പിന്‍ഗാമിയുടെ തെരഞ്ഞെടുപ്പ് / മോറാന്‍ മാര്‍ ബസ്സേലിയോസ് ഗീവറുഗീസ് ദ്വിതീയന്‍ കാതോലിക്കോസ്

(നിയുക്ത കാതോലിക്കായെ തെരഞ്ഞെടുക്കുവാന്‍ 1962 മെയ് 17-ാം തീയതി നിരണം പള്ളി അങ്കണത്തില്‍ കൂടിയ മലങ്കര സുറിയാനി ക്രിസ്ത്യാനി അസ്സോസിയേഷന്‍ യോഗത്തില്‍ പ. ബസേലിയോസ് ഗീവറുഗീസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ ചെയ്ത അതിശ്രദ്ധേയമായ അദ്ധ്യക്ഷ പ്രസംഗം) പ്രിയരെ, വൃദ്ധനായ നമുക്ക് ഒരു പിന്‍ഗാമിയെ തിരഞ്ഞെടുക്കുവാനാണ് നാം നിങ്ങളെ വിളിച്ചുകൂട്ടിയത്. ഒരു പിന്‍ഗാമി വേണം എന്നുള്ള ആഗ്രഹം എല്ലാവര്‍ക്കുമുള്ളതാണ്. ആദാമും മോശയും അഹറോനും ദാവീദുമെല്ലാം പിന്‍ഗാമിയെ കണ്ടശേഷമാണ് കടന്നുപോയത്. എന്‍റെ പിന്‍ഗാമി ആര് എന്ന് മോശ ദൈവത്തോട് ചോദിച്ചു. ദൈവം പിന്‍ഗാമിയെ കാണിച്ചുകൊടുത്തു. ഇങ്ങനെ പ്രധാനാചാര്യന്മാരും രാജാക്കന്മാരും പിന്‍ഗാമിയെ തെരഞ്ഞെടുക്കുക പതിവാണ്. നമ്മുടെ സഭയുടെ പാരമ്പര്യത്തിലും ഇതുണ്ടല്ലോ. ആകയാല്‍ ഇത് ഒരു പുതിയ കാര്യമല്ല. നിങ്ങളും നിങ്ങള്‍ക്കു പിന്‍ഗാമിയെ ആഗ്രഹിക്കുന്നു. നിങ്ങളുടെ മക്കള്‍ നിങ്ങളുടെ പിന്‍ഗാമികളാണ്. മക്കളില്ലാത്തത് ഒരു ഭാഗ്യദോഷമായാ ണല്ലോ കരുതപ്പെടുന്നത്. അനേകര്‍ തങ്ങള്‍ക്കു മക്കളുണ്ടാകുവാന്‍ ആഗ്രഹിച്ച് അതിനുവേണ്ടി പ്രാര്‍ത്ഥിപ്പാന്‍ നമ്മോടുതന്നെ ആവശ്യപ്പെട്ടിട്ടുണ്ട്. നിങ്ങളെല്ലാവരും അദ്ധ്വാനിക്കുക...