മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ (1911 സെപ്റ്റംബര്‍ 7)

224. മേല്‍ 217-ാം വകുപ്പില്‍ പറയുന്നപ്രകാരം ദീവന്നാസ്യോസ് മെത്രാപ്പോലീത്തായുടെ കല്പനപ്രകാരമുള്ള പൊതുയോഗം 1087 ചിങ്ങം 22-നു 1911 സെപ്റ്റംബര്‍ 7-നു വ്യാഴാഴ്ച കോട്ടയം ദീവന്നാസ്യോസ് സെമിനാരിയില്‍ കൂടി. തെക്കന്‍ പള്ളിക്കാര്‍ എല്ലാവരും വടക്കരില്‍ ഏതാനും പള്ളിക്കാരും ഉണ്ടായിരുന്നു. ആകെ ഇരുന്നൂറില്‍ അധികം പള്ളിക്കാര്‍ ഉണ്ടെന്നാണ് പറയുന്നത്. മെത്രാപ്പോലീത്തായുടെ അഗ്രാസനത്തിന്‍കീഴു യോഗം നടത്തി. സെമിനാരി ട്രസ്റ്റികളായ കോനാട്ട് മല്പാന്‍, സി. ജെ. കുര്യന്‍ ഇവരെ നീക്കി പകരം പാലപ്പള്ളില്‍ പൗലോസ് കത്തനാരെയും കോട്ടയത്തു പുത്തനങ്ങാടിയില്‍ ചിറക്കടവിലായ വളഞ്ഞാറ്റില്‍ അബ്രഹത്തിനെയും ട്രസ്റ്റികളായി നിയമിച്ചു. മേല്‍ 216-ാം വകുപ്പിലെ മാനേജിംഗ് കമ്മിറ്റിയുടെ നിശ്ചയങ്ങളെയെല്ലാം സ്ഥിരപ്പെടുത്തി. മുടക്കു കല്പന സ്വീകരിക്കാന്‍ പാടില്ലെന്നു നിശ്ചയിച്ചു. സെക്രട്ടറിയായി കെ. വി. ചാക്കോ ബി.എ.,എല്‍.റ്റി. യെ സ്ഥിരപ്പെടുത്തി. അബ്ദുള്ളാ പാത്രിയര്‍ക്കീസിന്‍റെ മുടക്ക് സ്വീകരിക്കണ്ട എന്നും അദ്ദേഹം ശപിക്കപ്പെട്ടവനാണെന്നും മറ്റും വിവരിച്ച് അബ്ദല്‍ മശിഹാ പാത്രിയര്‍ക്കീസ് ദീവന്നാസ്യോേസ് മെത്രാപ്പോലീത്തായ്ക്കയച്ച ഒരു കല്പന ഈ യോഗത്തിനു രണ്ടു ദിവസം മുമ്പു വരികയും യോഗത്തില്‍ പരസ്യപ്പെടുത്തുകയും ചെയ്തു. 
(ഇടവഴിക്കല്‍ ഡയറിയില്‍ നിന്നും)

Comments

Popular posts from this blog

1876-ലെ മുളന്തുരുത്തി സുന്നഹദോസിന്‍റെ കാനോനാകള്‍

മലങ്കരസഭാ ഭരണഘടനാ ശില്പികള്‍ | ജോയ്സ് തോട്ടയ്ക്കാട്

മാര്‍ കൂറിലോസ് യൂയാക്കീം മെത്രാപ്പോലീത്താ വാകത്താനം പള്ളിക്ക് അയച്ച മൂന്നു കല്പനകള്‍