ചെങ്ങന്നൂര്‍ ആറാട്ടു കേസും ഇ. ജെ. ജോണും
(ഇ. ജെ. ജോണ്‍ വക്കീല്‍ വാദിച്ചു ജയിച്ച ഒട്ടധികം പ്രധാനപ്പെട്ട കേസുകളുടെ വിശദമായ വിവരം ട്രാവന്‍കൂര്‍ ലോ റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. നൂറു വര്‍ഷം മുമ്പ് മദ്ധ്യതിരുവിതാംകൂറിനെ ഇളക്കിമറിച്ച ചെങ്ങന്നൂര്‍ ആറാട്ടു കേസിലെ പ്രതികള്‍ക്കു വേണ്ടി ഹാജരായി വാദിച്ചു ജയിച്ചതു ജോണ്‍ വക്കീലാണ്. ഏതാണ്ടു വിസ്മൃതമായ ആറാട്ടു കേസിനെപ്പറ്റി കേസിലെ ഒന്നാം പ്രതിയുടെ കൊച്ചുമകനും കവിയുമായിരുന്ന എം. എ. ജേക്കബ്ബ് എഴുതിയ ഓര്‍മ്മകള്‍) ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂര്‍ താലൂക്കില്‍പ്പെട്ട പുത്തന്‍കാവ് എന്ന ഗ്രാമം. ചെങ്ങന്നൂര്‍ സര്‍ക്കാര്‍ സ്കൂളായിരുന്നു സമീപവാസികളായ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഏക ആശ്രയം. ജാതിമതഭേദമെന്യേ ഒട്ടധികം കുട്ടികള്‍ അവിടെ പഠിച്ചിരുന്നു. അന്നൊരു ദിവസം പുത്തന്‍കാവില്‍ നിന്നുള്ള ക്രിസ്ത്യന്‍ വിദ്യാര്‍ത്ഥികളും ആറാട്ടുപുഴ മുതല്‍ ആറന്മുള വരെയുള്ള സ്ഥലങ്ങളില്‍ നിന്നു വരുന്ന ഹൈന്ദവ വിദ്യാര്‍ത്ഥികളും തമ്മില്‍ എന്തോ കാരണത്തിന്‍റെ പേരില്‍ കലഹമായി. കലഹം മൂത്ത് അടികലശലായി. എണ്ണത്തില്‍ കൂടുതലുണ്ടായിരുന്ന ക്രൈസ്തവ വിദ്യാര്‍ത്ഥികള്‍ ഹൈന്ദവ വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ചു. അവര്‍ ജീവനും കൊണ്ടോടി. യാദൃച്...