03.03.03. കാട്ടുമങ്ങാട്ടു കൂറിലോസ് കാറ്റാടിക്കുരുവിള കത്തനാരെക്കൊണ്ട് കുറുവാനയും ചൊല്ലിച്ച് നമ്മുടെ കര്‍ത്താവിന്‍റെ ആണ്ട് 1772 ല്‍ കൊല്ലം 947-മാണ്ട് വൃശ്ചികമാസം 17ന് വെള്ളിയാഴ്ചനാള്‍ കൂറിലോസ് മെത്രാപൌലിത്താ ആയിട്ട് വാഴിക്കയും ചെയ്തു.72 ഇതിന്‍റെ ശേഷം പെരുമ്പടപ്പില്‍ തമ്പുരാന്‍റെ തീട്ടൂരവും, പാലിയത്തച്ചന്‍റെ നീട്ടും, കോട്ടയില്‍ ബോധിപ്പിച്ച് കടുദാസും വാങ്ങിച്ച് ഏറിയ ബഹുമാനത്തോടുകൂടെ നടക്കയും ഇതിനിടയില്‍ കൊച്ചിയില്‍ നിന്നും മെത്രാപോലിത്തായെ മുളംതുരുത്തിയില്‍ വരുത്തി ഇരുത്തുകയും ചെയ്തു. പിന്നെത്തെതില്‍ ഇക്കാര്‍യ്യങ്ങളൊക്കെയും മാര്‍ ദിവന്നാസ്യോസ് മെത്രാപോലിത്തായും മാറിവാനിയോസ് എപ്പിസ്കോപ്പയും കേള്‍ക്കകൊണ്ട് മുമ്പിലത്തെ കുഴപ്പങ്ങള്‍ തീര്‍ത്ത് നടന്നുവരുമ്പോള്‍ പിന്നെയും ഇതിന്‍വണ്ണം ഉണ്ടായതിന് എന്തുവേണ്ടു എന്ന് രണ്ടുപേരും കൂടെ നിരണത്തു പള്ളിയില്‍ച്ചെന്നു വിചാരിച്ച് വടക്കോട്ട് യാത്രയെന്നു നിശ്ചയിച്ച് മിശിഹാകാലം 1772 ല്‍ കൊല്ലം 947 മാണ്ട് മീനമാസം 12ന് കണ്ടനാടു പള്ളിയില്‍ ചെന്നിരുന്നതിന്‍റെ ശേഷം ഇക്കാര്യം കൊണ്ട് മാര്‍ ഗ്രിഗോറിയോസ് മെത്രാപൌലിത്തായോട് ചോദിപ്പാനായിട്ട് കല്ലുപ്പാറെ പിറ...