മദ്രാസ് ഗവണ്മെണ്ടില്‍ നിന്നുള്ള ചോദ്യങ്ങളും എട്ടാം മാര്‍ത്തോമ്മാ നല്‍കിയ ഉത്തരങ്ങളും
'തിരുവിതാംകൂര്‍ ഉള്ള സുറിയാനിക്കാരുടെ ക്രമവും അവര്‍ക്കു പള്ളി ഉണ്ടായതിന്‍റെ മൂലവും മറ്റും എങ്ങനെ എന്ന് 17 കൂട്ടം കാര്യത്തിന്‍റെ മറുപടി മെത്രാന്‍ മദ്രാസ് ഗവണ്മെണ്ടില്‍ ബോധിപ്പിക്കുന്നതിന് എഴുതി വരികയാല്‍ സായിപ്പ് അവര്‍കള്‍ 988 മീനം 18-ാം തീയതി (1813) ആ വക ചോദ്യങ്ങളെ മെത്രാന് കൊടുത്തയച്ചു' (ഇട്ടൂപ്പ്, പു. 175).
ചോദ്യങ്ങളും മറുപടിയും
"ചോദ്യം 1: സുറിയാനിക്കാരുടെ ക്രമവും പള്ളിയും ഈ രാജ്യത്ത് ആദിയില്‍ വന്നതു എപ്പോള്‍? ആയതു ഏതുപ്രകാരം ആരു സംഗതിയാല്‍? പിന്നത്തേതില്‍ നിദാനപ്പെട്ടതും നടപ്പായതും എങ്ങനെ?
ഉത്തരം: നമ്മുടെ കര്‍ത്താവീശോമീശിഹാ ആകാശമോക്ഷത്തില്‍ എഴുന്നള്ളിയതിന്‍റെ ശേഷം തന്‍റെ പറഞ്ഞൊപ്പുപോലെ സെഹിയോന്‍റെ മാളികയില്‍ ശ്ലീഹന്മാര്‍ കൂടപ്പെട്ടിരിക്കുമ്പോള്‍ അവരുടെമേല്‍ റൂഹാ തീയുടെ നാവുപോലെ ഇറങ്ങി ആവസിച്ച് ഭൂമിയുടെ നാലു ഭാഗങ്ങളിലും അവര്‍ മാര്‍ഗ്ഗം അറിയിച്ച് എണ്ണമില്ലാതുള്ള ലോകരെ മാര്‍ഗ്ഗവാസികളാക്കി ചമയ്ക്കുന്ന കാലത്തില്‍ അരുളിച്ചെയ്തതുപോലെ നമ്മുടെ കര്‍ത്താവിന്‍റെ ആണ്ട് 52-ല്‍ മാര്‍ത്തോമ്മാ ശ്ലീഹാ ഈ മലയാളത്തില്‍ വന്ന് മാര്‍ഗ്ഗം അറിയിച്ചു. പാലൂര്‍, കൊടുങ്ങല്ലൂര്‍, പട്ടമന പറവൂര്‍, പള്ളിപ്പുറം, ചായല്‍, നിരണം, കുരക്കേണിക്കൊല്ലം ഇങ്ങനെ ഏഴു സ്ഥലങ്ങളില്‍ കുരിശു പള്ളികളും ചമയ്ക്കുകയും പല ഗ്രാമക്കാരും വിശ്വസിച്ച് ചെന്നതില്‍ ശങ്കരപുരി, പകലോമറ്റം ഈ രണ്ടു തറവാട്ടില്‍ പട്ടവും കൊടുത്തു. അതു മുതലാകുന്നു ഈ മലയാളത്തില്‍ മശിഹാ മാര്‍ഗ്ഗവും പള്ളികളും ഉണ്ടായത്. എന്നാല്‍ മാര്‍ത്തോമ്മാ ശ്ലീഹാ പാണ്ടി രാജ്യത്ത് അറിയിപ്പാന്‍ പോകുംവഴി കാവ്യരുടെ കൈകളാല്‍ കൊല്ലപ്പെട്ടു. മൈലാപ്പൂര് അടക്കപ്പെട്ടു. വീണ്ടും 345-ല്‍ കാനായിലെ തോമ്മായോടു കൂടെ ഏറിയ പുരുഷന്മാരും സ്ത്രീകളും ഒരു എപ്പിസ്കോപ്പായും കത്തങ്ങളും ഇങ്ങനെ ഏറിയ ആളുകള്‍ സുറിയാനിയില്‍ നിന്ന് കപ്പല്‍ വഴി വന്നു മലയാള സുറിയാനിക്കാരുമായി ചേര്‍ന്നു. അതു മുതല്‍ മാര്‍ഗ്ഗത്തിന് വിഘ്നം കൂടാതെ നടപ്പായിരിക്കുന്നതുമാകുന്നു.
ചോദ്യം 2: സുറിയാനിപ്പള്ളികള്‍ ഏത് യജമാനന്‍റെ മുഷ്കരത്തിന്‍കീഴായിട്ട് ചട്ടവട്ടങ്ങള്‍ പ്രമാണിച്ച് നടന്നിരിയ്ക്കുന്നു? മെത്രാന്മാരും സ്ഥാനക്കാരും ആരുടെ ഇടത്തില്‍ നിന്ന് എന്നും കര്‍ത്തവ്യമായിട്ട് കണ്ടുവരുന്നതും ബോധിപ്പിച്ച് കഴിയുന്നതും കര്‍ത്തവരുടേതിന്നടുത്ത മുട്ടുദിഷ്ടതികള്‍ക്കു കണ്ടുവരുന്നതും ആരെ ആകുന്നു?
ഉത്തരം: അന്ത്യോഖ്യായുടെ മാര്‍ ഇഗ്നാത്തിയോസ് പാത്രിയര്‍ക്കീസിന്‍റെ മുഷ്കരത്വത്തിന്‍ കീഴത്രേ മലയാളത്തില്‍ ചട്ടവട്ടങ്ങള്‍ പ്രമാണിച്ച് നടന്നിരിക്കുന്നത്. മെത്രാന്മാരും അന്ത്യോഖ്യായില്‍ നിന്ന് മലയാളത്തു വന്ന മാര്‍ത്തോമ്മാ ശ്ലീഹായില്‍ നിന്ന് പട്ടം കൈക്കൊണ്ടു നടക്കുന്ന തറവാട്ടില്‍ തന്നെയുള്ള ആളുകള്‍ക്കു സ്ഥാനം കൊടുക്കയും അവര്‍ ദിഷ്ടതികള്‍ കഴിച്ചുവരികയും കര്‍ത്തവ്യമായിട്ട് മുട്ടുദിഷ്ടതികള്‍ക്കു അന്ത്യോഖ്യാ പാത്രിയര്‍ക്കീസിനെ ബോധിപ്പിച്ചും അത്രെ കണ്ടുവരുന്നത്.
ചോദ്യം 3: അന്ത്യോഖ്യാ പാത്രിയര്‍ക്കീസായിട്ട് സുറിയാനി പള്ളികളുടെമേല്‍ ഏതുപ്രകാരത്തിലുള്ള മുഷ്കരത്തം പ്രവര്‍ത്തിച്ചിരിക്കുന്നു?
ഉത്തരം: മാര്‍ത്തോമ്മാ ശ്ലീഹായില്‍ നിന്ന് പട്ടംകെട്ടിയ പട്ടക്കാരുടെ കാലം കഴിഞ്ഞ ശേഷം 293 സംവത്സരത്തോളം വേദത്തലവന്മാര്‍ ഇല്ലാതെ ആവലാതിപ്പെട്ടും സങ്കടപ്പെട്ടും വരുന്ന കാലങ്ങളില്‍ തമ്പുരാന്‍റെ അനുഗ്രഹങ്ങളാലെ മാര്‍ ഇഗ്നാത്തിയോസ് പാത്രിയര്‍ക്കീസ് കല്പിച്ച് ഉറഹായുടെ യൗസേപ്പ് എന്നു പേരായ മെത്രാനെയും കത്തങ്ങളെയും ശെമ്മാശന്മാരെയും ഏറിയ ക്രിസ്ത്യാനികളെയും യെരുശലേം നഗരിയില്‍ കുടിയിരുന്ന ബഹുമാനപ്പെട്ട കച്ചവടക്കാരന്‍ കാനായിലെ തോമ്മായുടെ കൂടെ കപ്പല്‍ കയറ്റി മലയാളത്തിന് യാത്രയാക്കി. നമ്മുടെ കര്‍ത്താവിന്‍റെ ആണ്ട് 345-ല്‍ അവര്‍ ഇവിടെ കരയിറങ്ങി ചേരമാന്‍ പെരുമാള്‍ രാജാവിനെക്കണ്ട് തിരുമുല്‍ക്കാഴ്ചയും വച്ച് വേണ്ടുന്ന പദവികളും കല്പിച്ച് കൊടുത്ത് കൊടുങ്ങല്ലൂര്‍ കുടിയിരുന്നു. അതിന്‍റെ ശേഷം മുന്‍ മാര്‍ത്തോമ്മാ ശ്ലീഹാ പട്ടം കൊടുത്തിരുന്ന തറവാട്ടില്‍ തന്നെ ഒരാള്‍ക്കു പാത്രിയര്‍ക്കീസിന്‍റെ പ്രമാണത്താലെ യൗസേപ്പ് മെത്രാന്‍ അര്‍ക്കദിയാക്കോന്‍റെ സ്ഥാനവും കൊടുത്തു മലയാളം ഒക്കെയുടെയും ജനങ്ങളെ ശിക്ഷിച്ചും രക്ഷിച്ചും മാര്‍ഗ്ഗം നടത്തിവന്ന കാലം ഒക്കെയും അന്ത്യോഖ്യയില്‍ നിന്നും പാത്രിയര്‍ക്കീസിന്‍റെ കല്പനയാല്‍ മലയാളത്തില്‍ വരുന്ന മെത്രാന്മാര്‍ ഒക്കെയും അര്‍ക്കദിയാക്കോന്മാര്‍ക്കു മലയാളത്തെ മുഷ്കരത്വം കൊടുത്തു. 480 സംവത്സരം ഭരിച്ചുവന്നതിനിടയില്‍ കൊച്ചിക്കോട്ടയില്‍ പറങ്കി വന്നതു മുതല്‍ അന്ത്യോഖ്യയില്‍ നിന്നും മെത്രാന്മാരുടെ വരവ് മുടങ്ങി. വീണ്ടും 825-ാം കാലം തൗറിയോസ് എന്നവര്‍ക്കുള്ള കച്ചവടക്കാരന്‍റെ കൂടെ മാര്‍ ശാബോര്‍ എന്നും മാര്‍ അഫര്‍ ഇത്ത (അഫ്രോത്?) എന്നും പേരായ രണ്ടു മെത്രാന്മാര്‍ വന്നു. ഇങ്ങനെ അത്രേ അന്ത്യോഖ്യയില്‍ നിന്ന് മലയാളത്തുള്ള സുറിയാനിപ്പള്ളികളുടെ മേല്‍ മുഷ്കരത്വം നടത്തിയിരുന്നത്.
ചോദ്യം 4: മെത്രാപ്പോലീത്തായുടെ അനന്തിരത്വം സുറിയാനി പള്ളികളില്‍ നടത്തിയിരുന്നതും കാലം ചെയ്താല്‍ കഴിഞ്ഞു വരുന്നതിന്‍റെയും പ്രകാരങ്ങള്‍ എങ്ങനെ ആകുന്നു?
ഉത്തരം: 1653-ാം കാലം അന്ത്യോഖ്യയില്‍ നിന്ന് മാര്‍ ഇഗ്നാത്യോസ് പാത്രിയര്‍ക്കീസ് മലയാളത്തില്‍ വരുവാനായിട്ട് മയിലാപൂര്‍ എത്തിയാറെ പറങ്കികള്‍ തടഞ്ഞു പാര്‍പ്പിച്ചിരിക്കുമ്പോള്‍ മലയാളത്തില്‍ നിന്നും രണ്ടു ശെമ്മാശന്മാര്‍ മയിലാപ്പൂരില്‍ ചെന്നിരുന്നു. പാത്രിയര്‍ക്കീസിനെ പറങ്കികള്‍ അപായം വരുത്തുമെന്ന് നിശ്ചയിച്ച് അന്നു മലയാളത്തിലെ അര്‍ക്കദിയാക്കോനെ മെത്രാനായിട്ട് വാഴിച്ചുകൊള്ളത്തക്കവണ്ണം മേലെഴുതിയ ചെമ്മാശന്മാരുടെ പറ്റില്‍ സ്ഥാനക്കടലാസ് കൊടുത്തയച്ചു. ഉടനെ പാത്രിയര്‍ക്കീസിനെയും പറങ്കിക്കൂട്ടം കൊച്ചിയില്‍ കൊണ്ടുവന്ന് കടലില്‍ കെട്ടി താഴ്ത്തി അപായം വരുത്തുകയും ചെയ്കകൊണ്ട് അര്‍ക്കദിയാക്കോനും പള്ളിക്കാരും കൂടി, മട്ടാഞ്ചേരി പള്ളിയില്‍ കൂടി. ഇനി മേലില്‍ സന്തതി കാലം വരെയും പറങ്കികളെ അനുസരിക്കരുതെന്ന് സ്ലീബാ പിടിച്ച് സത്യം ചെയ്തു. എല്ലാവരും ആലങ്ങാട് പള്ളിയില്‍ കൂടി, മുന്‍ ചെമ്മാശന്മാരുടെ പക്കല്‍ പാത്രിയര്‍ക്കീസ് കൊടുത്തയച്ചിരുന്ന സ്ഥാനക്കടലാസ് പിടിച്ച് തോമ്മാ അര്‍ക്കദിയാക്കോനെ മെത്രാനായിട്ട് വാഴിച്ച് മെത്രാന്‍റെ അംശപ്രവൃത്തികള്‍ നടത്തി വന്നിരുന്നതും പിന്നീട് 1665-ാം കാലം ഊര്‍ശ്ലേമിന്‍റെ മാര്‍ ഗ്രീഗോറിയോസ് പാത്രിയര്‍ക്കീസ് മലയാളത്തില്‍ വന്ന് അന്നിരുന്ന മെത്രാന് വാഴ്ചയും തികച്ച് അന്ത്യോഖ്യയില്‍ നിന്ന് കൊടുത്തയച്ച പുസ്തകങ്ങളും കൊടുത്ത് വിചാരിച്ച് വരുന്ന കാലങ്ങളില്‍ തോമ്മാ അര്‍ക്കദിയാക്കോന്‍റെ അനന്തിരവന് മെത്രാന്‍റെ സ്ഥാനം കൊടുത്തു നടത്തിവന്നു. ആ ദേഹത്തിന്‍റെ ഒടുക്കം അയാളുടെ അനന്തിരവന് മെത്രാന്‍റെ സ്ഥാനം കൊടുത്തു. ഇതിന്മണ്ണം അത്രേ മെത്രാന്മാരുടെ സ്ഥാനം ഈ തറവാട്ടില്‍ മുറയ്ക്കുള്ള ആളുകള്‍ ഏറ്റ് നടത്തി വരുന്നത്.
ചോദ്യം 5: സുറിയാനി പള്ളികളില്‍ മാര്‍ഗ്ഗ വര്‍ദ്ധിപ്പിച്ചെടുത്തതു ഇപ്പോഴത്തെ നിദാനം ഏത് പ്രകാരത്തില്‍ നടക്കുന്നു? അതില്‍ പട്ടത്വത്തിനടുത്ത സ്ഥാനങ്ങളും പട്ടക്കാരുടെ എണ്ണവും അവരുടെ ഉദ്യോഗങ്ങളുടെയും അനുഭവങ്ങളുടെയും വിവരവും പള്ളികളുടെയും അതില്‍ ഉള്‍പ്പെടുന്ന നസ്രാണികളുടെയും എണ്ണത്തിന്‍റെ നിദാനം എന്താകുന്നു?
ഉത്തരം: മാര്‍ഗ്ഗ വര്‍ദ്ധിപ്പിനടുത്ത മര്യാദകള്‍ ഒക്കെയും 85-ാം മാണ്ട് (985 ചിങ്ങം) പള്ളിക്കാര്‍ എല്ലാവരും കൂടി ഒരു ക്രമവും മര്യാദയുമായിട്ട് നടത്തിക്കത്തക്കവണ്ണം ഒരു പടിയോല നമ്മുടെ അടുക്കല്‍ എഴുതി വച്ചപ്രകാരം നടന്നും നടത്തിയും വരുന്നു. നമ്മുടെ വിചാരത്തില്‍ ഇപ്പോള്‍ 55 പള്ളികള്‍ ഉണ്ട്. പട്ടക്കാരുടെ ഉദ്യോഗങ്ങള്‍ ഞായറാഴ്ചയും പെരുന്നാളുകള്‍ക്കും ശുദ്ധ കുര്‍ബ്ബാന അണക്കുകയും, മാമ്മോദീസാ, പെണ്‍കെട്ട്, ഉപ്രിശ്മ, കുമ്പസാരം മുതലായ നന്മപ്രവര്‍ത്തികള്‍ ക്രിസ്ത്യാനികള്‍ക്ക് ചെയ്ക, അവരില്‍ നിന്നുള്ള അനുഭവങ്ങള്‍ വാങ്ങുകയും രണ്ടു നേരവും പള്ളിയില്‍ നമസ്കാരം കഴിക്കുകയും വിശേഷാല്‍ ക്രിസ്ത്യാനികള്‍ മരിക്കപ്പെട്ടവര്‍ക്കുവേണ്ടി പട്ടക്കാരെക്കൊണ്ട് കുര്‍ബ്ബാന അണപ്പിക്കുകയും ആയതിന് ഒരു കലിയന്‍ വീതം പട്ടക്കാര്‍ക്കു കൊടുക്കുകയും പിന്നെ ഈ ദിവസങ്ങളില്‍ മാമ്മോദീസാ മുക്കുന്നതിന് ഒന്നു മുതല്‍ നാലുചക്രം വരെയും കൊടുക്കുകയും അതാതു പള്ളിയില്‍ പെണ്‍കെട്ടിന് പധാരം അവനവന്‍റെ ഗതിപോലെ നടയില്‍ വയ്ക്കുന്നതില്‍ പാതി പട്ടക്കാര്‍ എടുക്കുകയും പാതി പള്ളിക്ക് മുതല്‍കൂട്ടുകയും ഇതിന്‍വണ്ണം ഒക്കെയും ജനങ്ങളുടെ ദിഷ്ടിതിപോക്കി നന്മയ്ക്കടുത്ത പ്രവര്‍ത്തികള്‍ ക്രിസ്ത്യാനികളെ പഠിപ്പിച്ച് നടത്തിക്കൊള്ളത്തക്കവണ്ണവും പട്ടക്കാരനെ നാം ഭരമേല്‍പ്പിച്ച് നടത്തിവരുന്നു.
ചോദ്യം 6: മെത്രാപ്പോലീത്താ ആയിട്ട് പട്ടക്കാരുടെ മേല്‍ പ്രവര്‍ത്തിക്കുന്ന മുഷ്കരത്ത്വങ്ങളുടെ പ്രകാരവും അയാള്‍ പള്ളിപരിപാലനം കഴിഞ്ഞുപോകുമ്പോള്‍ നടത്തിക്കുന്ന പ്രകാരവും മേല്‍ ഉദ്ദ്യോഗങ്ങളില്‍ പട്ടക്കാരനെ കഴലപ്പെടുത്തുന്നതും ഏതു പ്രകാരമാകുന്നു? പട്ടക്കാര്‍ ഇടപെട്ടിട്ടുള്ള കല്പന ചട്ടങ്ങളും ആയതിന്‍റെ നടപ്പുമാര്‍ഗ്ഗവും ആയ്തിനു വെച്ചിരിക്കുന്ന കല്പന നിദാനങ്ങളും ശിക്ഷയുടെ പ്രകാരവും അയ്മേനി പള്ളിക്ക് പിഴച്ചാല്‍ ശിക്ഷിക്കുന്നതിന്‍റെ പ്രകാരവും എങ്ങനെയാകുന്നു?
ഉത്തരം: ശുദ്ധമാന പുസ്തകങ്ങളും പള്ളിമര്യാദയ്ക്കുള്ള ആണ്ടു തക്സായും വശമായിരിക്കുന്ന പട്ടക്കാരെ പള്ളികളില്‍ വികാരിയായി പ്രമാണിക്കയും അയാള്‍ മാറുമ്പോള്‍ ആ സ്ഥാനം വേറെ പട്ടക്കാര്‍ക്ക് കൊടുത്ത് മേല്‍ ഉദ്ദ്യോഗത്തിന് പ്രമാണിക്കുകയും ക്രിസ്ത്യാനികള്‍ പള്ളിയില്‍ വന്ന് കര്‍മ്മങ്ങള്‍ കാണാതെയും നോമ്പ് നോക്കാതെയും ആണ്ട് കുമ്പസാരം മുടക്കമുള്ള ആളുകളേയും മാമ്മോദീസായുടെ പ്രമാണത്തോട് മറുത്ത് കാവ്യരിടത്തുചെന്ന് ദേവസക്കടുത്ത പ്രവൃത്തികള്‍ ചെയ്കയും ചെയ്യിക്കയും ചെയ്യുന്ന ആളുകളേയും പള്ളിയില്‍ വരുത്തി അവിടെ നിന്നും മുടക്കി അവരെ വരുത്തി ദോഷങ്ങളുടെ കാരണംപോലെ കാനോനായും അവരുടെ മേല്‍ വ്യവസ്ഥ വരുത്തി അവരെ ശിക്ഷിച്ച് മേലില്‍ ഇതിന്‍വണ്ണം വരാതിരിപ്പാന്‍ തക്കവണ്ണം നിദാനം വരുത്തി അവരെ പള്ളിയില്‍ കൂട്ടി നടത്തുകയും ചെയ്തുവരുന്നു. പള്ളി മര്യാദയ്ക്കടുത്ത പ്രമാണം പോലെ നടക്കാതെ അഴിമതിയായിട്ടു നടക്കുന്ന പട്ടക്കാരെ അംശത്തിനടുത്ത പ്രവൃത്തി മുടക്കി കാനോനാ വിധിപോലെയുള്ളത് ചെയ്തു നടത്തുകയും ചെയ്തുവരുന്നു.
ചോദ്യം 7: പട്ടക്കാരുടേയും അയ്മേനികളുടേയും നെറിവിനും ഗ്രഹിപ്പിനും വെച്ചിരിക്കുന്ന ചട്ടങ്ങള്‍ എന്ത്? പഠിത്തത്തിന് നിദാനപ്പെടുത്തിയിരിക്കുന്ന സ്ഥലങ്ങള്‍ ഉണ്ടോ? ഉണ്ടെങ്കില്‍ ആയത് എത്ര? അതില്‍ പഠിപ്പിക്കുന്നത് എന്തൊക്കെയാകുന്നു? ഏതു പുസ്തകങ്ങള്‍ ഗ്രഹിക്കുന്നു? അവിടെ മേല്‍വിചാരങ്ങളുടെ പ്രമാണവും ഏതു പ്രകാരമാകുന്നു?
ഉ.: ക്രിസ്ത്യാനികളുടെ ഗ്രഹിപ്പിന് അതാതു പള്ളിയിലുള്ള പട്ടക്കാര്‍ പഠിപ്പിക്കത്തക്കവണ്ണം മുമ്പിനാലെ കഴിഞ്ഞുവരുന്നപ്രകാരം അല്ലാതെ വിശേഷാല്‍ ഒരു ചട്ടവും വച്ചിട്ടില്ല. പട്ടക്കാരെ ഗ്രഹിപ്പിപ്പാന്‍ വടക്കുള്ള പള്ളികളില്‍ മല്പാന്‍ കോനാട്ടു വര്‍ഗ്ഗീസ് കത്തനാരും തെക്കു പള്ളിപ്പാട്ട് ഗീവര്‍ഗീസ് കത്തനാരും മാരാമണ്ണില്‍ പാലക്കുന്നത്ത് വര്‍ഗീസ് കത്തനാരും ശുദ്ധമാന പുസ്തകം നാലും പട്ടക്കാരെ സാമാന്യം ഗ്രഹിപ്പിച്ചു വരുന്നു. അതില്‍ അധികം ഗ്രഹിക്കുന്നവരും ഉണ്ട്. കുറഞ്ഞൊന്നു ഗ്രഹിക്കുന്നവരും ഉണ്ട്. ഇങ്ങനെയല്ലാതെ സ്ഥലങ്ങള്‍ ഒന്നും നിശ്ചയിച്ച് ചട്ടംകെട്ടിയിട്ടില്ല.
ചോദ്യം 8: ബോധജ്ഞാനം ഗ്രഹിക്കേണ്ടതിനായിട്ട് സുറിയാനിക്കാരുടെ വിധത്തില്‍ എന്തെല്ലാം പുസ്തകങ്ങള്‍ ഉണ്ട്? ബിബിലിയാ എന്ന ശുദ്ധമാന പുസ്തകം സാമാന്യം ഗ്രഹിച്ചു വരുമാറുണ്ടോ?
ഉത്തരം: ബോധജ്ഞാനം ഗ്രഹിക്കേണ്ടുന്നതിനായിട്ട് പഴമയുടെയും പുതുമയുടേയും പുസ്തകങ്ങള്‍ ഉണ്ട്. ആയത് ചില പട്ടക്കാര്‍ ഗ്രഹിച്ചുവരുന്നു. പുതിയ സുവിശേഷം നാലും സാമാന്യം ഗ്രഹിതം തന്നെ. 982-ാമാണ്ട് ബുക്കാനന്‍ സായിപ്പ് അവര്‍കള്‍ പള്ളികള്‍ കാണ്മാനും നമ്മുടെ കാരണവര്‍ മെത്രാപ്പോലീത്തായെ കാണ്മാനും വന്നപ്പോള്‍ പഴമയുടേയും പുതുമയുടേയും പുസ്തകങ്ങള്‍ കൊടുക്കണമെന്ന് പറകകൊണ്ട് മുമ്പ് മെക്കാളി സായിപ്പ് അവര്‍കള്‍ പക്കല്‍ കൊടുത്തിരുന്ന പുസ്തകം കൂടാതെ മുമ്പിനാലെ ഉണ്ടായിരുന്ന പഴമയുടെയും പുതുമയുടെയും ഒരു പുസ്തകം കൊടുക്കുകയും ചെയ്തു. വീണ്ടും മെക്കാളി സായ്പ്പ് അവര്‍കളും ബുക്കാനന്‍ സായിപ്പവര്‍കളും കൂടെ കണ്ടനാട്ടു പള്ളിയില്‍വന്ന് നമ്മുടെ കാരണവന്‍ മെത്രാപ്പോലീത്തായും ആയി കണ്ടപ്പോള്‍ അന്നു നാലു പുസ്തകവും കൊടുത്തു. ഏവന്‍ഗേലി പുസ്തകം മലയാള ഭാഷയില്‍ പൊരുള്‍ തിരിച്ച് തരണമെന്നും എന്നാല്‍ ആയത് പരദേശത്തുകൊണ്ടുപോയി അച്ചടിപ്പിച്ച് ഏറിയ പുസ്തകം പള്ളികള്‍ക്ക് കൊടുത്തയക്കാമെന്നും ആയതിന് വേണ്ടുംവണ്ണം ഉത്സാഹിക്കണമെന്നും പറഞ്ഞപ്രകാരം ആറു മാസം കൊണ്ട് എഴുതിതീര്‍ത്തു കല്പന വന്നപ്രകാരം കൊടുത്തയയ്ക്കുകയും ചെയ്തു. പിന്നെത്തേതില്‍ ആണ്ടു വരെയുള്ള സുറിയാനിക്കാരുടെ പള്ളി മര്യാദ പുസ്തകവും ദാവീദിന്‍റെ ഊലാലാ പുസ്തകവും കൊടുത്തയക്കണമെന്ന് മെക്കാളി സായ്പ്പ് അവര്‍കളുടെ കല്പന വരികകൊണ്ട് ആയത് നാം തന്നെ 925-ാം ആണ്ട് കൊടുത്തയയ്ക്കുകയും ചെയ്തു.
ചോദ്യം 9: സുറിയാനി പള്ളികള്‍ക്ക് സ്വന്തമായിട്ടുള്ള ധനങ്ങള്‍ എന്ത്? ലോകരില്‍ നിന്ന് എന്ത് അനുഭവങ്ങള്‍ പറ്റിവരുന്നു? പള്ളികളില്‍ നിദാനമായിട്ടുള്ള ചിലവ് എന്ത്? ആയതിന് വച്ചിരിക്കുന്ന വഴിയും എന്ത്?
ഉത്തരം: സുറിയാനി പള്ളികള്‍ക്കു മുണ്ടുമുറി വ്യഞ്ജനാദികള്‍ അല്ലാതെ ധനങ്ങള്‍ വേറൊന്നും ഇല്ല. ലോകരില്‍ നിന്ന് കുഴിക്കാണവും പെണ്‍കെട്ടിന് നൂറു പണമിട പൊന്ന് ഒത്താല്‍ 75 ചക്രം പള്ളിക്ക് വെച്ചു വരുത്തുന്നതില്‍ പാതി പട്ടക്കാര്‍ക്കും പാതി പള്ളിക്കും അത്രേ ആകുന്നു. കുറഞ്ഞ ഒരു കാലത്തിന് അപ്പുറം ധര്‍മ്മമായിട്ട് കെട്ടിച്ചുകൊണ്ടുപോകുന്നവരത്രേ ഏറ്റം കാണുന്നത്. പള്ളിക്കു വേറൊരു വരവും ഇല്ല. വരവുകൊണ്ട് നിദാന ചെലവു കഴിയാത്ത പള്ളികളും പണിയിപ്പാന്‍ ഗതിയില്ലാതെ ഇടിഞ്ഞുപൊളിഞ്ഞ് കിടക്കുന്ന പള്ളികളും ഉണ്ട്. അങ്ങനെയുള്ള പള്ളികളിലും കൈസ്ഥാനം മാപ്പിളമാര്‍ നടന്നു വരവെടുത്തതു ചോദിച്ചാല്‍ വഴിപ്പെട്ടു തരാതെ പാര്‍ക്കുന്ന മാപ്പിളമാരും ഉണ്ട്.
ചോദ്യം 10: പഠിപ്പിക്കുന്ന സ്ഥലവും ബാലപ്രായക്കാര്‍ക്കു താല്പര്യമായ ഗ്രഹിപ്പുകള്‍ക്ക് ഉപകാരമായി ഏതെങ്കിലും ധനവും ഉണ്ടോ? ഇല്ലെങ്കില്‍ ആയതിന് എന്ത് സഹായം വേണ്ടി വരുമെന്ന് വിവരം ബോധിപ്പിക്കണം?
ഉത്തരം: ബാലപ്രായക്കാര്‍ക്ക് പഠിത്തത്തിന് സ്ഥലം ഒന്നും നിശ്ചയിച്ചിട്ടില്ല. അവര്‍ക്കു താല്പര്യമായ ഗ്രഹിപ്പിന് ഉപകരിക്കുന്നതായി ഒരു ധനവും വെച്ചിട്ടുമില്ല. എന്തെങ്കിലും സഹായങ്ങള്‍ ചെയ്തു തന്നാല്‍ മനോഗുണം തന്നെ.
ചോദ്യം 11: സര്‍ക്കാര്‍ ഉദ്ദ്യോഗസ്ഥന്മാര്‍ ഉള്‍പ്പെട്ട ആളുകള്‍ സുറിയാനിക്കാരുടെ നേര്‍ വല്ല ഞെരുക്കങ്ങളും ഉപദ്രവങ്ങളും ചെയ്യുന്നുണ്ടോ? വേദകാര്യങ്ങള്‍ക്ക് വിശേഷാല്‍ വിഘ്നം വരുത്താന്‍ തക്കവണ്ണം എന്തെങ്കിലും അവര്‍ പ്രവര്‍ത്തിക്കുന്നുണ്ടോ?
ഉത്തരം: സര്‍ക്കാര്‍ കാര്യവിചാരക്കാര്‍ സുറിയാനിക്കാരുടെമേല്‍ ഞെരുക്കങ്ങളും ഉപദ്രവങ്ങളും ചെയ്യാറുണ്ട്. വേദകാര്യങ്ങള്‍ക്ക് അധിക വിരോധമൊന്നുമില്ല.
ചോദ്യം 12: സുറിയാനി പള്ളികളുടെ ഗുണത്തിനും അനുകൂലത്തിനുമായിട്ട് ഏത് കല്പന നിദാനങ്ങള്‍ വേണ്ടിയിരിക്കുന്നു?
ഉത്തരം: സുറിയാനി പള്ളികളുടെ ഗുണത്തിന് വേണ്ടുന്ന കല്പന നിദാനങ്ങളും സഹായങ്ങളും ചെയ്തു തന്ന് രക്ഷിക്കുമാറാകണം.
ചോദ്യം 13: കാവ്യപരിഷയില്‍ നിന്ന് സുറിയാനി മാര്‍ഗ്ഗത്തിലേക്ക് ജനങ്ങള്‍ വന്നു കൂടുമാറുണ്ടോ? സുറിയാനിക്കാര്‍ കാവ്യരിലേക്കും പോകുമാറുണ്ടോ?
ഉത്തരം: കാവ്യപരിഷയില്‍ നിന്ന് സുറിയാനി മാര്‍ഗ്ഗത്തില്‍ അധികം വന്നു ചേരുന്നില്ല. സുറിയാനിക്കാരില്‍ ആരും കാവ്യരിലേക്ക് തിരിയുന്നതും ഇല്ല.
ചോദ്യം 14: വിശ്വാസത്തിനടുത്ത പ്രമാണങ്ങളായി സുറിയാനി പള്ളിക്കാര്‍ കൈക്കൊണ്ട് വിശ്വസിക്കുന്നത് എന്തെല്ലാം? ഗ്രേക്ക് പള്ളിക്കാരുടെ എടത്തൂട്ടില്‍ നിന്നുള്ള വ്യത്യാസങ്ങള്‍ എന്തെല്ലാം?
ഉത്തരം: ഈശോമശിഹായുടെ ശിഷ്യരായ ശ്ലീഹന്മാര്‍ കല്പിച്ചു എന്ന കല്പനപോലെയും നിഖ്യായില്‍ സ്തുതിചൊവ്വാകപ്പെട്ട 318 ബാവാമാരും കൂടി നിശ്ചയിച്ച പ്രമാണം പോലെയും അവര്‍ ക്രമപ്പെടുത്തിയ ക്രമം പോലെയും സുറിയാനിക്കാര്‍ കാത്ത് വിശ്വസിച്ചുവരുന്നു.
ചോദ്യം 15: സുറിയാനിക്കാരുടെ വന്ദനയ്ക്കടുത്ത ക്രമങ്ങളുടെ പ്രകാരങ്ങള്‍ എന്തെല്ലാം ആകുന്നു? പട്ടക്കാര്‍ക്ക് വിവാഹം സമ്മതിച്ചിട്ടുണ്ടോ?
ഉത്തരം: അന്ത്യോഖ്യായിലെ മാര്‍ ഇഗ്നാത്തിയോസ് പാത്രിയര്‍ക്കീസ് കല്പിച്ച് കൊടുത്തയച്ച പുസ്തകങ്ങളില്‍ കാണുന്ന മര്യാദകള്‍പ്രകാരം യാക്കോബായക്കാരായ സുറിയാനിക്കാര്‍ നടന്നുവരുന്നു. പട്ടക്കാരുടെ വിവാഹം മുടക്കപ്പെട്ടിട്ടുമില്ല.
ചോദ്യം 16: സുറിയാനിക്കാരുടെയും ലത്തീന്‍കാരുടേയും പള്ളി തമ്മില്‍ ഒരുമ്പാടായിട്ട് കഴിഞ്ഞിരിക്കുന്നത് ഏതുപ്രകാരത്തില്‍ ആകുന്നു? സുറിയാനിക്കാരുടെ ക്രമങ്ങളും മര്യാദകളും വിശ്വാസത്തിന്‍റെ ആദികളും റോമ്മാ കാസോലിക്കാക്കാരുടെ ക്രമങ്ങളോട് പുത്തനായിട്ട് ഏതാനും ചേര്‍ച്ചയും ഉണ്ടോ?
ഉത്തരം: മശിഹാകാലം 1599-ല്‍ അല്ലേശു പറങ്കി മെത്രാന്‍ മലയാളത്തില്‍ വന്നു. ആ മെത്രാന്‍ ഉദയംപേരൂര്‍ പള്ളിയില്‍ ഒരു സുന്നഹദോസ് കൂടി. അന്നു മലയാളത്തിലെ അര്‍ക്കദിയാക്കോനും പള്ളിക്കാരും പറങ്കികളോട് ചേരുകയില്ലെന്ന് വിരോധം പറഞ്ഞു പാര്‍ക്ക കൊണ്ട് പെരുമ്പടപ്പ് സ്വരൂപത്തിങ്കല്‍ പറങ്കികള്‍ ബോധിപ്പിച്ച് അര്‍ക്കദിയാക്കോനെയും പള്ളിക്കാരെയും ഏറിയ ഞെരുക്കങ്ങള്‍ ചെയ്യിച്ച് സുറിയാനി മര്യാദ നീക്കി പറങ്കി മര്യാദ നടത്തി. അന്ന് പട്ടക്കാരുടെ പെണ്കെട്ടും അവര്‍ ബലത്താല്‍ മുടക്കി. സുറിയാനിക്കാരും ലത്തീന്‍കാരുമായി പിന്നെ 55 സംവത്സരം ഒരിമ്പാടായിട്ട് നടന്നുവന്നു. ഇങ്ങനെ നടന്നുവരുമ്പോള്‍ മൈലാപ്പൂരുനിന്നും മാര്‍ ഇഗ്നാത്യോസിനെ പറങ്കികള്‍ കൊച്ചിയില്‍ കൊണ്ടുവന്നു കെട്ടിത്താഴ്ത്തി അപായം വരുത്തുകയാല്‍ ഇവര്‍ സത്യവേദ വിപരീതികള്‍ എന്ന് നിശ്ചയിച്ച് സത്യം ചൊല്ലി റോമ്മാക്കാരെ പിരിഞ്ഞു മേലെഴുതിയ പാത്രിയര്‍ക്കീസിന്‍റെ പ്രമാണത്താല്‍ മെത്രാനെയും നിശ്ചയിച്ച് സുറിയാനി ക്രമപ്രകാരം നടന്നുവരുന്നു. ഇങ്ങനെ റോമ്മാക്കാരോട് ചേരുവാന്‍ ഇടവന്നതല്ലാതെ വേറൊരു ചേര്‍ച്ചയും ഉണ്ടായിട്ടില്ല. 1685-ല്‍ പരദേശത്തുനിന്നും മാര്‍ ബസ്സേലിയോസ് കാസോലിക്കായും മാര്‍ ഈവാന്യോസ് മെത്രാനും വന്നു. ഇവരില്‍ ബസ്സേലിയോസ് 13 ദിവസം ജീവിച്ചിരുന്നുള്ളൂ. അന്ന് മലയാളത്തില്‍ വാഴുന്ന പകലോമറ്റത്ത് തറവാട്ടില്‍ നിന്നുള്ള മൂന്നാമത്തെ മാര്‍ത്തോമ്മാ മെത്രാന്‍റെ അനന്തിരവന് മെത്രാന്‍റെ സ്ഥാനം മേലെഴുതിയ ഈവാനിയോസ് മെത്രാന്‍ കൊടുത്തു. മാര്‍ ഈവാനിയോസ് കഴിഞ്ഞ ശേഷം സ്ഥാനം ഏറ്റിരുന്ന മെത്രാന്‍ അദ്ദേഹത്തിന്‍റെ അനന്തിരവന് സ്ഥാനം കൊടുത്തു. താനും തന്‍റെ കാലം കഴിയുന്നതിനു മുമ്പില്‍ വേറൊരു അനന്തിരവന് സ്ഥാനം കൊടുത്തു. 1748-ല്‍ മാര്‍ ഈവാനിയോസ് എന്ന് പേരുള്ള ഒരു മെത്രാപ്പോലീത്താ വന്നു. ആ ദേഹം പള്ളികളില്‍ ഓരോ അനര്‍ത്ഥങ്ങള്‍ കാണിക്കയും പട്ടക്കാരെ അടിക്കയും മറ്റും ചെയ്കയാല്‍ വേറെ മെത്രാന്മാരെ അയക്കുന്നതിനു വേണ്ടി ഈ വിവരങ്ങള്‍ കാണിച്ച് അന്ന് മലയാളത്തില്‍ വാഴുന്ന തോമ്മാ അര്‍ക്കദിയാക്കോനും പള്ളിക്കാരും കൂടി പരദേശത്തേക്കു എഴുത്തുകള്‍ അയച്ചാറെ, പാത്രിയര്‍ക്കീസ് ബാവാ കല്പിച്ച് മാര്‍ ബസ്സേലിയോസ് കാതോലിക്കായേയും മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്തായേയും മാര്‍ ഈവാനിയോസ് മെത്രാനേയും മറ്റും വേണ്ടുന്ന സൈത്തും മൂറോനും പുസ്തകങ്ങളും മാര്‍ത്തോമ്മാ മെത്രാനെ, മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്താ ആയി വാഴിക്കത്തക്കവിധം സ്ഥാത്തിക്കോനും വടിയും മുടിയും സ്ലീബായും കൊടുത്തു അവരെ യാത്രയാക്കിയാറെ, 1751-ല്‍ അവര്‍ മലയാളത്തില്‍ വന്നുചേര്‍ന്നു. തങ്ങളില്‍ കുറഞ്ഞൊന്ന് പിണക്കം ഉണ്ടായി എന്ന് വരികിലും ആയത് തീര്‍ന്ന് പാത്രിയര്‍ക്കീസ് കൊടുത്തയച്ചിരുന്ന സ്ഥാത്തിക്കോനും വടിയും മുടിയും സ്ലീബായും കൊടുത്ത് മാര്‍ത്തോമ്മന്‍ മെത്രാനെ മാര്‍ ദീവന്നാസ്യോസ് എന്ന് സ്ഥാനപ്പേരും കൊടുത്തു വാഴിച്ചു. താന്‍ തന്‍റെ അനന്തിരവനെ മെത്രാന്‍റെ സ്ഥാനത്തില്‍ വാഴിക്കുകയും ചെയ്തു.
ചോദ്യം 17: മെത്രാപ്പോലീത്തായുടെ സ്ഥാനം ഇപ്പോഴത്തെ തറവാട്ടില്‍ എത്ര കാലമായി നിലനില്‍ക്കുന്നത്? അന്ത്യോഖ്യാ പാത്രിയര്‍ക്കീസിനോട് സംസര്‍ഗ്ഗം മുടങ്ങിയതില്‍പ്പിന്നെ മെത്രാന്മാരുടെ സ്ഥാനം ഇല്ലാതിരുന്ന സമയങ്ങളില്‍ ആ വാഴ്ച ഉണ്ടായതും അതിന്‍റെ സ്ഥിതിയും ഏത്പ്രകാരത്തില്‍ ആയിരുന്നു?
ഉത്തരം: മേലെഴുതിയ 345-ാം കാലം മുതല്‍ 1653-ല്‍ മാര്‍ ഇഗ്നാത്യോസ് മലയാളത്തില്‍ വന്ന കാലം വരെയും 1308 സംവത്സരക്കാലം ഈ പകലോമറ്റം തറവാട്ടിലെ ആളുകള്‍ക്കു അര്‍ക്കദിയാക്കോന്‍റെ സ്ഥാനം കൊടുത്തു മാര്‍ഗ്ഗകാര്യത്തില്‍ കര്‍ത്തവ്യമായിട്ട് അവര്‍ തന്നെ വിചാരിച്ചുവന്നു. മാര്‍ ഇഗ്നാത്തിയോസ് പാത്രിയര്‍ക്കീസ് വന്ന കാലം മുതല്‍ മശിഹാ കാലം 1813 വരെയും അന്ത്യോഖ്യായില്‍ നിന്ന് വരുന്ന മെത്രാന്മാര്‍ ഈ തറവാട്ടില്‍ തന്നെ മെത്രാന്‍റെ സ്ഥാനം കൊടുക്കയും അങ്ങനെ സ്ഥാനം ഏല്‍ക്കുന്നവര്‍ സഭയെ വിചാരിച്ച് വരികയും പരദേശത്തു നിന്നും വരുന്നവരെ വേണ്ടും പ്രകാരം രക്ഷിച്ച് ഇരുത്തുകയും ഇന്നേവരെ ഈ തറവാട്ടില്‍ അര്‍ക്കദിയാക്കോന്മാര്‍ കൂടാതെ ആറു മെത്രാന്മാരും ഒരു മെത്രാപ്പോലീത്തായും കഴിഞ്ഞിരിക്കുന്നതുമാകുന്നു എന്ന് 1812 മേടം 20-ാം തീയ്യതി നിരണത്തു പള്ളിയില്‍ നിന്നും"
(ഇട്ടൂപ്പ് റൈട്ടര്‍, പു. 185).
Comments
Post a Comment