ചേപ്പാട്ട് മെത്രാച്ചനെപ്പറ്റി പരാതികള്‍

മാവേലിക്കരയോഗം കഴിഞ്ഞു ഏഴെട്ട് മാസം കഴിഞ്ഞപ്പോഴേക്കും ചേപ്പാട്ട് മെത്രാച്ചന്‍റെ പേരില്‍ അഴിമതിയാരോപണങ്ങള്‍ ഉന്നയിച്ച് ഏതാനും വൈദികര്‍ റസിഡണ്ടിന് ഒരു മെമ്മോറിയല്‍ സമര്‍പ്പിച്ചു (ബിഷപ്പ് ബ്രൗണ്‍, പു. 140). അതിന്‍റെ പൂര്‍ണ്ണരൂപം:

"ഇപ്പോള്‍ സുറിയാനിപ്പള്ളികള്‍ വിചാരിച്ചുവരുന്ന മാര്‍ ദീവന്നാസ്യോസ് മെത്രാന്‍ നടന്നും നടത്തിയും വരുന്ന അഴിമതികള്‍ക്കു വിവരം.

1. ആവശ്യം പോലെ പട്ടക്കാരെ ഉണ്ടാക്കുന്നതിന് പള്ളിക്കാരുടെ അപേക്ഷ ഉണ്ടായാല്‍ അവരുടെ എഴുത്തും മല്പാന്മാരുടെ സാക്ഷിയും വന്ന് പഠിത്തവും ശോധനയും ചെയ്തു യോഗ്യതയുള്ളവനാണെന്ന് മെത്രാന് ബോധ്യം വന്നാല്‍ 20 വയസില്‍ ശെമ്മാശനാക്കുകയും പഴമയും പുതുമയും ഉള്ള വേദപുസ്തകങ്ങള്‍ പഠിച്ചതിന്‍റെ ശേഷം പള്ളി ഭരിപ്പാന്‍ തക്കവനായി എന്ന് ബോധം വന്നാല്‍ 30 വയസ്സില്‍ കത്തനാര്‍ ആക്കണമെന്നും പള്ളി ഭരിക്കുന്ന പട്ടക്കാരെക്കൊണ്ട് വിവാഹം കഴിപ്പിക്കണമെന്നും പട്ടം കൊടുക്കുന്നതിന്നായിട്ട് വില, കൈക്കൂലി, സമ്മാനം, പ്രയത്നക്കൂലി ഉള്‍പ്പെട്ടവയായി യാതൊരു പ്രകാരത്തിലും ദ്രവ്യം മുതലായി ഏതെങ്കിലും മെത്രാന്‍ വാങ്ങിക്കയും ദാക്ഷിണ്യം പ്രമാണിച്ച് പട്ടംകൊടുക്കയും ചെയ്തു കൂടാ എന്നും അല്ലാതെ വാങ്ങിയാല്‍ ആ മെത്രാച്ചന്‍റെ സ്ഥാനം അഴിയപ്പെട്ടതായിരിക്കുന്നു എന്നും വേദപുസ്തകത്തിലും കാനോനിലും വിധിയായിരിക്കുമ്പോള്‍, അതിന് വിരോധമായി പള്ളിക്കാരുടെ അപേക്ഷയും അവരുടെ എഴുത്തും മല്പാന്മാരുടെ സാക്ഷിയും പഠിത്ത ശോധനയും പള്ളികളില്‍ ആവശ്യം കൂടാതെയും ശാസിച്ച് അപേക്ഷ എഴുത്ത് വരുത്തിയും ചിലതിന് തര്‍ക്കവഴക്കുകള്‍ ഉണ്ടാക്കിയും കിട്ടാവുന്നേടത്തോളം പണം നിര്‍ബ്ബന്ധിച്ച് വാങ്ങിക്കയും ചിലതിന് കച്ചീട്ട് എഴുതി വാങ്ങിക്കയും ജാമ്യമേല്പിക്കയും ചെയ്തു പഠിത്തം കൂടാതെയും 7 വയസ്സു മുതല്‍ ശെമ്മാശു പട്ടവും പിന്നീടും മേലെഴുതിയപ്രകാരം പണം വാങ്ങിച്ചുംകൊണ്ട് 17 വയസ്സു മുതല്‍ കത്തനാരു പട്ടവും ഏറിയ ആളുകള്‍ക്ക് കൊടുത്ത് പള്ളികളില്‍ കലഹവും ജനങ്ങള്‍ക്കു ബുദ്ധിമുട്ടും ആയിരിക്കുന്നു.

2. പട്ടക്കാരോ ജനങ്ങളോ മാര്‍ഗ്ഗവിരോധമായി നടക്കുന്നപ്രകാരം കേട്ടാല്‍ ആയാളുകളെ വരുത്തി സൂക്ഷ്മത്തോളം വിചാരിച്ച് പരമാര്‍ത്ഥമെന്ന് ബോധം വന്നാല്‍ കാനോന്‍പ്രകാരം കുറ്റം വിധിക്കയും ചെയ്യണമെന്ന് വിധിയായിരിക്കുമ്പോള്‍ അതിന്‍വണ്ണം ചെയ്യാതെ ദാക്ഷിണ്യം പ്രമാണിച്ച്, വരുത്തികേള്‍ക്കാതെ മുടക്കുകയും പണം കൊടുക്കുന്നതു വരെ ബുദ്ധിമുട്ടിച്ച് കുറ്റമുള്ളതിനും ഇല്ലാത്തതിനും വാങ്ങിച്ചുകൊണ്ട് അതുതന്നെ അനുതാപമാക്കി കാര്യം തീര്‍ക്കുകയും ചെയ്തു വരുന്നു.

3. മെത്രാന്‍ ലോകകാര്യങ്ങളില്‍ ഏര്‍പ്പെട്ട് കൈക്കൂലി സമ്മാനം വാങ്ങി ക്കുകയും പക്ഷഭേദമായി വിധിക്കുകയും ചെയ്യരുതെന്ന് പുസ്തകവിധിയായിരിക്കുമ്പോള്‍ അതിന്‍വണ്ണമല്ലാതെ കൊള്ളക്കൊടുക്ക, കൊഴുവ് മുതലായ കച്ചവടം, ദായാദി വഴക്കു മുതലായി സര്‍ക്കാരില്‍ കേള്‍പ്പാനുള്ള കാര്യങ്ങള്‍ക്കും മാര്‍ഗ്ഗമര്യാദ ലംഘനം ചെയ്തു നടക്കുന്നവരോട് മെത്രാന്‍ ചെയ്യാനുള്ള മുറ പോലെ മുടക്കി നിര്‍ത്തി ദാക്ഷിണ്യം പ്രമാണിച്ചു ബുദ്ധിമുട്ടിച്ച് മെത്രാന്‍റെ മനസ്സുപോലെ അനുസരിപ്പിച്ച് പണം വാങ്ങിച്ചുവരുന്നു.

4. മെത്രാന്‍ ദൈവകാര്യങ്ങളില്‍ ഉത്സാഹിച്ച് തങ്ങളുടെ അധികാരത്തിലുള്ള ജനങ്ങളുടെ ആത്മരക്ഷക്കായി വേദവാക്യങ്ങളെ സദാനേരവും ഉപദേശിച്ചും മറ്റുള്ളവരെക്കൊണ്ട് ഉപദേശിപ്പിച്ചുമിരിക്കണമെന്ന് വിധിയായിരിക്കുമ്പോള്‍ അതിന്‍വണ്ണം ചെയ്യാതെയും ചെയ്യിക്കാതെയും ദ്രവ്യം സമ്പാദിപ്പാനായി ഓരോ പള്ളികളില്‍ ചെന്നിരുന്ന് തങ്ങള്‍ക്കു കാര്യലാഭം വരുത്തിക്കൊടുക്കുന്നതിന് സാമര്‍ത്ഥ്യമുള്ളവരോട് ചേര്‍ന്ന് ദിനവും തര്‍ക്കവഴക്കുകളും ഉണ്ടാക്കി പള്ളികളില്‍ നിന്നും ജനങ്ങളില്‍ നിന്നും പണം വാങ്ങിക്കുന്നതിനും പ്രയാസപ്പെട്ടും പണം വാങ്ങിച്ചുവരുന്നു.

5. ക്രിസ്ത്യാനിക്കാരുടെ പള്ളികളില്‍ ദൈവത്തിന് ഇഷ്ടമായും വേദവാക്യങ്ങള്‍ സംബന്ധമായുള്ള സങ്കീര്‍ത്തനങ്ങളും ഉപാസനകളും അല്ലാതെ കളികളും ആഘോഷങ്ങളും ഉണ്ടാകരുതെന്ന് വിധിയായിരിക്കുന്നതും അപ്രകാരമുള്ള ദുര്‍മര്യാദകള്‍ ഒക്കെയും കഴിഞ്ഞ മെത്രാപ്പോലീത്താ പള്ളികള്‍ നിന്ന് നീക്കിയിരിക്കുന്നതും ആയിരിക്കുമ്പോള്‍ ഈ മെത്രാപ്പോലീത്താ ഓരോ കാര്യസാധ്യത്തിനായി ഓരോ പള്ളികളില്‍ ചെന്നിരുന്ന് ആട്ടം, തുള്ളല്‍, ദെണ്ണിപ്പ്, പാവകളി, കമ്പവെടി മുതലായി പല വിധമായുള്ള കളികളും കളിപ്പിക്കുകയും ആ വകയ്ക്കു പള്ളിമുതല്‍ കൊടുപ്പിക്കുകയും ചെയ്തുവരുന്നതിനാല്‍ ആയതു നടപ്പായിട്ടു തീര്‍ന്നിരിക്കുന്നു.

6. പള്ളിവക മുതല്‍ യാതൊരുത്തരും വഞ്ചിച്ച് അഴിമതി ചെയ്യാതെ ഇരിക്കേണ്ടതിന് പള്ളിവക കണക്കു സെമിനാരിയില്‍ വരുത്തി മെത്രാപ്പോലീത്തായും മിഷണറി സായിപ്പന്മാരും സെമിനാരി മല്പാന്‍ മുതല്‍പേരും കേട്ട് തീര്‍ത്തു തെരട്ട് എഴുതിക്കണമെന്നു നിശ്ചയിച്ച് അതിന്‍വണ്ണം നടന്നുവന്നാറെ അപ്രകാരമായാല്‍ തങ്ങളുടെ അഭിപ്രായംപോലെ മുതല്‍ അപഹരിക്കുന്നതിന് നിര്‍വാഹമില്ലെന്നും വച്ച് ശേഷം പേര്‍ ബോധിക്കാതെയും കണക്കുകള്‍ സെമ്മിനാരിയില്‍ വരുത്താതെയും മെത്രാന്‍ പള്ളികളില്‍ ചെന്ന് മുതല്‍ ചുമതലക്കാരുമായിട്ട് ചേര്‍ന്ന് ഏതെങ്കിലും കണക്കില്‍ ഒരു ചെലവും വരുത്തി ശാസനയില്‍ പള്ളിക്കാരെയും സമ്മതിപ്പിച്ച് ശരിയായിട്ട് തെരട്ടും ഉണ്ടാക്കിച്ച് മുതല്‍ അപഹരിച്ച് നടന്നുവന്ന് ചട്ടത്തിന് വിരോധമായി നടന്നുവരുന്നു.

7. മെത്രാന്മാരുടെ സ്വന്ത മനസ്സിന്‍പ്രകാരം പള്ളി എടപെട്ട കാര്യം വിചാരിച്ചാല്‍ നേരറിയാതെയും മുഖസ്തുതി, ദ്രവ്യാഗ്രഹം മുതലായത് പ്രമാണിച്ചും ഒന്നിനൊന്നായി ഏതെങ്കിലും ചെയ്കയും അതിനാല്‍ ദോഷവും തര്‍ക്കവഴക്കുകളും ഉണ്ടായി നാശങ്ങള്‍ക്കു എടവരാതെ ഇരിക്കേണ്ടതിനുമായി എല്ലാ കാര്യങ്ങളും മിഷണറി സായിപ്പന്മാര്‍ മുതലായവരുമായി വിചാരിച്ച് നടത്തുകയും ചെയ്യണമെന്നും നിശ്ചയിച്ച് അതിന്‍വണ്ണം നടന്നു വന്നാറെ ആ ചട്ടം അഴിച്ച് തന്നിഷ്ടമായിട്ട് ഈ മെത്രാപ്പോലീത്താ ഓരോ കാര്യങ്ങള്‍ നടത്തി വരുന്നതിനാല്‍ അഴിമതിയായിട്ട് തീര്‍ന്നിരിക്കുന്നു.

8. മെത്രാന്മാര്‍ ദ്രവ്യം സമ്പാദിക്കുകയും ലോക കാര്യങ്ങളില്‍ ഏര്‍പ്പെടുകയും കച്ചവട ലാഭങ്ങളില്‍ മനസ്സ് വയ്ക്കുകയും ചെയ്യരുതെന്നും സൗജന്യമായി ഏതെങ്കിലും കിട്ടിയാല്‍ ആയതു സഭയുടെ ഉപകാരത്തിനായി ചെലവിടണമെന്നും വിധിയായിരിക്കുമ്പോള്‍ അതിന്‍വണ്ണമല്ലാതെ ക്രിസ്ത്യാനിക്കു യോഗ്യമല്ലാത്തവണ്ണം മുതല്‍ സമ്പാദിക്കുകയും പൊന്‍, വെള്ളി, വെങ്കല പാത്രങ്ങള്‍, നിലം, പുരയിടം, മുതലായതു ഉണ്ടാക്കി ശേഷക്കാര്‍ക്കു കൊടുക്കുകയും തങ്ങള്‍ക്കു ലാഭം എടുക്കുന്നതിനായി പള്ളിവക മുറികള്‍ പൊളിപ്പിച്ച് കൊണ്ടുപോയി കച്ചവട പീടികകള്‍ ഉണ്ടാക്കുകയും ചെയ്തുവരുന്നു.

9. അഴിമതികളായിട്ട് നടക്കുന്നതു കൊള്ളരുതെന്നും ആയതു നീക്കി ചൊവ്വായി നടത്തിപ്പാനുള്ളത് നടത്തിക്കണമെന്നും പലപ്പോഴും ഗുണദോഷമായിട്ട് പറഞ്ഞാറെ മാവേലിക്കര ചെന്ന് പള്ളിക്കാരെ വരുത്തിയതിന്‍റെ ശേഷം ദുരാലോചനക്കാരായുള്ളതില്‍ രണ്ടു നാലുപേരുമായിട്ട് വിചാരിച്ച് അതിന്‍വണ്ണം നടത്താതെ ഇരിക്കുന്നതിന് ഒരു എഴുത്തു എഴുതിയുണ്ടാക്കിയതിന്‍റെ വിവരം ഇന്നതെന്ന് അറിയപ്പെടുത്താതെ ഒന്നിനൊന്നായിട്ട് പള്ളിക്കാരോട് പറഞ്ഞു ഏതാനുംപേരെ കൊണ്ട് ആ എഴുത്തില്‍ കയ്യൊപ്പ് ഇടുവിച്ചിരിക്കുന്നതും അതിന്‍വണ്ണം ചെയ്യരുതെന്ന് കൊള്ളാവുന്ന ആളുകള്‍ അവിടെവച്ചും ഗുണദോഷങ്ങള്‍ പറഞ്ഞാറെ ആയതും ധിക്കരിച്ചിരിക്കുന്നതും ആകുന്നു.

10. ഈ മെത്രാന്‍ സ്ഥാനമേറ്റപ്പോള്‍ മെത്രാന്മാരുടെ മുറപോലെ സ്ഥാനത്തിനടുത്ത മര്യാദപ്രകാരം സത്യമായിട്ട് നടന്നും നടത്തിയും കൊള്ളാമെന്നും ആയതിന് വ്യത്യാസം ചെയ്യുന്നു എങ്കില്‍ തങ്ങളെ ആക്കിയിരിക്കുന്ന സ്ഥാനത്തു നിന്ന് ഒഴിയപ്പെട്ടിരിക്കുന്നു എന്നും അദ്ദേഹത്തിന്‍റെ മനസ്സോടു കൂടി സമ്മതിച്ച് ത്രിത്വമായ ഏകദൈവത്തെ സാക്ഷിവച്ച് പള്ളി മുമ്പാകെ ഒരു കടലാസെഴുതി കയ്യൊപ്പിട്ട് മാര്‍ പീലക്സീനോസ് മെത്രാന്‍റെ പറ്റില്‍ കൊടുത്തിരിക്കുന്ന സത്യ ഉടമ്പടിയില്‍ രണ്ടു നാലു കാര്യം ഒഴികെ ശേഷമുള്ളത് ഒക്കെയും അഴിമതി ചെയ്തു നടന്നുവരുന്നു" 

(ഇട്ടൂപ്പ് റൈട്ടര്‍, പു. 245-249).

Comments

Popular posts from this blog

1876-ലെ മുളന്തുരുത്തി സുന്നഹദോസിന്‍റെ കാനോനാകള്‍

മലങ്കരസഭാ ഭരണഘടനാ ശില്പികള്‍ | ജോയ്സ് തോട്ടയ്ക്കാട്

മാര്‍ കൂറിലോസ് യൂയാക്കീം മെത്രാപ്പോലീത്താ വാകത്താനം പള്ളിക്ക് അയച്ച മൂന്നു കല്പനകള്‍