നസ്രാണി യോദ്ധാക്കള്‍ | ചിത്രമെഴുത്ത് കെ. എം. വര്‍ഗീസ്
മുന്‍കാലത്തു നസ്രാണി മെത്രാപ്പോലീത്തന്മാരും അവരുടെ മുന്‍ഗാമികളായ അര്‍ക്കദിയാക്കോന്മാരും പട്ടാളങ്ങളുടെ അകമ്പടിയോടു കൂടി മാത്രമേ പുറത്തിറങ്ങി സഞ്ചരിക്കുക പതിവുണ്ടായിരുന്നുള്ളു. നസ്രാണി സമുദായത്തിന്‍റെ വൈദികവും ലൗകികവുമായ (ക്രിമിനല്‍ ഒഴിച്ച്) ഭരണംകൂടി അക്കാലത്ത് അര്‍ക്കദിയാക്കോന്മാരില്‍ ലയിച്ചിരുന്നതുകൊണ്ടു പട്ടാളങ്ങളെ സംരക്ഷിക്കേണ്ടതായ ആവശ്യവും അവര്‍ക്കുണ്ടായിരുന്നു. ഇതിലേക്ക് ഒരു വലിയ കൂട്ടം നസ്രാണി യോദ്ധാക്കളെ അവര്‍ കൂടെ താമസിപ്പിച്ചിരുന്നു. യുദ്ധകാലത്തു കേരള രാജാക്കന്മാര്‍ അവരവരുടെ സൈന്യസഞ്ചയത്തില്‍പ്പെട്ട നസ്രാണിയോദ്ധാക്കള്‍ക്കു പുറമെ അര്‍ക്കദിയാക്കോന്മാരോടു കൂടിയും സൈന്യസഹായം അപേക്ഷിക്കയും അവര്‍ സൈന്യങ്ങളെ അയച്ചുകൊടുക്കയും പതിവായിരുന്നു. എന്നാല്‍ യുദ്ധാവശ്യത്തിനും പ്രതാപസംരക്ഷണത്തിനും പില്‍ക്കാലത്തു സൈന്യസംരക്ഷണം ആവശ്യമില്ലെന്നായപ്പോള്‍ നസ്രാണി മെത്രാപ്പോലീത്തന്മാര്‍ ഭടസഞ്ചയത്തിനു പകരം കേവലം അംഗരക്ഷക ഭടന്മാരെക്കൊണ്ടു മാത്രം സംതൃപ്തിപ്പെട്ടു. നമ്മുടെ കഥാനായകന്‍റെ കാലമായപ്പോഴേക്ക് ഈ അംഗരക്ഷകന്മാര്‍ കേവലം വെള്ളിവില്ലാക്കാരും ശിപായികളുമായി പരിണമിച്ചു. കേരളത്തില്‍ യുദ്ധവൃത്തിയും, രാജ്യരക...