പാലക്കുന്നത്ത് അത്താനാസ്യോസിന് നല്‍കിയ രാജകീയ വിളംബരം റദ്ദാക്കുന്നു (1876)



1051 (1876) കുംഭം 23-ാം തീയതി മഹാരാജാവിന്‍റെ വിളംബരം താഴെ കാണുംവിധം പുറപ്പെട്ടു:

ശ്രീപത്മനാഭദാസ വഞ്ചിബാലരാമവര്‍മ്മ കുലശേഖരകിരീടപതി മന്നെ സുല്‍ത്താന്‍ മഹാരാജരാജ രാമരാജ ബഹദൂര്‍ ജംഗനൈറ്റ് ഗ്രാന്‍ഡ് കമാണ്ട് ഓഫ് ദി മോസ്റ്റ് എക്സാര്‍ട്ടഡ് ആഡര്‍ ഓഫ് ദി സ്റ്റാര്‍ ഓഫ് ഇന്ത്യാ മഹാരാജാ അവര്‍കള്‍ സകലമാന പേര്‍ക്കും പ്രസിദ്ധപ്പെടുത്തുന്ന വിളംബരം

ആന്‍റിയോക്കില്‍ നിന്ന് എഴുത്തു വന്നതുകൊണ്ട് മാര്‍ അത്തനേഷ്യസ്സിനെ സിറിയന്‍ പള്ളിയില്‍ മെത്രാന്‍ സ്ഥാനത്തേക്കു നിയമിച്ചിട്ടുള്ളതായി 1027-മാണ്ട് കര്‍ക്കിടക മാസം 15-ാം തീയ്യതി ഉണ്ടായ വിളംബരത്തില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുള്ളതുകൊണ്ടും ആന്‍റിയോക്കിലെ ഇപ്പോഴത്തെ പേട്രിയാര്‍ക്കോ പേട്രിയാര്‍ക്കിന്‍റെ പൂര്‍വികനോ മേല്‍പ്പറഞ്ഞ മാര്‍ അത്തനേഷ്യസിനെ സ്ഥാനത്തില്‍ നിന്നും മാറ്റി മറ്റൊരു മെത്രാനെ നിയമിച്ചിരിക്കുന്നതായി വാദിക്കുന്നതായി അറിയുന്നതുകൊണ്ടും ഇതില്‍ സംബന്ധമുള്ള സകലമാനപേരെയും ഇതിനാല്‍ അറിയപ്പെടുത്തുന്നതെന്തെന്നാല്‍, 

ഏതെങ്കിലും പള്ളികളുടെയോ അവയില്‍ ചേര്‍ന്നിട്ടുള്ള വസ്തുവിന്‍റെ ഉടമസ്ഥതയേയോ അവയിലേക്കുള്ള അവകാശങ്ങളെയോ അല്ലെങ്കില്‍ തല്‍സംബന്ധികളായ ഉദ്യോഗസ്ഥന്മാരെ നിയമിക്കുകയോ മാറ്റുകയോ ചെയ്യേണ്ടതിലേക്കുള്ള അധികാരത്തെയോ കുറിച്ചുള്ള ഏതെങ്കിലും വ്യവഹാരങ്ങളെ സാധാരണ കോടതികളില്‍ എടുത്ത് വിസ്തരിച്ച് തീര്‍ച്ചപ്പെടുത്തുന്നതിലേക്കു മുമ്പില്‍ ഉണ്ടായ വിളംബരം ഒരു പ്രകാരത്തെയും ബാധകമാണെന്ന് വിചാരിച്ച് പോകരുതാത്തതാകുന്നു. 

ഇങ്ങനെയുള്ള എല്ലാ കാര്യങ്ങളിലും ബോധിക്കുന്നതുപോലെ മെത്രാനെ മാറ്റുകയും മറ്റൊരാളെ നിയമിക്കുകയും ചെയ്യുന്നതില്‍ വെച്ച് ഉത്ഭവിക്കാവുന്ന മറ്റു വല്ല തര്‍ക്കങ്ങളിലും സര്‍ക്കാരില്‍ നിന്ന് അക്രമം നടക്കാതെ സമാധാനത്തെ രക്ഷിക്കുന്നതിന് മാത്രമേ പ്രവേശിക്കുകയുള്ളു.

കാലക്രമേണ ഇപ്പോള്‍ ഭേദപ്പെട്ടു പോയിട്ടുള്ളവയായ ഓരോ സമയങ്ങളിലും ഓരോ സംഗതിവശാലും ഉണ്ടായിട്ടുള്ള വിളംബരങ്ങളാല്‍ സിറിയന്‍ പള്ളിയില്‍ ഓരോ സ്ഥാനനിയമങ്ങളെ കുറിച്ച് സര്‍ക്കാരിലേക്കുള്ളതായിട്ട് പ്രദര്‍ശിക്കപ്പെടുന്നതായി തോന്നുന്ന എല്ലാ സംബന്ധത്തെയും ഇപ്പോള്‍ മുതല്‍ ഒഴിച്ചുകളയുന്നതാകുന്നു. എല്ലാ കക്ഷിക്കാരും ഈ രാജ്യത്തില്‍ സ്ഥാപിക്കപ്പെട്ടിരിക്കുന്ന കോടതി മുഖാന്തരേണ താന്താങ്ങള്‍ക്കു അര്‍ഹങ്ങളായി തോന്നുന്ന സങ്കടനിവൃത്തികള്‍ വരുത്തിക്കൊള്ളേണ്ടതാകുന്നു എന്ന് എല്ലാവരെയും സ്പഷ്ടമായി തെര്‍യ്യപ്പെടുത്തുന്നു. 

എന്ന് 1051-മാണ്ടു കുംഭ മാസം 23-ാം തീയ്യതി.

Comments

Popular posts from this blog

1876-ലെ മുളന്തുരുത്തി സുന്നഹദോസിന്‍റെ കാനോനാകള്‍

മലങ്കരസഭാ ഭരണഘടനാ ശില്പികള്‍ | ജോയ്സ് തോട്ടയ്ക്കാട്

മാര്‍ കൂറിലോസ് യൂയാക്കീം മെത്രാപ്പോലീത്താ വാകത്താനം പള്ളിക്ക് അയച്ച മൂന്നു കല്പനകള്‍