കോര്‍എപ്പിസ്ക്കോപ്പാ: സത്യവും മിഥ്യയും | ഡോ. എം. കുര്യന്‍ തോമസ്
മലങ്കരയില്‍ ഇന്ന് ഏറ്റവും അധികം തെറ്റിദ്ധരിക്കപ്പെട്ടിട്ടുള്ള വൈദികസ്ഥാനമാണ് കോര്‍എപ്പിസ്കോപ്പാ. ഈ സ്ഥാനത്തെ വളരെയധികം ദുര്‍വിനിയോഗം ചെയ്തിട്ടില്ലേയെന്നും സംശയിക്കേണ്ടിയിരിക്കുന്നു. കോര്‍എപ്പിസ്കോപ്പാമാരെപ്പറ്റി ഇതുവരെ ഒരു പഠനവും മലങ്കരയില്‍ നടന്നതായി അറിവില്ല. ആരാണ് കോര്‍എപ്പിസ്ക്കോപ്പാ? തികച്ചും പൗരസ്ത്യമായ ഒരു വൈദികസ്ഥാനമാണ് കോര്‍എപ്പിസ്കോപ്പാ. ഗ്രാമത്തിന്‍റെ മേല്‍വിചാരകന്‍ എന്നാണ് ഈ പദത്തിന്‍റെ അര്‍ത്ഥം.1 അന്ത്യോഖ്യന്‍, പേര്‍ഷ്യന്‍ പാരമ്പര്യങ്ങളിലാണ് ഈ സ്ഥാനം കണ്ടെത്താന്‍ കഴിയുക. ദൗര്‍ഭാഗ്യവശാല്‍ അന്ത്യോഖ്യന്‍ പാരമ്പര്യത്തില്‍ ഈ സ്ഥാനത്തെപ്പറ്റി മനസിലാക്കാനുതകുന്ന രേഖകള്‍ പരിമിതമാണ്. പേര്‍ഷ്യന്‍ പാരമ്പര്യപ്രകാരമുള്ള കോര്‍എപ്പിസ്കോപ്പാ സ്ഥാനത്തെപ്പറ്റിയുള്ള വിവരങ്ങള്‍ ഒരളവു വരെ ലഭ്യമാണ്. അഞ്ചാം തുബ്ദേനില്‍ പേര് ഓര്‍ക്കുന്ന സഭാ ഗായകനായ മാര്‍ ബാലായി (+ 450 എ.ഡി.) ആലപ്പോ സ്വദേശിയായ ഒരു കോര്‍എപ്പിസ്കോപ്പാ ആയിരുന്നു.2 സുവിശേഷകേന്ദ്രങ്ങളുടെയും ഗ്രാമീണ സഭകളുടെയും ആശ്രമങ്ങളുടെയും മേല്‍നോട്ടം നടത്തുവാന്‍ പ്രത്യേകാധികാരം നല്‍കപ്പെട്ട ഒരു കശീശയാണ് കോര്‍എപ്പിസ്കോപ്പാ.3 പേര്‍ഷ്യന്‍ ...