നിസ്വാര്‍ത്ഥതയുടെ നിറകുടമായ ഇ. ജെ. ജോസഫ് | തോമസ് ചാണ്ടി, കോട്ടയം

ഒരു നൂറ്റാണ്ടോളം നീണ്ടുനിന്ന ജീവിതയാത്രക്കൊടുവില്‍ 2013 ജൂണ്‍ 26-ാം തീയതി കര്‍ത്തൃസന്നിധിയിലേക്ക് യാത്രയായ ഇ. ജെ. ജോസഫ്  എറികാട്ട് എന്ന പ്രഗത്ഭനായ മുന്‍ സമുദായ സെക്രട്ടറിയെ വിശേഷിപ്പിക്കുവാന്‍ കൂടുതല്‍ യോജിക്കുന്ന പദം കണ്ടെത്തുവാനാവില്ല. ജീവിതത്തിലെ മുന്‍ഗണനാക്രമങ്ങളില്‍ ഒന്നാമത്തെയും രണ്ടാമത്തെയും മൂന്നാമത്തെയും സ്ഥാനം സഭയ്ക്കു തന്നെയായിരുന്നു. കുടുംബം, തൊഴില്‍മേഖല എന്നിവയെല്ലാം സഭയ്ക്കു പിന്നില്‍ മാത്രമേ അദ്ദേഹത്തിന്‍റെ മുന്‍ഗണനാക്രമത്തിലുണ്ടായിരുന്നുള്ളു എന്നത് കേവലം ഒരു ഭംഗിവാക്കല്ല. ഓര്‍മ്മ വെച്ച നാള്‍മുതല്‍ അദ്ദേഹത്തെ നിരീക്ഷിക്കുകയും അടുത്ത് ഇടപഴകുകയും ചെയ്ത ഒരാളെന്ന നിലയില്‍ അനുഭവസാക്ഷ്യം തന്നെയാണ്. 

വ്യാപാരി വ്യവസായി പ്രമുഖനും 1931 മുതല്‍ (എറികാട്ടു കുഞ്ചപ്പന്‍) 1946 വരെ സമുദായ ട്രസ്റ്റിയായിരുന്ന ഇ. ജെ. ജോസഫ് (സീനിയര്‍) ന്‍റെ സീമന്തപുത്രനായി ജനിച്ച ബേബി എന്ന ഇ. ജെ. ജോസഫ് (ജൂണിയര്‍) വായില്‍ വെള്ളിക്കരണ്ടിയുമായി ജനിച്ച വ്യക്തിയായിരുന്നു. മീനച്ചിലാറിന്‍റെ ജലനിരപ്പിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകള്‍ പോലെയോ, കോട്ടയം നഗരത്തിന്‍റെ ഭൂമിശാസ്ത്രം പോലെയോ ജീവിതത്തില്‍ പല വേലിയേറ്റങ്ങളെയും വേലിയിറക്കങ്ങളെയും അദ്ദേഹം അഭിമുഖീകരിച്ചിട്ടുണ്ട്. ഏതു പരീക്ഷണഘട്ടത്തിലും കൈവിടാത്ത ചിലതുണ്ടായിരുന്നു - സഭയോടുള്ള പ്രതിബദ്ധത. കുലീനമായ ഇടപെടലുകള്‍, വിരല്‍തുമ്പു വരെയുള്ള മാന്യത, ആരോഗ്യസ്ഥിതി അനുവദിക്കുംവരെ ഒരിക്കലും മുടങ്ങാത്ത യാമപ്രാര്‍ത്ഥനകള്‍, ക്രമമായുള്ള കൂദാശാസ്വീകരണങ്ങള്‍ ഇവയെല്ലാം അദ്ദേഹത്തിന്‍റെ വ്യക്തിത്വത്തിന്‍റെ അവിഭാജ്യ ഭാഗങ്ങളായിരുന്നു. 

വിദ്യാഭ്യാസപരമായി ബി.എ., ബി.കോം., എല്‍.എല്‍.ബി. ബിരുദങ്ങള്‍ കരസ്ഥമാക്കിയപ്പോഴും പ. വട്ടശ്ശേരില്‍ തിരുമേനിയെ രോഗശയ്യയില്‍ ശുശ്രൂഷിക്കുക മുതലായ സഭാപരമായ പ്രവര്‍ത്തനങ്ങളില്‍ നിമഗ്നനായിരുന്നു. വട്ടിപ്പണക്കേസിന്‍റെ ഒരു ഘട്ടത്തില്‍ പഴയസെമിനാരിയോടൊപ്പം മലങ്കര മെത്രാപ്പോലീത്തായുടെ കൂട്ടുട്രസ്റ്റിയായിരുന്ന ശ്രീ. എറികാട്ടു കുഞ്ചപ്പന്‍റെ വീടും സര്‍ക്കാര്‍ പൂട്ടി മുദ്ര വയ്ക്കുകയുണ്ടായി. അങ്ങനെ ബാല്യത്തില്‍ തന്നെ സഭയ്ക്കുവേണ്ടി ത്യാഗം സഹിക്കുകയും സേവനമനുഷ്ഠിക്കുകയും ചെയ്ത പ്രവര്‍ത്തനസരണി അഭുംഗരം ജീവിതാവസാനം വരെ നിലനിര്‍ത്തിയിരുന്നു. 

മലങ്കര സുറിയാനി ക്രിസ്ത്യാനി അസ്സോസിയേഷന്‍ സെക്രട്ടറിയായി 21-6-1951 മുതല്‍ 24-3-1966 വരെയും 10-7-1980 മുതല്‍ 27-12-1985 വരെയും സേവനമനുഷ്ഠിച്ചു. ആദ്യമായി സമുദായ സെക്രട്ടറി പദവി അദ്ദേഹത്തെ തേടിയെത്തിയത് 33-ാം വയസ്സിലായിരുന്നു. മൂന്ന് ടേമിലായി 20 വര്‍ഷം സമുദായ സെക്രട്ടറി സ്ഥാനത്ത് പ്രവര്‍ത്തിച്ചത് പൂര്‍ണ്ണസമയ സമര്‍പ്പണത്തോടെയായിരുന്നു. സമയം, പണം, ഊര്‍ജ്ജം ഇവയെല്ലാം പൂര്‍ണ്ണമായും സഭയ്ക്കായി വിനിയോഗിച്ചപ്പോള്‍ സ്വന്തം ഉടമസ്ഥതയിലുള്ള ബാങ്കിന്‍റെ തളര്‍ച്ച അദ്ദേഹത്തെ അലോസരപ്പെടുത്തിയില്ല. സഭാപ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ സമയം കിട്ടുമ്പോള്‍ മാത്രം ബിസിനസ്സില്‍ ശ്രദ്ധിച്ചതിന്‍റെ സ്വാഭാവിക പരിണാമം അദ്ദേഹത്തിന്‍റെ സഭയോടുള്ള പ്രതിബദ്ധതയ്ക്ക് കോട്ടം വരുത്തിയില്ല. അനുഷംഗികമായി പറയട്ടെ, പ്രവര്‍ത്തനം നിലച്ച ഒരു സ്വകാര്യ ബാങ്കിന്‍റെ ഒരു നിക്ഷേപകനു പോലും നിക്ഷേപം മടക്കിക്കിട്ടുവാന്‍ നിയമസംവിധാനങ്ങളെ ആശ്രയിക്കേണ്ടി വന്നിട്ടില്ല എന്നതും ചരിത്രത്തില്‍ രേഖപ്പെടുത്തേണ്ട കാര്യമാണ്. അപൂര്‍വ്വം ആളുകള്‍ക്കു മാത്രം പ്രാപ്യമായിരുന്ന കാര്‍, സമുദായപ്രവര്‍ത്തനത്തിന് വിട്ടുകൊടുത്തതിനാല്‍, അദ്ദേഹത്തിന്‍റെ പത്നി ടാക്സി വിളിച്ചാണ് ആശുപത്രിയില്‍പ്പോയി മക്കള്‍ക്ക് ജന്മംനല്‍കിയത്.

വിജയങ്ങളിലും തിരിച്ചടികളിലും പ്രശോഭിക്കുന്ന നേതൃഗുണം വിരളമാണ്. 1951-ലെ ഹൈക്കോടതി വിധിയില്‍ ഭഗ്നാശരായ സഭാസ്നേഹികളില്‍ മനോവീര്യം പിടിച്ചുനിര്‍ത്തിയ, കൊട്ടാരക്കര മുതല്‍ കോട്ടയം വരെ പ. ഗീവര്‍ഗ്ഗീസ് ദ്വിതീയന്‍ ബാവായ്ക്ക് നല്‍കിയ ആവേശോജ്ജ്വലമായ വരവേല്‍പ്പ് പുതിയ സമുദായ സെക്രട്ടറിയുടെ സംഘാടക വൈദഗ്ധ്യത്തിന്‍റെ തിരനോട്ടമായിരുന്നു. 1958-ലെ ചരിത്രപ്രധാനമായ സുപ്രീംകോടതിവിധി, തുടര്‍ന്നുള്ള പരസ്പര സ്വീകരണ ചര്‍ച്ചകള്‍ ഇവയിലെല്ലാം അദ്ദേഹത്തിന്‍റെ കയ്യൊപ്പുകള്‍ പതിഞ്ഞ ചരിത്രസംഭവങ്ങളാണ്. പരസ്പര സ്വീകരണ ചര്‍ച്ചകളില്‍ സജീവ ഭാഗഭാക്കായിരുന്നതു കൂടാതെ പല പിതാക്കന്മാര്‍ക്കും ആതിഥ്യം നല്‍കുവാനും അദ്ദേഹത്തിന് കഴിഞ്ഞു. യോജിച്ച സഭയുടെ സെക്രട്ടറിയായി പ്രവര്‍ത്തിക്കേണ്ടത് ആരെന്നത് ഒരു ചോദ്യമേ ആയിരുന്നില്ല. 1958-ലെ പുത്തന്‍കാവ് അസ്സോസിയേഷനെത്തുടര്‍ന്ന് പുനഃസംഘടിപ്പിച്ച മാനേജിംഗ് കമ്മിറ്റി ഇ. ജെ. ജോസഫിനെ രണ്ടാമൂഴത്തിനായി നിയോഗിച്ചു. 

സഭാകേസുകളുടെ ഗതിവിഗതികള്‍ എന്തായിരുന്നാലും പ. കാതോലിക്കാബാവായ്ക്ക് സുരക്ഷിതമായി താമസിക്കുവാനുള്ള സൗകര്യം ഉണ്ടായിരിക്കണം എന്ന ആശയം സഭാസമിതികളില്‍ ഉയര്‍ത്തിയത് ശ്രീ. ഇ. ജെ. ജോസഫ് ആയിരുന്നു എന്നത് ഇന്ന് പലര്‍ക്കും അറിയില്ല. സ്വന്തം പോക്കറ്റിലെ പണം നിര്‍ലോപമായി സഭയുടെ കാര്യങ്ങള്‍ക്കായി ചിലവഴിക്കുമെങ്കിലും പൊതുകാര്യത്തിനായിട്ടാണെങ്കില്‍ പോലും മറ്റൊരാളോട് പണം ആവശ്യപ്പെടുക അദ്ദേഹത്തിന്‍റെ സ്വഭാവത്തില്‍പെടുന്നതായിരുന്നില്ല. ആയതിനാല്‍ ദേവലോകം അരമനയ്ക്കു വേണ്ടി ധനശേഖരണം നടത്തിയ കെ. സി. മാമ്മന്‍മാപ്പിളയുടെ നേതൃത്വത്തിലുള്ള സംഘത്തില്‍ അദ്ദേഹത്തെ ആരും കണ്ടിട്ടുണ്ടാവില്ല. പക്ഷേ, അതിലേക്കായുള്ള ബൗദ്ധികമായ പ്രവര്‍ത്തനങ്ങളും സ്വന്തം പോക്കറ്റില്‍ നിന്നുള്ള സംഭാവനയും അദ്ദേഹത്തില്‍ നിന്നും ഉണ്ടായിരുന്നത് ഒരു ചരിത്രവസ്തുതയാണ്. 

പ. ഔഗേന്‍ ബാവായുടെ വാഴ്ചയ്ക്കായി സഭയുടെ ക്ഷണമനുസരിച്ച് മുഖ്യകാര്‍മ്മികത്വം വഹിക്കുവാനെത്തിയ പ. യാക്കോബ് മൂന്നാമന്‍ പാത്രിയര്‍ക്കീസിന് മലങ്കരയിലെങ്ങും നല്‍കിയ സ്വീകരണവും കാതോലിക്കാ സ്ഥാനാരോഹണവും അദ്ദേഹം അമരത്തു നിന്ന് നയിച്ച ചരിത്രസംഭവങ്ങളാണ്. സമുദായ സെക്രട്ടറി സ്ഥാനം 1966-ല്‍ ഒഴിഞ്ഞശേഷവും വര്‍ക്കിംഗ് കമ്മിറ്റിയംഗമായി തന്‍റെ സേവനങ്ങള്‍ സഭയ്ക്കായി സമര്‍പ്പിച്ചു. 

പ. മാത്യൂസ് പ്രഥമന്‍ ബാവായുടെ നിര്‍ബ്ബന്ധത്തിന് വഴങ്ങി മൂന്നാമൂഴം സമുദായ സെക്രട്ടറിയായി 10-7-1980 മുതല്‍ 27-12 1985 വരെ സേവനമനുഷ്ഠിച്ചു. സഭയുടെ കാറ്റും കോളും നിറഞ്ഞ ആ കാലഘട്ടവും അവിസ്മരണീയമാക്കിയ പ്രവര്‍ത്തനങ്ങള്‍ ആ കാലഘട്ടത്തിലും കാഴ്ചവെയ്ക്കുവാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. 

ഔദ്യോഗികമായി സഭയുടെ നേതൃസ്ഥാനങ്ങളില്‍ അതിനുശേഷം വന്നിട്ടില്ലെങ്കിലും സുദീര്‍ഘമായ തന്‍റെ അനുഭവജ്ഞാനം സഭയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് എന്നും അദ്ദേഹം നല്‍കിയിരുന്നു. കേസുകളുടെ നിര്‍ണ്ണായക ഘട്ടങ്ങളില്‍ അദ്ദേഹത്തിന്‍റെ ഇടപെടലുകള്‍ സഭയ്ക്ക് അമൂല്യമായ നേട്ടങ്ങള്‍ നല്‍കിയിട്ടുണ്ട്. സ്വന്തം ഇടവകയ്ക്കോ സമീപ ഇടവകകള്‍ക്കോ മാത്രമായിരുന്നില്ല അദ്ദേഹം സാമ്പത്തികവും ബൗദ്ധികവുമായ സംഭാവനകള്‍ നല്‍കിയിരുന്നത്. മലങ്കരസഭയിലെ എല്ലാ ദേവാലയങ്ങളും അദ്ദേഹത്തിന്‍റെ സ്വന്തമായി കരുതുകയും പരമാവധി സഹായങ്ങള്‍ അവയ്ക്കെല്ലാം ലഭ്യമാക്കുകയും ചെയ്തിരുന്നു. 

നിറകുടം തുളുമ്പുകയില്ല എന്ന തത്വം അന്വര്‍ത്ഥമാക്കുംവിധം തന്‍റെ നിസ്വാര്‍ത്ഥ സേവനങ്ങള്‍ക്ക് പകരമായി പ്രശസ്തി അദ്ദേഹം ആഗ്രഹിച്ചിരുന്നില്ല. സ്ഥാനന്യായേന വെള്ളിവെളിച്ചത്തില്‍ നില്‍ക്കേണ്ട അവസരങ്ങളില്‍ പോലും തിരശ്ശീലയ്ക്കു പിന്നില്‍ നില്‍ക്കുവാനാണ് അദ്ദേഹം ആഗ്രഹിച്ചിരുന്നത്. സഭയ്ക്ക് താന്‍ നല്‍കുന്നതെല്ലാം ഒരു ഭക്തന്‍റെ സമര്‍പ്പണമായി മാത്രമാണ് അദ്ദേഹം കണക്കാക്കിയിരുന്നത്. സ്ഥാനങ്ങള്‍ സ്വയം മഹത്വീകരണത്തിനായിട്ടല്ല, സഭയുടെ മഹത്വത്തിനായാണ് പ്രയോജകീഭവിക്കേണ്ടത് എന്ന് ജീവിതം കൊണ്ട് തെളിയിച്ച പാഠമാണ് അദ്ദേഹത്തിന്‍റെ ജീവിതം പുതുതലമുറയ്ക്ക് നല്‍കുന്ന സന്ദേശം.

Comments

Popular posts from this blog

കോട്ടയം അക്കര സി. ജെ. കുര്യന്‍ | കെ. വി. മാമ്മന്‍

പ. പാമ്പാടി തിരുമേനി നടത്തിയ പട്ടംകൊട ശുശ്രൂഷകള്‍

നിരണം പള്ളി കൂദാശ (1912)