മാര്‍ ഗ്രീഗോറിയോസ് അബ്ദല്‍ ജലീലിന്‍റെ കല്പന

മാര്‍ ഗ്രീഗോറിയോസ് അബ്ദല്‍ ജലീല്‍ 1668 ഫെബ്രുവരി 5-ന് കോട്ടയം വലിയപള്ളിയില്‍ നിന്നും പറവൂര്‍, കണ്ടനാട്, മുളന്തുരുത്തി എന്നീ പള്ളികള്‍ക്കയച്ച കല്പന:

"സുറിയാനി സഭയിലെ സത്യമുള്ളതും സ്തുതിചൊവ്വാകപ്പെട്ടതുമായ കാനോനാകളെ ത്യജിച്ച് വിഗ്രഹാരാധനക്കാരായ ഫ്രങ്കായക്കാരോട് ചേര്‍ന്നു നില്ക്കുന്ന അന്ധന്മാരായ ആളുകളില്‍ നിന്ന് നിങ്ങള്‍ അനുഭവിക്കുന്ന പീഡകളെക്കുറിച്ച് നാം അറിഞ്ഞിരിക്കുന്നു. അവര്‍ പണ്ടു നമ്മുടെ വിശ്വാസത്തെ അനുസരിച്ച് നടന്നിരുന്ന സുറിയാനിക്കാരായിരുന്നു. പോര്‍ട്ടുഗലിലെ ദോഷികളായ രാജാക്കന്മാരുടേയും രാജ്ഞികളുടേയും സ്വാധീന ബലത്താല്‍ ഇപ്പോള്‍ അവര്‍ വേദവിപരീതികളായി തീര്‍ന്നിരിക്കുകയാണ്. അവര്‍ നിയമാനുസരണമല്ലാത്ത ഒരു സംഘം നടത്തുകയും അപ്പോസ്തോലികമായ നമ്മുടെ സത്യവിശ്വാസത്തെ ഭേദപ്പെടുത്തുകയും ചെയ്തു. നിഖ്യായിലെ പരിശുദ്ധ സുന്നഹദോസിനാല്‍ സ്വീകരിക്കപ്പെട്ട കാനോനാകളെ അവര്‍ കീഴ്മേല്‍ മറിച്ചുകളഞ്ഞു. വിലയേറിയ പൂര്‍വാചാര മര്യാദകളെ അവര്‍ നാനാവിധമാക്കി. അശുദ്ധമായ വേദവിപരീതത്തില്‍ അവര്‍ വീണു. അവരുടെ കുഴികളില്‍ മറ്റുള്ളവരെ വീഴിക്കുന്നതിന് അവര്‍ ശ്രമിക്കുന്നു. ഈ ലേഖനത്തില്‍ വിവരിക്കുവാന്‍ അസാധ്യമാകുമാറ് ഫ്രങ്കായക്കാരുടെ വേദവിപരീതങ്ങള്‍ അത്ര വളരെയുണ്ട്!! നിങ്ങളെക്കാണുന്ന സമയം അവയെക്കുറിച്ച് സംസാരിക്കാമെന്ന് ആശിക്കുന്നു.

സുറിയാനി സഭയുടെ കാനോനാകളില്‍ നിങ്ങള്‍ വൈരാഗ്യമുള്ളവരായിരിക്കണമെന്ന് നാം അപേക്ഷിക്കുന്നു. ഈ ലോകത്തിലെ ദുഃഖാനുഭവങ്ങള്‍ പരലോകത്തിലെ സൗഭാഗ്യങ്ങള്‍ക്കു നിങ്ങളെ യോഗ്യരാക്കുമെന്ന് ഓര്‍ക്കുവിന്‍. 'അവസാനം വരെ സഹിക്കുന്നവര്‍ രക്ഷപ്പെടും,' 'സ്വര്‍ഗ്ഗരാജ്യം ബലത്താല്‍ പിടിച്ചടക്കപ്പെടും' എന്നല്ലയോ നമ്മുടെ കര്‍ത്താവ് അരുളിച്ചെയ്യുന്നത്. 'ഇതിന്നായിട്ടല്ലോ നിങ്ങള്‍ വിളിക്കപ്പെട്ടിരിക്കുന്നത്. ക്രിസ്തുവും നമുക്കു വേണ്ടി കഷ്ടമനുഭവിക്കുകയും അവന്‍റെ കാല്‍ച്ചുവടുകളില്‍ നടപ്പാനായിട്ട് ഈ ദൃഷ്ടാന്തം നമുക്കു തരികയും ചെയ്തിരിക്കുന്നു' എന്ന് ശ്ലീഹന്മാരുടെ തലവനായ ശു. പത്രോസും തന്‍റെ ലേഖനത്തില്‍ എഴുതിയിരിക്കുന്നു. വി. സഭയുടെ നാവായിരിക്കുന്ന ശു. പൗലോസ്, സുവിശേഷത്തിന്‍റെ വിശ്വാസത്തിന്നായി പോരാട്ടം ചെയ്തുകൊണ്ട് ഏക മനസ്സോടു കൂടി ഏക ആത്മാവില്‍ ഉറച്ചു നില്പിന്‍ എന്ന് ഫിലിപ്യ ലേഖനത്തില്‍ എഴുതിയിരിക്കുന്നു. അനുഗ്രഹിക്കപ്പെട്ടവനായ ശു. യാക്കോബ് പറയുന്നത്: 'സഹനത്തിനും കഷ്ടാനുഭവത്തിനും ദീര്‍ഘക്ഷമയ്ക്കും ദൃഷ്ടാന്തമായി ദീര്‍ഘദര്‍ശിമാരെ എടുത്തുകൊള്‍വിന്‍. യോബിന്‍റെ ക്ഷമയും അവന്‍റെ അവസാന മഹത്വവും നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ' എന്നാണ്. സുറിയാനിക്കാരന്‍ മാര്‍ അപ്രേം മല്പാന്‍ പറയുന്നത്: 'കഷ്ടതകളെ സഹിക്കുവിന്‍. സത്യത്തില്‍ നിന്ന് പിന്മാറരുത്. നിങ്ങളുടെ പിതാക്കന്മാരുടെ സത്യവിശ്വാസത്തിന് വേണ്ടി ജീവനെ ബലികഴിപ്പാന്‍ പോലും ഒരുക്കമുള്ളവരായിരിപ്പിന്‍' എന്നാണ്. വീണ്ടും നമ്മുടെ പ്രാര്‍ത്ഥനപ്പുസ്തകത്തില്‍ വ്യാഴാഴ്ച ദിവസത്തെ സന്ധ്യാപ്രാര്‍ത്ഥനയില്‍ രക്തസാക്ഷികളെക്കുറിച്ചു പറയുന്നിടത്ത് ഞങ്ങള്‍ അവനെയോ അവന്‍റെ പുത്രനേയോ ഉപേക്ഷിക്കുന്നില്ല. ഞങ്ങള്‍ അബ്രഹാമിന്‍റെ വംശക്കാരും ഇസഹാക്കിന്‍റെ അവകാശികളുമാകുന്നു. ഞങ്ങളുടെ പിതാക്കന്മാരുടെ ദൈവത്തെ പ്രതി ഞങ്ങള്‍ മരിക്കുകയും നിത്യജീവന് അവകാശികളായിത്തീരുകയും ചെയ്യുന്നു എന്ന് രക്തസാക്ഷികള്‍ പറയുന്നതായി എഴുതിയിരിക്കുന്നു. പരിശുദ്ധ സഹദേന്മാരെ നോക്കുവിന്‍. അവര്‍ അവരുടെ പിതാക്കന്മാരുടെ വിശ്വാസത്തിനു വേണ്ടി മരിച്ചു. ഇന്ത്യയിലെ സുറിയാനിക്കാര്‍ പരിശുദ്ധ നിയമങ്ങളെ ധിക്കരിക്കുകയും മാര്‍ത്തോമ്മാ ശ്ലീഹായുടെ ആഗമനത്തിന് 1600 കൊല്ലങ്ങള്‍ക്കു ശേഷം വ്യത്യസ്ത നിയമങ്ങളെ സ്വീകരിക്കുകയും ചെയ്തിരിക്കുന്നു. 1600 കൊല്ലങ്ങളോളം ഈ മഹാ ഇടവകയില്‍ ഫ്രങ്കായക്കാര്‍ക്ക് ഒരധികാരവും ഇല്ലായിരുന്നു. ഈ ഇടവകയിലെ അസംഖ്യം മെത്രാന്മാരും പട്ടക്കാരും ശെമ്മാശന്മാരും സ്ത്രീപുരുഷന്മാരും 1600 കൊല്ലങ്ങള്‍ക്കിടയില്‍ മരിച്ചുപോയിട്ടുണ്ട്. അവരെല്ലാവരും നരകത്തിന് അവകാശികളായിപ്പോയി എന്ന് നിങ്ങള്‍ വിചാരിക്കുന്നുവോ? ഒരിക്കലുമില്ല. അങ്ങനെ പറയുന്നവര്‍ ദൈവദൂഷകന്മാരാകുന്നു. അവരില്‍ പിശാച് വസിക്കുന്നു. ഇക്കാലം വരെയും കാനോനാകള്‍ക്കു അനുസരണമായി വിവാഹം ചെയ്വാന്‍ പട്ടക്കാരെ അനുവദിച്ചിരുന്നു. ഫ്രങ്കായക്കാര്‍ പട്ടക്കാരുടെ വിവാഹം വിരോധിച്ചിരിക്കുന്നു. അതിനാല്‍ പലരും വേശ്യാദോഷമെന്ന അശുദ്ധിയില്‍ വീണുപോകുന്നു. ദൈവം നോഹിനെയും ഭാര്യയേയും പുത്രന്മാരെയും അവരുടെ ഭാര്യമാരേയും മാത്രം രക്ഷിച്ചുകൊണ്ട് ലോകത്തെ ജലപ്രളയത്തില്‍ നശിപ്പിച്ചത് ഈ പാപം നിമിത്തമായിരുന്നു. സോദോം, ഗോമോറാ എന്ന പട്ടണങ്ങളുടെ മേല്‍ അഗ്നിയും ഗന്ധകവും വര്‍ഷിപ്പിച്ച് അവയെ നശിപ്പിച്ചതും ഈ പാപം ഹേതുവായിട്ടായിരുന്നു. അശുദ്ധ മനുഷ്യര്‍ ഇപ്പോള്‍ പരിശുദ്ധ വിവാഹത്തെ ശപിക്കുകയും വ്യഭിചാരത്തെ സ്നേഹിക്കയും ചെയ്യുന്നു. അതിനാല്‍ അവര്‍ക്കു ദൈവശിക്ഷ ആസന്നമായിരിക്കുന്നു. വിവാഹം ശുദ്ധമുള്ളതും വിവാഹശയ്യ വെടിപ്പുള്ളതുമാണെന്നും വ്യഭിചാരികളെയും വേശ്യാദോഷികളെയും ദൈവം ന്യായം വിധിക്കുമെന്നും അറിവിന്‍. വീണ്ടും നാം ആചരിച്ചുവരുന്ന നിനുവയക്കാരുടെ നോമ്പ് അവര്‍ക്കില്ല. നമ്മെപ്പോലെ ചിങ്ങ മാസത്തില്‍ പതിനഞ്ചു നോമ്പോ ധനു മാസത്തില്‍ ഇരുപത്തിഅഞ്ചു നോമ്പോ അവര്‍ ആചരിക്കുന്നില്ല. വലിയ നോമ്പില്‍ തന്നെയും അവര്‍ മത്സ്യം ഭക്ഷിക്കുകയും ലഹരിപാനീയങ്ങള്‍ കഴിക്കുകയും ചെയ്യുന്നു. ഇങ്ങനെ നാമും ഫ്രങ്കായക്കാരും തമ്മില്‍ വളരെ അന്തരമുണ്ട്. ദൈവത്തിന്‍റെ വചനം മനുഷ്യനായി അവതരിച്ചതിനെയും തന്‍റെ ദൈവത്വത്തിന്‍റെയും മനുഷ്യത്വത്തിന്‍റെയും യോജിപ്പിനെയും തന്‍റെ ക്നൂമ്മാ, സ്വഭാവം, ഇഷ്ടം എന്നിവയെയും സംബന്ധിച്ചുള്ള അവരുടെ പാഷാണ്ഡ തത്വങ്ങളെപ്പറ്റി നാം മുന്‍ ഒരു അവസരത്തില്‍ നിങ്ങളോട് സംസാരിച്ചിട്ടുള്ളതാകയാല്‍ ഇവിടെയും ആവര്‍ത്തിക്കേണ്ട ആവശ്യമില്ല. റോമ്മാ സഭ എന്ന നാമം തിരുവെഴുത്തില്‍ ന്യായപ്രമാണങ്ങളിലോ, ദീര്‍ഘദര്‍ശനങ്ങളിലോ, സുവിശേഷങ്ങളിലോ, നടപ്പുകളിലോ, യാക്കൂബ്, പത്രോസ്, യോഹന്നാന്‍ എന്നിവരുടെ ലേഖനങ്ങളിലോ, പൗലൂസിന്‍റെ പതിനാലു ലേഖനങ്ങളിലോ ഉപയോഗിച്ചിട്ടില്ല. സത്യവിശ്വാസിയായ കുസ്തന്തീനോസ് രാജാവിന്‍റെ കാലത്ത് നടത്തിയ നിഖ്യാ സുനഹദോസുകളിലെ മുന്നൂറ്റിപ്പതിനെട്ട് പിതാക്കന്മാരാല്‍ സ്ഥാപിക്കപ്പെട്ട പരിശുദ്ധ വിശ്വാസപ്രമാണത്തിന് 'കാതോലിക്കായ്ക്കടുത്തതും, ശ്ലീഹായ്ക്കടുത്തതുമായ ഏക സഭയിലുള്ള വിശ്വാസത്തെ സ്ഥിരപ്പെടുത്തിയിരിക്കുന്നു. റോമ്മാ സഭയിലുള്ള വിശ്വാസമല്ല അവര്‍ സ്ഥിരപ്പെടുത്തിയിരിക്കുന്നത്. 'സര്‍വശക്തിയുള്ള ദൈവമായ കര്‍ത്താവേ, പരിശുദ്ധ കാതോലിക സഭ നിന്‍റെയാകുന്നു' എന്നും 'സര്‍വശക്തിയുള്ള ദൈവമായ കര്‍ത്താവേ, പരിശുദ്ധ കാതോലിക സഭയ്ക്കു വേണ്ടി ഈ കാഴ്ചയെ അംഗീകരിക്കേണമേ' എന്നും 'സ്വര്‍ഗീയഗണങ്ങളുടെ സമാധാനവും ഭൗമിക വര്‍ഗ്ഗങ്ങളുടെ ആശാബന്ധവും ആയിരിക്കുന്ന മശിഹാ, ലോകത്തിന്‍റെ നാലു ഭാഗങ്ങള്‍ക്കും വിശേഷാല്‍ പരിശുദ്ധ കാതോലിക സഭയ്ക്കും സമാധാനവും സ്വസ്ഥതയും നല്‍കണമേ' എന്ന് കുര്‍ബ്ബാന തക്സായില്‍ എഴുതിയിരിക്കുന്നു. ഇവിടെയെങ്ങും 'റോമ്മാ സഭ' എന്നു പറഞ്ഞിട്ടില്ല. റോമ്മാക്കാരായ സാമ്പാളൂര്‍ മിഷണറിമാരാണ് ഇന്ത്യയിലെ ക്രിസ്ത്യാനികളെ റോമ്മാ സഭയില്‍ വിശ്വസിക്കാന്‍ ഉപദേശിച്ചത്. അവര്‍ സുറിയാനി സഭയുടെ വിശ്വാസത്തെയും സുപ്രസിദ്ധങ്ങളായ അതിലെ ആചാരങ്ങളെയും ത്യജിച്ച് ദ്രവ്യാഗ്രഹം നിമിത്തം റോമ്മാക്കാരുടെ വേദവിപരീതത്തില്‍ വീണിരിക്കുന്നു. വലിയ ന്യായാധിപതി പന്ത്രണ്ടു സിംഹാസനങ്ങളിലിരിക്കുന്ന പരിശുദ്ധ അപ്പോസ്തോലന്മാരോടു കൂടി തന്‍റെ സിംഹാസനത്തില്‍ പ്രവേശിക്കുന്ന പ്രതികാരത്തിന്‍റെ ആ ദിവസത്തില്‍ അവര്‍ക്കു കഷ്ടം! നിങ്ങള്‍ സത്യത്തെ പൂര്‍ണ്ണമായി വിലമതിക്കുന്നതിനും അന്ത്യത്തോളം അതില്‍ സ്ഥിരപ്പെട്ടിരിക്കുന്നതിനും നല്ല അവസാനത്തിന് യോഗ്യരായി തീരുവാനും പ്രത്യേകം പ്രാര്‍ത്ഥിക്കുവിന്‍."

(ഇ. എം. ഫിലിപ്പ്, മാര്‍ത്തോമ്മാ ശ്ലീഹായുടെ ഇന്ത്യന്‍ സഭ, വിവര്‍ത്തനം: ഇ. പി. മാത്യു, ചിങ്ങവനം, 1951, പു. 154-158; The Indian Church of St. Thomas, E. M. Philip, Puthenkurisu, 2014, pp. 150-153; ഇന്ത്യന്‍ ഓര്‍ത്തഡോക്സ് സഭ: ചരിത്രവും സംസ്ക്കാരവും, ഫാ. ഡോ. ജോസഫ് ചീരന്‍, അഡ്വ. പി. സി. മാത്യു പുലിക്കോട്ടില്‍, കെ. വി. മാമ്മന്‍, കോട്ടയം, 2002, പേജ് 288-291)

Comments

Popular posts from this blog

കോട്ടയം അക്കര സി. ജെ. കുര്യന്‍ | കെ. വി. മാമ്മന്‍

പ. പാമ്പാടി തിരുമേനി നടത്തിയ പട്ടംകൊട ശുശ്രൂഷകള്‍

നിരണം പള്ളി കൂദാശ (1912)