരെയും ഉള്ളതിനെ കേള്‍ക്കണമെന്ന് പറഞ്ഞപ്പോള്‍ ഞങ്ങള്‍ക്ക് വിവരമില്ലെന്നും കൊച്ചിട്ടിയെ വരുത്തണമെന്നും പറകകൊണ്ട് ആളു വന്നു ചെന്ന് ഉണ്ടായതൊക്കെയും പറഞ്ഞതിന്‍റെ ശേഷം കച്ചേരിയില്‍ ചെല്ലുവാന്‍ പറഞ്ഞു. അവിടെ ചെന്നാറെ അങ്ങത്തേക്ക് (ദളവായിക്ക്) ദീനമാകുന്നുവെന്നും സര്‍വാധികാര്‍യ്യക്കാരും പത്മനാഭപിള്ളയും കൂടെ ഇരുന്നു കൊച്ചിട്ടിയെ അകത്തു വിളിച്ച് ബാവായുടെ കാര്യം കൊണ്ടു വളരെ ഒക്കെയും പറഞ്ഞു. ബാവായുടെ കാര്യത്തിനല്ല വരുത്തിയതെന്നും, മെത്രാന്‍ ഇപ്പോള്‍ത്തന്നെ പോകട്ടെയെന്നും, അങ്ങുന്നുമായി (ദളവയുമായി) ട്ടു കാണ്മാന്‍ സമയമില്ലെന്നും, മാവേലിക്കര വന്നിട്ടു കണ്ടുപറഞ്ഞുകൊള്ളാമെന്നും, താമസിച്ചാല്‍ നീരസം ഉണ്ടെന്നും, മക്കാളിയുടെ എഴുത്തു വന്നിരിക്കുന്നു എന്നും (മക്കാളിയുടെ എഴുത്തു വന്നിരിക്കുന്നുവെന്നുള്ളത് പൂര്‍വ്വോത്തര സംബന്ധമില്ലാത്ത നിലയില്‍ ഒരു പ്രത്യേക കാര്യമായി പ്രസ്താവിക്കുന്നതാണ്) സ്വകാര്യമായിട്ടു പറഞ്ഞാറെ ചിങ്ങമാസം 12-നു വള്ളം കരേറി കായങ്കുളത്ത് വന്നു. 15 നൊന്‍പു വീടി നിരണത്തു വന്നു. ബാവാ കൊല്ലത്തുതന്നെ പാര്‍ക്കുന്നു. വലിയ പെരുമ്പുഴയെ ഏല്പിച്ച് പുതിയകാവിന്ന് പറഞ്ഞയക്കയും ചെയ്തു (ദീയസ്ക്കോറോസ് ബാവായില്‍നിന്നു ഉപദ്രവമേറ്റ പലരും അദ്ദേഹത്തിന്‍റെ വിക്രിയകളെ സംബന്ധിച്ച് കര്‍ണ്ണല്‍ മക്കാളിക്കും തിരുവിതാംകൂര്‍ സര്‍ക്കാരിന്നും സങ്കടഹര്‍ജികള്‍ ധാരാളമായി അയച്ചിരുന്നു).

പിന്നത്തേതില്‍ ബാവായെ കൊച്ചീക്ക് അയക്കണമെന്നും ചിലവിന്നു കൊടുക്കേണ്ടായെന്നും ദളവാ അങ്ങത്തെ എഴുത്തു വരികകൊണ്ടു (മെത്രാപ്പോലീത്താ) വീണ്ടും കൊല്ലത്തു പോയി പാര്‍ത്തു. കണ്ടനാട്ടു പാര്‍ത്തിരുന്ന മെത്രാപ്പോലീത്തായെ കൊല്ലത്ത് വരുത്തി പാര്‍പ്പിച്ചത് ന്യായമല്ലെന്നും വേഗത്തില്‍ കണ്ടനാട്ടിന് അയക്കണമെന്നും മക്കാളിയുടെ എഴുത്ത് വീണ്ടും ദളവാ അങ്ങത്തേക്ക് വരിക കൊണ്ട് ദീനമെങ്കിലും വള്ളം കരേറ്റി അയക്കണമെന്നും 83-മാണ്ട് കന്നിമാസം 5-നു തിരുവല്ലാക്കാര്‍യ്യക്കാര്‍ക്ക് ദളവായുടെ എഴുത്തു വരികകൊണ്ട് കാര്‍യ്യക്കാരു നിരണത്തുവന്ന് ദീനമെന്ന് മറുപടി കൊടുത്തയച്ചു. വലിയവീടന്‍ കൊല്ലത്തു ചെന്ന് ബാവായെ കൊണ്ടുവന്നു പുതിയകാവിലിരുത്തി. ദളവാ പത്മനാഭപുരത്തിനു പോയി. തുലാമാസം അത്രയും (ദീയസ്ക്കോറോസ് ബാവാ) പുതിയകാവില്‍ പാര്‍ത്തു. അവിടെനിന്നു തുമ്പമണ്‍കാരു കൊണ്ടുപോയി. അവിടെ ഇരുന്നു ചില കടുദാസു എഴുതുകയും അവരു പൊരുളു തിരിക്കയും ഇതിന്മണ്ണം ഒക്കെയും കാണ്‍കകൊണ്ട് പള്ളിക്കാരെല്ലാവരും വൃശ്ചികമാസം 30-ാം തീയതിക്കകം നിരണത്തു കൂടണമെന്നും (ആറാം മാര്‍ത്തോമ്മായ്ക്ക്) വയസ്സും ദീനവും ആകകൊണ്ട് കാര്യങ്ങള്‍ പലതും നിശ്ചയിക്കേണ്ടുന്നതിന് സാധനം കൊടുത്തയച്ചാറെ ധനുമാസം 15-ാം തീയതിക്കകം എല്ലാവരും കൂടി. കാര്യങ്ങള്‍ അന്വേഷിപ്പാന്‍ നമ്മാല്‍ കഴികയില്ലെന്നും നിങ്ങള്‍ വിചാരിച്ചു പറയണമെന്നും കല്പിച്ചു. താഴെ ഇറങ്ങി വിചാരിക്കുമ്പോള്‍ (ആലോചിക്കുമ്പോള്‍) ബാവായുടെ എഴുത്ത് വാക്കിലേറ്റമായിട്ടു പലതും എഴുതിയിരിക്കുന്നത് തുമ്പമണ്‍ ഉള്ളതില്‍ ഒരു മാപ്പിള കൊണ്ടുവന്നു. പീലിപ്പോസു റമ്പാന്‍ കണ്ടാറെ സുറിയാനിവൈപ്പിന് പോരായെന്നും പറഞ്ഞു. ഇതിനു മറുപടി എഴുതുകയും ഇദ്ദേഹത്തെ അനുസരിക്കയും വേണ്ടായെന്നും പള്ളിക്കാരു നിശ്ചയിച്ചു. ശേഷം കാര്‍യ്യങ്ങള്‍ വടക്കുപുറത്തുള്ള പള്ളിക്കാരു കൂടെ വന്നിട്ട് അറിവിക്കാമെന്നും നിശ്ചയിച്ച് എല്ലാവരും പിരിഞ്ഞു. അശ്ചന്‍ (മെത്രാപ്പോലീത്താ) കണ്ടനാട്ട് ചെല്ലുവാന്‍ മക്കാളിയുടെ എഴുത്ത് 18-നു വന്നു.

പുന്നത്തറ കത്തനാരെ ആലപ്പുഴക്ക് അയച്ചപ്പോള്‍ ബുക്കാനാന്‍ വന്നു എന്നും പോയി ഇപ്പോള്‍ ചെല്ലെണ്ടാ എന്നും എഴുതി വന്നു.

ആറാം മാര്‍ത്തോമ്മായായ വലിയ മാര്‍ ദീവന്നാസ്യോസിന്‍റെ അന്ത്യഘട്ടവും ചരമവും (983 മീനം 27, 80-ാം വയസ്സില്‍ ചരമം)

ഇതിന്‍റെ ശേഷം (ദീയസ്ക്കോറോസു ബാവാ) തുമ്പമണ്‍ കത്തങ്ങളുടെ തല ചിരപ്പിച്ചു. മകരമാസം 26-നു മാമ്മോദീസാ മുക്കുവാന്‍ സൈത്ത് അദ്ദേഹം ഉണ്ടാക്കി. ഒരു പെണ്ണുകെട്ടും കഴിച്ചു. കുംഭ മാസം 14-നു കണ്ണംകോട്ടിന്നു പോയി. കലശലുണ്ടാക്കി. 25-നു പുതിയകാവില്‍ വന്നു. പാതിനുയമ്പിനു പണിക്കരു കത്തനാരെ പിടിച്ചു തള്ളി. പിറ്റെ ഞായറാഴ്ച ആരും പള്ളിയില്‍ ചെന്നില്ല.

മീനമാസം 16-നു മുതല്‍ക്ക് ദീനമായി. 21-നു ശരീരമൊക്കെ നീരു കൊണ്ടു. വായു കടുക്കകൊണ്ട് ചരിവാന്‍ വഹിയാ (ചരിവാന്‍ വൈകി എന്നു പാഠാന്തരം). 22-നു കുര്യന്‍ കത്തനാരു കണ്ണമംഗലത്തിന് (അറക്കല്‍ വൈദ്യനെ കൂട്ടിക്കൊണ്ടു വരുവാന്‍) പോയി. ഇതിനിടയില്‍ ഈശ്വരപിള്ള വൈദ്യന്‍ വന്നു. പറപ്പള്ളി വൈദ്യന്‍ മുന്‍പിലെ പാര്‍ക്കുന്നു. 23-നു കടമറ്റത്തിനു അവിടെനിന്നും (മെത്രാപ്പോലീത്താ) വാചകം ചൊല്ലി സാധനം കൊടുത്തയച്ചു. 26-നു കണ്ണമംഗലം വന്നു. 24-നു കിടങ്ങന്‍ ഗീവര്‍ഗ്ഗീസ് കത്തനാരു പോയി. നിരണത്തു കത്തങ്ങളും ചെങ്ങന്നൂര്‍ക്കാരും ഓമല്ലൂര്‍ക്കാരും കുര്യന്‍ കത്തനാരും, പിള്ളയരും നന്നാലു പേരു മാറി മാറി നിന്നു. 25-നു അസ്തമിച്ച് പാതിരാ കഴിഞ്ഞശേഷം ബാവായും കരിങ്ങാട്ടില്‍ ശെമ്മാശ്ശനും കൂടെ വന്നു. വലിയ പെരുമ്പുഴയെ വിളിച്ച് (മെത്രാപ്പോലീത്താ) കല്പിച്ചു. ഇപ്പോള്‍ കണ്ടു പറവാന്‍ കഴികയില്ലെന്നും ജനങ്ങള്‍ കൂടി ഒരു പ്രകാരം നിശ്ചയിച്ചിരിക്കകൊണ്ട് ദൈവസഹായം പോലെ കണ്ടുപറയാമെന്നും ഇപ്പോള്‍ പോകട്ടെയെന്നും. അതുകേട്ട് കലശലായിട്ടു പോകയും ചെയ്തു. ഇട്ടിയവിരാ കത്തനാരു പുത്തന്‍ കുര്‍ബാന ചൊല്ലാതെ നില്‍ക്കകൊണ്ടും അനുവാദം വാങ്ങിച്ചു. 25-നു പെരുന്നാള്‍ക്ക് കുര്‍ബ്ബാന ചൊല്ലുവാന്‍ കൈമുത്തുവാന്‍ ചെന്നാറെ വിചാരിച്ചു പറയാമെന്നും കല്പിച്ചതല്ലാതെ അനുസരിച്ചില്ല. മീനമാസം 1-നു ഞായറാഴ്ച അശ്ചന്‍ (മെത്രാപ്പോലീത്താ) കുര്‍ബാന ചൊല്ലി.

മുന്‍ കുംഭമാസം 10-നു കണിയാന്ത്ര കത്തനാരു മുതല്‍പേര്‍ക്ക് പട്ടം കൊടയും ഉണ്ടായിരുന്നു. 8-ാം തീയതിയും 15-ാം തീയതിയും 22-ാം തീയതിയും കുര്‍ബാന കണ്ടു. 25-നു പെരുന്നാള്‍ക്കു കാണ്മാന്‍ വഹിയാ.

(ഇട്ടിയവിരാ കത്തനാര്‍ക്കു പുത്തന്‍ കുര്‍ബ്ബാന ചൊല്ലുവാന്‍ അനുവാദം കൊടുത്തുവെങ്കിലും അദ്ദേഹം 25-നു പെരുന്നാള്‍ ദിവസം ചൊല്ലുവാന്‍ ഉദ്ദേശിച്ചിരുന്ന ആദ്യ കുര്‍ബാനയില്‍ മെത്രാപ്പോലീത്തായിക്കു സംബന്ധിപ്പാന്‍ കഴിയാത്തവണ്ണം ശരീരാസ്വാസ്ഥ്യം വര്‍ദ്ധിച്ചിരുന്നതിനാല്‍ അനുമതി നല്‍കാഞ്ഞതാണ്).

27-നു വെള്ളിയാഴ്ച തേവലക്കര മൂത്ത വൈദ്യന്‍ വന്നു. അന്നുതന്നെ ദേശക്കാരുടെ പേര്‍ക്ക് എഴുത്തും കൊടുത്തു (ഇടവകക്കുള്ള അന്ത്യകല്പന) രണ്ടുപേരെ കടമറ്റത്തിന്നയച്ചു.

ഇനിയും വേണുന്നത് എത്തിക്ക തന്നെ (അന്ത്യകൂദാശ അഥവാ തൈലാഭിഷേകം) എന്നുറച്ച് പീലിപ്പോസു റമ്പാന്‍ കുപ്പായമിട്ട് ഉപ്പുറൂശ്മാ എത്തിക്കുമ്പോള്‍ 25 കത്തങ്ങള്‍ കൂടെ ഉണ്ടായിരുന്നു.

ആറാം മാര്‍ത്തോമ്മായുടെ ചരമശയ്യ


മിശിഹാകാലം 1808-ല്‍ കൊല്ലം 983-മാണ്ട് മീനമാസം 27-നു വെള്ളിയാഴ്ചനാള്‍ വലിയ നൊയമ്പിന്‍റെ നാല്പതാം ദിവസം 27 നാഴിക പുലര്‍ന്നപ്പോള്‍ മെഴുകുതിരികളും കത്തിച്ച് റമ്പാശ്ചന്‍ സൈത്തും പൂശി വഴിക്കാലായുമെത്തിച്ച് കാലം ചെയ്തതിന്‍റെ ശേഷം ഉടന്‍തന്നെ മുഖവും കൈയും കാലും കഴുകിച്ച് കുപ്പായങ്ങളും ഇടുവിച്ച് മുടിയും വെച്ച് സ്ലീവായും വടിയും പിടിപ്പിച്ച് ധൂപവും വെച്ച്, കസേറ മേല്‍ ഇരുത്തി റമ്പാനും ശേഷം പട്ടക്കാരും പൊസ്തകവും ചൊല്ലിത്തുടങ്ങി. ശനിയാഴ്ച 22 നാഴികക്കു മാളികയില്‍ നിന്നും താഴെ ഇറക്കി. രായും പകലും ഉറക്കൊഴിച്ചിലാലെയും ഉത്സാഹത്താലെയും പുന്നത്തറ കുര്യന്‍ കത്തനാരു ഈ ശുദ്ധമാകപ്പെട്ടവനുവേണ്ടി ഏറിയ ചിറ്റാണ്മ (ശുശ്രൂഷ അഥവാ സേവനം) ചെയ്തു. ഇതു കേട്ട് (ദീയസ്ക്കോറോസ്) ബാവാ വലിയ പെരുംപുഴെ വന്നിരുന്നുംകൊണ്ട് ഇങ്ങോട്ട് വരട്ടെ എന്നും ആളയച്ചാറെ വരേണ്ടാ എന്നും എല്ലാവരും കൂടെ പറഞ്ഞയച്ചു. എന്നാറെ നാലു നാഴികപ്പകലെ ബാവായും കരിങ്ങാട്ടില്‍ ശെമ്മാശ്ശനും കൂടെ വന്നു മദുബഹായില്‍ കരേറിയിരുന്നു. വൈദ്യനേയും വലിയ പെരുംപുഴയേയും വിളിച്ച് പലതും പറകയും തെക്കെ വാതുക്കല്‍ മാപ്പിളമാരു കൂട്ടംകൂടി നില്‍ക്കയും ഇങ്ങനെ കാണ്‍ക കൊണ്ടും നിരണത്ത് രണ്ടു കവറിടം ഉണ്ടായിരിക്കകൊണ്ടും പുത്തന്‍കാവിനു കൊണ്ടുപോകയെന്നുറച്ചു. (പുത്തന്‍കാവില്‍) കവറിടം പണിത ആശാരിമാര്‍ക്ക് മൂന്നുപേര്‍ക്ക് 12 ചക്രവും സമ്മാനം 40 ചക്രവും സ്ലീവാ മരം കൊണ്ടു തീര്‍ത്തതിന് 4 ചക്രവും കാസായും പീലാസായും മെഴുകുകൊണ്ട് തീര്‍ത്തതിന് 4 ചക്രവും ഇതൊക്കെയും നിരണത്തുകാരു കൊടുത്തു. പുത്തന്‍കാവില്‍ നിന്നു വള്ളം വരുത്തി. മുണ്ടുമുറികളൊക്കെയും കൂടിയ ദേശക്കാരു വച്ചു പൂട്ടി മുദ്ര ഇടുവിച്ചു വള്ളം കരേറ്റുവാന്‍ തുടങ്ങിയപ്പോള്‍ കൈമുത്തിക്കുന്നതിന് ബാവാ വന്നു സ്ലീവാ എടുക്കകൊണ്ട് കൂടിയ കത്തങ്ങള്‍ വാങ്ങിക്കയും ചെയ്തു. അന്നേരം തന്നെ അദ്ദേഹം പുതിയകാവിനു പോയി. റമ്പാനും കൊച്ചിട്ടിയും നാലു കത്തങ്ങളും കൂടെ വള്ളത്തില്‍ കരേറി പുത്തന്‍കാവില്‍ ചെന്നു. പിറ്റെദിവസം 29-നു ഹോശന ഞായറാഴ്ച ആകകൊണ്ട് കുരുത്തോല കൊടുത്ത് അടച്ചു തുറപ്പും കഴിച്ച് കുര്‍ബാന കഴിഞ്ഞശേഷം 22 നാഴികക്കു കവറില്‍ (മൃതശരീരം) ഇറക്കി. പുത്തന്‍കാവില്‍ക്കാരുടെ പേര്‍ക്ക് കൂടിയ ആളുകള്‍ക്ക് കഞ്ഞി കൊടുത്തു. 30-നു തിങ്കളാഴ്ച 10 നാഴിക രാ ചെന്നപ്പോള്‍ ചെറിയശ്ചനും (അനന്തരഗാമിയായ കൊച്ചുമെത്രാന്‍) അയിപ്പു കത്തനാരും തൊമ്മന്‍ കത്തനാരും വന്നു. 31-നു ചൊവ്വാഴ്ച 22 നാഴികക്കു കവറടക്കുകയും ചെയ്തു.

അന്നു കാലത്ത് ഇട്ടിയവിരാക്കത്തനാരും പുത്തന്‍ കുര്‍ബാന ചൊല്ലി. തൊമ്മന്‍ കത്തനാരു ചൊല്ലിയത്രെ അടക്കിയത്. മേടമാസം 12-നു പുതുഞായറാഴ്ച പുലകുളി കഴിക്കയെന്നും നിശ്ചയിച്ചു. പുത്തന്‍കാവില്‍ പള്ളിക്കാരു 500 പറ അരിയും കോട്ടയം മുതല്‍ ചാത്തന്നൂര്‍ വരെയുള്ള പള്ളിക്കാര്‍ക്ക് 500 രാശിക്കു കോപ്പുകള്‍ക്കും വരിയിട്ടു സാധനവും എഴുതി. ഒപ്പിട്ടില്ല.

പള്ളിയുടെ തെക്കുവശത്ത് മാനസം കെട്ടി 400 പറ അരി വെച്ചു പാലും പഞ്ചസാരയും ആദിയായിട്ടുള്ള കോപ്പുകള്‍ കൂട്ടി വേണ്ടുംമണ്ണം പുലകുളിയും കഴിച്ചു. റാസയും കുര്‍ബ്ബാനയും ഉണ്ടായിരുന്നു. 600 ചക്രം ലക്ഷണ (ദക്ഷിണ) വീണത് പള്ളിക്കാര്‍യ്യത്തില്‍ എടുത്തു. അങ്കമാലി ഇട്ടൂപ്പു കത്തനാരും കൂടെ നിരണത്തു വെച്ചുണ്ടായ കാര്‍യ്യം ആലുവായില്‍ മക്കാളി സായ്പു പാര്‍ക്കുമ്പോള്‍ കേട്ടു ചാള്‍മ്മറ കര്‍ണ്ണലിന് എഴുത്തുവരിക കൊണ്ട് ബാവായെ കൊണ്ടുപോകുവാന്‍ കുപ്പിണി 200 പേരു പുറപ്പെട്ട് നിരണത്തോളം വന്നു.

(ദീയസ്ക്കോറോസ്) ബാവാ ഒളിച്ചുപോയെന്നു കേള്‍ക്കകൊണ്ട് അവരു തിരിച്ചു പോയി. ഇതിന്‍റെ ശേഷം മേടമാസം 23-നു ചെറിയശ്ചന്‍ നിരണത്ത് ചെന്ന് മുറി തുറപ്പിച്ച് മുതല്‍കാര്‍യ്യങ്ങളും എടുത്തു കാര്‍യ്യങ്ങള്‍ വിചാരിച്ചു വരുന്നു (7-ാം മാര്‍ത്തോമ്മായുടെ പേര്‍ മാത്തന്‍. 964 മേടം 6-നു റമ്പാനായി. 971 മേടം 21-നു എപ്പിസ്കോപ്പാ. 981 മീനം 22-നു 7-ാം മാര്‍ത്തോമ്മായായി ഭരണമേല്ക്കുന്നു).

ഏഴാം മാര്‍ത്തോമ്മാ മെത്രാന്‍റെ ഭരണാരംഭം (983 മേടം)

ഈ ഗ്രന്ഥവരിയുടെ കര്‍ത്തൃത്വം

എന്നാല്‍ 81-മാണ്ട് (981) കടമറ്റത്തിരിക്കുമ്പോള്‍ ഇപ്പോഴത്തെ വര്‍ത്തമാനവും നിരണത്ത് കാലം ചെയ്ത അശ്ചന്‍റെ (അഞ്ചാം മാര്‍ത്തോമ്മായുടെ) കാര്യവും എഴുതണമെന്നും അതുകൊണ്ട് വളരെ ഉപകാരമുണ്ടെന്നും (ആറാം മാര്‍ത്തോമ്മാ) കല്പിച്ചത്രെ എഴുതിച്ചത്.

നിരണത്തുവെച്ച് മനുഷ്യരുടെ ചതിവും നേരുകേടുംകൊണ്ട് യാക്കോബായക്കാരെന്നു പേരു പറയുന്നതല്ലാതെ പ്രവൃത്തിയില്ലായ്കയാല്‍ ഏറ്റം താമസം കൂടാതെ ഇംഗ്രേസു മാര്‍ഗ്ഗം (ഇംഗ്ലീഷുമാര്‍ഗ്ഗം അതാവിത് പ്രോട്ടസ്റ്റന്‍റു വിശ്വാസം) ആകുവാന്‍ ഇടവരുമെന്നും കല്പിച്ചിട്ടുണ്ട് (ആറാം മാര്‍ത്തോമ്മായുടെ ഈ ദീര്‍ഘദര്‍ശനം ഫലിക്കുക തന്നെ ചെയ്തു. സുറിയാനിസഭയെ സന്ദര്‍ശിപ്പാന്‍ വന്ന ഇംഗ്ലീഷ് മിഷ്യണറിമാരുടെ താല്പര്യങ്ങളും അവരുടെ ഉന്നങ്ങളും ലാക്കുകളും ഇംഗ്ലീഷു ജനതയുടെ ശക്തിയും നാട്ടുരാജാക്കന്മാരുടെ മേല്‍ സുപ്രതിഷ്ഠിതമായ അവരുടെ അധികാരശക്തിയും വേണ്ടവിധം മനസ്സിലാക്കിയിരുന്ന മെത്രാപ്പോലീത്തായ്ക്ക് വിശ്വാസാചാര വിഷയങ്ങളില്‍ സ്ഥിരനിഷ്ഠയില്ലാത്തവരും പണത്തിനും സ്വാധീനത്തിനുംവേണ്ടി ചതിവും നേരുകേടും കാണിപ്പാന്‍ മടിയില്ലാത്തവരുമായ തന്‍റെ ഭരണീയജനങ്ങള്‍ പില്‍ക്കാലത്ത് ആംഗ്ലേയസഭയെ ആശ്ലേഷിക്കുമെന്ന് നിശ്ചയമുണ്ടായിരുന്നു. ഇത് ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരുതരത്തില്‍ അനുഭവപ്പെട്ടു. സി. എം. എസ്. സുറിയാനിക്കാര്‍, നവീകരണ - അഥവാ മാര്‍ത്തോമ്മാ സുറിയാനിക്കാര്‍ എന്നിങ്ങനെ രണ്ടു വിഭാഗം പില്‍ക്കാലത്തു മലങ്കര സുറിയാനിസഭയില്‍ ഉദയം ചെയ്ത്  വളര്‍ച്ച പ്രാപിച്ചു).

ഇതിന്‍റെ ശേഷം 83-മാണ്ട് (983) ഇടവമാസം മുതല്‍ക്ക് ദളവായും (വേലുത്തമ്പി) മക്കാളിയും തമ്മില്‍ നീരസം വച്ചതു കാരണത്താല്‍ ആ കൂട്ടത്തിന് (നാട്ടുകാരായ സുറിയാനി ക്രിസ്ത്യാനികള്‍ക്ക്) വെള്ളക്കാരുമായി ഒത്താശയുണ്ടെന്നും (തിരുവിതാംകൂര്‍ രാജ്യത്തിന്‍റെ ഭരണാധികാരം മുഴുവന്‍ ഇംഗ്ലീഷുകാര്‍ ഏറ്റെടുപ്പാന്‍ സുറിയാനിക്കാര്‍ പരിശ്രമിക്കുന്നുവെന്ന് ഒരു തെറ്റിദ്ധാരണ വേലുത്തമ്പിക്കുണ്ടായിരുന്നതായി കുണ്ടറനിന്ന് പ്രസിദ്ധപ്പെടുത്തിയതായ വേലുത്തമ്പിയുടെ വിളംബരം സൂചിപ്പിക്കുന്നു) കുപ്പിണിയെ വരുത്തിയെന്നും ബാവാ ദളവായുടെ അടുക്കല്‍ ചെന്ന് സങ്കടം പറകയും (നാട്ടുകാരായ സുറിയാനിക്കാരുടെ ചോറു മൂക്കുമുട്ടെ തിന്നുകൊണ്ട് അവരെ സംബന്ധിച്ച് ഭരണാധികാരികളെ തെറ്റിദ്ധരിപ്പിക്കുന്ന ദീയസ്ക്കോറോസു ബാവായെപ്പോലെയുള്ള നീചബുദ്ധികള്‍ ശീമ ബാവാന്മാരായി പില്‍ക്കാലത്തും ഇവിടെ വന്നിട്ടുണ്ട്) ചെറിയശ്ചന്‍ പട്ടം കൊടുത്തതു കാരണത്താല്‍ കത്തങ്ങളും മാപ്പിളമാരും ഒന്നിനൊന്നായിട്ട് ദളവായെ ബോധിപ്പിക്ക കൊണ്ടും, റമ്പാശ്ചനു പള്ളികളില്‍നിന്ന് വരിയിട്ടു പണം പിരിച്ചുകൊടുത്തുയെന്നു, ഇതൊക്കയും വലിയ പെരുമ്പുഴയും കുഞ്ഞാണ്ടിത്തരകനും കൊച്ചിട്ടിയും ചെയ്തിരിക്കകൊണ്ടു എല്ലാവരെയും വരുത്തണമെന്നും, ഉത്തരവായി മാവേലിക്കര വലിയ യജമാനനു എഴുതി വരികകൊണ്ട് റമ്പാനും, കൊച്ചിട്ടിയും, വലിയ പെരുമ്പുഴയും നിരണം, ചെങ്ങന്നൂരു, പുത്തന്‍കാവ്, പുതിയകാവ് ഈ നാലു പള്ളികളിലെ കൈക്കാരന്മാരും ചെല്ലത്തക്കവണ്ണം ആളു വരികകൊണ്ട് 84-മാണ്ടു തുലാമാസത്തില്‍ ആലപ്പുഴെ കൊണ്ടുപോയി. 

(ആ കാലത്തെ തിരുവിതാംകൂര്‍ ഗവര്‍മ്മെണ്ടിന്‍റെ ഭരണസമ്പ്രദായങ്ങള്‍ യാതൊരു വ്യവസ്ഥാപിത നീതിനിയമങ്ങളെയും ആസ്പദമാക്കിയല്ലായിരുന്നു. ഓരോ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍റെയും വിശേഷിച്ച് ദളവായുടെയും ഇഷ്ടാനിഷ്ടങ്ങളും രസ നീരസങ്ങളുമായിരുന്നു അതതു വിഷയങ്ങളില്‍ ചട്ടമായി പ്രമാണിക്കപ്പെട്ടിരുന്നത്. സര്‍ക്കാരിന്‍റെയും ജനങ്ങളുടെയും സമുദായങ്ങളുടെയും അധികാരാവകാശങ്ങള്‍ക്ക് യാതൊരു വ്യവസ്ഥയുമുണ്ടായിരുന്നില്ല. ഏതു വിഷയം പറഞ്ഞും ജനങ്ങളെ ഉപദ്രവിപ്പാന്‍ ഉദ്യോഗസ്ഥന്മാര്‍ക്ക് സൗകര്‍യ്യമുണ്ടായിരുന്നു. ഈ രീതിക്ക് മാറ്റമുണ്ടായി നീതിന്യായ നിയമങ്ങള്‍ക്ക് ഭരണത്തില്‍ പ്രവേശം അനുവദിച്ചത് കര്‍ണ്ണല്‍ മണ്ട്രോയുടെ കാലം മുതല്‍ക്കായിരുന്നു. ഈ വിഷയത്തെ സംബന്ധിച്ച് താഴെ ചേര്‍ക്കുന്ന പ്രസ്താവനകള്‍ ശ്രദ്ധേയമാണ്. "കൈക്കൂലിയും അക്രമങ്ങളും അന്ന് രാജ്യത്തില്‍ സര്‍വ്വത്ര വ്യാപിച്ചിരുന്നു. ഗവര്‍മ്മെണ്ടു സര്‍വീസിലുള്ള ഏതു ഉദ്യോഗസ്ഥനും അന്ന് ഇഷ്ടംപോലെ ജനങ്ങള്‍ക്ക് പിഴയിടുവാന്‍ അധികാരമുണ്ടായിരുന്നു. ഒരാള്‍ മരിച്ചാല്‍ അയാളുടെ വസ്തുവകകളെല്ലാം രാജാവിന്‍റേത് ആകുമെന്നായിരുന്നു അന്നു കരുതി വന്നിരുന്നത്. ഈ വസ്തുക്കള്‍ അടുത്ത അവകാശികള്‍ക്കു കിട്ടണമെങ്കില്‍ ഭീമമായ പിഴകള്‍ സര്‍ക്കാരില്‍ അടക്കേണ്ടിയിരുന്നു. ഏതുതരം കുറ്റത്തിനും ജനങ്ങളില്‍നിന്നും പിഴ ഈടാക്കുവാനുള്ള അധികാരം അന്നു ദിവാന്‍ജിക്കും കീഴ്ജീവനക്കാര്‍ക്കും ഉണ്ടായിരുന്നു എന്നുള്ളത് പ്രത്യേകം പറയേണ്ടതു തന്നെ. ഇങ്ങനെ ഈടാക്കുന്ന പിഴകളില്‍ 20 ശതമാനം പിഴയിട്ട ദിവാന്‍ജിയും മറ്റു ഉദ്യോഗസ്ഥന്മാരുമായി വീതിച്ചെടുക്കുകയായിരുന്നു പതിവ്. ബാക്കി തുക മാത്രമേ സര്‍ക്കാര്‍ ഖജനാവില്‍ അടച്ചിരുന്നുള്ളു. ... ഉദ്യോഗസ്ഥന്മാര്‍ ഓരോരുത്തരില്‍ നിന്നും യാതൊരു മടിയും കൂടാതെയും വീട്ടണമെന്നുള്ള ഉദ്ദേശം കൂടാതെയും പണം കടം വാങ്ങുകയും കടം കൊടുത്തവര്‍ മുതലും പലിശയും ആവശ്യപ്പെടുകയും ചെയ്യുമ്പോള്‍ അവരെ ജയിലിലാക്കുകയും ചെയ്യുക അസാധാരണമായിരുന്നില്ല." (കര്‍ണ്ണല്‍ മണ്ട്രോയുടെ ഭരണപരിഷ്കാരങ്ങള്‍ എന്ന വിഷയത്തെ സംബന്ധിച്ച് 1103-ല്‍ ഉള്ളൂര്‍ എസ്. പരമേശ്വരയ്യര്‍ കേരള സൊസൈറ്റിയില്‍ ചെയ്ത പ്രസംഗം നോക്കുക. 1103 -8-27 ലെ പ്രതിദിനം പത്രം).

മക്കാളി 3000 പൂവരാഹന്‍ ആറാം മാര്‍ത്തോമ്മായോടു വായ്പ വാങ്ങുന്നു
മെത്രാപ്പോലീത്തായോട് (ഇതിനെടയില്‍ ആറാം മാര്‍ത്തോമ്മായോട്) 3000 പൂവരാഹന്‍ കുമ്പഞ്ഞി വകക്ക് (ഈസ്റ്റിന്‍ഡ്യാ കമ്പനിക്കുവേണ്ടി) വായിപ്പ വാങ്ങിച്ചു എന്നും അതിന് നൂറ്റുക്കു എട്ടു പലിശ വീതം ഉള്ള പൂവരാഹന്‍ 240 ഉം തിരുവിതാംകോട്ടു നിന്നും പള്ളിയുള്ള കാലം വരെയും കൊടുക്കത്തക്കവണ്ണം ഒരു കടുദാസ് മക്കാളി എഴുതി ദളവായുടെ പറ്റില്‍ കൊടുത്തു (കൊടുത്തിരുന്നു).

(കപ്പം മുടങ്ങിക്കിടന്നിരുന്നു എന്നു മാത്രമല്ല ഇംഗ്ലീഷു കമ്പനിക്ക് 48 ലക്ഷത്തില്‍ ചില്വാനം രൂപാ തിരുവിതാകൂര്‍ സര്‍ക്കാര്‍ കൊടുത്തടപ്പാനുമുണ്ടായിരുന്നു (989 ധനു 21-നു ലക്ഷ്മീഭായി റാണി കര്‍ണ്ണല്‍ മണ്ട്രോയിക്കയച്ച എഴുത്തു നോക്കുക). ഇങ്ങനെയുള്ള ഒരു പരിതസ്ഥിതിയിലായിരുന്നു മക്കാളി പണം മെത്രാപ്പോലീത്തായോടു വായ്പ വാങ്ങിയത്. 1808 ഡിസംബര്‍ 1-ാം തീയതിയാണ് ആറാം മാര്‍ത്തോമ്മാ 3000 പൂവരാഹന്‍ വായിപ്പ കൊടുത്തത്. ഇംഗ്ലീഷുകാരെയും അവരുടെ ഭരണാധികാരത്തെയും കേരളത്തില്‍ നിന്നു തുരത്തുന്നതിനായിട്ടും, ക്രിസ്തുമത പ്രചാരത്തെ തടയുന്നതിനായിട്ടും ഫ്രഞ്ചുകാരുടെ സഹായം ലഭിക്കുമെന്നുള്ള ഗാഢമായ പ്രതീക്ഷയോടു കൂടി വേലുത്തമ്പി ദളവായും പാലിയത്തച്ചനും ചേര്‍ന്നു ഗൂഢമായി യുദ്ധസന്നാഹം ചെയ്തു. ഇതിലേക്ക് അവര്‍ കേരളത്തിലെ രാജസ്ഥാനികളെയും സാമൂതിരിപ്പാടിനെയും സ്വപക്ഷത്തേക്ക് വശീകരിക്കുകയും ചെയ്തു. 1808-ല്‍ മേല്‍പ്പറഞ്ഞവരില്‍ നിന്ന് സാമൂതിരിപ്പാടിലേക്ക് ലഭിച്ച ഒരു എഴുത്തു സാമൂതിരിയുടെ മന്ത്രി മദ്രാസ് ഗവര്‍ണര്‍ക്കയക്കുകയും അങ്ങനെ മക്കാളിക്കു സാഹചര്യങ്ങള്‍ മനസ്സിലാക്കുവാന്‍ സാധിക്കുകയും ചെയ്തു. തിരുവിതാംകൂറില്‍ നിന്നും കൊച്ചിയില്‍ നിന്നും മുറപ്രകാരം അടക്കേണ്ട കപ്പം രണ്ടു മന്ത്രിമാരും അടച്ചു കൊടുത്തിരുന്നില്ല. യുദ്ധം അത്യാസന്നമാണെന്ന് മക്കാളിക്കു അറിയുകയും ചെയ്യാമായിരുന്നു. ഈ അവസരത്തിലായിരുന്നു മക്കാളി ആറാം മാര്‍ത്തോമ്മായോടും വരാപ്പുഴ ബിഷോപ്പിനോടും രണ്ടു വലിയ സംഖ്യകള്‍ കടം വാങ്ങിയത്. ഇതു കഴിഞ്ഞ് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ യുദ്ധം ആരംഭിച്ചു. 1808 ഡിസംബര്‍ 28-നു വെടി തുടങ്ങി. 1809 ഫെബ്രുവരി 7-നു ശത്രുക്കള്‍ ബ്രിട്ടീഷുകാര്‍ക്കു കീഴടങ്ങി. ഈ യുദ്ധത്തെ സംബന്ധിക്കുന്ന പല ചരിത്രരേഖകള്‍ കൊച്ചി രാജ്യം 2-ാം വാല്യത്തില്‍ 739 മുതല്‍ 769 വരെ പുറങ്ങളില്‍ മി. കെ. പി. പത്മനാഭമേനവന്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. രണ്ടു മന്ത്രിമാരും കൂടി ക്രിസ്തുമതത്തെ നശിപ്പിക്കുന്നതിനായി അമ്പതിനായിരത്തിലധികം ക്രിസ്ത്യാനികളെ സംഹരിക്കുകയുണ്ടായി. കൊല്ലുവാന്‍ സമയം ലഭിക്കായികയാല്‍ അനവധി ക്രിസ്ത്യാനികളെ കടലില്‍ എറിഞ്ഞു നശിപ്പിച്ചു. കൊച്ചിയിലെ ഈ ക്രൈസ്തവ സംഹാരത്തിനാണ് "വെട്ടിക്കൊലപ്പട" എന്ന പേര്‍ പറഞ്ഞുവരുന്നത്. പല സ്ഥലത്തും ക്രിസ്ത്യാനികളെ കൊന്നൊടുക്കി. കൊലപ്പറമ്പ് എന്നു പേരുള്ള പല പറമ്പുകളുമിന്നും കൊച്ചിയിലുണ്ട്).

(ഇതുകള്‍ സംബന്ധിച്ച്) ഏറിയ ചോദ്യങ്ങളും ഞെരുക്കങ്ങളുമുണ്ടായി. വലിയ പെരുമ്പിഴയേയും കൊച്ചിട്ടിയേയും മറിപ്പിലാക്കി (വാറണ്ടില്‍ വച്ചു എന്നു താല്പര്‍യ്യം). ശേഷംപേരുടെ മറിപ്പൊഴിഞ്ഞു. ആലന്തുരുത്തില്‍ പാര്‍ക്കുന്ന മാത്തനേയും വരുത്തി പാര്‍പ്പിച്ചിരിക്കുമ്പോള്‍ ചെറിയശ്ചനെയും (ഏഴാം മാര്‍ത്തോമ്മാ) വരുത്തി. 10000 കല്യന്‍ അദ്ദേഹം ചിലവിട്ടു. ദളവായെ കാണ്മാന്‍ കൂടിയില്ല. ഇതിന്‍റെ ശേഷം മക്കാളി കൊച്ചിയില്‍ ഇരിക്കുമ്പോള്‍ സാധനം എഴുത്ത് പത്മനാഭ പിള്ളക്കു മുളകുമടിശ്ശീല സര്‍വാധിയും വച്ചു അദ്ദേഹം രഹസ്യമായിട്ടു കൊച്ചിയില്‍ ചെന്നു മക്കാളിയെ കൊന്നു എന്നു പ്രസിദ്ധപ്പെടുത്തി. കൊല്ലത്ത് ചള്‍മ്മറ കര്‍ണ്ണല്‍ മുതല്‍പ്പേരു 700 പേരു കൊല്ലത്തു കച്ചേരിയില്‍ കേറി ദളവായുടെ അനുജന്‍ തമ്പി മുതല്‍പ്പേരെ ഓടിച്ച് അപജയപ്പെടുത്തി. അതുകാരണത്താല്‍ അവരുടെ ആളുകള്‍ കച്ചേരിയിലും ദളവായും (വൈക്കം) പത്മനാഭപിള്ളയും കുതിരഭക്ഷിയും (ഇപ്പേരുള്ള ഒരാള്‍ ഉണ്ടായിരുന്നു. കുതിരപ്പക്ഷിയെന്നും പറയും) മുതല്‍പേരു പട്ടാളത്തെയും ശേഖരിച്ച് മകരമാസം 4-നു ശണ്ഠ കഴിഞ്ഞശേഷം കുണ്ടറയും പാര്‍ത്തു. 18-നും 19-നും യുദ്ധം തുടങ്ങി ഏറിയ ആളുകള്‍ക്ക് അപജയം വന്നു. പിന്നത്തേതില്‍ വെട്ടിയകോട്ടയിലായിട്ടും തോവാളയിലായിട്ടും ഇംഗ്രേസ് പട്ടാളം വന്നിറങ്ങി. അതു കാരണത്താല്‍ ദളവാ മുതല്‍പേരു ഒളിച്ചുപോയി. കുംഭമാസം 12-ാം തീയതിക്കകം എല്ലാവരെയും കൊന്ന് പടയും നിറുത്തലായി (983 കുംഭം 12-നു പട അവസാനിച്ചു).

വട്ടിപ്പണത്തിന്‍റെ കടച്ചീട്ട് വേലുത്തമ്പിയുടെ പെട്ടിയില്‍ നിന്നെടുത്ത് മക്കാളി ഏഴാം മാര്‍ത്തോമ്മായെ ഏല്പിക്കുന്നു


ദളവായുടെ പെട്ടകങ്ങള്‍ മക്കാളി ശോധന ചെയ്യിച്ചു മൂവായിരം പൂവരാഹന്‍റെ കടുദാസും എടുത്തുംകൊണ്ട് കച്ചേരിയില്‍ വന്ന് മെത്രാന്‍ ഇരിക്കുന്ന പുത്തന്‍കാവില്‍ ആളയച്ചാറെ, പീലിപ്പോസു റമ്പാനും കൊച്ചിട്ടിയും കൂടെ പോയി കടുദാസും (കടച്ചീട്ട്) അവരുടെ പറ്റില്‍ കൊടുത്തു വര്‍ത്തമാനങ്ങളും പറഞ്ഞയക്കയും ചെയ്തു. 

ദീയസ്ക്കോറോസ് ബാവാ തിരിച്ചുപോകുന്നു


ഇതിനിടയില്‍ (ദിയസ്ക്കോറോസ്) ബാവായുടെ ചെമ്മാശ്ശന്‍ വന്നു സ്താത്തിക്കോന്‍ ഇവിടെ ഇരുന്നത് കണ്ട് പകര്‍ത്തി. അയാള്‍ കൊണ്ടുവന്നുയെന്നും പറഞ്ഞ് (ബാവാ) കൊച്ചിയില്‍ ചെന്ന് കപ്പല്‍ കരേറി പരദേശത്തിനു പോകയും ചെയ്തു (ദിയസ്ക്കോറോസ് മടക്കയാത്രയില്‍ റോമ്മാ സഭയില്‍ ചേര്‍ന്നുവെന്നും പറയുന്നു).

(നിരണം ഗ്രന്ഥവരിയുടെ അക്കര പകര്‍പ്പില്‍ നിന്നും)

Comments

Popular posts from this blog

കോട്ടയം അക്കര സി. ജെ. കുര്യന്‍ | കെ. വി. മാമ്മന്‍

പ. പാമ്പാടി തിരുമേനി നടത്തിയ പട്ടംകൊട ശുശ്രൂഷകള്‍

നിരണം പള്ളി കൂദാശ (1912)