പരുമല സുന്നഹദോസ് (1873)


8-ാമത്. പുലിക്കോട്ടില്‍ മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്താ 3-ാമത് ലക്കത്തില്‍ പറഞ്ഞിരിക്കുന്ന സിമ്മനാരിപ്പണികള്‍ തീര്‍ത്തില്ലെന്ന് വരികിലും ആ സ്ഥലത്ത് എല്ലാ പള്ളിക്കാരും കൂടത്തക്കവണ്ണം വടക്കും തെക്കും ഉള്ള പള്ളിക്കാര്‍ക്കും പ്രമാണപ്പെട്ട പട്ടക്കാര്‍ക്കും ജനങ്ങള്‍ക്കും ആളാംപ്രതിയും കല്പന അയച്ചു. ആയത് അദ്ദേഹത്തിന്‍റെ അച്ചുകൂടത്തില്‍ അച്ചടിപ്പിച്ചതാകുന്നു. 

പള്ളികള്‍ക്ക് അയച്ച കല്പന: കൃപയും സമാധാനവും സദാ വര്‍ദ്ധിച്ചിരിക്കുമാറാകട്ടെ. എന്നാല്‍ പ്രിയമുള്ളവരെ, സര്‍വശക്തനായ ദൈവത്തിന്‍റെ കൃപയാല്‍ അന്ത്യോഖ്യായുടെ ശ്ലീഹായ്ക്കടുത്ത സിംഹാസനത്തില്‍ നിന്നും നമുക്കു ലഭിക്കപ്പെട്ടിരിക്കുന്ന നല്‍വരപ്രകാരം നമ്മുടെ സഭകളെ സകല സത്യവഴികളിലും നടത്തി പാലിപ്പാന്‍ പ്രത്യേകം നാം (രണ്ട് പദങ്ങള്‍ അവ്യക്തം) ഹിതപ്രകാരം വേണ്ടിയ ഗുണങ്ങളെ നമ്മുടെ സഭകളില്‍ നടത്തി പാലിക്കുന്നതിന് പാടില്ലാത്തപ്രകാരം രാജ്യാധികാരികളില്‍ നിന്നും സഭാ ഭരണക്കാരില്‍ നിന്നും നമുക്കുണ്ടായ പ്രയാസങ്ങള്‍ ഒക്കെയും നിങ്ങള്‍ അറിഞ്ഞിരിക്കുന്നുവല്ലോ. എന്നാല്‍ നമ്മുടെ പ്രയാസങ്ങള്‍ക്കും അധ്വാനങ്ങള്‍ക്കും ഇതുവരെ ഒരു ആശ്വാസം ഉണ്ടായിട്ടില്ലെന്ന് മാത്രമല്ല, നമ്മുടെ പള്ളികളിലും ജനങ്ങളിലും നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചു വരുന്ന മാര്‍ഗ്ഗവിരോധങ്ങളില്‍ നിന്നും കലഹങ്ങളില്‍ നിന്നും വളരെ നാം വ്യസനിക്കുകയും ഭയപ്പെടുകയും ചെയ്യുന്നു. എന്തെന്നാല്‍ പ്രിയമുള്ളവരേ, ക്രിസ്ത്യാനി മതത്തിന്‍റെ ആരംഭകാലം മുതല്‍ അന്ത്യോഖ്യായുടെ ശ്ലീഹായ്ക്കടുത്ത സിംഹാസനത്തിന്‍റെ അധികാരത്തിന്‍കീഴും ആജ്ഞയിന്‍കീഴും ഉള്‍പ്പെട്ട് അനേകം ദുഃഖങ്ങളും പീഡകളും സഹിച്ച് ഉയര്‍ച്ചയിലും താഴ്ചയിലും അന്യമതക്കാരോടുള്ള സഖ്യതയിലും പോരാട്ടത്തിലും അജ്ഞാനികളില്‍ നിന്നുള്ള ഉപദ്രവങ്ങളും അനേകം ഞെരുക്കങ്ങള്‍ നമ്മുടെ പിതാക്കന്മാര്‍ അനുഭവിച്ചുകൊണ്ട് ഈ വിശ്വാസത്തെ പോറ്റിയതിനാല്‍ അത്രേ മുഴുവനും നശിച്ചുപോകാതെ ഇന്നുവരെ പ്രത്യേക ഒരു സംഘക്കാരായി നമ്മെ കാണപ്പെടുന്നതിന് സംഗതി ആയത്. ഇങ്ങനെ വീണ്ടെടുത്ത നമ്മുടെ സഭ ഇക്കാലത്തില്‍ ഇടയന്‍ ഇല്ലാത്ത ആടുകള്‍ എന്ന പോലെയും നാഥനില്ലാത്ത പ്രജകള്‍ എന്ന പോലെയും ചിന്നിച്ചിതറി തന്നിഷ്ടക്കാരായി നശിക്കുന്നതില്‍ എത്ര സങ്കടപ്പെടുവാനുള്ളതാകുന്നു. അയ്യോ പ്രിയന്മാരെ, എന്തു നാം പറയേണ്ടൂ. നമ്മുടെ പള്ളികളിലും നടപടികളിലും കര്‍മ്മാചാരങ്ങളിലും ഉണ്ടായിരുന്ന ക്രമങ്ങളും ചട്ടങ്ങളും വരുതികളും ഈ കാലത്തില്‍ ഇല്ലാതെ തീര്‍ന്നിരിക്കുന്നു.

പള്ളിവക മുതല്‍കാര്യങ്ങള്‍ മിക്കവാറും നശിച്ചിരിക്കുന്നു. മക്കള്‍ക്കുള്ള അവകാശം അന്യന്മാര്‍ക്ക് എന്നപോലെ ആക്കിത്തീര്‍ത്തിരിക്കുന്നു. വേദസംബന്ധമായ കാര്യങ്ങള്‍ കഴിക്കുന്നതിന് എല്ലാവരും പരാശ്രയം കൂടിയേ മതിയാവൂ എന്ന് വന്നിരിക്കുന്നു. സുറിയാനിക്കാരായ നമ്മുടെ ക്രമം പോലെയും വിശ്വാസം പോലെയും നടക്കുവാന്‍ ഒരുങ്ങുന്നവര്‍ക്ക് അവരുടെ പിതാക്കന്മാരുടെ ശ്മശാനഅടക്കു പോലും അര്‍ഹത ഇല്ലാത്ത വണ്ണം ഭവിച്ചിരിക്കുന്നു. ഇപ്പോഴത്തെ എല്ലാവിധമുള്ള പുറപ്പാടുകളെ ഏവനെങ്കിലും നല്ലവണ്ണം സൂക്ഷിച്ചുനോക്കിയാല്‍ സുറിയാനിക്കാരായ നമുക്ക് നമ്മുടെ വിശ്വാസത്തെ പോറ്റുവാനുള്ള സ്വാതന്ത്ര്യം അസ്തമിച്ചിരിക്കുന്നു എന്നു പറയാം. കലഹമില്ലാത്ത പള്ളികളില്ല, തര്‍ക്കമില്ലാത്ത കര്‍മ്മങ്ങളുമില്ല. അയ്യോ ഈ വിധമുള്ള നാശങ്ങളൊക്കെയും നമ്മുടെ സഭയില്‍ സംഭവിച്ചിരിക്കുന്നതിനാല്‍ എത്ര നമ്മള്‍ പരിതപിക്കപ്പെടേണ്ടതാകുന്നു. നമ്മെക്കുറിച്ചാകട്ടെ, നമ്മുടെ അധികാരം ശക്തിപ്പെടേണ്ടതിനാകട്ടെ നിങ്ങള്‍ പരിതപിക്കപ്പെടുകയോ ദുഃഖിക്കപ്പെടുകയോ ചെയ്യണമെന്ന് നാം പറയുന്നില്ല. ക്ഷീണിക്കപ്പെട്ട നമ്മുടെ സഭയെ മുമ്പൊരിക്കല്‍ അന്യന്മാര്‍ വേട്ടയാടി കൊണ്ടുപോയതുപോലെ ഈ കാലത്തിലും വേട്ടയാടുവാന്‍ പുറപ്പെട്ടിരിക്കുന്നതില്‍ നിങ്ങള്‍ അകപ്പെടാതെ അവനവനാല്‍ കഴിയുന്നതിനെ തന്‍റെ സഭയുടെ രക്ഷയ്ക്കു വേണ്ടി വിചാരിച്ച് പ്രവര്‍ത്തിക്കണമെന്നത്രേ നാം അപേക്ഷിക്കുന്നത്. ഇനിയും നമ്മുടെ സഭയുടെ രക്ഷയ്ക്ക് വേണ്ടിയ പ്രവൃത്തികള്‍ക്ക് നമ്മള്‍ ഒരുങ്ങാതെ കണ്ണടച്ച് കളയുന്നുവെങ്കില്‍ ഈ സഭയുടെ വിശ്വാസത്തിനു വേണ്ടി കഷ്ടപ്പെട്ടു ഞെരുങ്ങിയ വിശുദ്ധ പിതാക്കന്മാരുടെ നെടുവീര്‍പ്പും കണ്ണുനീരും നമുക്കൊക്കെയും ശാപമായിത്തീരുമെന്ന് നാം ഭയപ്പെടേണ്ടിയിരിക്കുന്നു. അതുകൊണ്ട് പ്രിയമുള്ളവരേ, ഇപ്പോഴത്തെ ഈ വലിയ കുഴച്ചിലില്‍ വച്ച് ജനങ്ങള്‍ അശേഷം ഭിന്നിച്ച് ചിതറുന്നതിന് മുമ്പെ ഏതുവിധമെങ്കിലും ഗുണീകരണമുള്ള ഒരു വഴി ഉണ്ടായി നമ്മുടെ സഭയ്ക്ക് ഒരു ആശ്വാസം കിട്ടുമോ എന്ന് ആലോചിപ്പാന്‍ കര്‍ത്താവിനാല്‍ നാം കടപ്പെട്ടിരിക്കുന്നു എന്നുള്ള നമ്മുടെ വിചാരത്തെ നമ്മുടെ ഇഷ്ടന്മാരോട് ആലോചിച്ചാറെ ഈ നമ്മുടെ വിചാരം എത്രയും ആവശ്യമെന്നും ആയത് കഴിയുന്നേടത്തോളം എളുപ്പത്തില്‍ ആയാല്‍ അത്രയും ഗുണമെന്നും അവര്‍ അഭിപ്രായപ്പെട്ടിരിക്കുന്നതിനാലും വിശേഷാല്‍ ഇപ്പോള്‍ ശുദ്ധമുള്ള നമ്മുടെ പിതാവായ പാത്രിയര്‍ക്കീസ് ബാവായില്‍ നിന്ന് പ്രത്യേകിച്ച് ചില കല്പനകള്‍ വന്നിരിക്കുന്നതിനെ യോഗസമൂഹേ വായിപ്പാന്‍ ആവശ്യപ്പെട്ടിരിക്കുന്നതിനാലും ഈ മാസം 27-ന് നിരണത്തിനു സമീപം പരുമലെ ഇപ്പോള്‍ നാം പണിയിക്കുന്ന സിമ്മനാരി സ്ഥലത്ത് എല്ലാ പള്ളിക്കാരെയും കൂട്ടി ആലോചന കഴിക്കണമെന്ന് ദൈവത്തില്‍ നാം ഇച്ഛിക്കുന്നതാക കൊണ്ട് ഒട്ടും ഉപേക്ഷ കൂടാതെ പൊതുഗുണ രക്ഷക്കായിട്ട് നാം നിശ്ചയിച്ചിരിക്കുന്ന ആലോചനാസംഘത്തിന് നിങ്ങള്‍ യോഗമായി വന്നെത്തുവാന്‍ നമ്മുടെ ആശാബന്ധമാകുന്ന ഈശോമശിഹാ മൂലം വളരെ വ്യസനത്തോടും കൂടി നാം അപേക്ഷിക്കുന്നു.

പട്ടക്കാര്‍ക്കും ജനങ്ങള്‍ക്കും അയച്ച കല്പനയില്‍ ഇതില്‍ അധികം വ്യത്യാസം ഇല്ലായ്ക കൊണ്ട് അത്രേ ആയതിന്‍റെ പകര്‍പ്പ് എഴുതാഞ്ഞത്.
ഈ കല്പനയില്‍ പാത്രിയര്‍ക്കീസ് ബാവായുടെ കല്പന വന്നിട്ടുണ്ടെന്ന് പറയുന്നത്, ഇപ്പോള്‍ സിംഹാസനത്തില്‍ വാണിരിക്കുന്ന പാത്രിയര്‍ക്കീസ് ബാവായുടെ കല്പന പള്ളിക്കാര്‍ക്കും പുലിക്കോട്ടില്‍ മെത്രാച്ചനും റസിഡണ്ട് സായിപ്പിനും രാജാക്കന്മാര്‍ക്കും മറ്റും വന്നിട്ടുണ്ട്. ആയത് പാലക്കുന്നത്ത് അത്താനാസ്യോസ് മെത്രാപ്പോലീത്തായെ മുന്‍ ഇരുന്ന രണ്ടു പാത്രിയര്‍ക്കീസന്മാരും മുടക്കി സ്ഥാനഭ്രഷ്ടനാക്കിയതുപോലെ നാമും അവനെ മുടക്കി സ്ഥാനഭ്രഷ്ടനാക്കിയിരിക്കുന്നു എന്നും മറ്റും ആകുന്നു.

കല്പനപ്രകാരം മേല്‍ എഴുതിയ തീയതിക്ക് വടക്കും തെക്കുമുള്ള മിക്ക പള്ളിക്കാരും കൂടി. വടക്കേ ദിക്കില്‍ നിന്ന് വടക്കന്‍പറവൂര്‍, കണ്ടനാട്, കോതമംഗലം രണ്ടും, വടകര, കാരക്കുന്നം, പിറവം, മുളക്കുളം, കോലഞ്ചേരി, നടമേല്‍, ശ്രായി ഇവര്‍ മാത്രമേ പോകാതിരുന്നുള്ളു. ഏകദേശം തെക്കുനിന്നും വടക്കു നിന്നുമായി 80-ല്‍ അധികം പള്ളിക്കാര്‍ കൂടിയപ്രകാരം ആകുന്നു അറിയുന്നത്. കൂറിലോസ് ബാവായും റമ്പാച്ചനും മക്കുദിശായും മൂസല്‍കാരന്‍ എസ്തേപ്പാനോസ് എന്ന് പേരായി പോയ മകര മാസത്തില്‍ പരദേശത്തു നിന്നും വന്നിട്ടുണ്ടായിരുന്ന ശെമ്മാശനും വടക്കും തെക്കുമുള്ള പ്രമാണപ്പെട്ടവരും കൂടിയിട്ടുണ്ടായിരുന്നു. ഈ കൂട്ടം കൂടിയ സമയം ഇപ്പോള്‍ സിംഹാസനത്തില്‍ വാണിരിക്കുന്ന പാത്രിയര്‍ക്കീസ് ബാവായുടെ കല്പന സമൂഹത്തില്‍ വായിക്കപ്പെട്ടു. ആയത് അത്താനാസ്യോസ് മെത്രാപ്പോലീത്തായെ മുമ്പിലത്തെ പാത്രിയര്‍ക്കീസന്മാര്‍ മുടക്കി മഹറോന്‍ ചൊല്ലിയപ്രകാരം അദ്ദേഹവും മുടക്കി മഹറോന്‍ ചൊല്ലിയിരിക്കുന്നു എന്നാകുന്നു. സമൂഹത്തില്‍ ആലോചിച്ച് നിശ്ചയിച്ച് എഴുതി കയ്യൊപ്പ് വച്ച് പള്ളിക്കാര്‍ പിരിഞ്ഞിരിക്കുന്നു. നിശ്ചയിച്ച നിയമങ്ങളുടെ പകര്‍പ്പ് താഴെ എഴുതുന്നു.

അന്ത്യോഖ്യായുടെ ശുദ്ധമുള്ള മാറാന്‍ മാര്‍ ഇഗ്നാത്യോസ് പാത്രിയര്‍ക്കീസ് ബാവായുടെ കൈവാഴ്ചയിന്‍കീഴിലുള്ള മലയാളത്തിലെ യാക്കോബായ സുറിയാനിക്കാരുടെ ഇടവകയിലുള്ള കുഴച്ചിലുകള്‍ക്ക് നിവൃത്തി വരുത്തണമെന്നും സമാധാനത്തിന്‍റെയും ഗുണാധികാരത്തിന്‍റെയും മാര്‍ഗ്ഗങ്ങളെ സ്ഥിരപ്പെടുത്തണമെന്നുമുള്ള ആന്തരത്തോടു കൂടി മാര്‍ യൊയാക്കീം കൂറിലോസ് മെത്രാപ്പോലീത്തായും മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്തായും പട്ടക്കാരും ജനങ്ങളും യോഗക്കാരും കൂടി നിശ്ചയിച്ച മീറ്റിംഗിലെ പ്രൊസീഡിംഗ്സ്. 

മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്താ: യോഗക്കാര്‍ കൂടപ്പെട്ടവര്‍ എല്ലാവരും ഇപ്പോള്‍ ഉണ്ടല്ലോ. നിങ്ങള്‍ക്ക് വാഴ്വ്.

നാം ഇപ്പോള്‍ ചിന്തിപ്പാനും ആലോചിപ്പാനും ഉള്ള കാര്യങ്ങളിലേക്ക് വിനയവും പരമാര്‍ത്ഥതയും സ്നേഹവും ഉള്ള ആത്മാവോടും കൂടെ പ്രവേശിക്കണം. ഈ യോഗത്തില്‍ മാര്‍ കൂറിലോസ് ബാവാ മുഖ്യ സ്ഥാനപതി ആയിരിപ്പാന്‍ നാം എല്ലാവരും അപേക്ഷിക്കണം. ഈ യോഗം ഇപ്പോള്‍ കൂടിയിരിക്കുന്നതിന്‍റെ താല്പര്യം എന്തെന്നും അവര്‍ ആലോചിച്ച് ഉറക്കേണ്ട കാര്യങ്ങള്‍ ഇന്നവ എന്നും ചുരുക്കത്തില്‍ വിവരിക്കുന്നു. മലയാളത്തുള്ള യാക്കോബായ സുറിയാനിക്കാര്‍ ആയ നമ്മുടെ ഇടയില്‍ ഇപ്പോള്‍ ഉണ്ടായിരിക്കുന്ന ഛിദ്രങ്ങള്‍ തീരുവാനും ഐകമത്യവും സമാധാനവും അവരുടെ ഇടയില്‍ സ്ഥിരപ്പെട്ടിരിപ്പാനും വിദ്യാഭ്യാസവും അതില്‍ നിന്നുള്ള വിശേഷഫലങ്ങളും മേല്‍ക്കുമേല്‍ വര്‍ദ്ധിച്ചുവരുവാനുമായി,

ഒന്നാമത്. മെത്രാന്മാര്‍ തമ്മിലുള്ള വഴക്കുകള്‍ക്ക് നിവൃത്തി ഉണ്ടാകേണ്ടതിനും രണ്ടാമത്  മെത്രാന്മാര്‍ തമ്മിലുള്ള വഴക്കു നിമിത്തവും ഏകനായകത്വത്തിന്‍റെ ബലം ഹേതുവാലും മേലാല്‍ സഭയ്ക്ക് ദോഷം സംഭവിക്കാതെ ഇരിക്കേണ്ടതിന്നും, മൂന്നാമത്, സുറിയാനി സമൂഹത്തിന്‍റെ ക്ഷേമാഭിവൃദ്ധികള്‍ സ്ഥിരങ്ങളായി ഇരിക്കേണ്ടതിനും ഉത്തമമായ മാര്‍ഗ്ഗങ്ങള്‍ ഇന്നവ എന്നാലോചിച്ച് അവയ്ക്ക് വേണ്ടുന്ന നിശ്ചയങ്ങള്‍ ഉറപ്പിക്കുന്നതിനായിട്ട് ഈ യോഗത്തെ വിളിച്ചു കൂട്ടിയിരിക്കുന്നു. 

ഒന്നാമത്. സര്‍ക്കാരിലെ അധികാരത്തോടു കൂടെ ഈ സഭയില്‍ ഏതാനും പള്ളികളെ ഇപ്പോള്‍ ഭരിച്ചുവരുന്ന മെത്രാപ്പോലീത്തായുടെ പേരില്‍ അനേകം തെറ്റുകള്‍ ഉണ്ടെന്നും പാത്രിയര്‍ക്കീസ് ബാവായുടെ മുടക്കുകള്‍ ഉള്ളതിനാല്‍ അദ്ദേഹത്തെയും കാനോനാ വിധിയ്ക്ക് വിരോധമായി അദ്ദേഹത്താല്‍ ഉണ്ടാക്കപ്പെട്ട രണ്ട് മെത്രാന്മാരെയും മെത്രാന്മാരായി കൈക്കൊള്ളുവാന്‍ സഭയ്ക്ക് പാടില്ലാത്തതെന്നും അദ്ദേഹത്തിനു പകരം പാത്രിയര്‍ക്കീസ് ബാവായാല്‍ നിയമിക്കപ്പെട്ടിരിക്കുന്ന മെത്രാപ്പോലീത്തായെ നമ്മുടെ മെത്രാപ്പോലീത്താ ആയി സ്വീകരിക്കേണ്ടത് ന്യായമെന്ന് കാണുന്ന സ്ഥിതിക്ക് യോഗക്കാര്‍ ഒരാളെ ത്യജിക്കയും മറ്റൊരാളെ സ്വീകരിക്കുകയും ചെയ്യുന്നതിനു മുമ്പില്‍ അങ്ങനെ ഉടനടി ചെയ്യുന്നപക്ഷം ഇപ്പോള്‍ ഉള്ളതിലും വലിയ കലഹങ്ങള്‍ക്കും അധികമായ അകല്‍ച്ചകള്‍ക്കും ഇടവരുമെന്ന് ഊഹിക്കപ്പെടാവുന്നതാക കൊണ്ട് അങ്ങനെ വരാതിരിപ്പാന്‍ വേണ്ടി ഭിന്നിക്കപ്പെട്ടിരിക്കുന്ന മെത്രാന്മാരെയും അവരുടെ പക്ഷക്കാരെയും തമ്മില്‍ യോജിപ്പിക്കേണ്ടതിന് കഴിവുണ്ടോ എന്നും അല്പം കൂടെ താമസിക്കേണ്ടത് യുക്തമല്ലയോ എന്നും ആലോചിക്കേണ്ടത് ന്യായമല്ലയോ എന്നും തോന്നുന്നു. പാത്രിയര്‍ക്കീസ് ബാവാ സഭയുടെ യോജിപ്പിന് നാം ചെയ്യുന്ന യത്നത്തെ സന്തോഷത്തോടെ കൈക്കൊള്ളുമെന്ന്  വിശ്വസിക്കപ്പെടാവുന്നതാകയാല്‍ മാര്‍ അത്താനാസ്യോസ് തങ്ങളുടെ തെറ്റുകളെ ഏറ്റുപറഞ്ഞ് അന്ത്യോഖ്യാ പാത്രിയര്‍ക്കീസിനെ മലയാളത്തെ സുറിയാനിക്കാരുടെ വേദത്തലവനായി അംഗീകരിച്ച് അദ്ദേഹത്തിന്‍റെ വരുതിയില്‍ ഇരുന്നുകൊള്ളുവാനും ഈ യോഗം നിശ്ചയിക്കപ്പെടുന്നവയെ സമ്മതിപ്പാനും മനസ്സുണ്ടോ എന്നറിവാന്‍ വേണ്ടി ഒരു ഡെപ്യൂട്ടേഷന്‍ അത്താനാസ്യോസ് മെത്രാപ്പോലീത്തായുടെ അടുക്കല്‍ അയയ്ക്കുകയും അദ്ദേഹം നല്ലവണ്ണം ആലോചന ചെയ്ത് മറുപടി തരുന്നതിനും അപേക്ഷിച്ചതിന്‍റെ ശേഷം കീഴ്വഴക്കത്തിന്‍റെയും സമാധാനത്തിന്‍റെയും ഉറപ്പ് വരുത്തുന്നതായ ഒരു മറുപടി അദ്ദേഹത്തില്‍ നിന്ന് ഉണ്ടാകുന്നപക്ഷം പാത്രിയര്‍ക്കീസ് ബാവായുടെ സമ്മതം വരുത്തി എല്ലാ മെത്രാന്മാരും യോഗക്കാരും കൂടി വാഴ്ച മുതലായതിന്‍റെ ക്രമങ്ങളെ നിശ്ചയപ്പെടുത്തുകയും അനുസരണക്കേടിന്‍റെ ലക്ഷണമായിരുന്നാല്‍ പാത്രിയര്‍ക്കീസ് ബാവായുടെ കല്പനപ്രകാരമുള്ള മെത്രാപ്പോലീത്തായെ സുറിയാനിക്കാരുടെ ന്യായമായ മെത്രാപ്പോലീത്താ ആയിട്ട് അംഗീകരിക്കയും അതിന്മണ്ണം സ്ഥിരപ്പെടുത്തിത്തരുന്നതിന് സര്‍ക്കാരോട് അപേക്ഷിക്കുകയും ചെയ്യണമെന്ന് ഒരു നിശ്ചയം യോഗക്കാര്‍ ഇപ്പോള്‍ സ്ഥിരപ്പെടുത്തേണ്ടത് എല്ലാവിധത്താലും യുക്തമെന്ന് ഞങ്ങള്‍ അഭിപ്രായപ്പെടുന്നു.
അഭിപ്രായക്കാരന്‍ ...... കൂട്ടഭിപ്രായക്കാരന്‍ ......

രണ്ടാമത്. മേലധ്യക്ഷന്മാരുടെ ഏകനായകത്വത്തിന്‍റെ ശക്തിയ്ക്ക് എതിരായ ശക്തി മലയാളത്തെ സഭ (യ്ക്ക്) ഇല്ലായ്മ നിമിത്തം സഭയ്ക്ക് അധികമായ ദോഷം സംഭവിച്ചിട്ടുള്ളതാകയാല്‍ ആ ദോഷത്തെ ഒഴിക്കുന്നതിന് മേലധ്യക്ഷന്മാരും പട്ടക്കാരും ജനങ്ങളും തമ്മില്‍ ഒരുമിപ്പിന്‍റെയും യോജ്യതയുടെയും ബന്ധനങ്ങളെ ഉറപ്പിക്കുന്നതിനു വേണ്ടി മലയാളത്തുള്ള സുറിയാനിക്കാരുടെ മതസംബന്ധമായും സാമൂഹ്യ സംബന്ധമായും മറ്റും ഉള്ള സകല വിഷയങ്ങളെയും ഗുണാധികാരം വര്‍ദ്ധിപ്പാന്‍ തക്ക പ്രവൃത്തികളെ നടത്തുന്നതിന് സ്വാതന്ത്ര്യവും അധികാരവും ഉള്ള ഒരു കൂട്ടത്തെ നിശ്ചയിക്കുകയും അതിന് പ്രത്യേകം ഒരു പേര്‍ വിളിക്കപ്പെടുകയും ചെയ്യേണ്ടതാകുന്നു എന്ന് യോഗത്തിന്‍റെ ആലോചനയ്ക്കായി ഞാന്‍ അഭിപ്രായപ്പെടുന്നു. ഈ അസോസ്യേഷന്‍റെ സാധ്യം അതിന്നായി ഒരുങ്ങപ്പെട്ടിരിക്കുന്ന ഭാവിമംഗലത്തില്‍ ചുരുക്കമായി വിവരിച്ചിരിക്കയാല്‍ അതിനെ യോഗത്തിന്‍റെ അറിവിന്നായി വായിക്കുന്നു (ഇവിടെ ഭാവിമംഗലം വായിക്കുന്നു).

അഭിപ്രായക്കാരന്‍ ...... കൂട്ടഭിപ്രായക്കാരന്‍ ......

3-ാമത്. അസോസ്യേഷനിലെ ഒരു മെമ്പറിന്‍റെ അവകാശവും അധികാരവും എല്ലാ പള്ളികള്‍ക്കും സിദ്ധിക്കേണ്ടത് ആവശ്യമാകയാല്‍ എല്ലാ പള്ളികളില്‍ നിന്നും ഒരു മെമ്പ്രിന്‍റെ പ്രവേശനഫീസ് വാങ്ങി വികാരിയെ മെമ്പര്‍ ആയി കൈക്കൊള്ളുവാന്‍ ഒരു നിശ്ചയം യോഗത്തിന്‍റെ ആലോചനയ്ക്കായി അഭിപ്രായപ്പെടുന്നു. അഭിപ്രായക്കാരന്‍...... കൂട്ടഭിപ്രായക്കാരന്‍....
4-ാമത്. സുറിയാനി ക്രിസ്ത്യാനി അസോസ്യേഷനില്‍ ചേരുന്നവരില്‍ നിന്നുണ്ടാകുന്ന മുതല് കൂടാതെ പൊതുഗുണത്തിനു വേണ്ടി ഒരു ധര്‍മ്മശേഖരം കൂടി ആവശ്യപ്പെട്ടിരിക്കുകയാല്‍ എല്ലാവരും അതിങ്കല്‍ മനസ്സ് വച്ച് അവനവന്‍റെ മനസ്സിനും പ്രവൃത്തിക്കും ഒരുപോലെയുള്ള ദ്രവ്യം കൊണ്ട് സമൂഹത്തിന്‍റെ ഗുണീകരണത്തെ പ്രതി നല്ല വേലയ്ക്ക് ശ്രമിക്കുന്നവരുടെ ആന്തരത്തെ സഹായിക്കണമെന്ന് ഒരപേക്ഷ ഉണ്ടാവാനും അങ്ങനെ കൊടുക്കുന്നവരെ ക്ലാസ് തിരിച്ച് ഓരോ ക്ലാസില്‍ ചേര്‍ത്തിട്ട് അവര്‍ക്ക് ധര്‍മ്മശേഖരത്തിന്‍റെ സ്ഥലവിശേഷങ്ങളില്‍ നിന്നുള്ള ഓരോ അവകാശക്രമങ്ങളെ നിശ്ചയിക്കേണ്ടതാകുന്നു എന്നും യോഗത്തിന്‍റെ ആലോചനയ്ക്കായി അഭിപ്രായപ്പെടുന്നു.  അഭിപ്രായക്കാരന്‍... കൂട്ടഭിപ്രായക്കാരന്‍...

5-ാമത്. സുറിയാനി ക്രിസ്ത്യാനി അസോസ്യേഷനില്‍ ചേര്‍ന്ന എല്ലാവരും കൂടെക്കൂടെ ഒന്നിച്ചു കൂടുന്നതിനും കാര്യാദികള്‍ നടത്തുന്നതിനും വളരെ പ്രയാസമുള്ളതാകയാല്‍ അവരില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടവരായി കാര്യാദികള്‍ നടത്തുന്നതിന് ശേഷിയുള്ളവരായി നാലു പട്ടക്കാരെയും എട്ട് അയ്മേനികളെയും കമ്മട്ടിക്കാരായി നിശ്ചയിക്കേണ്ടതാകുന്നു എന്ന് യോഗത്തിന്‍റെ ആലോചനയ്ക്കായി അഭിപ്രായപ്പെടുന്നു. അഭിപ്രായക്കാരന്‍.... കൂട്ടഭിപ്രായക്കാരന്‍.....

6-ാമത്. കമ്മട്ടിക്കാര്‍ക്ക് സമ്മതമുള്ള ഒരാളെ സിക്രട്ടറി ആയിട്ടും മറ്റൊരാളെ മുതല്‍പിടി ആയിട്ടും നിശ്ചയിക്കുന്നതിനും അസോസ്യേഷന്‍ സംബന്ധമായ സകല എഴുത്തുകുത്തുകളും ആധാരപ്രമാണങ്ങളും കണക്കുകളും സിക്രട്ടറി കൈവശം വച്ച് സൂക്ഷിക്കുവാന്‍ തക്കവണ്ണവും പണച്ചുമതലയ്ക്ക് മുതല്‍പിടി ബാധ്യസ്ഥാനി ആയിരിപ്പാന്‍ തക്കവണ്ണവും ഒരു നിശ്ചയത്തെ ഉറപ്പിക്കുന്നതിന് യോഗത്തിന്‍റെ ആലോചനയ്ക്കായി അഭിപ്രായപ്പെടുന്നു. അഭിപ്രായക്കാരന്‍... കൂട്ടഭിപ്രായക്കാരന്‍...

7-ാമത്. കമ്മട്ടിക്കാര്‍ സാരമായ സകല സംഗതികളിലും അസോസ്യേഷനില്‍ ചേര്‍ന്നിട്ടുള്ളവരുടെ സമ്മതം വരുത്തി നടത്തിക്കേണ്ടതാകുന്നു എന്നും വല്ല നിശ്ചയങ്ങളിലും അഭിപ്രായഭേദം വരുന്നപക്ഷം അധികാര മെമ്പര്‍മാരുടെ സമ്മതം പ്രാബല്യപ്പെട്ടതായിരിക്കണമെന്ന് ഒരു നിശ്ചയം യോഗത്തിന്‍റെ ആലോചനയ്ക്കായി അഭിപ്രായപ്പെടുന്നു. അഭിപ്രായക്കാരന്‍... കൂട്ടഭിപ്രായക്കാരന്‍...

8-ാമത്. സുറിയാനി സമൂഹത്തിന് അവരുടെ പള്ളി വകയ്ക്കായിട്ടും പൊതുവകയായും ഉള്ള മുതലിലും രക്ഷാകര്‍ത്താക്കള്‍ എന്ന പോലെ സമൂഹസംബന്ധമായും മതസംബന്ധമായും മറ്റുമുള്ള സംഗതികളിലും ഇപ്പോള്‍ ഉള്ള ശട്ടങ്ങളെ ഭേദപ്പെടുത്തുന്നതിനും പുതിയ പ്രമാണങ്ങളെ ഏര്‍പ്പെടുത്തുന്നതിനും പുതുകാര്യങ്ങളില്‍ തര്‍ക്കപ്പെടുന്നതില്‍ വ്യവഹാരങ്ങള്‍ നടത്തുന്നതിനും മറ്റുമുള്ള അധികാരം ഈ കമ്മട്ടിക്കാര്‍ക്ക് ഉണ്ടായിരിക്കണമെന്ന ഒരു നിശ്ചയം യോഗത്തിന്‍റെ ആലോചനയ്ക്കായി അഭിപ്രായപ്പെടുന്നു. ആമ്മീന്‍ പറഞ്ഞു. 

9-ാമത്. ജനങ്ങളുടെ ഇടയില്‍ വിദ്യാഭ്യാസങ്ങള്‍ വര്‍ദ്ധിക്കുന്നതിന് വേണ്ടി ഉള്ള പഠിത്തവീടുകള്‍ പണിയിക്കുന്നതിനും പൈതങ്ങള്‍ക്ക് അറിവുണ്ടാകത്തക്ക പുസ്തകങ്ങള്‍ അച്ചടിക്കുന്നതിനും ഇംഗ്ലീഷ്, സുറിയാനി, മലയാളം ഈ മൂന്ന് ഭാഷ പഠിപ്പിപ്പാന്‍ യോഗ്യന്മാരായ പരദേശക്കാരെയോ നാട്ടുകാരെയോ വാധ്യാന്മാരായി ഏര്‍പ്പെടുത്തി പഠിത്തം നടത്തിക്കുന്നതിനും അതുപോലെയുള്ള മറ്റു ധര്‍മ്മപ്രവൃത്തികള്‍ നടത്തിക്കുന്നതിനും ആ വകയ്ക്കു ജനങ്ങളില്‍ നിന്ന് വേണ്ടുന്ന മുതല് ഈടാക്കത്തക്ക മാര്‍ഗ്ഗങ്ങളെ ക്രമപ്പെടുത്തുന്നതിനും ശേഖരപ്പെട്ടു വരുന്ന മുതലിന് വട്ടി വരുത്തി ദുര്‍വ്യയം വരാതെ ചിലവിടുന്നതിനും കമ്മട്ടിക്കാര്‍ ചുമതലക്കാരായി ഇരിക്കണമെന്നും ഒരു നിശ്ചയം യോഗക്കാരുടെ ആലോചനയ്ക്കായി അഭിപ്രായപ്പെടുന്നു.

10-ാമത്. ആണ്‍പൈതങ്ങള്‍ക്കും പെണ്‍പൈതങ്ങള്‍ക്കും പഠിക്കുന്നതിന് പഠിത്തവീടുകള്‍ എല്ലാ ഇടവകകളിലും കാലക്രമം കൊണ്ട് സ്ഥാപിക്കേണ്ടത് ആവശ്യമാകയാല്‍ അങ്ങനെ ഉള്ള പണികള്‍ പള്ളികളില്‍ നിന്നോ പൊതുവകകളില്‍ നിന്നോ യുക്തം പോലെ ചിലവു ചെയ്ത് പണിയിക്കുന്നതിന് കമ്മറ്റിക്കാര്‍ ദൃഷ്ടി വയ്ക്കേണ്ടതിന് ഒരു നിശ്ചയം യോഗത്തിന്‍റെ ആലോചനയ്ക്കായി അഭിപ്രായപ്പെടുന്നു. 

11-ാമത്. കേടു ഭവിച്ചിട്ടുള്ള പള്ളികളുടെ അറ്റകുറ്റം തീര്‍ക്കുന്നതിനും ഈ പള്ളികളില്‍ പള്ളിക്കൂടം പണിയിക്കുന്നതിനും ഇടവകക്കാര്‍ക്ക് പ്രയാസമായി വരുന്നപക്ഷം പൊതുമുതലില്‍ നിന്ന് ആ വക പണികള്‍ നടത്തിക്കൊടുക്കുകയും അങ്ങനെ ചിലവിടുന്ന മുതലിന്‍റെ പലിശ ആ ഇടവകക്കാരില്‍ നിന്ന് വസൂലാക്കുവാന്‍ തക്ക ഉറപ്പുകള്‍ വരുത്തിക്കൊള്ളുന്നതിന് കൂടെ കമ്മട്ടിക്കാര്‍ക്ക് അധികാരമുണ്ടായിരിക്കുമെന്ന് ഒരു നിശ്ചയം യോഗത്തിന്‍റെ ആലോചനയ്ക്കായി അഭിപ്രായപ്പെടുന്നു.

12-ാമത്. സുറിയാനിക്കാരുടെ സമൂഹസംബന്ധമായ കാര്യങ്ങളെ നടത്തുന്നതിന് ചുമതലക്കാരായി ഒരു അസോസ്യേഷന്‍ എന്ന കൂട്ടത്തെയും അതില്‍ ഒരു കമ്മട്ടിയെയും സ്ഥിരപ്പെടുത്തിയിരിക്കുന്ന മുറയ്ക്ക് പള്ളിവക മുതല് കാര്യങ്ങളെപ്പറ്റി ഇപ്പോള്‍ സ്ഥിരപ്പെടുത്തിയിരിക്കുന്ന മുറയ്ക്ക് പള്ളിവക മുതല്‍കാര്യങ്ങളെപ്പറ്റി ഇപ്പോഴുള്ള തര്‍ക്കങ്ങളെപ്പോലെ മേലാലും തര്‍ക്കങ്ങള്‍ ഉണ്ടാവാതെ ഇരിപ്പാനും ആ വക മുതല്‍കാര്യങ്ങള്‍ ഇടവകക്കാരുടെയും സമൂഹക്കാരുടെയും പൊതുഗുണത്തിന് ഉപയോഗപ്പെടുവാനും വേണ്ടി (1) എല്ലാ പള്ളികളിലെയും വസ്തുക്കള്‍ക്കും സാമാനങ്ങള്‍ക്കും ഇരിപ്പു മുതലിനും ഉള്ള കണക്കുകളുടെ ഓരോ പകര്‍പ്പുകള്‍ തല്‍ക്കാലമുള്ള കൈക്കാരന്മാരും വികാരിമാരും കൂടെ മെത്രാപ്പോലീത്തായ്ക്കും കമ്മട്ടിക്കാര്‍ക്കും കൊടുക്കുന്നതിനും (2) പള്ളികളില്‍ ആണ്ടടക്കം വരവ് ചെലവിനുള്ള തിരട്ടുകളുടെ പകര്‍പ്പ് അന്നന്നുള്ള കൈക്കാരന്മാരും വികാരിമാരും കൂടി മേല്‍പ്രകാരം മെത്രാപ്പോലീത്തായ്ക്കും കമ്മട്ടിക്കാര്‍ക്കും അയയ്ക്കേണ്ടതിനുള്ള ഒരു നിശ്ചയം യോഗത്തിന്‍റെ ആലോചനയ്ക്കായി അഭിപ്രായപ്പെടുന്നു.

13-ാമത്. വിദ്യാഭ്യാസ വര്‍ദ്ധനയ്ക്കും അഭിവൃദ്ധിക്കും സഹായകമായി ബാലവിവാഹം മുതലായി ആയ ചില നടപ്പുകളെ നിര്‍ത്തല്‍ ചെയ്യുന്നതിനും മാമ്മൂദീസാ, വിവാഹം, ശവമടക്ക് ഇവകളുടെ സൂക്ഷ്മമായ കണക്ക് പള്ളികള്‍തോറും പുസ്തകങ്ങളില്‍ പതിച്ച് സൂക്ഷിച്ചും ആ കണക്കിന്‍റെ പകര്‍പ്പുകള്‍ കമ്മട്ടിക്കാര്‍ക്ക് കൊടുത്തയക്കുകയും ചെയ്യുന്നതിന് മെത്രാപ്പോലീത്താ മുഖാന്തിരം വികാരിമാരെ ചട്ടംകെട്ടുന്ന ഒരു നിശ്ചയം യോഗത്തിന്‍റെ ആലോചനയ്ക്കായി അഭിപ്രായപ്പെടുന്നു.

14-ാമത്. സുവിശേഷ പ്രാബല്യത്തിന് വേണ്ടിയുള്ള യത്നങ്ങളില്‍ സുറിയാനിക്കാര്‍ക്ക് ഉണര്‍ച്ച ഉണ്ടാവാന്‍ വേണ്ടി പുറജാതികളുടെയും തെറ്റു വിശ്വാസികളുടെയും ഇടയില്‍ ദൈവവചനം പ്രസംഗിപ്പാനും മനസ്സ് തിരിപ്പിപ്പാനും പ്രാപ്തിയും യോഗ്യതയുമുള്ള പട്ടക്കാരെയും പ്രമാണികളെയും ഏര്‍പ്പെടുത്തുന്നതിനും അവര്‍ക്ക് ശമ്പളത്തിന് മുതലുണ്ടാകേണ്ട മാര്‍ഗ്ഗങ്ങളെ ക്രമപ്പെടുത്തുന്നതിന് കമ്മട്ടിക്കാര്‍ ചുമതലക്കാര്‍ ആയിരിക്കേണ്ടതെന്ന് ഒരു നിശ്ചയം യോഗത്തിന്‍റെ ആലോചനയ്ക്കായി അഭിപ്രായപ്പെടുന്നു. 

15-ാമത്. മതസംബന്ധമായും സാമൂഹ്യസംബന്ധമായുമുള്ള കാര്യങ്ങള്‍ ഈ കാലംവരെ കീഴ്മര്യാദയെ മറന്ന് പ്രമാണമാക്കി ജനങ്ങള്‍ നടന്നു വരുന്നതിനാല്‍ ആ മര്യാദകളുടെ ഗുണദോഷത്തെപ്പറ്റി പലപ്പോഴും വളരെ തര്‍ക്കങ്ങള്‍ ഉണ്ടാകുന്നത് ഒഴിപ്പാന്‍ വേണ്ടി മലയാളത്തിലുള്ള സുറിയാനിക്കാരുടെ നടപടിക്ക് ഉപയോഗപ്പെടുന്ന കാനോനാകളെ സുറിയാനിയില്‍ നിന്ന് പഠിത്തമുള്ള മല്പാന്മാര്‍ മുഖാന്തിരം പരിഭാഷപ്പെടുത്തി അവയെയും അവയോടു കൂടി ആവശ്യപ്പെടുന്ന മറ്റു വിധികളെയും ജനങ്ങളുടെ അറിവിനും നടത്തയ്ക്കുമായി പ്രസിദ്ധം ചെയ്തിരിക്കുന്നതിനും അതുപോലെ തന്നെ വേദകാര്യങ്ങളില്‍ ജനങ്ങള്‍ക്ക് അറിവുണ്ടാവാന്‍ തക്ക വേദസംബന്ധമായ പുസ്തകങ്ങളെയും ചരിത്രങ്ങളെയും സുറിയാനിയില്‍ നിന്ന് പൊരുള്‍ തിരിപ്പിച്ച് പുതിയ പുസ്തകങ്ങളെ ചമപ്പിച്ച് ജനങ്ങളുടെ ഇടയില്‍ പരത്തുന്നതിന് കമ്മട്ടിക്കാര്‍ ദൃഷ്ടി വക്കുന്നതുമല്ലാതെ ചുമതലക്കാരുമായിരിക്കണമെന്ന ഒരു നിശ്ചയം യോഗത്തിന്‍റെ ആലോചനയ്ക്കായി അഭിപ്രായപ്പെടുന്നു.  

16-ാമത്. സുറിയാനിസഭയെ ഓരോരോ കാലങ്ങളില്‍ ഭരിക്കുന്ന മേലധ്യക്ഷന്മാര്‍ കാലം കഴിയുമ്പോള്‍ പിന്‍വാഴ്ചയ്ക്ക് കാനോനാ വിധിപ്രകാരമുള്ള കൈവെപ്പോടു കൂടി മറ്റൊരാള്‍ക്ക് സ്ഥാനം പ്രാപിപ്പാന്‍ ചിലപ്പോള്‍ സംഗതി വരാതെ തര്‍ക്കങ്ങള്‍ക്കും ഇടര്‍ച്ചകള്‍ക്കും ഇടവന്നിട്ടുള്ളതാകയാല്‍ മേലാല്‍ അതിന്‍വണ്ണം വരാതെ ഇരിപ്പാന്‍ തക്കവണ്ണം പട്ടക്കാരില്‍ പഠിപ്പും പ്രാപ്തിയുമുള്ള  രണ്ടു പേര്‍ സമൂഹച്ചിലവിന്മേല്‍ പാത്രിയര്‍ക്കീസ് ബാവായുടെ അടുക്കല്‍ താമസിക്കുകയും മലയാളത്ത് മെത്രാപ്പോലീത്തായുടെ സ്ഥാനം ഒഴിവ് വരുമ്പോള്‍ അവരില്‍ ഒരാള്‍ അദ്ദേഹത്തിന്‍റെ തൃക്കൈ കൊണ്ടുള്ള കൈവെപ്പോടു കൂടി സ്ഥാനമേറ്റു വരുവാന്‍ തക്കവണ്ണം ചട്ടംകെട്ടുകയും അസോസ്യേഷന്‍റെ സമ്മതത്തോടു കൂടി അല്ലാതെ വരുന്നവരെ മേലാല്‍ മെത്രാന്മാരായിട്ട് കൈക്കൊള്ളുകയില്ലെന്ന് ഉറപ്പിക്കുകയും ചെയ്യേണ്ടതാകുന്നു എന്ന് ഒരു നിശ്ചയം യോഗത്തിന്‍റെ ആലോചനയ്ക്കായി അഭിപ്രായപ്പെടുന്നു.

17-ാമത്. മെത്രാപ്പോലീത്തായ്ക്കു ആലോചനയ്ക്കും സഹായത്തിനുമായി ഒരു അര്‍ക്കദിയാക്കോനെ കൂടെ നിയമിച്ചാല്‍ മതസംബന്ധമായ കാര്യങ്ങള്‍ എളുപ്പമായി നടക്കുന്നതാക കൊണ്ടും മെത്രാപ്പോലീത്തായ്ക്കും അസോസ്യേഷനും സമ്മതമുള്ള ഒരാളെ ആ സ്ഥാനത്തില്‍ ആക്കണമെന്ന് ഒരു നിശ്ചയം യോഗത്തിന്‍റെ ആലോചനയ്ക്കായി അഭിപ്രായപ്പെടുന്നു. 

18-ാമത്. മെത്രാപ്പോലീത്താ തന്‍റെ സ്ഥാനത്തിനടുത്ത അവസ്ഥയോടും  കൂടിയുള്ള ഇരിപ്പിനും സഞ്ചാരത്തിനും തല്ക്കാലം പള്ളികളില്‍ തനിക്കുള്ള അവകാശങ്ങളില്‍ നിന്നും മേലാല്‍ കമ്മട്ടിക്കാര്‍ അനുവദിക്കുന്ന മുതലില്‍ നിന്ന് കഴിച്ചുകൊള്ളേണ്ടതല്ലാതെ സ്വയ കുടുംബപുഷ്ടിയെക്കരുതി പള്ളിവക മുതലുകളില്‍ ബലമായി അപഹരിക്കുകയാകട്ടെ പൊതുമുതലായിട്ടുള്ളത് ദുര്‍വ്യയം ചെയ്യുകയാകട്ടെ പട്ടംകൊട മുതലായ ശുദ്ധകര്‍മ്മങ്ങള്‍ക്ക് ദ്രവ്യം വാങ്ങിക്കുകയാകട്ടെ യാതൊന്നും ചെയ്തു പോകരുതെന്നും അതിന് വിരോധമായി എന്തെങ്കിലും ക്രമക്കേടുകള്‍ അദ്ദേഹം പ്രവര്‍ത്തിച്ചാല്‍ ആ വിവരത്തിന് അസോസ്യേഷന്‍ മുഖാന്തിരം പാത്രിയര്‍ക്കീസ് ബാവായെ തെര്യപ്പെടുത്തി അവിടത്തെ വിധിപ്രകാരം അദ്ദേഹം അനുസരിക്കണമെന്ന് കൂടെ ഒരു നിശ്ചയം യോഗത്തിന്‍റെ ആലോചനയ്ക്കായി അഭിപ്രായപ്പെടുന്നു.

19-ാമത്. കമ്മട്ടിക്കാര്‍ പള്ളിവകയായും പൊതുവകയായും ഉള്ള മുതല് കാര്യങ്ങള്‍ ആണ്ടടക്കം വരവ് ചെലവുകളുടെയും കമ്മട്ടിക്കാര്‍ മുഖാന്തിരമായി അന്നന്ന് നടത്തപ്പെടുന്ന കാര്യങ്ങളുടെ വിവരങ്ങള്‍ കണ്ടുള്ള  റിപ്പോര്‍ട്ട് ആണ്ടുതോറും അച്ചടിച്ച് പ്രസിദ്ധം ചെയ്വാനും അന്ത്യോഖ്യാ സിംഹാസനത്തിങ്കലേക്കുള്ള റീശീസാ ഇതുവരെയുള്ളത് കിട്ടുന്നത് ആറ് മാസത്തിനകവും മേലാലുള്ളത് ആണ്ടു തോറും പിരിച്ച് കമ്മട്ടിക്കാര്‍ മുഖാന്തിരം അന്ത്യോഖ്യായ്ക്ക് അയച്ച് കല്പന വരുത്തി പള്ളികള്‍തോറും പ്രസിദ്ധപ്പെടുത്തുവാനുള്ളതെന്ന് ഒരു നിശ്ചയം യോഗത്തിന്‍റെ ആലോചനയ്ക്കായി അഭിപ്രായപ്പെടുന്നു.

20-ാമത്. ദൈവശുശ്രൂഷയ്ക്കായി നിയമിക്കപ്പെടുന്ന പട്ടക്കാര്‍  പഠിത്തവും പാകതയും ഉള്ളവരായിരിപ്പാന്‍ തക്കവണ്ണം ഒരു ചട്ടംകെട്ട് ആവശ്യപ്പെട്ടിരിക്കുന്നതിനാല്‍ മേലാല്‍ പട്ടത്തിനായി ഇടവകക്കാരുടെയും വികാരിമാരുടെയും സാധനങ്ങളോടു കൂടി വരുന്ന ആളുകള്‍ കമ്മട്ടിക്കാരുടെ സമ്മതത്തോടും അതിനായി നിയമിക്കപ്പെടുന്ന രണ്ടു മല്പാന്മാരാല്‍ പരിശോധന ചെയ്യപ്പെട്ട് പട്ടത്തിന് യോഗ്യരെന്നുള്ള സര്‍ട്ടിഫിക്കറ്റോടു കൂടി വരാതെ ഇരുന്നാല്‍ അവര്‍ക്ക് പട്ടം കൊടുത്തു കൂടാ എന്ന് ഒരു നിശ്ചയം യോഗത്തിന്‍റെ ആലോചനയ്ക്കായി അഭിപ്രായപ്പെടുന്നു.

21-ാമത്. യോഗത്തില്‍ ഇപ്പോള്‍ സ്ഥിരപ്പെടുന്ന നിശ്ചയങ്ങള്‍ കൂടാതെ  സമൂഹത്തിന്‍റെ ഗുണത്തിലേക്കു വേണ്ടുന്ന നിശ്ചയങ്ങളും അതുപോലെത്തന്നെ അസോസ്യേഷന്‍റെയും കമ്മറ്റിയുടെയും സ്ഥിതിയ്ക്കും ഉറപ്പിക്കുന്ന ക്രമമായ നടത്തയ്ക്കും ആവശ്യമായിട്ടുള്ള ചട്ടവട്ടങ്ങള്‍ കമ്മട്ടിക്കാര്‍ ഏര്‍പ്പെടുത്തിക്കൊള്ളുന്നതിനുള്ള സ്വാതന്ത്ര്യം അവര്‍ക്ക് അനുവദിക്കപ്പെടണമെന്നും ഒരു നിശ്ചയം യോഗത്തിന്‍റെ ആലോചനയ്ക്കായി അഭിപ്രായപ്പെടുന്നു. 

22-ാമത്. സമൂഹത്തിന് ദോഷം വരുവാന്‍ തക്കവിധത്തില്‍ കമ്മിറ്റിക്കാര്‍ വല്ല തെറ്റുകളോ ക്രമക്കേടുകളോ മനഃപൂര്‍വ്വമായി ചെയ്യുന്നു എന്ന് അസോസ്യേഷനില്‍ ചേര്‍ന്നിട്ടുള്ളവര്‍ക്ക് സംശയം തോന്നിയാല്‍ അവര്‍ കൂട്ടം കൂടി ആ കാര്യങ്ങളില്‍ വിചാരണ ചെയ്ത് തെറ്റുകാരെ കമ്മട്ടിയില്‍ മാറ്റം ചെയ്യുന്നതിനും കമ്മട്ടിക്കാരെ അശേഷം മാറ്റി വേറെ ആളുകളെ കമ്മട്ടിയില്‍ ചേര്‍ക്കുന്നതിനും അസോസ്യേഷന് അധികാരമുണ്ടായിരിക്കണമെന്ന് ഒരു നിശ്ചയം യോഗത്തിന്‍റെ ആലോചനയ്ക്കായി അഭിപ്രായപ്പെടുന്നു.

23-ാമത്. സുറിയാനിക്കാരുടെ സമൂഹ സംബന്ധമായും മറ്റുമുള്ള കാര്യാദികളുടെ നടത്തയ്ക്ക് അസോസ്യേഷനെന്ന ഒരു കൂട്ടത്തെയും അവരില്‍ ഒരു കമ്മട്ടിയേയും യോഗത്തില്‍ സ്ഥിരപ്പെടുത്തുന്ന മുറയ്ക്ക് മെത്രാന്മാരെ യോജിപ്പിക്കുന്നതിന് ഒരു ഡപ്യൂട്ടേഷന്‍ അയക്കണമെന്ന് മുമ്പില്‍ നിശ്ചയിച്ചിട്ടുള്ളതും ഈ കമ്മട്ടിക്കാര്‍ മുഖാന്തിരമായിരിക്കണമെന്ന് ഒരു നിശ്ചയം യോഗത്തിന്‍റെ ആലോചനയ്ക്കായി അഭിപ്രായപ്പെടുന്നു.

24-ാമത്. ഈ യോഗത്തില്‍ ഇപ്പോള്‍ നിശ്ചയിക്കപ്പെട്ട കാര്യങ്ങള്‍ ഇംഗ്ലീഷിലും മലയാളത്തിലും അച്ചടിപ്പിച്ച് പ്രസിദ്ധപ്പെടുത്തുന്നതു കൂടാതെ കൊച്ചി - തിരുവിതാംകൂറ് രണ്ടു സംസ്ഥാനങ്ങളിലും മഹാരാജാക്കന്മാര്‍ തിരുമുമ്പാകെയും ബ. റസിഡണ്ട് സായിപ്പ് അവര്‍കള്‍ക്കും ഓരോ പകര്‍പ്പുകള്‍ വിശേഷാല്‍ കൊടുത്തയക്കുന്നതുമല്ലാതെ സുറിയാനി സമൂഹത്താല്‍ നിശ്ചയിക്കപ്പെട്ടിരിക്കുന്ന കൊച്ചി - തിരുവിതാംകൂറ് സുറിയാനി ക്രിസ്ത്യാനി അസോസ്യേഷനെ സര്‍ക്കാര്‍ അംഗീകരിച്ച് സ്ഥിരപ്പെടുത്തിത്തരുന്നതിന് റസിഡണ്ട് സായിപ്പ് മുഖാന്തിരം അപേക്ഷിക്കണമെന്ന് ഒരു നിശ്ചയം യോഗത്തിന്‍റെ ആലോചനക്കായി അഭിപ്രായപ്പെടുന്നു.

25-ാമത്. ഈ യോഗത്തില്‍ നിന്നും അസോസ്യേഷനില്‍ ചേരുന്നവര്‍ ഒഴികെ ഇനിയും ചേരുവാന്‍ മനസ്സുള്ളവരെ ആറു മാസത്തിനകം ചേര്‍ത്തശേഷം അസോസ്യേഷനിലെ മെമ്പര്‍മാരുടെ തുക നിശ്ചയപ്പെടുത്തി അവരാല്‍ നടത്തപ്പെടേണ്ടുന്ന കാര്യങ്ങളെയും വ്യവസ്ഥപ്പെടുത്തണമെന്നും ആ സമയം നടപടിക്കുള്ള നിയമങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും ഒരു നിശ്ചയം യോഗത്തിന്‍റെ ആലോചനയ്ക്കായി അഭിപ്രായപ്പെടുന്നു.

26-ാമത്. പരുമലയ്ക്ക് പഠിത്തവീടും പള്ളിയും പണിയിക്കുന്നതിന് സമൂഹത്തിലേക്ക് സൗജന്യമായി സ്ഥലം കൊടുത്തിട്ടുള്ള അരികുപുറത്ത് മാത്തനോടും അതുപോലെതന്നെ അച്ചുകൂടം മുതലായതിന് ദ്രവ്യം കൊടുത്തിട്ടുള്ളവരോടും ഉപകാരസ്മരണ കാണിപ്പാന്‍ വേണ്ടി അവരവരാല്‍ കൊടുക്കപ്പെട്ടിട്ടുള്ള ദ്രവ്യസംഖ്യ വ്യവസ്ഥപ്പെടുത്തി ഇനിയത്തെ യോഗത്തില്‍ പ്രത്യേകമായി വന്ദനം പറയേണ്ടതാകുന്നു എന്നും ഒരു നിശ്ചയം യോഗത്തിന്‍റെ ആലോചനയ്ക്കായി അഭിപ്രായപ്പെടുന്നു.

27-ാമത്. ഈ യോഗത്തിലെ നിശ്ചയങ്ങളെ തൃപ്തികരമാംവണ്ണം സമാധാനത്തോടെ ഉറപ്പിച്ചിട്ടുള്ള യോഗത്തിന്‍റെ മുഖ്യാസനപതിയായ നമ്മുടെ ബാവാ മാര്‍ കൂറിലോസ് മെത്രാപ്പോലീത്താ അവര്‍കള്‍ക്ക് വന്ദനം പറഞ്ഞ് മീറ്റിംഗ് അവസാനിപ്പിക്കുന്നു.

ഈ നിശ്ചയങ്ങള്‍ ഉറപ്പിച്ച വിവരം,

മശിഹാകാലം 1873-ാമാണ്ട് ചിങ്ങ മാസം 25-ക്ക് കൊല്ലം 1049-ാമാണ്ട് ചിങ്ങ മാസം 27-ന് പരുമല വച്ച് സുറിയാനി ക്രിസ്ത്യാനികള്‍ യോഗം കൂടി ഉറപ്പിച്ച നിശ്ചയങ്ങളില്‍ 5-ാമത്തെ മാസം 26-ാം തീയതി അസോസ്യേഷനില്‍ ചേര്‍ന്ന മെമ്പര്‍മാര്‍ കൂടിയ മീറ്റിംഗിലെ പ്രൊസീഡിംഗ്സ്. 

കൂട്ടം ആലോചനക്കായി ആരംഭിക്കണം. കൂട്ടത്തിന്‍റെ മുഖ്യസ്ഥാനാപതിയായി മക്കുദിശാ ഗബ്രിയേലിനെ നിശ്ചയിക്കണം എന്നിങ്ങനെ പനയ്ക്കല്‍ അയ്പൂരു അഭിപ്രായപ്പെട്ടു. കൂട്ടം മുഴുവനും ഏകമനസ്സോടെ സമ്മതിച്ചു. 
ഇന്നത്തെ മീറ്റിംഗിന്‍റെ സാധ്യം അസോസ്യേഷനില്‍ കമ്മട്ടിക്കാരെ തിരഞ്ഞെടുക്കേണ്ടതിനാകുന്നു എന്ന് കല്ലറയ്ക്കല്‍ കോര പ്രസ്താവിച്ചു. കോനാട്ട് ഗീവറുഗീസ് മല്പാന്‍, പനയ്ക്കല്‍ യാക്കോബ് കത്തനാര്‍, എളന്തുരുത്തി പീലിപ്പോസ് കത്തനാര്‍, വെളിയത്ത് കോര്‍എപ്പിസ്കോപ്പാ, പനയ്ക്കല്‍ ഐപ്പൂരു, മല്ക്കി മക്കുദിശാ ഗബ്രിയേല്‍, കല്ലറയ്ക്കല്‍ കോര, കുന്നുംപുറത്തു കോര കുര്യന്‍, അറയ്ക്കല്‍പറമ്പില്‍ യാക്കോബ്, ചിറക്കടവില്‍ കൊച്ചുകോരുള, കളപ്പുരയ്ക്കല്‍ യാക്കോബ്, പുത്തന്‍വീട്ടില്‍ കോശി കൊച്ചുകോശി, പുതുപ്പള്ളി ഗീവറുഗീസ് ഇവരെ കമ്മട്ടിക്കാരായി തിരഞ്ഞെടുക്കണമെന്നും കുന്നുംപുറത്തു കോര ഉലഹന്നാനും എലഞ്ഞിക്കത്ര കുരിയന്‍ തൊമ്മിയും അഭിപ്രായപ്പെട്ടു. കൂട്ടം ഏകമനസ്സോടെ സമ്മതിച്ചു.

ഈ കമ്മട്ടിയില്‍ സിക്രട്ടറി ആയി കോര കുര്യനെയും സുറിയാനി സിക്രട്ടറി ആയി എടവഴിക്കല്‍ പീലിപ്പോസ് കോറെപ്പിസ്കോപ്പായേയും നിശ്ചയിക്കേണ്ടതാകുന്നു എന്ന് വെളിയത്തു ഗീവറുഗീസ് കോറെപ്പിസ്കോപ്പായും കാഞ്ഞിരത്തില്‍ ഇട്ടീരാ ചെറിയാനും അഭിപ്രായപ്പെട്ടു. കൂട്ടം ഏകമനസ്സോടെ സമ്മതിച്ചു. മുതല്‍പിടിയ്ക്ക് നിജമായി ഒരാളെ സ്ഥിരപ്പെടുത്തുന്നതു വരെ സിക്രട്ടറിയുടെ രശീതുംപ്രകാരം പ്രവേശന ഫീസ് മുതലായത് പിരിച്ച് വസൂലാക്കുന്നതിനും ആ മുതലിന് സിക്രട്ടറിയ്ക്ക് ഉത്തരവാദികളായി ഇരിക്കുന്നതിന് ചാവക്കാട്ടിനപ്പുറം കുന്നംകുളങ്ങര മുതലായ സ്ഥലങ്ങളിലേക്ക് പനയ്ക്കല്‍ ഐപ്പൂരുവിനെയും പനയ്ക്കല്‍ യാക്കോബ് കത്തനാരെയും അങ്കമാലി മുതല്‍ മുളക്കുളം വരെ കല്ലറയ്ക്കല്‍ കോരയെയും വെളിയത്ത് കോറെപ്പിസ്കോപ്പായെയും മുളക്കുളം മുതല്‍ ചങ്ങനാശ്ശേരി വരെ ചിറക്കടവില്‍ കൊച്ചുകോരുളയേയും എറികാട്ട് മാത്തുവിനെയും അതിന് തെക്കോട്ടേയ്ക്ക് എലഞ്ഞിയ്ക്കല്‍ യാക്കോബിനെയും പുത്തന്‍വീട്ടില്‍ കോശി കൊച്ചുകോശിയേയും പുതുപ്പള്ളി ഗീവറുഗീസിനെയും നിശ്ചയിക്കേണ്ടതാകുന്നു എന്ന് പുന്നത്ര കുര്യന്‍ കുരുവിളയും മാലിത്തറ ഏലിയാസ് കത്തനാരും കൂടി അഭിപ്രായപ്പെട്ടു. കൂട്ടം ഏകമനസ്സോടെ സമ്മതിച്ചു. 

ഇനി കമ്മട്ടിക്കാരുടെ ഒരു മീറ്റിംഗ് ഉണ്ടാകുന്നതു വരെ കാര്യാദികളുടെ നടത്തിപ്പിന് വിഘ്നം വരാതെ ഇരിപ്പാന്‍ വേണ്ടി കമ്മട്ടിക്കാര്‍ക്കും സിക്രട്ടറിക്കും യുക്തമെന്ന് തോന്നുന്ന അഭിപ്രായങ്ങള്‍ അന്യോന്യം എഴുതി അറിയിച്ച് സമ്മതം വരുത്തി നടത്തേണ്ടതാകുന്നു എന്ന് തോമ്പ്ര മത്തായി കത്തനാരും പനയ്ക്കല്‍ ഇട്ടി മാത്തുവും അഭിപ്രായപ്പെട്ടു. കൂട്ടം ഏകമനസ്സോടെ സമ്മതിച്ചു.

ഇന്നത്തെ കൂട്ടം തൃപ്തികരമാംവണ്ണം അവസാനിപ്പിച്ചതിന്നായി മുഖ്യാസനപതിയായ മല്കി മക്കുദിശാ ഗബ്രിയേലിന് വന്ദനം പറഞ്ഞ് കൂട്ടം പിരിഞ്ഞു. 

ഇതിന്‍റെ ശേഷം ബ. മാര്‍ കൂറിലോസ് ബാവായും പള്ളിക്കാരും ഒപ്പിട്ട് പിരിഞ്ഞു.

(ശെമവൂന്‍ മാര്‍ ദീവന്നാസ്യോസിന്‍റെ നാളാഗമത്തില്‍ നിന്നും; കണ്ടനാട് ഗ്രന്ഥവരി, ശെമവൂന്‍ മാര്‍ ദീവന്നാസ്യോസ്, എഡിറ്റര്‍: ഫാ. ഡോ. ജോസഫ് ചീരന്‍, കുന്നംകുളം, 2008, പേജ് 187-200)

Comments

Popular posts from this blog

കോട്ടയം അക്കര സി. ജെ. കുര്യന്‍ | കെ. വി. മാമ്മന്‍

പ. പാമ്പാടി തിരുമേനി നടത്തിയ പട്ടംകൊട ശുശ്രൂഷകള്‍

നിരണം പള്ളി കൂദാശ (1912)