താഴത്തച്ചന്‍റെ അമൂല്യമായ 'വിലാപങ്ങള്‍'
അബ്രഹാം മല്പാനച്ചന്‍ തുടങ്ങി നവീകരണത്തിന്‍റെ ഒന്നാം തലമുറയിലെ ഒന്നാംനിരക്കാരെ പ്രതിനിധാനം ചെയ്തുകൊണ്ട് താഴത്തച്ചന്‍ നടത്തിയിട്ടുള്ള നിരീക്ഷണം ശ്രദ്ധേയമാണ്. അദ്ദേഹത്തിന്‍റെ നിരീക്ഷണങ്ങളെയും നവീകരണത്തിന്‍റെ രണ്ടാം തലമുറക്കാരെപ്പറ്റിയുള്ള വിമര്‍ശനത്തെയും ഇവിടെ സംഗ്രഹിച്ചു ചേര്‍ക്കുന്നു:
"തല്കാലം നമ്മുടെ പള്ളികളെ ഭരിച്ചുവരുന്ന പട്ടക്കാരില്‍ അധികം പേരും പരിഷ്കാരികളായ പടിഞ്ഞാറന്‍ സഭക്കാരുടെ ഉപദേശങ്ങളെയും അവരുടെ പ്രീതിയെയും സമ്പാദിച്ച് പുതിയ ക്രമങ്ങള്‍ പരിഷ്കരിച്ചും ഓരോ ഇടവകകളില്‍ ഓരോ ക്രമങ്ങള്‍ നടത്തുന്നതിന് ശക്തന്മാരായിത്തീര്‍ന്നിരിക്കുന്നതല്ലാതെ നമ്മുടെ സഭയുടെ പൂര്‍വിക വിശ്വാസാചാരവും നടപടിയും പഠിച്ചും പരിചയിച്ചും നടത്തുന്നതില്‍ പ്രാപ്തിയുള്ളവരല്ല. ... നമ്മുടെ സഭയില്‍ പ്രസംഗികളായി സഞ്ചരിക്കുന്ന അനേകംപേര്‍ക്കും ദൈവാലയത്തെക്കുറിച്ചും അതിലുള്ള ആരാധനകളെക്കുറിച്ചും വളരെ പുച്ഛമായിട്ടാണ് ഇരിക്കുന്നത്. മലാഖി 1:12, ആവര്‍ത്തനം 12:8, 11, 13; ആദ്യപുസ്തകം 12-ാം അധ്യായം; പുറപ്പാട് 20, 25 അദ്ധ്യായങ്ങള്‍; സംഖ്യാ പുസ്തകം 22-30 അദ്ധ്യായങ്ങള്‍; മത്തായി 5-ാം അദ്ധ്യായം എന്നീ വേദഭാഗങ്ങളെ നിരീക്ഷണം ചെയ്ത് അദ്ദേഹം തുടരുന്നു: "വേദപ്രമാണത്തെ എങ്കിലും ദീര്‍ഘദര്‍ശികളെ എങ്കിലും ഇല്ലായ്മ ചെയ്വാന്‍ അല്ല നിവൃത്തിയാക്കുവാന്‍ അത്രേ ഞാന്‍ വന്നിരിക്കുന്നു എന്നും ആകാശവും ഭൂമിയും ഒഴിഞ്ഞു പോകുന്നതുവരെ വേദത്തില്‍ നിന്ന് ഒരു പുള്ളി എങ്കിലും ഒരു വിസര്‍ഗമെങ്കിലും ഒരു പ്രകാരത്തിലും ഒഴിഞ്ഞുപോകയില്ലെന്നും കല്പിച്ചിരിക്കുന്നു. മോശമുഖാന്തിരം ദൈവം തന്‍റെ സഭയ്ക്കു നല്‍കിയിരിക്കുന്ന ആചാരങ്ങളും നടപടികളും യഹൂദന്മാര്‍ക്കുള്ളതും ക്രിസ്ത്യാനി മതത്തിന് ഉള്ളതല്ലാത്തതും ആകയാല്‍ ക്രിസ്ത്യാനികള്‍ ആയിരുന്നവര്‍ ആയത് അശേഷം നോക്കിക്കൂടാ എന്ന് ചിലര്‍ പറയുന്നത് നമുക്കു പറഞ്ഞുകൂടാ. ഈ കല്പനകള്‍ ഒക്കെയും ഭൂമിയില്‍ സ്ഥാപിച്ചിരിക്കുന്ന സഭയോടും തന്‍റെ മക്കളോടും കല്പിച്ചിട്ടുള്ളതാകുന്നു. ഈ കല്പനകള്‍ അനുസരിച്ചാണ് മിക്കവാറും കിഴക്കേ സഭയില്‍ ഉള്‍പ്പെട്ട സുറിയാനി സഭയുടെ വിശ്വാസാചാരങ്ങളും പള്ളിക്രമങ്ങളും മേല്പട്ടക്കാര്‍, പട്ടക്കാര്‍ മുതലായവരുടെ നടപടികളും ക്രമങ്ങളും പൂര്‍വ്വികമായി സ്ഥാപിച്ചിട്ടുള്ളത്." വീണ്ടും പുറപ്പാട് 20:24; 25:8; 2 ദിന. 2:4; സങ്കീ. 26:8; 27:4; ലൂക്കൊസ് 2:25-38; ലേവി 19:30; യോഹ. 2:17; മലാഖി 1:7-8 എന്നീ വാക്യങ്ങള്‍ പരിശോധിച്ച് തുടരുന്നു: "മേല്‍ വിവരിച്ച കല്പനകളും നടപടികളും അനുസരിച്ച് നമ്മുടെയും തല്ക്കാല പരിഷ്കാരികളുടെയും പിതാക്കന്മാരുടെയും കാലങ്ങളില്‍ നമ്മുടെ പള്ളികളില്‍ സന്ധ്യയ്ക്കും കാലത്തും മണി അടിക്കുകയും സന്ധ്യക്കു വിളക്കു വയ്ക്കുകയും അതതിടവകളിലെ പട്ടക്കാരും സമീപസ്ഥന്മാരും പള്ളികളില്‍ കൂടി പ്രാര്‍ത്ഥിക്കുകയും ദൈവത്തെ ആരാധിക്കുന്നതിന് മെഴുകുതിരി കൊളുത്തിയും ധൂപം മുതലായ സുഗന്ധങ്ങളോടും പ്രത്യേക ഗീതങ്ങളോടു കൂടിയും രണ്ടു നേരവും ദൈവാരാധനകള്‍ മുടങ്ങാതെ ദൈവാലയത്തില്‍ നടത്തിക്കൊണ്ടിരുന്നു. ... ദൈവാലയം ദൈവം വസിക്കുന്ന സ്ഥലമെന്നും അവിടെ നിശ്ചിത സമയങ്ങളില്‍ നാം ചെന്ന് ദൈവത്തെ സ്തുതിക്കുകയും ദൈവത്തെ ആരാധിക്കുകയും ചെയ്യണമെന്നും ദൈവം പ്രത്യേകം കല്പിച്ചിട്ടുള്ളതും അതനുസരിച്ച് വിശ്വാസികളായ പൂര്‍വ്വികന്മാര്‍ ഏര്‍പ്പെടുത്തിയിട്ടുള്ള പ്രാര്‍ത്ഥനകളും നടപടികളും പള്ളിയില്‍ അശേഷം ഇല്ലാതാക്കണമെന്നും ആണ് തല്‍ക്കാല പരിഷ്കാരികളുടെ പ്രധാന ഉദ്ദേശ്യം. ... നമ്മുടെ രക്ഷിതാവും മോശ, ഏലിയാ മുതലായവരും കഠിനമായി ഉപവാസം ചെയ്തിട്ടുള്ളതു കൂടാതെ, സഭയില്‍ പല ഉപവാസം രാജാക്കന്മാരാലും ദീര്‍ഘദര്‍ശികളാലും പട്ടക്കാരാലും വരുത്തിയിട്ടുള്ളതായി നാം കാണുന്നു. ഇതുകളെല്ലാം അനുസരിച്ച് പൂര്‍വ്വ പിതാക്കന്മാര്‍ ഏര്‍പ്പെടുത്തിയിട്ടുള്ള പല ഉപവാസങ്ങളും അതിന്‍റെ സത്യപ്രകാരവും നിശ്ചയപ്രകാരവും നടത്തുവാനുള്ള ഏര്‍പ്പാടുകള്‍ ഇപ്പോള്‍ എത്ര പുച്ഛമായിരിക്കുന്നു. .... ഇതു കൂടാതെ സര്‍വ്വപ്രധാനമായ കുര്‍ബ്ബാനയെ മുടക്കം കൂടാതെ ദൈവാലയത്തില്‍ അണച്ചുകൊണ്ടുവന്നു... പുതിയനിയമ കാലത്തും ദിവസംപ്രതിയും ആഴ്ചതോറും സഭ കൂടുമ്പോഴൊക്കെയും ഈ വിശുദ്ധ കുര്‍ബ്ബാന അണക്കുന്നതിന് കല്പിച്ചിരിക്കുന്നു" (അപ്പോ. പ്ര. 2:42; 20:7; എബ്രാ. 10:25). എങ്കിലും മേല്‍വിവരിച്ച കല്പനകളാലും നടപടികളാലും, കുര്‍ബ്ബാന തന്‍റെ സഭയില്‍ എന്നും അനുഷ്ഠിക്കാനുള്ളതായിരിക്കേ, പരിഷ്കാരികളുടെ ഇടയില്‍ കുര്‍ബ്ബാന എത്രയോ നിസ്സാരമായിട്ടും ഞെരുക്കത്തോടു കൂടെയും ഭിന്നാഭിപ്രായമായും ആണ് നടത്തിവരുന്നത്. .... അഹറോന്‍ രാവിലെതോറും സാക്ഷിപ്പെട്ടകത്തിന്‍റെ മുമ്പാകെയും കൃപാസനത്തിന്‍റെ മുമ്പിലും സുഗന്ധവര്‍ഗ്ഗങ്ങളുടെ ധൂപം കാട്ടണമെന്നും വൈകുന്നേരത്തു വിളക്കു കൊളുത്തുമ്പോള്‍ ധൂപം കാണിക്കണമെന്നും അതു തലമുറയായും അത് എപ്പോഴും യഹോവയുടെ മുമ്പാകെയുള്ള ധൂപം ആയിരിക്കണമെന്നും കല്പിച്ചിരിക്കുന്നു. ... ഇതു പോലെ തന്നെ നോമ്പു ദിവസങ്ങളില്‍ മൂന്നു നേരം പ്രാര്‍ത്ഥനകളും ദേവാരാധനകളും ഉച്ചയ്ക്കു വാഴ്വുകളുടെ അപ്പങ്ങളും ചില പള്ളികളില്‍ നേര്‍ച്ചച്ചോറുകളും ധര്‍മ്മക്കഞ്ഞികളും ഉണ്ടായിരുന്നു. അതു കൂടാതെ ഉച്ചനമസ്കാര സമയത്ത് നാല്പതു പ്രാവശ്യം കരുണകള്‍ക്കായുള്ള അപേക്ഷകളോടു കൂടി വന്ദനവുകളും കുമ്പിടീലുകളും ഉണ്ടായിരുന്നു. ഈ ആരാധനകളിലും പ്രാര്‍ത്ഥനകളിലും മേലധ്യക്ഷന്മാരും മുടക്കം കൂടാതെ സംബന്ധിച്ചിരുന്നു. ... നമ്മുടെ സഭയിലുള്ള പരിഷ്കാരികളുടെ തല്ക്കാല ഉദ്ദേശ്യം സഭയില്‍ പട്ടത്വത്തെയും പട്ടക്കാരുടെ അധികാരത്തെയും ഇല്ലാതാക്കണമെന്നാണ്. അതിന്‍റെ മുന്‍കുറിയായി സഭയില്‍ നടത്തിവരുന്ന കൂദാശകള്‍ക്കു പട്ടക്കാരുടെ മധ്യസ്ഥത കൊണ്ടും പ്രാര്‍ത്ഥന കൊണ്ടും വിശേഷാല്‍ പ്രയോജനമൊന്നുമില്ല എന്ന് ജനങ്ങളെ ധരിപ്പിക്കുന്നതിന് പള്ളിക്രമങ്ങളില്‍ ഇതിനനുസരണമായി വല്ല പ്രാര്‍ത്ഥനകളും ഉണ്ടെങ്കില്‍ തിരുത്തുന്നതിനുമാണ് തല്ക്കാലം അവരുടെ ഉദ്ദേശ്യമെന്ന് കാണുന്നു. മത്തായി 10-ാം അധ്യായം, ലൂക്കോസ് 10-ാം അധ്യായം, മത്തായി 16-ാം അധ്യായം, യോഹന്നാന്‍ 20-ാം അധ്യായം, 21:15, മര്‍ക്കോസ് 16-ാം അധ്യായം എന്നിവിടങ്ങളില്‍ പൗരോഹിത്യാധികാരത്തെക്കുറിച്ച് വേദത്തെളിവുകള്‍ ഉദ്ധരിച്ചുകൊണ്ട് അദ്ദേഹം എഴുതി: "ഇതുകളെ നോക്കുമ്പോള്‍ അഹറോന്‍ മുതലായ ആചാര്യന്മാര്‍ക്കുള്ള അധികാരത്തിലും അവകാശത്തിലും ഒട്ടും കുറവായിട്ട് ക്രിസ്ത്യാനി സഭയിലെ പട്ടക്കാരെ വിചാരിപ്പാന്‍ പാടില്ല. ... കൂടാതെ നമ്മുടെ സഭയില്‍ മൂന്നു വിധം സ്ഥാനികളല്ല പല സ്ഥാനികള്‍ ഉണ്ടായിരുന്നതായി 1 കോരി. 12:28, എഫേ. 4:11, 12 വാക്യങ്ങളില്‍ കാണുന്നതിനു പുറമെ മാലാഖമാരുടെ നിര അനുസരിച്ച് ഒമ്പതു വൃന്ദം സ്ഥാനികള്‍ ഉണ്ടെന്ന് കാനോന്‍ രണ്ടാം അധ്യായം കൊണ്ടും 1862-ല്‍ വലിയ മാര്‍ അത്താനാസ്യോസ് മെത്രാപ്പോലീത്തായുടെ അച്ചുകൂടത്തില്‍ കൈതയില്‍ ഗീവറുഗ്ഗീസ് മല്പാനച്ചന്‍ അവര്‍കള്‍ അച്ചടിപ്പിച്ചിട്ടുള്ള ഗ്രമതി പുസ്തകത്തിന്‍റെ 152-ാം പേജു കൊണ്ടും കാണുന്നുണ്ട്. .... പട്ടക്കാരെ കൂടാതെ മുന്‍ നിശ്ചയപ്രകാരമുള്ള പട്ടക്കാരിലല്ലാതെയും പല വിധത്തില്‍ വര്‍ദ്ധിച്ചും പല വിധത്തില്‍ ഘോഷിച്ചും കൊണ്ടു വരുന്ന പടിഞ്ഞാറന്‍ സഭകള്‍ മേല്പറഞ്ഞ ബാധയുടെ പ്രവേശനഫലമാണെന്ന് ഞാന്‍ തീര്‍ച്ചയായി പറഞ്ഞുകൊള്ളുന്നു. ദൈവത്താലും ശുദ്ധമുള്ള പിതാക്കന്മാരാലും ഉപദേശിക്കപ്പെട്ട ആരാധനകളെയും ശുശ്രൂഷകളെയും കൂദാശകളെയും കല്പിക്കപ്പെട്ടിരിക്കുന്ന സ്ഥിതിയില്‍ നാം ചെയ്യേണ്ടതും അതില്‍ നിന്ന് കൂട്ടുവാനും കുറയ്ക്കുവാനും നമുക്കു അധികാരം ഇല്ലാത്തതുമാകുന്നു. .... തല്ക്കാല പരിഷ്കാരികള്‍ ദൈവത്താലും പൂര്‍വ്വപിതാക്കന്മാരാലും ഭരമേല്പിക്കപ്പെട്ടിരിക്കുന്നതും ഇതുവരെ അനുസരിച്ചും വിശ്വസിച്ചും വരുന്ന പ്രാര്‍ത്ഥനകളെ തിരുത്തിയും പട്ടത്വത്തെ സംബന്ധിച്ച് നിഷിദ്ധമായി ഉപദേശിച്ചും പരസ്യത്തില്‍ വരുത്തുന്നതുമായ ഉപദേശങ്ങളെ ഒരിക്കലും ദൈവം സഹിക്കുന്നതല്ല. അവര്‍ ശപിക്കപ്പെട്ടവര്‍ ആകുന്നു എന്ന് അപ്പോസ്തോലന്‍ പറയുന്നു. ... 'ബാറെക്മോര്‍' എന്നു പറയുന്നതിന്‍റെ അര്‍ത്ഥം, കര്‍ത്താവെ അനുഗ്രഹിക്കേണമേ എന്ന് പട്ടക്കാരനോട് ജനം പറയുന്ന അപേക്ഷയാണ്. നമ്മുടെ ഓരോ കൂദാശകളിലും പ്രാര്‍ത്ഥനകളിലും പട്ടക്കാരന്‍റെ അപേക്ഷകളും മധ്യസ്ഥതകളും കര്‍മ്മാചാരങ്ങളും ഉള്‍പ്പെട്ടിട്ടുള്ളതും അതുകളെല്ലാം ഒരു വെടിയ്ക്ക് തകര്‍ക്കണമെന്ന് വിചാരിക്കുന്നത് അക്രമവും ദുര്‍ബുദ്ധിയുമാണ്." പട്ടക്കാര്‍ അനുഗ്രഹിക്കുന്നവരും മധ്യസ്ഥരുമാകുന്നു. പ്രാര്‍ത്ഥനകളുടെ അന്ത്യത്തില്‍ അവര്‍ ജനത്തെ അനുഗ്രഹിക്കുന്നു. മാമ്മൂദീസായില്‍ മധ്യസ്ഥത യാചിക്കുകയും അവരെ അനുഗ്രഹിക്കുകയും ചെയ്യുന്നു. വിവാഹത്തില്‍ അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയും അവരെ അനുഗ്രഹിക്കുകയും ചെയ്യുന്നു. രോഗിക്കു വേണ്ടി പ്രാര്‍ത്ഥിക്കുകയും അനുഗ്രഹിക്കുകയും അവന്‍റെ പാപങ്ങള്‍ കഴുകുകയും ചെയ്യുന്നു. .... പരിഷ്കാരികള്‍ ശരിയായ തര്‍ജ്ജിമ മനസ്സിലാക്കായ്കയാല്‍ പട്ടക്കാരന്‍റെ അധികാരത്തെയും വിശ്വാസത്തോടു കൂടി അവര്‍ ചെയ്യുന്ന പ്രാര്‍ത്ഥനയുടെ രഹസ്യത്തെയും മനസ്സിലാക്കാതെ സഭയില്‍ ഭിന്നത ഉണ്ടാക്കുന്നതില്‍ അത്യന്തം വ്യസനിക്കുന്നു. ... കുര്‍ബ്ബാനയില്‍ കാഴ്ചയായി ത്രോണോസില്‍ പ്രതിഷ്ഠിക്കുന്ന അപ്പവും വീഞ്ഞും നമ്മുടെ കര്‍ത്താവിന്‍റെ തിരുശരീര രക്തങ്ങളായിട്ടാണ് ദൈവത്തിന്‍റെ സഭ പൂര്‍ണ്ണമായിട്ടും വിശ്വസിക്കുന്നത്. ത്രോണോസില്‍ വയ്ക്കുന്ന ഈ കാഴ്ച നമ്മുടെ രക്ഷിതാവിനെ ആകുന്നു. തനിക്കു കൊടുത്തിരിക്കുന്ന നാമം 'അപ്പം' എന്നാണ്. .. അതിന്‍റെ മഹത്വത്തെക്കുറിച്ച് ദൈവമക്കള്‍ക്കും ദൈവദൂതന്മാര്‍ക്കും അല്ലാതെ ജഡമയന്മാര്‍ക്കു വളരെ ലജ്ജയും നിസ്സാരവും ആയി തോന്നാവുന്നതാണ്. ... വിശ്വാസികളും രക്തസാക്ഷികളും ആയ പൂര്‍വ്വപിതാക്കന്മാര്‍ ഏര്‍പ്പെടുത്തിയിട്ടുള്ള തക്സാകളുടെ ഒരു യോദോ വരയോ എന്ത് ഉദ്ദേശ്യത്തിലാണ് എന്ന് തിരിച്ചറിയാന്‍ അറിവില്ലാത്തവരായ നാം പൂര്‍വ്വാചാരങ്ങളെ പിരിഷ്ക്കരിക്കണമെന്ന് വിചാരിക്കുന്നത് എത്രയോ അക്രമവും പൈശാചികവുമാണെന്ന് പറയാതിരിക്കുന്നവര്‍ നമ്മുടെ സഭയില്‍ ചുരുക്കമേ കാണുകയുള്ളു എന്നാണ് എന്‍റെ വിശ്വാസം. ... ഈ വന്ദിക്കുന്ന അപ്പവും വീഞ്ഞും വെറും അപ്പവും വീഞ്ഞും ആയിട്ടാണോ ശുദ്ധമുള്ള പിതാക്കന്മാരും ഇതിനെ പരിഷ്കരിച്ചതായി പറയുന്ന ബഹുമാനപ്പെട്ട അബ്രഹാം മല്പാനച്ചനും ഇന്നു വരെയുള്ള മേല്പട്ടക്കാരും പട്ടക്കാരും ആരാധിക്കുകയും സ്തുതിക്കുകയും ചെയ്യുന്ന അക്രമങ്ങളും നടപടികളും ഇന്നു നമ്മുടെ മുമ്പാകെ പ്രകാശമായിരിക്കുകയും ചെയ്തിരിക്കുന്നത്? പരിഷ്കാരികളുടെ കണ്ണുകള്‍ അശേഷം സാത്താന്‍ അടച്ചു എന്ന് പറയുന്നതിന് ഞാന്‍ അധൈര്യപ്പെടുന്നില്ല. ... ഈ അപേക്ഷകളും ആരാധനകളും അബ്രഹാം മല്പാനച്ചനും നമ്മുടെ വലിയ മെത്രാച്ചനും ഇന്നുള്ള പട്ടക്കാരും അനുഷ്ഠിച്ചു വരുന്നതും ഈ ക്രമങ്ങള്‍ നമ്മുടെ തക്സായില്‍ പ്രകാശമായിരിക്കുന്നതും ആയിരിക്കെ അവകളെല്ലാം കണ്ടും കേട്ടും പരിചയിച്ചും പ്രവര്‍ത്തിച്ചും ഇരിക്കുന്ന സഭ, ഇവയെല്ലാം ത്യജിക്കുന്നതായി ശങ്ക കൂടാതെ പ്രസ്താവിക്കുകയും അതിന് ചില രേഖകള്‍ വാലും തലയും മുറിച്ച് ഇടയ്ക്കുനിന്ന് ചില വാചകങ്ങള്‍ എടുത്തു വിശ്വാസികളുടെ കണ്ണുകളെ അന്ധത പിടിപ്പിക്കുന്നതില്‍ അതിവ്യസനം ഉണ്ടായി ഇത്രയും പ്രസ്താവിക്കുന്നതാകുന്നു. ... കുര്‍ബ്ബാനയില്‍ കാഴ്ചയായി അണക്കപ്പെടുന്ന അപ്പവും വീഞ്ഞും കര്‍ത്താവിന്‍റെ തിരുശരീരവും രക്തവും എന്നു തന്നെയല്ല, ദൈവം തമ്പുരാന്‍റെ അധിവാസവും കൂടിയുള്ളതാണെന്ന് പലതു കൊണ്ടും സമ്മതിച്ചും വിശ്വസിച്ചും ഇരിക്കുന്ന ഒരു സഭ അതിനെ എന്തെല്ലാം യുക്തികള്‍ കാണിച്ചാലും വിപരീതമായി ഒരു വിധത്തിലും സമ്മതിക്കുന്നതല്ല. ... ലോകാതിര്‍ത്തികളെ അധീനമാക്കിയിരിക്കുന്നവനെ ഞാന്‍ എടുക്കുന്നു; എന്‍റെ വായില്‍ വക്കുന്നു. .. ഈ അപേക്ഷ സുറിയാനി പുസ്തകത്തില്‍ ഇപ്പോഴും ഉള്ളതും ഞാന്‍ ഉപയോഗിച്ചു വരുന്നതും ആകുന്നു. ... ഈ ഒരു വകുപ്പ് മാത്രം തര്‍ജ്ജിമയില്‍ കാണുന്നില്ല. .. ഇരട്ടിപ്പിന് ആവശ്യമില്ല എന്ന് വിചാരിച്ച് അച്ചടിച്ച സമയം സായിപ്പ് മാറ്റിച്ചതായിരിക്കാം. ... പഴയ തക്സായിലും എന്‍റെ ഓര്‍മ്മയിലുള്ള വലിയ മാര്‍ അത്താനാസ്യോസ് തിരുമനസ്സിലെ കുര്‍ബ്ബാനയിലും എന്‍റെ മല്പാന്മാരുടെയും ഞാന്‍ അറിയുന്ന എല്ലാ പട്ടക്കാരുടെ കുര്‍ബ്ബാനയിലും ധൂപകലശത്തില്‍ കുന്തുരുക്കം ഇട്ടു മൂന്ന് നാമത്തിലും ശുദ്ധീകരണപ്രാര്‍ത്ഥന മേല്‍ വിവരിച്ചപ്രകാരം നടത്തിവന്നതായി സത്യമായി പറഞ്ഞുകൊള്ളുന്നു. ... എങ്കിലും ഇതുകളെ കണ്ടും കേട്ടും പ്രവര്‍ത്തിച്ചും ഇരിക്കുന്ന മേല്‍പ്പട്ടക്കാരും പട്ടക്കാരും മാന്യന്മാരായ അയ്മേനികളും യാതൊന്നും അറിവില്ലാത്ത പരിഷ്കാരികളുടെ തത്വജ്ഞാനത്തിലും കപടത്തിലും പങ്കുകൊള്ളുന്നതില്‍ അധികമായ വേദന മനസ്സില്‍ വരുന്നതാകുന്നു. ... തത്ക്കാല പരിഷ്കാരികളുടെ ഉപദേശവും അഭിപ്രായവും പൂര്‍വിക തക്സാകളെ ശരിയായി തര്‍ജ്ജിമ ചെയ്ത് അതുകളെയും വിശ്വാസികളായ പിതാക്കന്മാരുടെ പാരമ്പര്യമായ നടപടികളെയും ഭക്തിയോടും സ്നേഹത്തോടും കൂടി പരിശോധിക്കുന്നപക്ഷം തത്ക്കാല പരിഷ്ക്കാരികളുടെ ലഘുലേഖകളൊക്കെയും അഗ്നിയ്ക്കിരയാക്കുമെന്ന് എനിക്കു വിശ്വാസമുള്ളതിനാല്‍ തത്ക്കാലം കാണുന്ന വിപരീത ഉപദേശങ്ങള്‍ എല്ലാം സമാധാനം പറയണമെന്ന് ഞാന്‍ വിചാരിക്കുന്നില്ല. ... എങ്കിലും ദൈവാരാധനയിലും കുര്‍ബ്ബാനയിലും ഉപയോഗിച്ചുവരുന്ന വിളക്ക്, മെഴുകുതിരി, ധൂപകലശം, വാദ്യഘോഷങ്ങള്‍ ഇതുകളാല്‍ ദൈവാലയത്തില്‍ ആഘോഷിച്ചു വരുന്ന നടപടികള്‍ ദൈവമഹത്വത്തിനും ആരാധനകള്‍ക്കും അത്യാവശ്യം ആകുന്നുവെന്ന് ഞാന്‍ മേല്‍ വിവരിച്ചിട്ടുള്ള പഠന സംഗതികളെക്കൊണ്ട് പ്രത്യക്ഷപ്പെട്ടും ... എങ്കിലും ഇതുകളെ വിഗ്രഹാരാധന ആകുന്നുവെന്ന് പറഞ്ഞുകൊണ്ട് എല്ലാം ഇല്ലാതാക്കണമെന്നാണ് പരിഷ്കാരികളുടെ അഭിപ്രായം. ഈ അഭിപ്രായം ഭോഷത്വവും അറിവുകേടും ദൈവനാമത്തെ ദുഷിക്കുകയും ദൈവകോപം ജ്വലിപ്പിക്കുന്നതും ആകുന്നുവെന്ന് ചുരുക്കമായി വീണ്ടും കാണിച്ചുകൊള്ളുന്നു. മലാഖി 1 ന്‍റെ 7 മുതലുള്ള വാക്യങ്ങള്‍ നോക്കുക: ... കൃപാസനവും അതിന്മേല്‍ സ്ഥാപിച്ചിട്ടുള്ള കെരൂബുകളും കാഴ്ച അപ്പവും പരിഷ്കാരികളുടെ അഭിപ്രായപ്രകാരം ഓരോ വിഗ്രഹങ്ങള്‍ അല്ലയോ? ഈ വിഗ്രഹങ്ങളെ സ്ഥാപിച്ച് ആരാധിക്കുന്നതിന് ദൈവം കല്പിച്ചതു തന്‍റെ മുന്‍ കല്പനയ്ക്ക് വിരോധമാകുന്നുവോ?..."
ബഹു. താഴത്ത് പുന്നത്ത്ര ചാണ്ടപ്പിള്ള കത്തനാര്‍ 1925-ല്‍ പ്രസിദ്ധീകരിച്ച 'വിലാപങ്ങള്‍' എന്ന ചെറു ഗ്രന്ഥത്തിന്‍റെ (പേജ് 50 മാത്രം) സംക്ഷേപമാണ് മുകളില്‍ കൊടുത്തത്. 1937-ല്‍ പാലക്കുന്നത്ത് മല്പാനച്ചന്‍ രേഖാ മൂലം അല്ലാതെ വരുത്തിയ നവീകരണത്തെപ്പറ്റി 80 കൊല്ലം കഴിഞ്ഞ് (80 കൊല്ലം എന്നാല്‍ 2 തലമുറക്കാലം) ശേഖരിച്ച കേട്ടുകേള്‍വികളെ ആധാരമാക്കിയാണ് 1927-ല്‍ തക്സാ കമ്മറ്റിക്കാര്‍, അബ്രഹാം മല്പാന്‍ നടപ്പിലാക്കിയതെന്ന് അവകാശപ്പെട്ടുകൊണ്ട് പരിഷ്കരണ നിര്‍ദ്ദേശങ്ങള്‍ അവതരിപ്പിച്ചത് എന്ന ചരിത്ര യാഥാര്‍ത്ഥ്യം ഓര്‍ക്കുമ്പോള്‍ 1925-ലെ 'വിലാപങ്ങള്‍' നല്‍കുന്ന ഓര്‍മ്മകളും അനുഭവങ്ങളും പഠനങ്ങളും അമൂല്യമെന്നു വേണം പറയുവാന്‍. അബ്രഹാം മല്പാനച്ചന്‍റെ സമകാലീനനും അദ്ദേഹത്തിന്‍റെ ആരാധനകളില്‍ അനേകവട്ടം ദൃക്സാക്ഷിയും പാലക്കുന്നത്ത് മാത്യൂസ് അത്താനാസ്യോസ്, തോമസ് അത്താനാസ്യോസ്, തീത്തൂസ് ഒന്നാമന്‍ തുടങ്ങിയ മെത്രാപ്പോലീത്തന്മാരോടൊപ്പം സഭയുടെ മുന്നണിപ്പോരാളിയായിരുന്ന താഴത്തച്ചന്‍റെ നിലപാട് നിഷ്പക്ഷതയോട് വളരെ അടുത്തു നില്‍ക്കുന്നു.
- ഫാ. ഡോ. ജോസഫ് ചീരന്‍
Comments
Post a Comment