പ. യല്‍ദോ ബസ്സേലിയോസ് മഫ്രിയാന / ഫാ. ജോസഫ് ചീരന്‍
മുളന്തുരുത്തി പള്ളി വികാരിയും പിന്നീട് കൊച്ചിയുടെ സഹമെത്രാനുമായിത്തീര്‍ന്ന യാക്കോബ് മാര്‍ പോളിക്കര്‍പ്പോസിന്‍റെ ഗ്രന്ഥശേഖത്തില്‍ നിന്നാണ് ഈ ലേഖകന്‍ ആ രേഖ കണ്ടെടുത്തത്. ആ വിവരം പ്രസിദ്ധപ്പെടുത്തിക്കൊണ്ട് മാതൃഭൂമി പത്രം അതിന്‍റെ ഒന്നാം പേജില്‍ പരാമര്‍ശ രേഖയുടെ ഫോട്ടോ സഹിതം താഴെ പറയുംപ്രകാരം ഒരു റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു (1993 ആഗസ്റ്റ് 4 ബുധന്‍): സഭാചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന രേഖ കണ്ടെത്തി സ്റ്റാഫ് റിപ്പോര്‍ട്ടര്‍ തൃശൂര്‍: മലങ്കര സുറിയാനി സഭയിലെ ഓര്‍ത്തഡോക്സ് - യാക്കോബായ വിഭാഗങ്ങള്‍ ഒരുപോലെ വിശുദ്ധനായി അംഗീകരിച്ച് വണങ്ങുന്ന 'കോതമംഗലം ബാവാ' യല്‍ദോ ബസ്സേലിയോസ് മഫ്രിയാന മെത്രാപ്പോലീത്തായുടെ കേരള സന്ദര്‍ശനത്തിന്‍റെ യഥാര്‍ത്ഥ ചരിത്ര പശ്ചാത്തലത്തിലേക്കു വെളിച്ചം വീശുന്ന അമൂല്യമായ ചരിത്രരേഖ കണ്ടെത്തി. നിലവിലുള്ള ഐതിഹ്യാധിഷ്ഠിതമായ വിശ്വാസങ്ങളുടെ സാധുത ചോദ്യം ചെയ്യുന്നതാണ് ഈ പരാമര്‍ശ രേഖ. കേരളത്തില്‍ നിന്ന് 17-ാം നൂറ്റാണ്ടില്‍ സിറിയയിലെത്തിയ സഭാ നിവേദക സംഘത്തോടൊപ്പം അന്നത്തെ പാത്രിയര്‍ക്കീസ് യല്‍ദൊ ബസ്സേലിയോസ് ബാവായെയും മാര്‍ ഈവാനിയോസിനെയും കേരള...