മാര്‍ത്തോമ്മാ ശ്ലീഹാ മലയാളത്തു സഭ സ്ഥാപിച്ചത് വിവിധ സഭാചരിത്ര ഗ്രന്ഥങ്ങളില്‍

നിരണം ഗ്രന്ഥവരി (അക്കര കൈയെഴുത്തുപ്രതി)

മാര്‍ത്തോമ്മാശ്ലീഹായുടെ വരവും സഭാസ്ഥാപനവും:


52-ല്‍ മാര്‍ത്തോമ്മാശ്ലീഹാ മലയാളത്തു വന്ന് മാര്‍ഗ്ഗം അറുവിച്ചു. ഏഴു പള്ളിയും വെപ്പിച്ചു. മാമ്മോദീസാ മുങ്ങിയതില്‍ ചംകരപുരി, പകലോന്മറ്റം രണ്ടു തറവാട്ടില്‍ പട്ടവും കൊടുത്തു. 51-ാമാണ്ട് കന്യാസ്ത്രീ അമ്മ മരിച്ചു. പറുദൈസായില്‍ അവരെ കൊണ്ടുപോകപ്പെട്ടു. 

നിരണം ഗ്രന്ഥവരി

മാര്‍ത്തൊമ്മാശ്ലീഹായും കൊടുങ്ങല്ലൂര്‍ ദേവിയും:


വേറെ ഒരു കാര്യം പറയുന്നു. എന്നാല്‍ മാര്‍ത്തൊമാശ്ലീഹാ മലയാളത്തില്‍ വന്നില്ലന്നും നാഗപട്ടണത്തേ വന്നൊള്ളൂയെന്നും, അവിടെ മാര്‍ഗം അറുവിച്ചതിന്‍റെ ശേഷം വിശ്വസിച്ചതില്‍ ചിലരു മലെയാളത്തു വന്നു മാര്‍ഗം നടത്തിയെന്നും പറയുന്നതിന്നു, ശ്ലീഹാ തന്നെവന്ന് മാര്‍ഗം അറുവിച്ച് മാമോദിസാ മുക്കിയെന്നും നിശ്ചയിച്ചു വിശ്വസിക്കാം. എന്തന്നാല്‍ ഒരു സാക്ഷി പറയുന്നു, ശ്ലീഹാ കൊടുങ്ങല്ലൂരോളം വന്നപ്പോള്‍ അവിടവച്ചു ഏറിയ പൊന്നാഭരണങ്ങള്‍ ചമെഞ്ഞും കൊണ്ടു ഒരു പുലയി ശ്ലിഹായുടെ യാത്ര മുടക്കുവാനായിട്ടു, സ്ത്രീകളുടെ വഴിക്കുള്ള പുരാണങ്ങള്‍ കൊണ്ടു മുന്‍പാക വന്നൂ. ആദേഹത്തിനു അരിശം കലര്‍ന്നു ഇവളെ പിരാകി. ഇരി കുറുമ്പെയന്നു തനിക്കുള്ള മുക്ഷരത്ത്വം കൊണ്ട് കല്‍പിച്ചതിനാല്‍, അപ്പിരാക്കാലെ ഒരു കല്ലൂരൂപം ആയിട്ടു തിരികയും ചെയ്തു. 

ഇന്നയൊളും കൊടുങ്ങല്ലൂര്‍ മുക്കാല്‍വട്ടത്തു ആ രൂപത്തെ വച്ചു വരുന്നു.. ഈയവസ്ഥ കൊണ്ടു മലെയാളികള്‍ പറയുന്ന വചനങ്ങള്‍ വിചാരിച്ചാല്‍ ഒരു സാക്ഷിയായിട്ടു തിരികയും ചെയ്യും. അതായത് കൊടുങ്ങല്ലൂരു രാജ്യം പണ്ടു പുരാണെ ഒരു ചുള്ളിക്കാടായിരുന്നുയെന്നും, മനുഷ്യരില്ലാതെ കിടന്നൂയെന്നും, അതിന്‍റെ നടുവില്‍ക്കൂടെ വഴിനടയായിരുന്നൂയെന്നും, അവിടെ മനുഷ്യരുടെകുടി ഒണ്ടാകുന്നതിനു മുന്‍പില്‍ ഒരു പരദേശി അവിടെ വന്നൂയെന്നും, അയാളോടു കൂടെ അവരുടെ ദൈവമായ കുറുമ്പകൂടെ വന്നൂയെന്നും, ഇപ്പോള്‍ മുക്കാന്‍വട്ടം തീര്‍ത്തിരിക്കുന്ന എടത്തില്‍ അവളെ ഇരുത്തിക്കൊണ്ടു, നിനക്കു ഞാനൊണ്ടാക്കിയെന്ന എടം ഇതാകുന്നൂയെന്നു കല്‍പിച്ചുംവച്ചു പോയിയെന്നും പറയുന്നല്ലൊ. 

ഇക്കാഴ്ചയുണ്ടായി ശ്ലീഹാ ഇങ്ങോട്ടു പോന്നതിന്‍റെ ശേഷം അസ്തമിച്ചപ്പോള്‍  ഒരു നായരു കൊടയും കൊണ്ട് ആ വഴിമദ്ധ്യേ കടന്നു പോകുമ്പോല്‍, ഒരു പെണ്ണു അവിടെ ഇരിക്കുന്നതു അയാള്‍ കണ്ടാറെ, അങ്ങോട്ടെക്കടുത്തുകൂടി ചെന്നപ്പോള്‍, ഈ നായരോടെ അവളപേഷിച്ചു നീയായിട്ടു ഇനിക്കൊരു പുര കെട്ടിച്ചു തരണമെന്നും പറഞ്ഞാറെ, അവന്‍റെ വീട്ടിലോട്ടു കൊണ്ടു പോകുവാനായിട്ടു ശ്രമിച്ചപ്പോള്‍ ആയതു അനുസരിക്കാഴിക കൊണ്ടു, മഞ്ഞു തട്ടാതെ ഇരിപ്പാന്‍ തക്കവണ്ണം അവന്‍റെ കയ്യിലിരുന്ന കുടയും കൊടുത്തും വച്ച് നായരുപോയി.  

പിറ്റെ ദവസി കാലത്തെ വന്ന് വേണ്ടുന്ന കോപ്പുകളും വരുത്തി പുരകെട്ടി കൊടുക്കുകയും ചെയ്തു. അന്നേരം നിങ്ങളാരെന്നും എവിടെ നിന്ന് വരുന്നൂയെന്നും ചോദിച്ചാറെ, നിമിഷം നിങ്ങള്‍ക്ക് അറിവാന്‍ സംഗതി ഒണ്ടാകുമെന്നും പറഞ്ഞതല്ലാതെ ഇന്നാരെന്നും ഇന്നപ്രകാരമെന്നും ഇവിടെ വന്നൂയെന്നും തിരിച്ചുവന്നില്ലാ. എന്നിട്ടും ഇന്നായരു അവളുടെ സമദ്രിയം കൊണ്ട് അവളെ മോഹിച്ച്, അവളുമായിട്ട് വിശ്വാസം വേണമെന്നു വിചാരിച്ച്,  നിന്നും പിരിയാതെ ഒത്തിരിനാള്‍ കൂടെ പാര്‍ത്തു. ആ നാളിലൊക്കെയും ഇവള്‍ തിന്നാതെയും കുടിക്കാതെയും ഇരിക്കുന്നതു കണ്ടാറെ ഈ നായര്‍ക്കു അശെക്ക്യം തോന്നി, പരകന്യാ ആക്കി തുടങ്ങി. അതു കാരണാല്‍ ദിവസേന അവളെ കാണ്മാനായിട്ട് ഓരോരു വന്നുകൂടി. എല്ലാപേരും നോക്കി നിക്കുമ്പോള്‍ കരിംകല്ലിന്‍റെ രൂപമായിട്ടു തിരിഞ്ഞതുകണ്ടു. 

അന്നേരം കൂടിയ ആളുകളിലൊരുത്തന്‍ തുള്ളിക്കൊണ്ടു പറകയായി. അയൊദ്ധ്യ രാജ്യത്തില്‍ നിന്നും ഞാന്‍ തിരിച്ചുയെന്നും, മലയാളത്തിലിരിക്കുന്ന ലോകരുടെമേല്‍ ഉണ്ടാകുന്ന ഉപദ്രവങ്ങളില്‍ നിന്നു രക്ഷിപ്പാനത്രെ ഞാന്‍ വന്നൂയെന്നും, നിങ്ങളെന്നെ കൈക്കൊള്ളുകയില്ലയോയെന്നും ചോദിച്ചാറെ, അവരുടെ രക്ഷിതാവായിട്ടു അവളെ കൈക്കൊള്ളത്തക്കവണ്ണം എല്ലാപേരും കൂടെ ഏറ്റ്, അവിടെയൊരു മുക്കാല്‍വട്ടവും തീര്‍ത്തു. ഇന്നയോളം അവളെ വന്ദിച്ചു വരുന്നൂ. 

ഇക്കൊട കൊടുത്ത നായുരുടെ ഒടുക്കം കൊടുങ്ങല്ലൂര്‍ നാടുവാഴി ആകയും ചെയ്തു. അയാളെ വിളിച്ചു വരുന്നതു കൊടെക്കാട്ടു നായരെന്ന്. ഇങ്ങനെ ഒത്തിരിക്കാലം ചെന്നതിന്‍റെ ശേഷം അയാള്‍ക്ക് അനന്തിരവരില്ലാതെ മരിച്ചപ്പോള്‍ ആയിരു സൊരൂപത്തിന്‍റെ വകയില്‍നിന്നുണ്ടായ പടിഞ്ഞാറൊടത്തു സ്വരൂപത്തിന്ന് ആ രാജ്യം അഭിഷേകം ചെയ്തു.

അതുകൊണ്ട് ഇന്നയോളം കൊടുങ്ങല്ലൂര്‍ മുക്കാല്‍വട്ടത്തുവച്ച്  കാവ്യരുടെ തിരുനാള്‍ കഴിച്ച് വരുമ്പോള്‍, ഒരു നെടിയ കുടയും പിടിപ്പിച്ച് കൊടെക്കാട്ട് നായരായിട്ട് ഒരുത്തന്‍ അവിടെ പുറപ്പെടുകയും വേണം. ഇക്കാവ്യരുടെ വാക്കു ഭോഷ്കെങ്കിലും അതൊക്കെയും ഒരു ഭാഗത്തുവച്ചുംകൊണ്ട് ഞങ്ങളുടെ ബോധജ്ഞാനത്താലെയും, ഉണ്ടാക്കുന്ന അറിവിനാലെയും, നസ്രാണികള്‍ പറയും വണ്ണം മര്‍ത്തൊമ്മാശ്ലീഹാ മലെയാളത്തില്‍ വന്നതും മാര്‍ഗം അറുവിച്ചതും പള്ളി വച്ചതും, മാര്‍ഗം അറുവിക്കേണ്ടിട്ട് ഏറിയ പ്രത്യക്ഷങ്ങള്‍ കാട്ടിയെന്നും നിശ്ചയിക്കാമല്ലൊ. ഇതിനെ വിചാരിച്ചാല്‍ ക്രിസ്ത്യാനി മാര്‍ഗം ഉണ്ടായത് പ്രത്യക്ഷത്തിന്‍റെ ശക്തി കൊണ്ടത്രെ ആകുന്നൂ. അതുകൊണ്ട് നമ്മുടെ കര്‍ത്താവീശോമിശിഹായും അടയാളങ്ങളും പ്രത്യക്ഷങ്ങളും ഏറ്റം പ്രവര്‍ത്തിച്ച് മാര്‍ഗം നടത്തിയതില്‍ വണ്ണം തന്നെ തന്‍റെ ശിഷ്യര്‍ക്കും ആ മുഷ്കരത്വം കൊടുത്ത്, ലോകമതൊക്കയിലും അവരറുവിച്ചുവെന്ന് നിശ്ചയിച്ച് വിശ്വസിക്കണം.1

മാര്‍ ശെമവൂന്‍ ദീവന്നാസ്യോസിന്‍റെ നാളാഗമം

മാര്‍ തോമ്മാ ശ്ലീഹായുടെ എടവക ആയ മലയാളത്തില്‍ ഉണ്ടായ വര്‍ത്തമാനം ചുരുക്കത്തില്‍ എഴുതുന്നു. ആമ്മീന്‍. +  +   +

യൂദായുടെ വഴിപാട്ടില്‍1 നിന്നുള്ള മാര്‍ തോമ്മാശ്ലീഹാ പര്‍സുവാ2യെക്കാരോടും മാദായെ3ക്കാരോടും യന്ദുവായെ2ക്കാരോടും മാര്‍ഗ്ഗമറിയിച്ചതും ഇതില്‍ ഹെന്തുവെന്ന് വിളിക്കപ്പെടുന്ന മലനാട്ടില്‍ ശുദ്ധതയുടെ മാര്‍ഗ്ഗം ഉണ്ടാകുവാന്‍ അനുഗ്രഹത്തിന്‍റെ ഹേതുക്കളും അക്കാലം തൊട്ട് മലയാളത്തില്‍ ഉണ്ടായിരിക്കുന്ന പുരാണങ്ങളും പട്ടാങ്ങപ്പെട്ട ദൈവംതമ്പുരാന്‍റെ തിരുനാമത്താലെയും മാര്‍ തോമ്മാശ്ലീഹായുടെ തുണയാലെയും ഞങ്ങള്‍ എഴുതുന്നു.

1. ശോഷകന്‍ രാജാവിന്‍റെ സ്വപ്നവും പണിക്കാരനെ അന്വേഷിച്ചതും കര്‍ത്താവിനെ കണ്ടതും കര്‍ത്താവ് മാര്‍ത്തോമ്മാ ശ്ലീഹായെ ധൈര്യപ്പെടുത്തി വിട്ടതും ശ്ലീഹാ വന്നതും. 13. കാഴ്ച രാജാവ് പറഞ്ഞതും പണി ശ്ലീഹാ വരച്ചതും രാജാവ് സന്തോഷിച്ചതും പണിയ്ക്ക് ദ്രവ്യം ഏല്പിച്ചതും പണിയാതെ നടന്ന് മാര്‍ഗ്ഗം അറിയിച്ചതും  അദ്ഭുതങ്ങള്‍ ചെയ്തതും ആയത് രാജാവ് അറിഞ്ഞ് ഹാബാനെയും ശ്ലീഹായെയും പിടിച്ച് വിലങ്ങ് ഇടീച്ചതും. 18. ഇതിനാല്‍ എളയ രാജാവ് മരിച്ചതും ആത്മം എടുത്ത് കൊണ്ടുപോയി കോവിലകം പണിയിച്ചത് കാണിച്ചതും ഉടന്‍ ഉയിര്‍ത്തതും ആത്മം കണ്ട വസ്തു മൂത്ത രാജാവിനോട് പറഞ്ഞതും സന്തോഷിച്ച് ഇരുവരും മാമ്മൂദീസാ മുങ്ങിയതും പള്ളിയെയും പട്ടക്കാരെയും ഉണ്ടാക്കിയതും അവിടെനിന്ന് പുറപ്പെട്ട് മലങ്കരയ്ക്ക് വന്നതും ഗ്രാമക്കാര്‍ വിശ്വസിച്ചതും പട്ടംകൊടുത്തതും പള്ളിയും കുരിശും വെപ്പിച്ചതും ശ്ലീഹായ്ക്ക് മരണം സംഭവിച്ച വിവരവും.
1-ാം പാസോക്കാ. ആദിയും അറുതിയും ഇല്ലാത്ത കാതല്‍ സുഖത്തിന്‍റെ നാമത്താലെ ശോഷമ കുലത്തില്‍ 2. ശോഷകപ്പെരുമാള്‍5 രാജാവ് വാണിരിക്കുന്ന അക്കാലങ്ങളില്‍, ഒരു ദിവസം അവന്‍റെ നിദ്രയില്‍ അനുഗ്രഹത്താലെ ഒരു കോവിലകം6 പോലെ പ്രകാശിതവും ശോഭയും നിറയപ്പെട്ടുംകൊണ്ട് ചിത്രതരമായ പണികളും 3. വിചിത്രതരമായി ബോധങ്ങളെ പറിയ്ക്കുന്നു എന്ന കാഴ്ചകളും അവന്‍ കണ്ടു. അടക്കമില്ലാത്ത പ്രസാദത്താലെ ഉണര്‍ന്ന് ഏറിയ ഉത്സാഹത്താലെ അന്വേഷിച്ച് വിചാരിക്കുമ്പോള്‍ ഹാബാന്‍ എന്ന ഒരു 4. കച്ചവടക്കാരനെ കണ്ടെത്തി. അവനോട് ഈ അവസ്ഥകളൊക്കെയും കല്പിച്ച് അതിന്‍വണ്ണം നമുക്കൊരു കോവില്‍ 5. പണി തീര്‍പ്പാന്‍ അടക്കം കൂടാതെ എനിയ്ക്ക് ആഗ്രഹമാകുന്നു. ആയതിനെ പണിവാന്‍ സമര്‍ത്ഥനായിട്ടൊരു പണിക്കാരനെ വരുത്തണമെന്ന് കല്പിച്ചു. കല്പന കേട്ട് അവന്‍ മനസ്സായി അനുഗ്രഹത്താലെ വരുത്തുവാന്‍ എന്നും അറിയിച്ച് അതിന് വേണ്ടുന്ന ദ്രവ്യവും കൊടുത്ത് ആളും കൂട്ടി രാജാവ് യാത്രയാക്കി. 6. അവന്‍ പുറപ്പെട്ട് അന്വേഷിച്ച് യൂദെന്ന രാജ്യത്ത് മാഹോസ എന്ന നാട്ടില്‍ ചെന്ന് വിഷാദത്തോടെ  7. പാര്‍ക്കുന്ന സമയത്തില്‍ ആ ദിക്കിനുടെ പുരുഷനെപ്പോലെ കര്‍ത്താവീശോമശിഹാ അവന് കാണപ്പെട്ടു. അവന്‍ മനസ്സായി അന്വേഷിക്കുന്ന കാര്യങ്ങള്‍ ഒക്കെയും അവനോട് താന്‍ അരുളിചെയ്തു. 8. പണി ഒക്കെയ്ക്കും അധികതരമറിയുന്ന തികവായൊരു തച്ചനെ നിനയ്ക്ക് ഞാന്‍ തന്ന് 9. യാത്രയാക്കുമെന്നും കല്പിച്ച തിരുവചനം കേട്ട് അവന്‍ ആശ്ചര്യപ്പെട്ടു. ഉടന്‍ പ്രത്യക്ഷത്താലെ മാര്‍ തോമ്മാശ്ലീഹായെ വരുത്തി. ഇതാ തച്ചന്‍ എന്നും നീ മനസ്സാകുന്നപോലെ ഇവന്‍ ചമയ്ക്കുമെന്നും കല്പിച്ച് ഹാബാന് ശ്ലീഹായെ വിറ്റ് വില വാങ്ങിച്ച് ശ്ലീഹായുടെ പറ്റില്‍ തന്നെ കൊടുത്ത് യാത്ര വിധിച്ചു. 10. അപ്പോള്‍ എല്ലാ നാട്ടിലും ഈ രണ്ട് പേരെ നീ കല്പിച്ചു എന്നും മഹാദുഷ്ടരായി പേച്ചുകളും7 അറിയുന്നില്ലാ എന്ന മൃഗം പോലെ ഇരിക്കുന്നവരുടെ ദിക്കില്‍ എന്നെ ത (നിയെ) ന്നെ നീ 11. കല്പിച്ചോ എന്നും സങ്കടം അറിയിച്ചാറെ, നീ പേടിക്കേണ്ടാ എന്നും നിന്നോടു കൂടെ ഞാന്‍ (ഉണ്ട്) എന്നും നിന്‍റെ നിനവ് എന്‍റെ നിനവ് എന്നും കല്പിച്ച് മാര്‍ത്തോമ്മാശ്ലീഹായെ ഉറപ്പിച്ച് അവനോട് 12. കൂടെ യാത്രയാക്കുകയും ചെയ്തു. നമ്മുടെ കര്‍ത്താവിനുടെ ആണ്ട് 52-ല്‍ മാര്‍ത്തോമ്മാശ്ലീഹാ മയിലാപ്പൂരില്‍ വന്നു. 13. ശോഷപ്പെരുമാള്‍ രാജാവിനെ കണ്ടതിന്‍റെ ശേഷം കാഴ്ചയില്‍ താന്‍ കണ്ട കോയില്‍ വിസ്താരവും വിചിത്രതരവും നീ വരച്ച് കാണിയ്ക്കുമെങ്കില്‍ ഞാന്‍ അറിയുമെന്നും രാജാവ് കല്പിക്കകൊണ്ട് 14. ശ്ലീഹാ വരച്ചതിനെ രാജാവ് കണ്ട് പ്രസാദിച്ച് ഏറ്റത്താലെ ശ്ലീഹായെ ബഹുമാനിച്ചു. ഇതിന്‍റെ ശേഷം പണിക്കാര്യം കൊണ്ട് പറഞ്ഞ വചനം ഏകോല്‍ഭവിച്ച് ശ്ലീഹായ്ക്ക് ചേര്‍ന്നത് പണി എന്നും നിലവും ചെലവും താമസവും ബോധിച്ചതിന്‍വണ്ണമെന്ന് സമ്മതിച്ച്  വേണ്ടുവോളം ദ്രവ്യവും കൊടുത്ത് പണിയ്ക്ക് വേണ്ടുന്നതിനെ ഒക്കെയും അന്വേഷിപ്പാനും കല്പിച്ചതിന്‍റെ ശേഷം ശ്ലീഹാ പുറപ്പെട്ട് മാര്‍ഗ്ഗം അറിയിക്കയും അഗതികളെ കൂട്ടുകയും അവര്‍ക്ക് വേണ്ടുന്നതിനെ ഉത്സാഹിക്കുകയും വ്യാധിക്കാരെയും ദേവസ കൊടിക്കാരെയും8 കുരുടരേയും മുടന്തരേയും വെടിപ്പാക്കി മാമ്മൂദീസാ വഴി വളര്‍ത്തി വരുന്ന കാലങ്ങളില്‍, 16. ദേവത ഭൃത്യന്മാരുടെ ഉള്ളില്‍ പുക്കു പൈശൂന്നിച്ച് രാജാവോട് അവര്‍ അറിയിച്ചു. കോവിലകം പണിക്ക് ഒരു കല്ലുപോലും വെട്ടിച്ചുമില്ല, അടിസ്ഥാനം പോലും ചെയ്തിട്ടുമില്ല എന്നും ഏറെ ദ്രവ്യം കൊടുത്തതിനെ ഒക്കെയും  അവന്‍റെ പുത്തന്‍ മാര്‍ഗ്ഗത്തില്‍ കൂടുന്നവര്‍ക്ക് കൊടുത്ത് ചെലവാക്കി 17. എന്നും പണിയ്ക്ക് ഭാവം പോലുമില്ലെന്നും ബോധിപ്പിച്ചു . ഇതിനെ കേട്ട് ശ്ലീഹായെ വരുത്തി കോവിലകം പണി എത്ര മുതിര്‍ന്നു എന്നും ചെയ്തടത്തോളം എനിയ്ക്ക് കാണണമെന്നും പറഞ്ഞതിനുത്തരം കോവിലകം പണി ഒക്കെയും ചിതമായെന്നും അത് വാനലോകത്താകുന്നുവെന്നും ഇപ്പോള്‍ 18. അതിനെ കാണ്മാന്‍ നിനയ്ക്ക് സമയമില്ലെന്നും ശ്ലീഹാ പറഞ്ഞു. അപ്പോള്‍ രാജാവ് കോപിച്ച് ഉടന്‍ ആളയച്ച് 19. ഹാബാനെയും വരുത്തി അവരിരുവരെയും ഒന്നിച്ച് വിലങ്ങിടുകയും ചെയ്തു. ഇനി ഏത് ദുഷ്ടശ്രമങ്ങളാലെ ഇവരെ കൊല്ലേണ്ടു എന്ന് നിരൂപിച്ച് ഉറയ്ക്കുന്നതിന് മുമ്പേ ഇക്കാര്യം കൊണ്ട് മാനഹാനിയ്ക്കും ദ്രവ്യചേതവും ദുഷ്ക്കീര്‍ത്തിയ്ക്കും സംഗതി വന്നല്ലോ എന്ന് വിഷാദിച്ച് വ്യസനപ്പെട്ട് ബുദ്ധി ഇളകി. 20 അതിനാല്‍ രോഗം വര്‍ദ്ധിച്ച് എളയ രാജാവ് മരിച്ചു. ഉടന്‍ അവന്‍റെ ആത്മം തിരുമനസ്സാലെ മാലാഖമാര്‍ എടുത്ത് ആകാശത്തില്‍ കരേറ്റിയതിന്‍റെ ശേഷം മാര്‍ത്തോമ്മാ ശ്ലീഹായുടെ വേലയാലെ മൂത്ത രാജാവിന് ചമയപ്പെട്ട കോവിലകം എന്ന് പേര്‍ വിളിച്ച് മോക്ഷത്തിന്നുമ്മാറ് കൊണ്ടുചെന്നു. 21. ഇതിന്‍റെ ശേഷം നിന്‍റെ ജ്യേഷ്ഠന് ഭാഗ്യക്കാരന്‍ ചമച്ച കോവില്‍ ഇതാകുന്നു എന്ന് മാലാഖമാര്‍ പറഞ്ഞതിനെ കേട്ട് ആത്മം സന്തോഷിച്ച് ഉടന്‍ തമ്പുരാന്‍റെ പ്രമാണത്താലെ ആ ആത്മം ശരീരത്തിലാക്കി അവന്‍ ഉയിര്‍ത്തു. 22. ഉടന്‍ മൂത്ത രാജാവിനെ വിളിച്ച് നിന്‍റെ അനുജന്‍ ഞാന്‍ മരിച്ച് ഉയിര്‍ത്തു എന്നും ഞാന്‍ അപേക്ഷിക്കുന്ന 23. വസ്തു എനിയ്ക്ക് നീ തരണമെന്നും പറഞ്ഞു. വളരെ തെളിവോടെ നീ എന്തു ചോദിച്ചാലും ഞാന്‍ 24. തരുവന്‍ എന്ന് മൂത്ത രാജാവ് കല്പിച്ചു. മറ്റൊന്നും വേണ്ട എന്നും എബ്രായക്കാരന്‍റെ പറ്റില്‍ കോവിലകം ചമപ്പാന്‍ നീ കൊടുത്ത മുതല്‍ എന്നോട് ഒക്കെയും പത്തിനൊന്ന് കൂട്ടി വാങ്ങിച്ചുംകൊണ്ട് 25. അവന്‍ ചമച്ച കോവിലകം എനിയ്ക്ക് തരണമെന്നും അപേക്ഷിച്ചു. അപ്പോള്‍ രാജാവ് എത്രയും വിഷാദിച്ച് സാരം എന്തെന്ന് അറിയാന്‍ മുട്ടിച്ച് ചോദിക്കയാല്‍ കണ്ട പടി ഒക്കെയും ജ്യേഷ്ഠനോട് അറിയിച്ച ഉടനെ ആര്‍ത്തി പൂണ്ട കര്‍മ്മപാപത്താല്‍ വെന്തുരുകി ദിഷ്ടതിയോടെ ഇരുവരും ഒരുമിച്ച് 26. ശ്ലീഹായെ കണ്ട് കാല്ക്കല്‍ വീണ് നമസ്ക്കരിച്ചു. ബന്ധിച്ചതിനെ അഴിച്ച് ബഹുഭക്തിയോടു കൂടി 27. രാജാക്കള്‍ ഇരുവരും  അവരോടുകൂടെ ഏറിയ ജനങ്ങളും മാമ്മൂദീസാ മുഴുകി. അതില്‍ പല പട്ടക്കാരെയും കല്പിച്ച് പള്ളികളും ചമച്ചതിന്‍റെ ശേഷം അവിടെനിന്നും പുറപ്പെട്ട് മറ്റു പല ദിക്കുകളിലും 28. മാര്‍ഗ്ഗം അറിയിച്ച് വന്നു. 61-ാം കാലം ചേരകോന്‍ മലനാട്ടില്‍ മാലിയാംകരെ ശ്ലീഹാ വന്നിറങ്ങി. അക്കാലങ്ങളില്‍ കേരളത്തില്‍ രാജശക്തി ഇല്ലാതെ മുപ്പത്തുരണ്ട് ഗ്രാമവും 29. 32 ഗ്രാമണികളുമായി പരിപാലനം ചെയ്യുന്ന കാലമാകകൊണ്ട് അവരുമായി വിവദിച്ച് പട്ടാങ്ങയെക്കൊണ്ട് ജയിച്ച് ബോധം വന്ന് പല ഗ്രാമങ്ങളില്‍ നിന്നും പലരും വിശ്വസിച്ച് മാമ്മൂദീസാ മുഴുകിയതില്‍ ശങ്കരപുരിയും പകലോമറ്റവും ഈ രണ്ട് ഗ്രാമങ്ങളില്‍ ഓരോ പട്ടക്കാരെയും കല്പിച്ചു. 30. വീണ്ടും പുറപ്പെട്ട് നടന്ന് മാര്‍ഗ്ഗം അറിയിച്ച് ഏറിയ ജനങ്ങളെ മാമ്മൂദീസാ മക്കളാക്കി. മാലിയാംകരയും കോട്ടക്കായലിലും ഗോക്കലമംഗലത്തും നെരണത്തും ചായലിലും കുരക്കേണിക്കൊല്ലത്തും പാലൂരും ഇങ്ങനെ ഏഴ് പള്ളിക്കും അളവില്ലാത്ത അവന്‍റെ തിരുനാമത്താലെ കുരിശും നിറുത്തി 31. പള്ളികളും ചമച്ചശേഷം മുപ്പതാണ്ടുകള്‍ മലങ്കരെ സഞ്ചരിച്ച് വീണ്ടും പാണ്ടിനാടിന് മാര്‍ഗ്ഗം അറിയിപ്പാന്‍ പോകുംവഴി എമ്പ്രാന്‍ ശൂലം ചാണ്ടിയതേറ്റു ചിന്നമലയില്‍ മൈലാപ്പൂരില്‍ അവനെ അടക്കി. 32. മാലാഖമാരാലെ ഉറഹാ എന്ന പള്ളിയില്‍ അവനെ കൊണ്ടുപോയി അടക്കപ്പെട്ടു. അവന്‍റെ നമസ്ക്കാരം നമ്മോടു കൂടെ. ആമ്മീന്‍.

ഇടവഴിക്കല്‍ നാളാഗമം

മലയാളത്തില്‍ ക്രിസ്ത്യാനി മതം ഉണ്ടായ വിവരവും പിന്നെ മതം ഇടപെട്ടുണ്ടായ വിവരവും ചുരുക്കത്തില്‍ എഴുതുന്നു. 

ഒന്നാമത്, നമ്മുടെ .............

മിശിഹാ മരിച്ചുയിര്‍ത്ത .....................

അന്ത്യോക്യായില്‍ സിംഹാസനം ഉറപ്പിച്ചു പള്ളിയും പണിതു മൂറോനും തബലൈത്തായും കൂദാശയും ചെയ്തു. നമ്മുടെ ......................

മാര്‍ യാക്കോയെ എപ്പിസ്കോപ്പാ ആയിട്ടു അവിടെ വാഴിച്ചു കുര്‍ബ്ബാനയും ചൊല്ലി നോമ്പും നോറ്റു പുറപ്പെട്ടു മാര്‍ഗ്ഗം അറിയിച്ചു വരുമ്പോള്‍ ഹിന്ദു എന്ന രാജ്യത്തില്‍ ചോഴമങ്ങലത്തു ചോഴപെരുമാള്‍ എന്ന രാജാവ്  മഹാഉന്നതമായി ഒരു കോവിലകം സ്വപ്നത്തില്‍ കാണുകകൊണ്ട് സ്വപ്നത്തില്‍ കണ്ടപ്രകാരം കോവിലകം തീര്‍ക്കുന്നതിനു നല്ലതില്‍ ഒരു തച്ചനെ അന്വേഷിച്ചുകൊണ്ട് വരണമെന്നു പരദേശി ആയ കച്ചവടക്കാരന്‍ ആബാനോടു രാജാവ് കല്പിച്ചു. അവന്‍ യൂസി എന്ന രാജ്യത്തു ചെന്നു തച്ചനെ തിരക്കിയപ്പോള്‍ നമ്മുടെ കര്‍ത്താവായ ഈശോമിശിഹാ ആ നാട്ടുകാരനെപ്പോലെ ആബാന്‍റെ അടുക്കല്‍ ചെന്ന് ഒരു നല്ല തച്ചനെ കൂടെ അയയ്ക്കാമെന്നും പറഞ്ഞ് ഉറഹായി എന്ന ദിക്കില്‍ മാര്‍ഗ്ഗം അറിയിച്ചുകൊണ്ടിരുന്ന മാര്‍തോമ്മാ ശ്ലീഹായെ പ്രത്യക്ഷം കൊണ്ടവിടെ വരുത്തി ആബാനോടു കൂടെ അയയ്ക്കയും ചെയ്തു. 

അവന്‍ മശിഹാകാലം 52-ല്‍ മയിലാപ്പൂര്‍ ചോഴപെരുമാള്‍ രാജാവിനെ കണ്ടശേഷം തോമ്മാ കോവിലകം വരച്ചു കാണിച്ചാറെ രാജാവിനു എത്രയും പ്രസാദം തോന്നി സ്വപ്നത്തില്‍ കണ്ടപ്രകാരം പണിയുവാന്‍ മതിയാകുന്ന തച്ചന്‍ ഇയാള്‍ എന്ന് നിശ്ചയിച്ച് കോവിലകം പണിക്കു വേണ്ടുന്ന ദ്രവ്യവും കൊടുത്ത് പണിക്കു വേണ്ടുന്നതിനെ അന്വേഷിപ്പാനായിട്ടു 

തോമ്മാ കോവിലകം പണിക്കു വേണ്ടുന്നതിനെ വിചാരിപ്പാനും ..................................

മാര്‍ഗ്ഗം അറിയിക്കുകയും അവന്‍റെ പക്കല്‍ കൊടുത്ത ദ്രവ്യം

ചെയ്തുകൊണ്ടു രാജാവ് ആളയച്ചു വരുത്തി കോവിലകം പണി എ......................
എന്നു ചോദിച്ചപ്പോള്‍ കോവിലകം പണിക്കുറ തീര്‍ന്നിരിക്കുന്നു എന്നും അത് പരലോകത്തിലാകുന്നു എന്നും പറയുകയാല്‍ എത്രയും കോപിച്ച് തോമ്മായെയും ഹാബാനെയും വിലങ്ങില്‍ ആക്കുകയും ചെയ്തു. മാനഹാനിക്കും ദ്രവ്യചേതത്തിനും ഇടവരുത്തിയതുകൊണ്ട് ഇവരെ കൊല്ലണമെന്ന് രാജാവ് നിശ്ചയിച്ചിരിക്കുമ്പോള്‍ മാര എന്നു പേരായ ഇളയരാജാവ് ദീനമായി മരിച്ചാറെ അയാളുടെ ആത്മാവിനെ തോമ്മായുടെ അപേക്ഷകൊണ്ടും ആകാശമോക്ഷത്തില്‍ കൊണ്ടുപോയി മാര്‍ തോമ്മായുടെ വേലകൊണ്ടു ചോഴന്‍ രാജാവിനു പണിയിച്ച കോവിലകം ഇതെന്നു അതിന്‍റെ കട്ടളയില്‍ എഴുതിവച്ചിരിക്കുന്ന ഒരു ഭവനം കാണിച്ചുംകൊണ്ട് ആത്മാവിനെ ശരീരത്തിലാക്കുകയും ചെയ്തു. ഇതു കാരണത്താല്‍ രാജാക്കള്‍ രണ്ടുപേരും മാര്‍ തോമ്മായുടെ അടുക്കല്‍ ചെന്നു കുമ്പിട്ടു വിലങ്ങഴിച്ചു മാമോദീസാ മുങ്ങുകയും അവര്‍ രാജ്യഭാരം വേണ്ട എന്നു വയ്ക്കുകയും ചെയ്തു. പന്നീട് അവിടെ നമസ്കാര പുരയും 

ശേഷം മാര്‍ തോമ്മാ മലനാട്ടില്‍ കടന്നു. അക്കാലങ്ങളില്‍ മലനാട്ടില്‍ 
............... എബ്രായക്കാര്‍ ഏതാനും ..................................................... വന്നു പാര്‍പ്പുണ്ടായിരുന്നു. അവര്‍ ........................ .............................. രായിട്ടുണ്ടായിരുന്നു. അതിനാല്‍ ...................................................................... മാറീ രാജ്യം വിചാരിച്ചു വന്നു. അതില്‍ ചില ഗ്രാമക്കാര്‍ വിശ്വസിച്ചു മാമോദീസാ മുങ്ങി. 

മാലിയാംകരയിലും കോട്ടകായലിലും ഗോക്കമങ്ങലത്തും നിരണത്തും ചായലിലും കൊരക്കേണി കൊല്ലത്തും പാലൂരും ഈ ഏഴു ദിക്കില്‍ കുരിശുംവച്ച് ആകെ ............ പരുഷം മലനാട്ടില്‍ തന്നെ സഞ്ചരിക്കയും ചെയ്തു. പിന്നത്തേതില്‍ മാര്‍ത്തോമ്മാ പാണ്ടിനാട്ടില്‍ ചെന്നു മാര്‍ഗ്ഗം അറിയിച്ചുവരുമ്പോള്‍ ഒരു എമ്പ്രാന്‍ ശൂലം ചാണ്ടിക്കൊല്ലുക കൊണ്ട് മയിലാപ്പൂര്‍ എന്ന മലയില്‍ അവനെ അടക്കുകയും ഉറഹായില്‍ അവന്‍ പണിത പള്ളിയില്‍ അവനെ അടക്കണമെന്നു അപേക്ഷിക്കുകകൊണ്ട് മാലാഖമാര്‍ അവിടെനിന്നു ഉറഹായ്ക്കു അവനെ കൊണ്ടുപോകയും അവിടെ അടക്കയും ചെയ്തു. ഈ മാര്‍ത്തോമ്മാ പല അതിശയങ്ങള്‍ ചെയ്തിട്ടുള്ളതൊക്കെയും തിരക്കുകൊണ്ടു എല്ലാവര്‍ക്കും ഗ്രഹിപ്പാന്‍ ഇടയുണ്ട്. ഏറെ കാലംവരെ കൊരക്കേണി കൊല്ലം മുതല്‍ പാലൂര്‍ വരെ ഉണ്ടായിരുന്ന ക്രിസ്ത്യാനികള്‍ കൂദാശാ നേര്‍വഴിയെ നടന്നു. അന്നു പട്ടക്കാര്‍ ഇല്ലാഴികകൊണ്ടും മൂപ്പന്മാര്‍ തന്നെ മാമ്മോദീസാ മുക്കുകയും പെണ്ണുകെട്ടിക്കുകയും ചെയ്തുവന്നു. 
ഇങ്ങനെയിരിക്കുമ്പോള്‍ മാണിക്കവാചരെന്ന ഒരു ക്ഷുദ്രക്കാരന്‍ കൊരക്കേണിയിലും കൊല്ലം മുതല്‍ കൊട്ടാര്‍ വരെയും ഉണ്ടായിരുന്ന ക്രിസ്ത്യാനികള്‍ക്കു അവന്‍റെ ക്ഷുദ്രംകൊണ്ടു ദീനങ്ങള്‍ ഉണ്ടാക്കയും അവന്‍റെ ഭസ്മം ധരിച്ചാല്‍ ശമിക്കുകയും ചെയ്ത കാരണത്താല്‍ ചിലര്‍ അവനു ചേരുകയും ചെയ്തു. 
അവരുടെ പേര്‍ മണിഗ്രാമക്കാരെന്നും ചിലര്‍ അവന്‍റെ ധരിക്കാതെ .......................ര്യമായിട്ടു പാര്‍ക്കുകയും ചെയ്തു. അവരുടെ പേര്‍ ധരിയായികള്‍ എന്നും ഇന്നുവരെ പറഞ്ഞുവരുന്നു. 

കാതോലിക്കായോടു സ്വപ്നത്തില്‍ മാര്‍ തോമ്മാ പറയുകകൊണ്ട് ക്നാന്‍ എന്ന നാട്ടുകാരന്‍ കച്ചവടക്കാരനാകുന്ന തോമ്മായെ അയച്ചു മലയാളത്തില്‍ ക്രിസ്ത്യാനിമതം തീരെ മറഞ്ഞിട്ടില്ലാത്ത വിവരം അറിയിക്കുകകൊണ്ട് ഉണ്ടായ വിവരങ്ങള്‍ അന്ത്യോഖ്യായുടെ മാര്‍ ഇഗ്നാത്തിയോസ് പാത്രിയര്‍ക്കീസിനെ അറിയിച്ചു വേണ്ടുന്ന അനുവാദങ്ങളും വരുത്തി ഉറഹായുടെ യൗസേപ്പ് എപ്പിസ്കോപ്പായെയും രണ്ടു പട്ടക്കാരെയും ശെമ്മാശന്മാരെയും യാക്കോബായ സുറിയാനിക്കാരായ ഏറിയ പുരുഷന്മാരെയും സ്ത്രീകളെയും പൈതങ്ങളെയും മേല്‍പറഞ്ഞ കച്ചവടക്കാരന്‍ തോമ്മായോടുകൂടെ മലയാളത്തിനയക്കയും ചെയ്തു. അന്ത്യോഖ്യായുടെ മാര്‍ ഒസ്താത്തിയോസ് പാത്രിയര്‍ക്കീസിന്‍റെ കാലത്ത്. 
അവര്‍ മൂന്നു കപ്പലിലായി മിശിഹാകാലം 365-ല്‍ കൊടുങ്ങല്ലൂര്‍ ചങ്ങലഅഴിയില്‍ വന്നിറങ്ങുകയും ചെയ്തു. ഇവര്‍ ചേരകോന്‍ പെരുമാള്‍ രാജാവിനെ ചെന്നു കണ്ടാറെ രാജാവിനു സന്തോഷമായി. പള്ളിയും പട്ടണവും വയ്ക്കുന്നതിനു ആനകോലാല്‍ .................. കോല്‍ ഭൂമിയും കല്പിച്ചു കൊടുത്തു. കൊടുങ്ങല്ലൂര്‍ നടയുടെ വടക്കുവശത്ത് തെക്കോട്ടു ദര്‍ശനമായി പട്ടണവും വച്ചു പാര്‍ക്കയും ചെയ്തു. 
പിന്നത്തേതില്‍ രണ്ടു പന്തിയായിട്ടു പട്ടണം തീര്‍ന്നതിനാല്‍ തെക്കുംഭാഗമെന്നും വടക്കുംഭാഗമെന്നും രണ്ടുനാമം ക്രിസ്ത്യാനികളില്‍ ഉണ്ടായി. 

ഇങ്ങനെ കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തിന്‍റെ വടക്കുവശത്തു പട്ടണവും പള്ളിയും വച്ചു പാര്‍ത്തുവരുമ്പോള്‍ ആ ദെഹിയുടെ

പട്ടണമെന്നു ഈ പട്ടണത്തെ വിളിച്ചുവന്നു. മലനാട്ടില്‍ മുമ്പേ രാജാവില്ലാത്തതിനാല്‍ പാണ്ടിയില്‍ നിന്നും ശോഷപെരുമാള്‍ രാജാവിന്‍റെ താവഴിയില്‍ നിന്നും ഓരോ രാജാക്കള്‍ പന്തീരാണ്ടുതോറും മാറി മാറി വന്നു മലനാട്ടില്‍ കാര്യം വിചാരിക്കയും തിരികെ പോകയും ചെയ്തുവന്നാറെ കാര്യവിചാരത്തിനു വന്നിരുന്ന ചേരകോന്‍ പെരുമാള്‍ രാജാവിനെ തിരികെ അയയ്ക്കാതെയും അതുകാരണത്താല്‍ പാണ്ടിയില്‍ നിന്നും വന്ന പട ഇവര്‍ ഒഴിച്ചയയ്ക്കയും മലനാട്ടിന്‍റെ ഉടയക്കാരാകുന്ന ബ്രാഹ്മണരില്‍ നിന്നു ഇവരുടെ ഉപായത്താല്‍ നശിച്ച ക്ഷേത്രങ്ങളും നാട്ടുവഴികളും രാജാവിനു ഒഴിഞ്ഞുകിട്ടി ചുങ്കം മുതലായതു കിട്ടുവാന്‍ ഇടവരികയും രാജധാനി ബലപ്പെടുത്തുകയും ചെയ്കകൊണ്ടു ഈ വംശക്കാരില്‍ ആണുങ്ങളും പെണ്ണുങ്ങളും രാജധാനിയില്‍ ചെന്നാല്‍ ഇരുന്ന് തിരുമനസ്സറിയിച്ചുകൊള്ളത്തക്കവണ്ണം സമ്മതിച്ച് രാജയിഷ്ടന്മാര്‍ക്കു കല്പിച്ചു കൊടുത്തുവരുന്ന നാമധേയത്തില്‍ ഉയര്‍ന്നതായി മഹാപിള്ളമാരെന്നു പുരുഷന്മാര്‍ക്കും പെണ്‍പിള്ളമാരെന്നു സ്ത്രീകള്‍ക്കും പേര് കല്പിക്കുകയും ഇതു .................................
....................................................................................... വരുന്നു. 

Comments

Popular posts from this blog

കോട്ടയം അക്കര സി. ജെ. കുര്യന്‍ | കെ. വി. മാമ്മന്‍

പ. പാമ്പാടി തിരുമേനി നടത്തിയ പട്ടംകൊട ശുശ്രൂഷകള്‍

നിരണം പള്ളി കൂദാശ (1912)